Followers

Saturday, 23 December 2017

2004 ലെ മങ്ങി വെളുത്ത ഒരു പകലിനെ ഞാനിന്നും ഓർമിക്കുന്നുണ്ട്.
അങ്ങേയറ്റം ദുഃഖഭരിതമായ ദിവസം.
അവളുടെ പ്രിയപ്പെട്ടൊരാൾ അന്ന് മരിച്ചുപോയി.
പ്രിയപ്പെട്ടത് എന്നു പറഞ്ഞാൽ  ആ ആളോളം വിലപിടിച്ചതൊന്നും അവളുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല.
ഒരാഴ്ചയിലേറെയായി നീണ്ട ആശുപത്രിവാസം.
ഒരു വൈകുന്നേരം തുടങ്ങിയ കാലുവേദന, നാട്ടിലെ ആശുപത്രിയിൽ കാണിച്ചു മരുന്നുവാങ്ങിയിട്ടും ശമിക്കാത്ത നോവ്.
അന്നുരാത്രി അവർ വേദന നിമിത്തം ഉറങ്ങിയില്ല.
പിറ്റേന്ന് പുലർച്ചെ വീണ്ടും വണ്ടി വിളിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ തന്നെപോയി.
പ്രമേഹം കൂടി,അവിടെ അഡ്മിറ്റായി.
വീട്ടിലാരുമില്ലാത്തതിനാൽ അവളെ വല്യച്ഛന്റെ വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു.
അവിടെ അക്കയും അണ്ണനുമൊക്കെയായി അവരില്ലാതിരുന്ന വിടവ് അധികമൊന്നും അലട്ടിയില്ല.അല്ലെങ്കിലും ഇത്ര തീവ്രമായൊരുവസ്ഥയിലാണ് അവരെന്ന ചിന്തകൂടി ഇല്ലാതിരുന്നതിനാൽ മടങ്ങിയെത്തുമെന്നു തന്നെ പ്രതീക്ഷിച്ചു..
തിരികെയെത്തിയാലുടൻ
സ്വന്തം വീട്ടിലേക്ക് പോകാനുള്ള വെപ്രാളം ഇടയ്ക്കിടെ ഉറക്കത്തിൽ നിന്നെന്ന പോലെ ഞെട്ടിയുണരും.
പകലുകൾ..
സന്ധ്യയിൽ കനക്കുന്ന മുറ്റത്തു നിന്നാൽ കാണുന്ന ആകാശം.
രാത്രികളുടെ കറുപ്പ്.
ദിവസങ്ങളങ്ങനെ വന്നും പോയും അവധിക്കാലമെന്നോണം പാഞ്ഞുകൊണ്ടിരുന്നു.
മരണം ഒരിക്കലും അവരെ റാഞ്ചുമെന്നു വിചാരിച്ചിരുന്നോ...
അസുഖം കൂടിയും കുറഞ്ഞുമിരുന്നു.
കോട്ടയത്തിന് കൊണ്ടുപോകാനിരുന്നതിന്റെ തലേന്ന് ചെന്നില്ലായിരുന്നുവെങ്കിൽ ജീവനോടെ ഒരു നോക്ക് കാണാനായില്ല എന്ന വ്യഥ കൂട്ടായിപ്പിറന്നേനെ.

വാർഡിൽ, അടുത്ത് തൂക്കിയിട്ട ഡ്രിപ്പ് സ്റ്റാൻഡിനരികെ,മൂത്രം പോകാനുള്ള ട്യൂബ് ചെന്നെത്തുന്ന സഞ്ചിക്ക് ഓറഞ്ചുനിറത്തിന്റെ ഭാരം.
ക്ഷീണിച്ച മുഖത്തോടെ, വാടിയ ചിരിയോടെ അവർ അവളെ നോക്കി.
അപ്പോൾ മാത്രം അവൾക്ക് എന്തിനെന്നറിയാതെ ഒരു നോവ് ഇരച്ചുകയറിവന്നു.
പറഞ്ഞറിയിക്കാനാവാത്ത സങ്കടം.
അവളുടെ കുഞ്ഞുകൈപ്പത്തിയിൽ മുറുക്കെപ്പിടിച്ച വിരലുകളിൽ വിറ പൂണ്ടിരുന്നു.
വീട്ടിലേക്ക് വരികയില്ലേ എന്നവളുടെ ചോദ്യത്തിന് വരുമെന്ന് മറുപടിയും കൊടുത്തു.
യാത്ര പറഞ്ഞ്, എല്ലാവരും മുറി വിട്ടിറങ്ങി, നടന്നു നീങ്ങിയപ്പോൾ അവൾ പിന്നെയും ഓടി അവരെ ചെന്നു കണ്ടു.
അടുത്തിരുന്നു കൈ പിടിച്ചു.
അവളുടെ കണ്ണ് നിറഞ്ഞു വന്നു.
പൊയ്ക്കോന്ന് പറഞ്ഞു സമാധാനിപ്പിച്ചു വിട്ടു.
അതവസാന കൂടിക്കാഴ്ചയായിരുന്നുവെന്ന് പിറ്റേന്ന്,വല്യമ്മയുടെ അടക്കിയ ശബ്ദവും തേങ്ങലും കേട്ടുണരുമ്പോൾ മനസ്സിലായില്ല.
ഒന്നും പറഞ്ഞതുമില്ല.
മുന്നേ നടന്നു നീങ്ങുന്ന വല്യമ്മയെ അനുഗമിച്ചു.
ഉവ്വ്.
എന്തോ ഒന്ന് നെഞ്ചിൽ കൊളുത്തിപ്പിടിച്ചു പിടയാൻ തുടങ്ങുന്നുണ്ട്.
വഴിയിൽ ആരോടോ വല്യമ്മ സംസാരിച്ചതിൽ നിന്ന് അണ്ണൻ എന്തോ ചോദിക്കുകയും
പിന്നെ കരയുകയും ചെയ്‌തു.

വീട്ടിലേക്കുള്ള വഴി തിരിയുന്നിടത്ത് അവളുടെ ലോകം അസ്തമിച്ചു കിടക്കുന്നുണ്ടായിരുന്നു.
മുറ്റത്തെ നീലപ്പന്തലും, ആളുകളും കുശുകുശുക്കലും, കൂടിയാലോചനകളും,മരം വെട്ടുന്ന ഒച്ചയും,ചന്ദനത്തിരിയുടെ മണവും,  അകത്തെ മുറിയിലായ്‌ ചേതനയറ്റ അവളുടെ അച്ചാമ്മയും...

