Followers

Wednesday, 10 January 2018


എത്ര കൊല്ലങ്ങൾ കഴിഞ്ഞാലും,പഴമയുടെ മണവും ഇനിയും മഞ്ഞപ്പ്‌ കലരാത്ത ഒട്ടനവധി ഓർമകളും കൂടിച്ചേരുന്നിടമാണ് പഴയ സ്കൂളും സ്കൂൾ അങ്കണവും.

തണൽമരങ്ങൾ നിഴൽ വിരിക്കുന്നവിടം, ഇന്നും ഗൃഹാതുരത്വം പങ്കുവയ്ക്കുന്നു.

ഓർമയിലെ മരത്തണലിൽ, വിനയകുമാരി ടീച്ചർ, ചക്രവാതങ്ങളെക്കുറിച്ച് ക്ലാസ് എടുക്കുന്നു.
ന്യൂക്ലിയസിന് ചുറ്റും ഇലക്ട്രോണുകളെന്നപോലെ ഞങ്ങൾ, ക്ലാസിനിടയിൽ കിട്ടുന്ന കുറച്ചുസമയത്തെ റോഡിൽക്കൂടി പോകുന്ന വാഹനങ്ങളുടെ എണ്ണമെടുത്ത്, അമ്പലത്തിലെ ആളുകളെ കണ്ട്, പിന്നിമുറുക്കിയ മുടിയറ്റത്തെ റിബണും ഇളക്കി വരുന്ന കാറ്റിനോട് മത്സരിച്ച്, വേണ്ടവിധം പ്രയോജനപ്പെടുത്തിക്കൊണ്ടിരുന്നു.
യാത്രകളെ ഇഷ്ടപ്പെടുന്ന ടീച്ചറുടെ ക്ലാസ്സിൽ ടീച്ചർ പോയ സ്‌ഥലങ്ങളുടെ വിവരണങ്ങളുമുണ്ടാകും. കഥ കേൾക്കാൻ ഇത്രയധികം പ്രിയമുള്ള മറ്റൊരു ക്ലാസില്ല.

പത്താം ക്ലാസ്സിലെ പടയൊരുക്കം ആരംഭിക്കുന്നതിനായി ഹെഡ്മാസ്റ്റർ ഗോപി സാർ പ്രത്യേക ക്ലാസ്സുകളുമായി വരാനിരിക്കുന്ന ദിവസങ്ങളെ കൃത്യമായി ചിട്ടപ്പെടുത്തി.
നാലിനുള്ള വലിയ ബെല്ലിന് ശേഷം, ആറോ ഏഴോ പേരായിത്തിരിഞ്ഞ് വട്ടമായിരുന്ന് അന്നന്നത്തെ പാഠങ്ങൾ പഠിക്കുകയും, പിറ്റേ ദിവസത്തെ പരീക്ഷയ്ക്ക് വേണ്ടി തയ്യാറാകുകയും വേണം.

ഓരോ വിഷയത്തിനും ഗ്രൂപ്പ് മാറി മാറി വരും. തലേന്ന് തന്നെ, ഇരുവശവും A പാർട്ടും B പാർട്ടുമായി തരംതിരിച്ച ചോദ്യപ്പേപ്പർ വിതരണം ചെയ്യും. രണ്ട് പാർട്ടും പഠിച്ചുവേണം പിറ്റേന്നത്തെ ഒമ്പതുമണിക്കുള്ള  പരീക്ഷയ്ക്ക് വരിയായി ഇരിക്കാൻ.

ഓരോ വരിയുടെയും മുന്നിലെ ആളിൽ നിന്ന്, ഒരാൾ A എങ്കിൽ, അടുത്തയാൾ B എന്ന കണക്കിൽ ആർക്കൊക്കെ ഏതൊക്കെ പാർട്ട് ആണെന്ന് തീരുമാനമാകും.
നന്നായിപ്പഠിച്ചുവരുന്നവരും ഉഴപ്പുസംഘവുമൊക്കെയായി പരീക്ഷ തകൃതിയായി നടന്നുകൊണ്ടിരുന്നു.അറിയുന്ന പാർട്ട് എഴുതാനായി ചിലർ പാർട്ടുകൾ തമ്മിൽ രഹസ്യമായി വച്ചുമാറും.