ഒന്നിച്ചുണ്ടായിരുന്ന ഓരോ ദിനവും, ഓർമകൾ കൊണ്ട് തുന്നിച്ചേർത്ത വലിയൊരു വിരിപ്പ് പോലെ മനസിൽ വന്ന് മൂടി.
ആളുകൾ വന്നു.പോയി.
ചിലർ വന്നലറിക്കരഞ്ഞു.
ഇല്ല.
അവളുടെയത്ര നഷ്ടം ആർക്കും വന്നിട്ടില്ല.
അവൾക്ക് കുറെയേറെ വർത്തമാനം പറയാനുണ്ട്.
ഇനിയത്തെ വലിയ മുടക്കത്തിന് കണ്ണങ്കരയ്ക്ക് പോകില്ലെന്ന്.
ഇത്ര പെട്ടെന്ന് ഇങ്ങനെയവസാനിക്കപ്പെടുമെന്നറിഞ്ഞിരുന്നെങ്കിൽ അവൾ അവരെ വിട്ടെങ്ങും പോവുകയില്ലയെന്ന്.
ഇനിയാരാണ്..
ഇനിയെന്താണ്..!
അയോഡെക്‌സിന്റെ മണം നിറഞ്ഞ അവർ കിടന്നിരുന്ന മുറി, ചെറിയൊരു കട്ടിൽ അതിൽ വിരിച്ചിരുന്ന പുതപ്പ്, വൈകുന്നേരങ്ങളിലെ കാഞ്ചനയമ്മൂമ്മയുടെ വീട്ടിലേക്കുള്ള നടത്തം, അവിടെച്ചെന്നു തിന്നുന്ന കാരയ്ക്കയുടെ ചവർപ്പ്, ഒന്നിച്ചുള്ള കാപ്പികുടി, ഉച്ചയ്ക്കുള്ള അലകടലും അങ്ങാടിപ്പാട്ടും സീരിയലുകൾ, തമ്മിലുണ്ടായിരുന്ന സ്നേഹത്തിന്റെ അദൃശ്യമായ സുവർണ്ണനാര്, അതിലെ വഴക്ക്, വെക്കേഷന് കണ്ണങ്കരയിലെ വീട്ടിലേക്ക് പോകുമ്പോൾ അവളുടെ തോളിൽ പിച്ചിതീർത്ത വേർപിരിയലിന്റെ വൈഷമ്യത, തൊണ്ടയിൽ കുരുങ്ങിയ കുഞ്ഞുകരച്ചിൽ,കണ്ണിലുരുണ്ടുകൂടിയ തുള്ളി,സ്‌കൂളിൽ പോകാൻ മുടി പിന്നിക്കൊടുത്തത്, വൈകിട്ട് അവൾ വരാൻ നോക്കിയിരുന്ന രണ്ടുകണ്ണുകൾ,അവൾക്കായി കരുതിവെച്ച പലഹാരം, അവളുടെ അമ്മയോട് മത്സരിച്ച് സ്നേഹിച്ചത്, ഒന്നിച്ചുകണ്ട ഉത്സവങ്ങൾ, വെടിക്കെട്ടും ഗാനമേളയും, വാരിക്കൊടുത്ത ചോറുരുളയിലെ വാത്സല്യം.....
അച്ചാമ്മയെന്നതിലുപരി അവർ അവളുടെ എല്ലാമായിരുന്നു.

അവരില്ലാതെ ഇത്രകാലം ജീവിച്ചുവെന്നതിൽ അവൾക്ക് അത്ഭുതം തോന്നുന്നുണ്ട്.
കണ്മറഞ്ഞുപോയി.
ഇനിയേത് ലോകത്തിൽ വച്ചും ഒരു മാത്ര കൂടിയൊന്ന് കാണാനാവില്ല.
ഓർമകളിൽ പക്ഷേ എന്റെ പ്രഭാവതി ഇന്നും ജീവിച്ചിരിക്കുന്നു.
അവർ തന്റെ പേരക്കുട്ടിയെ ശാസിക്കുന്നു.
അടിക്കുന്നു.
അവളെ ചേർത്തുപിടിച്ചുറങ്ങുന്നു.
സ്നേഹത്താൽ മുക്കിപ്പൊതിഞ്ഞ ഉരുള അവൾക്ക് നേരെ നീട്ടുന്നു...
ശരിയാണ്.
അച്ചാമ്മ മരിച്ച ദിവസം, ജനാലയ്ക്കരികെ കത്തിക്കൊണ്ടിരുന്ന ചിതയിൽ നോക്കിയിരുന്നപ്പോൾ ഞാനത് മാത്രമേ ആലോചിച്ചിരുന്നുള്ളൂ.
എങ്ങനെയാണ് അച്ചാമ്മയെ കാണാതെ ജീവിക്കുക?
കുറേ കണ്ണീർ വാർത്തു.
എപ്പോഴോ ഉറങ്ങി.
ഞങ്ങൾക്കെത്ര സായന്തനങ്ങൾ ഒന്നിച്ചു നടക്കേണ്ടിയിരുന്നു.
മുറ്റത്ത് നട്ട വാത്സ്യം പൂവിട്ടോയെന്നു നോക്കിയും തെച്ചിയിറുത്ത് ദേവിക്ക് മാലകെട്ടിയും. കാഞ്ചനയമ്മൂമ്മയുടെ വീട്ടിൽ പോയും കാരയ്ക്ക പെറുക്കിയും.

മുഹമ്മേന്ന് ഉത്സവത്തിന് ഭവാനിയപ്പച്ചി വന്നാൽ കിടക്കാൻ കട്ടിലൊരുക്കണം.
നെടുങ്ക കാത്തിരിപ്പിനൊടുവിൽ എല്ലാക്കൊല്ലവും മുടങ്ങാതെ അപ്പച്ചി വരികയും ചെയ്യും.
വരാന്തയിൽ പായ വിരിച്ച് ഞങ്ങൾ മൂന്നാളും കൂടി കഥ പറയും..
അപ്പച്ചിക്ക് ഏറെക്കഥകളറിയാം.
വെടിക്കെട്ട് കാണും.
എത്രയാ പൂവ് വരിക..
മേലെ ആകാശത്ത്.
പച്ച, നീല, ചൊമപ്പ്..
പിന്നേം ഉത്സവങ്ങള് വർഷാവർഷം വന്നുപോയി.
പലജാതി കരിമരുന്നും ഒച്ച കേൾപ്പിച്ചും കേൾപ്പിക്കാണ്ടെയും വിവിധതരത്തിൽ കത്തി.

കൂട്ടരൊക്കെ പോയേല്പിന്നെ ഇല്ലാതായ പഴയ ഇരുപത്തിയൊന്ന് ദിവസങ്ങൾ..

പൊട്ടണു അത്ര തന്നെ...!!

Saturday, 9 December 2017


ട്രെയിനിലെ അഴികളെല്ലാം തുരുമ്പിച്ചു തുടങ്ങുന്നു. ചലനവേഗതയും കുറവാണ്. ഞരങ്ങിയും മൂളിയും എങ്ങനെയൊക്കെയോ ദൂരം താണ്ടുന്നുവെന്നല്ലാതെ പഴയ ചുറുചുറുപ്പ് വീണ്ടെടുക്കാനാവുമെന്നു തോന്നുന്നില്ല. ഓടിത്തുടങ്ങുമ്പോൾ മാസ്മരിക വേഗമായിരുന്നു.
കിതപ്പലുകളില്ല.
തളർച്ചകളില്ല..
അതിവേഗം ബഹുദൂരം മുന്നോട്ടോടി.
ഈ ട്രെയിനും ഞരങ്ങി ഞരങ്ങി നിന്നുപോകുമെന്നുള്ളത് മൂന്നുതരമാണ്.എങ്കിലും യാത്രയും ജാലകച്ചതുരത്തിലെ ഇട്ടാവട്ടക്കാഴ്ചയും ഞാൻ ഉപേക്ഷിച്ചിരുന്നില്ല. തന്റേതല്ലാത്ത ടിക്കറ്റിൽ സ്വന്തമല്ലാത്ത ചിലതും പേറിയാണ് പോക്കെങ്കിലും അവസാന അഴിയും തുരുമ്പെടുത്ത്, ബോഗികൾ വിട്ട് പോകുന്നത് വരെ ഞാനിവിടെയിരിക്കും.
ഇടയ്ക്കിടെ പാളത്തിൽ നിന്ന് വഴുതി മാറി, തെന്നിനീങ്ങി, ഒരു ക്രാന്തദർശിയെ കണക്കെ ട്രെയിനോടുമ്പോൾ ഞാൻ പിന്നെയുമൊരു ശീതമാരുതപ്രവാഹത്തിലമരും. ഓർമകളിലേക്ക് കണ്ണോട്ടയെറിയുമ്പോൾ ദ്രവിച്ച്, നാശമായിപ്പോയ ചിലത് തെളിഞ്ഞുവരും. അത് സ്വന്തം പേരിലെടുത്ത ടിക്കറ്റും ലക്ഷ്യസ്‌ഥാനമുള്ള യാത്രയും പറഞ്ഞുവച്ച ട്രെയിനായിരുന്നു. ഇതേപോലെ അധികം ഇഴച്ചിലൊന്നും കൂടാതെ,കൂവിപ്പായാതെ, പുകച്ചുരുളുകളാൽ മറ തീർക്കാതെ, നോവിന്റെ പേരറിയാ മരങ്ങൾ തീർത്ത തണലിൽ അന്ത്യവിശ്രമം കൊള്ളുന്നു.
എന്നവസാനിക്കുമെന്ന ബോധ്യമില്ലാതെ, യാതൊന്നും സ്വന്തമായിക്കിട്ടാത്ത ഈ യാത്രയിലെ ഊടുവഴികളിൽ ശ്വാസോച്ഛ്വാസങ്ങളെ മറന്ന് ജീവിതത്തിന്റെ എറങ്കോണിപ്പുകൾ ബാക്കിയാക്കി അങ്ങനെ...
നേരം സന്ധ്യയോടടുക്കുന്നു. ഇരുൾ കനം വച്ചുതുടങ്ങുന്നുണ്ട്. ചില വീടുകളിൽ നിന്ന് നിലവിളക്കിന്റെ തിരിവെട്ടം കണ്ണുചിമ്മുന്നുണ്ട്. 

നക്ഷത്രങ്ങൾ തുന്നിയ കറുത്ത കമ്പളവിരിയിൽ പൊന്നമ്പിളി പുഞ്ചിരി തൂകി. കാറ്റ് നൃത്തം വച്ചു. മുല്ലമൊട്ടുകൾ വിരിയുന്നതിന് മുന്നേ ഞാനെത്തുമായിരിക്കും. വെട്ടിത്തിരിച്ചിട്ടും മുറിഞ്ഞുപോകാത്തത്രയും ആഴത്തിൽ  ഹൃദയഭിത്തിയിൽ വേരോടിയ ഭൂതകാലം കണ്ണാടിത്തളങ്ങളിൽ മുഖം നോക്കുന്നു.
താന്താങ്ങളാൽ വിരചിതമായ വിഷാദകാവ്യം വിൽക്കാൻ വച്ചിരുന്നോ?
അതിന്ന് വഴിനീളെ പറന്നു നടപ്പുണ്ടായിരുന്നു. കണ്ടുകിട്ടിയാൽ കൊണ്ടെത്തരാം. വീണ്ടുമൊരു സന്ധ്യയിൽ കണ്ടുമുട്ടി, ബാക്കി വന്ന വാർത്തകൾ അപ്പോൾ പറയാം..