അതും പോരാഞ്ഞിട്ട്, കുറച്ചുകൂടി കേമികൾ, രണ്ടും വീട്ടിലിരുന്ന് ഉത്തരമെഴുതി കയ്യിൽ വയ്ക്കുകയും ഉത്തരക്കടലാസ് കൊടുക്കേണ്ട നേരമാകുമ്പോൾ, തന്ത്രപൂർവ്വം വേണ്ട പേപ്പറെടുത്ത് കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു.

രാവിലെയുള്ള ക്ലാസിന് വൈകിയെത്തുന്ന ഞാൻ ഏതെങ്കിലും വരിയുടെ അറ്റത്ത് കയറിപ്പറ്റുകയാണ് പതിവ്. പാലും മുട്ടയും പഴവുമൊക്കെ ബുധനാഴ്ചകളിലും പയർ പുഴുങ്ങിയത് മാത്രം എല്ലാ ദിവസവും.
അങ്ങനെ, ഞങ്ങളുടെ രാവിലെകളും വൈകുന്നേരങ്ങളും തിരക്കും വെടിവട്ടങ്ങളും, തമാശകളുമൊക്കെയായി അതിവേഗം കടന്നുപോയി.
എന്നെ സംബന്ധിച്ചിടത്തോളം പത്താം ക്ലാസ്, എന്നും തിളങ്ങിനിൽക്കുന്ന ഓരോർമയാണ്.

ഞാനും ആശ ടീച്ചറുമായിപ്പോയ കലോത്സവങ്ങളും സമ്മാനങ്ങളും അന്നത്തെ സന്തോഷങ്ങളും..

A B C ഡിവിഷനുകളായി ഒരുപാട് കുട്ടികൾ അക്കൊല്ലം ബാച്ചിലുണ്ടായിരുന്നു.

കുറച്ചുപേർ മാത്രം ഹയർസെക്കണ്ടറിയിൽ ഒന്നിച്ചു പഠിച്ചുവെന്നാലും വെവ്വേറെയിടങ്ങളിലായിപ്പോയ ചിലരെയല്ലാതെ, ഭൂരിഭാഗം ആളുകളും എവിടെയാണ് എന്താണ് എന്ന് വലിയ പിടിയില്ല.

പഴയകാലത്തെക്കുറിച്ചോർക്കുമ്പോഴെല്ലാം മനസിൽ തെളിയുന്ന മുഖമായിരുന്നു അഥീന. എഴുതണമെന്ന് എന്നോട് അക്കാലത്ത് ഓർമിപ്പിച്ചിരുന്നവളിലൊരുവൾ..

ഇടയിൽ, ഒരു ബസ് യാത്രയിൽ കണ്ടുമുട്ടി, ഫേസ്ബുക്ക് വഴി വീണ്ടും പൊടിതട്ടിയെടുത്തു. അസംബ്ലിക്ക് അടുത്തടുത്തായിരുന്നു സ്‌ഥാനം.തലകറങ്ങി വീണപ്പോൾ, എന്റെ കണ്ണിൽ, തലകീഴായ്ക്കണ്ട അഥീനയെ ഓർത്ത് ആ തളർന്ന അവസ്‌ഥയിലും ഞാൻ ചിരിച്ചു.
പിന്നെയും നഷ്ടപ്പെട്ട് പോയ കുറേപ്പേർ ബാക്കിയാണ്.
ജിനു, ഹെലൻ എന്ന് ഞാൻ വിളിച്ചിരുന്ന നോബി,സരിത,പ്രമീള,അനുസ്മിത മുരളി,പ്രീന, ദിവ്യ L, ഒരു സെറ്റ് ആതിരമാർ,രേഷ്മമാർ അങ്ങനെ...
People you may know യിൽ കൂടിയാണ് അപൂർവമായി ചിലരെ വീണ്ടും കാണുന്നത്.

അതും വളരെ പരിമിതം.

കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് ഏതൊക്കയോ തുരുത്തുകളിലായി ചിന്നിച്ചിതറിപ്പോയവരെല്ലാം വീണ്ടും അവിടെ തെളിഞ്ഞുവന്നേക്കാം..