Saturday, 18 November 2017


പന്തീരാണ്ട് കാലം നീണ്ട സുവർണ്ണകാലഘട്ടം അസ്തമിക്കുന്നത് അവിസ്മരണീയമായ മറ്റൊരു ഉദയത്തിലേക്കാണ്.
എല്ലാവരുടേയും ജീവിതത്തിൽ ഇക്കാലയളവിന് മാത്രമായി ചില പ്രത്യേകതകളുണ്ടാകും. പ്ലസ്ടു കോമേഴ്‌സ് എടുത്തുപഠിച്ചവരിൽ നിന്ന് വ്യത്യസ്തമായി സയൻസ് ബാക്ക്ഗ്രൗണ്ടിൽ നിന്നുള്ളവരുടെ ഭാവിയെ കൃത്യമായി അടയാളപ്പെടുത്തുന്ന ടേണിങ് പോയിന്റ്.
വളരെ നാൾ നീണ്ടുനിൽക്കുന്ന ചൂടുപിടിച്ച കരിയർ ഗൈഡൻസ് ആലോചനകൾക്കും കൊണ്ടുപിടിച്ച ആധികൾക്കും ഒടുവിലായി, എഴുതിത്തളർന്ന എൻട്രൻസ് പരീക്ഷകളോട് ചിലർ മല്ലിട്ടും മറ്റു ചിലർ പൊരുതിത്തോറ്റും അവരവരുടെ വരാനിരിക്കുന്ന വർഷങ്ങളെ എവിടെ നാട്ടുവളർത്തണമെന്ന തീരുമാനങ്ങളിൽ ചിന്തയെ വേരുപിടിപ്പിക്കുന്നു.
അങ്ങേയറ്റമെത്തിയവസാനം അഞ്ചുവർഷമോ അതിൽ താഴെയോ ഇനിയങ്ങോട്ട് ജീവിക്കാനുള്ള നാലുചുമരുകൾക്കുള്ളിൽ താന്താങ്ങളുടെ
സീറ്റ് കണ്ടെത്തുന്നതോടെ വിട..
അലോട്ട്‌മെന്റ് ടെൻഷനുകൾക്ക് !
അലച്ചിലുകൾക്ക് !
ഓടിത്തീർന്ന ഓട്ടങ്ങൾക്ക് !
അവിടെ പുത്തൻ പുതു പ്രഭാതം ആരംഭിക്കുകയായി.
ജീവിതത്തിലെ ഏറ്റവും മധുകരമായ,ഏറെ പ്രാധാന്യമുള്ള കുറച്ച് വർഷങ്ങൾ.
പുതിയ അന്തരീക്ഷം, പുതിയ കൂട്ടുകാർ..
"നവാഗതർക്ക് സ്വാഗതം" എന്നെഴുതിയ ഫ്‌ളക്‌സ് ബോർഡും കടന്ന് കോളേജിൽ കാലുകുത്തുമ്പോഴേ ചിലരുടെ ചങ്ക് പിടപിടയ്ക്കും.
ആടിപ്പാടിയും ചൂളം വിളിച്ചും കൂട്ടം ചേർന്ന് ബഹളം വച്ചും പെമ്പിള്ളാരെ കമെന്റടിച്ചും വായ്നോക്കിയും നീങ്ങുന്ന സംഘങ്ങളും മസിൽ പിടിക്കുന്ന പഠിപ്പികളും, ജന്മനാ ജാഡകളായവരും അപരിചിതമായ ചുറ്റുപാടിൽ അടിവച്ചടിവച്ച് ആരെയെങ്കിലുമൊക്കെ അനുഗമിക്കുന്നുണ്ടാവും.
ആദ്യ ക്ലാസ്സിൽ രക്ഷിതാക്കളോടൊത്ത്, അദ്ധ്യാപകർ നടത്തുന്ന കോഴ്‌സ് വിവരണ മാമാങ്കത്തിലിരിക്കുമ്പോൾ പിടപിടപ്പ് കുറച്ചുകൂടി കൂടും.
ഇത്‌ നമുക്ക് പറഞ്ഞ പണിയേ അല്ലെന്ന് തോന്നും.
ആദ്യ ദിന അങ്കലാപ്പിൽ ഈ വിവരണം കൂടി കേട്ട് അന്തംവിട്ട് അച്ഛനമ്മമാരുടെയും അടുത്തിരിക്കുന്നവരുടെയും മുഖങ്ങളിലേക്ക്, അവർ തിരിച്ചു നമ്മളേയും നോക്കി,അല്പമൊന്ന് ഭയന്ന് ഇരിക്കുന്ന നമ്മളെ,പിന്നീട് ഓർത്താൽ നമുക്ക് തന്നെ ചിരി വരും.
ആ അവസ്‌ഥയിൽ നിന്നൊട്ടും വിഭിന്നമല്ല വരുന്ന ഒരാഴ്ച്ചക്കാലം.
പേടിയും മുന്നറിവില്ലാത്ത വിഷയങ്ങളും അവയുടെ കടുകട്ടിയും കൂടി ഒരവിയൽ പരുവം എത്തിച്ചേർന്നുകിട്ടിയാൽ പിന്നെ രക്ഷപ്പെട്ടു.
നമ്മൾ പിന്നെ എന്തിനേയും അതിജീവിക്കാൻ പ്രാപ്തരായിക്കഴിഞ്ഞിരിക്കും.
ഈപ്പറഞ്ഞ ഒരാഴ്ച കൊണ്ട് ചെയ്തു തീർക്കുന്ന അസൈൻമെന്റുകളും സെമിനാറുകളും ക്ലാസ് ടെസ്റ്റുകളും മറ്റ്‌ ലൊട്ടുലോടുക്കുകളും പുതിയ സാഹചര്യത്തോട്‌ ഇണങ്ങിച്ചേരാൻ നമ്മെ സമ്മർദ്ദത്തിലാഴ്ത്തി പ്രേരിപ്പിക്കും.
സഹികെട്ട് ഒരുവിഭാഗം ഉപേക്ഷിച്ച് ഓടുമെങ്കിലും ഭൂരിഭാഗം പേരും ജൈത്രയാത്ര തുടരുക തന്നെ ചെയ്യും.
അതിനോടകം നമ്മൾ പരസ്പരം പരിചയപ്പെട്ടുതുടങ്ങും.
ഓരോ ടീച്ചേഴ്സും വന്നു ഓരോരുത്തരുടെയും പേരും ഡീറ്റൈൽസും ചോദിക്കുന്നതിലൂടെ കിട്ടുന്ന അറിവിനുമപ്പുറം നമ്മൾ അടുത്ത സൗഹൃദങ്ങളിലേക്ക് കൂടു കൂട്ടും.
ഹോംവർക്ക് കോപ്പി ചെയ്തും മിസ് ക്ലാസ്സെടുക്കുമ്പോൾ അടക്കം പറഞ്ഞും കൊള്ളാവുന്ന ചുള്ളന്മാരെയും ചുള്ളികളേയും കണ്ണോട്ടയെറിഞ്ഞും ചില ക്ലാസ്സുകളിൽ ഉറങ്ങിയും മറ്റുചിലതിൽ ബുൾസൈ പുഴുങ്ങിയ കണ്ണുകളുമായും ആ കൂട്ട് ഒരു ഗ്യാങായി രൂപാന്തരം പ്രാപിക്കും. 
ആമ്പിള്ളാരുടെ അസൈൻമെന്റെഴുത്തുകാരുടെ പിറവിയും കൂടെ നടന്നിരിക്കും.
അലമ്പും കലപിലയും കൂട്ടുകാരുടെ സ്നേഹവും കുശുമ്പും പൊടിപ്പും തൊങ്ങലും നിറഞ്ഞ ഗോസിപ്പുകളും അല്ലറ ചില്ലറ പ്രണയങ്ങളും ഒന്നോ രണ്ടോ ബുജികളും അത്യാവശ്യം പഠിപ്പിസ്റ്റുകളും ലൈബ്രറി കാണാത്തവരും പുസ്തകപ്പുഴുക്കളും ബാക്ക് ബെഞ്ചേഴ്സുമുൾപ്പെടുന്ന ക്ലാസ് റൂം പിന്നീട് നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിത്തുടങ്ങും.
കൂട്ടത്തിലെ കലാകാരന്മാരെയും കലാകാരികളെയും തിരിച്ചറിയുന്നത് ആദ്യ വർഷത്തിൽ നടക്കുന്ന പരിപാടികൾക്കാണ്.
അതുവരെ അടുത്ത സീറ്റിലിരുന്ന മിണ്ടാപ്പൂച്ച കലങ്ങൾ കുറേ തട്ടിയുടയ്ക്കും.
രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന് ക്ലാസ്സിൽ മാവേലിയാകുന്ന മറ്റു കൂട്ടർ.
പൊട്ടിപ്പോകുന്ന പ്രേമവും വിരഹത്തിന്റെ കണ്ണുനീരും സൗഹൃദത്തിന്റെ ഊഷ്മളതയും അതിനിടയിൽ വന്നുപോകുന്ന ഇന്റേർണൽസും മോഡലും യൂണിവേഴ്‌സിറ്റി പരീക്ഷകളും.
തലേ രാവിൽ ഉറക്കമൊഴിച്ചുള്ള പഠിപ്പ്, കംമ്പയിൻ സ്റ്റഡി,പഠിപ്പികളുടെ ബുക്കുമായി ഫോട്ടോസ്റ്റാറ്റിനായുള്ള പരക്കം പാച്ചിൽ..
ഒടുക്കം കോക്രി കാട്ടിയും കഥകളി കാണിച്ചും ശരിയാക്കുന്ന വൺ വേഡ് ഉത്തരങ്ങൾ.
ഗ്യാസ് അടിച്ചുവിടുന്ന എസ്സേകൾ.
പരീക്ഷ തീരുന്നതിന് മുമ്പുള്ള അഞ്ചുമിനിട്ടുകൊണ്ട് വെപ്രാളത്തിൽ നേടിയെടുക്കുന്ന മാറ്റി വച്ച ചോദ്യങ്ങൾക്കുള്ള വക, പരീക്ഷയ്ക്കൊടുവിൽ സംഘം ചേർന്ന് നടത്തുന്ന ചോദ്യപ്പേപ്പർ പോസ്റ്റുമോർട്ടം അഥവാ ചത്ത കൊച്ചിന്റെ ജാതകം നോക്കൽ..
മാർക്കിന്റെ പേരിലുള്ള സങ്കടവും പോട്ടെ പുല്ല് എന്ന ഭാവവും കാണാൻ പറ്റുന്ന മുഖങ്ങൾ.
കണ്ണടച്ചുതുറക്കുന്നതിനുള്ളിൽ ദിവസങ്ങളോടി മറയും. ഫ്രഷേഴ്‌സ് സീനിയേഴ്സ് ആയി മാറും. സെമ്മുകൾ അതിവേഗം കടന്ന് സൂപ്പർ സീനിയേഴ്സ് ആയി മാറി അവസാന വർഷം അരങ്ങിലെത്തും.
നമ്മൾ നവാഗതർക്ക് സ്വാഗതമരുളും.
പണ്ട് നമ്മൾ വന്ന കാലമോർക്കും.
ഭിത്തിയിലും തൂണുകളിലും കോറിവരഞ്ഞ പേരുകൾ കണ്ണീർ വാർക്കുന്നുണ്ടോ?

പ്രേമിക്കുന്നവർ ഭാവിയെക്കുറിച്ച് ആലോചനയിലാണ്ട്, തേപ്പുകിട്ടിയവർ ജൂനിയേഴ്‌സ് പിള്ളാരെ വീഴ്ത്താൻ ശ്രമിച്ച്, മച്ചാന്മാർ പാർട്ണർഷിപ്പ് ബിസിനസ് നടത്തുന്നതിന്റെ പ്രാരംഭ ചർച്ചകളിൽ മുഴുകി, പഠിപ്പികൾ ഉപരിപഠനത്തിന് എവിടെ ചേരുമെന്ന് സംശയിച്ച് തലയിൽ നിന്ന് പുകവിട്ട്, ഉഴപ്പുസംഘം ജയിക്കുമോ അതോ എന്നുഴറി നിൽക്കുമ്പോഴും ബാക്ക് ബെഞ്ചേഴ്സ് മാത്രം അപ്പോഴും അടിച്ചുപൊളിക്കുന്നുണ്ടാവും.

കലാലയത്തിലെ അവസാന ദിവസവും വന്നുചേരും.ഓർമകളിൽ മധുരം നിറച്ച ഇൻഡസ്ട്രി വിസിറ്റാണ് ഏറ്റവും തിളങ്ങുന്ന സ്മരണ.
തമ്മിലിനി കാണുമോയെന്നുപോലും നിശ്ചയമില്ലാതെ വിട പറയുന്ന കൂട്ടുകാർ..
സജീവമായിരുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വല്ലപ്പോഴും മാത്രം അനങ്ങുന്ന അവസ്ഥ.
അവസാന പരീക്ഷയുടെ പേപ്പർ കൂട്ടിക്കെട്ടി റൂം വിടുന്ന ഓരോരുത്തരും ചിലപ്പോഴെങ്കിലും ഒന്ന് നെടുവീർപ്പിട്ടിരിക്കും.
കുറച്ചുകൂടി നന്നായി പഠിക്കാമായിരുന്നുവെന്നോർത്ത്,
തുറന്ന് പറയാൻ മടിച്ച പ്രേമത്തെയോർത്ത്..
കൂട്ടുകാരെപ്പിരിയുന്ന വിഷമം കൊണ്ട്..
പഠനം, അതിനുശേഷം കിട്ടുന്ന ജോലി, മെച്ചപ്പെട്ട ഒരു ജീവിതം..
വഴികൾ പലതായി പിരിഞ്ഞൊഴുകിയങ്ങനെ അങ്ങനെ...
സഹപാഠികളിൽ ചിലരുടെ കല്യാണങ്ങൾ മറ്റൊരു ഒത്തുകൂടലിന് കാരണമാകും.
ആമ്പിള്ളാർ ചങ്ക്സ് ചേർന്ന് പൊളിപ്പൻ ട്രിപ്പ് പോയേക്കാം.
പി ജിക്ക് പോകുന്നവർ, യു ജി കഴിഞ്ഞയുടൻ കല്യാണം കഴിഞ്ഞവർ, ലാസ്റ്റ് ഇയറിൽ പ്രണയം നിമിത്തം ഓടിപ്പോയവർ,
ജോലിക്ക് കയറിയവർ, വിധി വൈപരീത്യം കൊണ്ട് വിഷമാവസ്ഥയിലായവർ...
ഓരോരുത്തരും പല പല തട്ടുകളിൽ നിന്ന് ജീവിതം കരയെത്തിക്കാൻ നീന്തിക്കൊണ്ടേയിരിക്കും.
കേട്ട് മറന്നൊരു കവിത അന്വർഥമാക്കുന്ന വരികൾ.
" കാലമിനിയുമുരുളും,
വിഷു വരും, വർഷം വരും, തിരുവോണം വരും, പിന്നെയോരോ ചെടിയിലും തളിർ വരും,പൂ വരും,കായ് വരും,
അപ്പോൾ ആരെന്തുമെന്തെന്നും ആർക്കറിയാം"

കലാലയ ജീവിതം മാറ്റങ്ങളുടെ തുടക്കമാണ്. കൂട്ടുകെട്ടിന്റെ ദൃഢതയും അതിജീവനത്തിന്റെ പാതയും ഇവിടെ നിന്നാണ് വേരുറച്ചുതുടങ്ങുന്നത്. ചിന്തകളുടെ, ആശയങ്ങളുടെ ഉച്ചസ്‌ഥിതി രൂപം കൊള്ളുന്നത്, വ്യക്തി വികാസം പാകപ്പെടുന്നത് ഒക്കെയും ഈ മണ്ണിൽ നിന്നാണ്.ക്യാംപസ് പ്രണയങ്ങളിൽ ചിലതെങ്കിലും മുന്നേറുമെങ്കിലും, ചങ്ങാത്തങ്ങളുടെ, ആത്മ സൗഹൃദങ്ങളുടെ മിഴിവും നിറവും അത് മറ്റൊന്ന് തന്നെയാണ്.
ജീവിതത്തിന്റെ ഗതിനിർണ്ണയം രേഖപ്പെടുത്തുന്നതിൽ തുടങ്ങി നീളുന്ന അനന്തമായ പട്ടിക.

ഇഷ്ടവിഷയങ്ങളിൽ
ഭാവി തീരുമാനങ്ങൾക്കാനുസൃതമായി കാര്യങ്ങൾ കരുപ്പിടിപ്പിക്കാൻ ഇവിടെ നിന്ന് ലഭിക്കുന്ന അദ്ധ്യാപക സമ്പത്ത് തീരെ ചെറുതല്ല. എഴുത്തുകാർ, രാഷ്ട്രീയക്കാർ, സാംസ്കാരിക രംഗത്തെ പ്രമുഖർ, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നു തുടങ്ങി ഭാവി വാഗ്ദാനങ്ങളെ പിറവി കൊടുക്കുന്നതിൽ ഓരോ കലാലയങ്ങളും വ്യക്തമായ രാഷ്ട്രീയം പറഞ്ഞുവയ്ക്കുന്നുണ്ട്. 

വരാനിരിക്കുന്ന നല്ല നാളെകൾക്ക് ഉതകുന്ന മികച്ചൊരു മുതൽക്കൂട്ടായിരുന്നു ആ അധ്യയന വർഷങ്ങൾ...

Saturday, 14 October 2017


ജീവിതത്തിലെ വലിയൊരു ഭാഗത്തിന്റെ തിരശ്ശീലയാണ് പതിയെ ഊർന്നുവീണു കൊണ്ടിരിക്കുന്നത്....

ഡിഗ്രി കഴിയുമ്പോഴും പഠിതാവെന്ന വേഷം കൂടെയുണ്ടായിരുന്നതിൽ നിന്ന് മാറി, ഇത്ര നാളും കൂട്ടുകാർക്കും ഒച്ചപ്പാടിനുമിടയിൽ,അദ്ധ്യാപകർക്ക് മുന്നിലിരുന്ന് നോട്ടിൽ കുത്തിക്കുറിക്കാൻ,ബോറടിക്കുമ്പോൾ പടങ്ങൾ വരഞ്ഞു,ഇടയ്ക്കിടയ്ക്ക് പിന്തിരിഞ്ഞുനോക്കി,പിന്നെ വാച്ചിൽ നോക്കി ഇന്റർവെല്ലിനായി ശ്വാസംമുട്ടലനുഭവിച്ച്,ചില ക്ലാസ്സുകളിൽ കണ്ണുകൾ തുറന്നിരുന്നുറങ്ങി,മറ്റുചിലതിൽ മുന്നിലെന്താണെതാണ് എന്നറിയാതെ പകച്ചിരുന്ന്,ചിലവയിൽ അദ്ധ്യാപകരുടെ കമെന്റുകളിൽ പൊട്ടിച്ചിരിച്ച്,കോളേജ് ബസിൽ കാക്കക്കൂട്ടം പോലെ ശബ്ദമുണ്ടാക്കി,വെള്ളിയാഴ്ചകളിൽ ബജി വാങ്ങിത്തിന്ന്,കളർകോട് നിന്നുള്ള ബ്ലോക്കിനെ പ്രാകി,പരീക്ഷയടുക്കുമ്പോൾ ഫോട്ടോസ്റ്റാറ്റിനായി പരക്കം പാഞ്ഞ്, ക്ലാസ്സിൽ നിന്നിറക്കിവിടുമ്പോൾ ലൈബ്രറിയിലേക്കും അവിടെ നിന്നിറക്കിവിടുമ്പോൾ ലാബിലേക്കുമുള്ള നടത്തം, ഇപ്പോൾ പൂട്ടിപ്പോയ ഹോസ്പിറ്റലിനടുത്തുള്ള ചായക്കട, പി പി റ്റി കൾ കൊണ്ടുനിറഞ്ഞ ലാബിലെ
കംപ്യൂട്ടർ സ്ക്രീനുകൾ....

കുറച്ചുനാൾ പഠിപ്പിച്ച്, കാത്തിരുന്ന് കിട്ടിയ ജോലിക്ക് പോയെങ്കിലും ഇന്നും അടുപ്പമുള്ള അംബീഷ് സാർ,ഒരുപാട് ഇഷ്ടവും സ്വാതന്ത്ര്യവുമുള്ള ഇന്ദുലേഖ മിസ്സ്, ചിലപ്പോഴൊക്കെ വഴക്കിട്ട് കണ്ണുരുട്ടി, മറ്റുചിലപ്പോൾ ചിരിച്ച് "പോട്ടെഡോ"യെന്ന് പറയുന്ന ദീപ മിസ്സ്‌, ഫുൾ സപ്പോർട്ട് തന്നിരുന്ന കൈലാസ് സാർ, ചെറിയ കളിയാക്കലുകളിൽ വലിയ കാര്യങ്ങളെ പറഞ്ഞിരുന്ന പ്രശാന്ത് സാർ,ഓപ്പറേഷൻസ് എന്നാൽ എന്താണെന്ന് കുറഞ്ഞ സമയത്തിനുള്ളിൽ പഠിപ്പിച്ച രാമകൃഷ്ണൻ സാർ, കുട്ടിക്കാനത്തേക്ക് ജോലി സ്ഥിരമായിപ്പോയ ദീപ്തി മിസ്സ്, MIS പഠിപ്പിച്ചിരുന്ന ശാന്തകുമാർ സാർ, ഞങ്ങളിലൊരാളായിരുന്ന ഹരികൃഷ്ണൻ സാർ,ഗ്രൂമിങ് സെക്ഷനിലെ മുഹമ്മദ് ഇക്കൻ സാർ, റിസപ്ഷനിസ്റ്റ് ശാലിനി ചേച്ചി,ലാബിലെ വിഷ്ണുമായ ചേച്ചി,ഫീസ് വാങ്ങുന്ന കലചേച്ചി, ഉടക്കും ഉപദേശവും പറയുന്ന മധുച്ചേട്ടൻ, ഈയിടെ അച്ഛനായ പത്രോസ് ചേട്ടൻ, ബാച്ച് തോറും മാറിമാറി വരുന്ന എന്റെ സ്വീപ്പേഴ്‌സ് ചേച്ചിമാർ...

ഓർമകളുടെ നിലയ്ക്കാത്ത തിരമാലകളിൽ പതഞ്ഞുയരുന്ന മുഖങ്ങൾ പലതാണ്..

ഈ മാസം പത്താം തീയതിയിലെ മാർക്കറ്റിങ് പേപ്പർ,ഓപ്പറേഷൻസ് സ്പെഷ്യലൈസേഷൻകാരുടെ അവസാന പരീക്ഷയായിരുന്നു.
എച്ച് ആർ കാരുടെയും.

രണ്ടുവർഷത്തെ മാമാങ്കം കുറേശ്ശെ കുറേശ്ശെയായി തീർന്നുതുടങ്ങുന്നു. അവസാനിക്കപ്പെടുന്നത് സ്റ്റുഡന്റ് ലൈഫ് കൂടിയാണെന്ന വസ്തുത പണ്ടൊടുങ്ങിക്കിട്ടാൻ കാത്തിരുന്നതാണെങ്കിലും, ഇന്നൊരുപാട് വിഷമിപ്പിക്കുന്നുണ്ട്.

ഫിനാൻസുകാരുടെ പതിനേഴിലെ പേപ്പറും കൂടി കൂട്ടിക്കെട്ടിയാൽ ഞങ്ങളുടെ ബാച്ചിലെ ഒഫിഷ്യൽ കലാപരിപാടികളൊക്കെ അരങ്ങു വിടും.

പിന്നെ ഓരോരുത്തരും ഓരോരോയിടങ്ങളിലായിച്ചുരുങ്ങും.

ഒന്നുരണ്ടുപേരായി കല്യാണത്തിന് തുടക്കമിട്ടു.ചിലരാകട്ടെ കുഞ്ഞുവാവകൾക്കായുള്ള കാത്തിരിപ്പായി.

ഇത്ര നാളുമുള്ള പതിവുകളെല്ലാം പതുക്കെപ്പതുക്കെ മൗനികളായിത്തുടങ്ങി.

ആറേമുക്കാലിന്റെ ബസ് പിടിക്കാനുള്ള എന്റെ ഓട്ടമാണ് അതിൽ പ്രധാനി.
ഞാൻ ഓടണമെങ്കിൽ അഞ്ചുമണിക്കേയോടിത്തുടങ്ങുന്ന അച്ഛനുമമ്മയും.
കൊച്ചുവെളുപ്പിനെയുള്ള ആലപ്പുഴ യാത്രകളിലെ പതിവുയാത്രക്കാരും വഴിയോരക്കാഴ്ചകളും.

അമ്പലത്തിലെ പാട്ടകന്ന്, ചിലപ്പോൾ ട്രെയിനട കിട്ടി,ചോന്ന് വീർത്ത വലിയ സൂര്യൻ മുമ്പിൽ തെളിയുമ്പോൾ കണിച്ചുകുളങ്ങരക്കവലയെത്തിയിരിക്കും.
എസ് എൻ കോളേജിന്റെ മുമ്പിലെ കറണ്ടുകമ്പിയിൽ നിരന്നിരിക്കുന്ന തത്തക്കൂട്ടം.

പ്രസാദ് ഭാരതി വൈദ്യുത നിലയത്തിൽ കാണുന്ന വലിയ മഴവില്ലും ഉണങ്ങിയ മരങ്ങളും കുരുവികളും. അതിനുതൊട്ടുമുമ്പത്തെ സ്റ്റോപ്പിൽ നിന്ന് കയറുന്ന വർത്തമാനക്കാരി ചേച്ചി.

പതിയെ കനക്കുന്ന വെയിലപ്പോൾ ചുറ്റും കൂടുതലമർത്തി ചുംബിക്കുന്നുണ്ടാവും. കണ്ണടച്ചിരുന്നാലും പാട്ടുകേട്ടു സ്‌ഥലമറിയാവുന്ന കളപ്പുര അമ്പലം അഥവാ വേണിമുക്ക്.
കടകളൊക്കെ തുറന്നുതുടങ്ങുമ്പോൾ ആലപ്പുഴ സ്റ്റാൻഡടുക്കും.
മഴയാണെന്നുണ്ടെങ്കിൽ ഷട്ടറിനുള്ളിൽ,അവിടെയിവിടെയായി ചോരുന്ന മഴത്തുള്ളികളും, നനഞ്ഞു വിറക്കുന്ന കുടകളും ചേർന്ന് വിഭിന്നമായിരിക്കും അവസ്ഥ. കോളേജ് ബസുകാരും കോട്ടയംകാരുമൊക്കെ ഈ സമയം യാത്രയിൽ തന്നെയാണ്.

കളർകോട് ഇറങ്ങാൻ ഒരുപാട് ചോയ്സുണ്ട്.
ഹരിപ്പാട്,തിരുവല്ല,ഓച്ചിറ,പടഹാരം അങ്ങനെ ഇഷ്ടംപോലെ..
കല്ലുപാലമടുക്കുമ്പോഴെല്ലാം ഒരിക്കൽ കെ എസ് ആർ ടി സി ബസ്,മെഡിക്കൽ സ്റ്റോറിലിടിച്ച് നിന്നുപോയത് ഓർമയിൽ വന്ന് പിന്നെയും ഇടിച്ചുനിൽക്കും.

പുന്നപ്ര വയലാർ സ്മാരകമന്ദിരം എന്റെ ആദ്യ അടയാളമാണ്.
പിന്നെയുള്ള വാട്ടർ അതോറിറ്റി ടാങ്കും, ചുവന്ന ചായം പൂശിയ ജയിലിനെ അനുസ്മരിപ്പിക്കുന്ന യൂണിവേഴ്‌സിറ്റി എം ബി എ കോളേജ് കാണുമ്പോൾ ഇറങ്ങാനുള്ള തത്രപ്പാടും എസ് ഡിയുടെ വാതിൽക്കൽ സ്റ്റോപ്പിൽ തീരും.
അവിടുന്ന് ഒന്നെങ്കിൽ മുപ്പതിന് ഓട്ടോ പിടിക്കണം. മിക്കവാറും നടരാജൻ വണ്ടിയിലാവും.

രണ്ടുകിലോമീറ്റർ ദൂരമുണ്ട് തീർക്കാൻ.ഇനിയും പൂർത്തിയാവാത്ത റിലയൻസ് മാളിന്റെ പണിനടക്കുന്നതിനടുത്തായി ഒരു ലോട്ടറിക്കട, സദാ പാട്ടുപാടിക്കൊണ്ടേയിരിക്കും. വഴിനീളെ സ്കൂൾ യൂണിഫോമിട്ട കുരുന്നുകൾ അവരുടെ അമ്മമാരോടൊത്ത് സ്കൂൾ ബസും നോക്കിനിൽക്കുന്നുണ്ടാവും. റോഡിലും കടത്തിണ്ണയിലും കിടന്നുറങ്ങുന്ന പട്ടികളെ കോളേജ് അടുക്കുന്ന വരെയും കാണാനുണ്ടാകും. മുമ്പോട്ടുള്ള കള്ളുഷാപ്പ് വരെ മൂക്കുപൊത്തണം.. എല്ലാവർക്കും വേസ്റ്റ് കൊണ്ടിടാനായി മാത്രമുള്ള ആയൊരു ഏരിയ പട്ടികളുടെ സമ്മേളന സ്‌ഥലമാണ്.ബാർബർ ഷോപ്പിൽ നിന്നുള്ള മുടിക്കെട്ടും സുലഭം.

ഇരുവശവും വളർന്നു നിൽക്കുന്ന കാടും യൂട്രോഫിക്കേഷൻ മൂലം തിങ്ങിനിറഞ്ഞ കളയും ചേർന്ന് ആകെ അവസ്ഥ. ശ്രീനാരായണ ഗുരുവിന്റെ അമ്പലം കഴിയുന്ന വളവ് കഴിഞ്ഞാൽ അക്യഷ്യാമരങ്ങളുടെ പൂപ്പൽ മണം പേറുന്ന കാറ്റ്, ചുവന്ന ഉടുപ്പിട്ട ആദ്യത്തെ ലോഡിങ് കെട്ടിടം,വഴിയോരത്ത് സ്റ്റൂളിട്ടിരുന്ന് ലോട്ടറി വിൽക്കുന്ന അപ്പൂപ്പൻ,അംബേദ്കർ സ്കൂളിൽ നിന്നുള്ള കുഞ്ഞുങ്ങളുടെ ബഹളം...

രണ്ടാമത്തെ ലോഡിങ് ആൾക്കാരുടെ കെട്ടിടവും കഴിഞ്ഞ്
അക്ഷര നഗരിയുടെ പ്രധാനകവാടം പിന്നിട്ട് എൻജിനീയറിങ് കോളേജിനഭിമുഖമായി, സാഗര ആശുപത്രിയോട് കൈകോർത്ത് പതുക്കെ ഉണർന്നുതുടങ്ങുന്ന ക്യാംപസായി.

സെക്യൂരിറ്റിച്ചേട്ടൻ കഴിഞ്ഞാൽ  സ്വീപ്പേഴ്‌സ് ചേച്ചിമാർക്കും സ്റ്റാഫിനും മുന്നേ ഞാനാവും എത്തുക.അതുകൊണ്ടുതന്നെ,അവരുടെ ഒട്ടുമിക്ക ബാച്ചിനും ഞാൻ സുപരിചിതയാണ്.സെക്യൂരിറ്റിക്കാരിൽ ഏറെക്കൂട്ട് അലക്‌സ് അങ്കിളിനോടായിരുന്നു.
എട്ടുമണി കഴിഞ്ഞാൽ ലിബിനും അയ്യപ്പനുമൊക്കെ വരും.വന്നയുടനെ ലിബിൻ അമ്മയ്ക്ക് ഫോൺ ചെയ്ത് എത്തിയെന്ന് പറയും.
ഒമ്പതോടെ കോളേജ് ബസിൽ പട മുഴുവൻ വന്ന് കലപിലയായി ആരവമായി.

റൊട്ടേഷൻ അനുസരിച്ച് നിരയിൽ മാറ്റം കാണും.
ഏറ്റവും പിന്നിലെ നിരയിൽ എസി കുറവാണെങ്കിലും വൻ സെറ്റപ്പ് ആയിരുന്നു.
പക്ഷേ ഉറങ്ങാൻ സുന്ദരം മുൻനിര തന്നെയാണ്.

ബിബിഎയിൽ നിന്ന് ഞങ്ങൾ ആറുപേർ ഇവിടെയും ഒന്നിച്ചുണ്ടായിരുന്നു.
അഞ്ജലിയും നിമിഷയും വേണിയും അഭിരാമിയും ശരത്തും പിന്നെ ഞാനും.
ഈ മണ്ണിൽ നിന്ന് കിട്ടിയ മുത്തുകളായിരുന്നു ജോസ്മിയും ശ്രീകലയും സുനുവുമെല്ലാം.

ആദ്യകാലത്ത് കൂട്ടില്ലാതെ നിന്ന അമല, ഗ്രൂമിങ് സെക്ഷൻ തൊട്ടേ ക്ലാസ്സിൽ സംശയമുന്നയിക്കുന്ന,എന്തിനുമേതിനും ഉത്തരം പറയുന്ന ക്രിസ്റ്റഫർ,
അതേ കാലത്ത് ഗ്രൂമിങ്ങിനിടയിലിരുന്ന് ബോധം കെട്ടുവീണ ചിന്നു, പാർട്ടിയെക്കുറിച്ച് എത്ര പറഞ്ഞാലും മതിവരാത്ത മുബാറക്, വിദ്യാപീഠത്തിൽ നിന്ന് നല്ല മാർക്കോടെ വന്നിട്ടും ക്വാണ്ടിറ്റേറ്റിവ് ടെക്നിക്സ് കണ്ടുഭയന്ന് നിലവിളിച്ച് കോഴ്സ് നിർത്തിയ പേരിന്നോർമ്മയില്ലാത്ത ചന്ദനക്കുറി തൊട്ട വട്ടമുഖക്കാരി,

ഇംഗ്ലീഷിലെ ബുജിയും സർവ്വകലാവല്ലഭനുമായ രാഹുൽ, നിർത്തിപ്പോയവരിലെ ഒടുവിലാൻ രഞ്ജുഷ,
കൂടെയുണ്ടായിരുന്നതുവരെയും ഒടുക്കത്തെ കമ്പനിയായിരുന്ന അയ്യപ്പനെന്ന അംബാനി,
സുന്ദരക്കുട്ടപ്പൻ അജ്മൽ,
പാട്ടുകാരിലെ വാനമ്പാടി ഇന്ദുലേഖ,
കൂട്ടുകാരുമായിപ്പിണങ്ങി വന്ന അപ്പു,
പഴയ കോളേജിലെ ബി കോമിലെ സ്റ്റൈലത്തി നീതു, പാവക്കുട്ടി ബാർബി, ക്ലാസ്സിലെ ചേച്ചി റിനു, ആശാൻ സേതു,
ഏറ്റവും പാവമായ രേഷ്മ, സ്ട്രൈറ്റി ഗേൾ പ്രിയങ്ക ചോപ്ര,വല്ലപ്പോഴും വന്നുപോകുന്ന നന്ദു,എന്റെ ബെസ്റ്റ് ഫ്രണ്ട് ഷാ, ക്ലാസ് ലീഡർ ആദർശ്, ആറ്റിങ്ങലെ മുത്തൊരുത്തൻ റസീൻ, സ്കെയിൽ മന്നൻ സച്ചിൻ,
കുറേക്കാലം അടുപ്പമില്ലാതിരുന്ന പാർവ്വതി, എല്ലാവരും ജാഡയെന്ന് പറയുന്ന ശ്രുതി,കുഞ്ഞൻ ശബ്ദക്കാരൻ ജീവൻ,പോകുന്നത് തിരുപ്പൂർക്കാണെന്ന് പറഞ്ഞപ്പോൾ കൂടുതൽ കളിയാക്കിയ കിരൺ,ഇരട്ടക്കുട്ടികൾ ഇർഫാൻ-ഇഖ്ലാസുമാർ, ക്യു റ്റി പീരിയഡിലെ സഹായി ആര്യ,ഓപ്പറേഷൻസ് ടീമിലെ കോലൻ ശ്യാം, ന്യൂഡിൽസ് തലയൻ ഗോകുൽ, നന്നായി പാടുമെങ്കിലും ക്ലാസ്സിൽ പാടാൻ വിസമ്മതിക്കുന്ന പേരിൽ സീലുള്ള സീലു, ഗിരിരാജൻ ഗിരി, എന്റെ മകൾ രോഹിണിയുടെ അച്ഛൻ രഞ്ജു, അണ്ണാൻകുഞ്ഞ് സൂര്യ,എനിക്ക് പിറകേ മുടികൊടുത്ത അനൂജ,

പരീക്ഷകളുടെ രജിസ്ട്രേഷന്റെ ചുമതലക്കാരൻ കണ്ണൻ, നെഞ്ചിൽ കൈവച്ച് പ്രസന്റേഷനെടുക്കുന്ന അരുൺ അയ്യപ്പൻ,കൂട്ടൂസന്റെ ഡാകിനി ബിബിൻ പീറ്റർ,ഏതുനേരവും ഉറക്കം തൂങ്ങുന്ന പത്രോസ്, ഇന്ദുലേഖ മിസ്സിന്റെ അസൈൻമെന്റ് പരസ്യാഭിനയത്തിൽ അഞ്ജലിയുടെ മുടിയെ സ്‌നേഹിച്ച മാത്തൻ, ക്ലാസ്സിലെ മൂവർത്തട്ടക്കാർ ആയിഷ-മുഹ്‌സി-അമാറ,
മറ്റൊരു തട്ടത്തിൻ മറയത്തെ ഷാഹിന, മുഖത്തെ പാടോർത്ത് കരഞ്ഞ സരിഗ,കണ്ണെഴുത്തിലെ മാജിക്‌ അറിയുന്ന ആതിര, പിൻ നിരയിലെ രശ്മി, അവരുടെ ഗ്യാങ്ങിലെ കുതിരയെന്ന വിളിപ്പേരുള്ള സുബിത.ക്ലാഷ് ഓഫ് ക്ലാൻസിലെ വിസാർഡ് ഷമീർ,ഗോബ്ലിൻ ശ്രീക്കുട്ടൻ...

ആറുമാസമൊന്നും ഒരു സെമസ്റ്ററെന്ന കണക്കിൽ തികച്ചുകിട്ടില്ല. പടെപടേന്നുള്ള ഇന്റേർണൽസും അതിനുപുറകെയുള്ള മോഡലും നീണ്ടുനീണ്ട് പോകുന്ന യൂണിവേഴ്‌സിറ്റി എക്സാമും അവധികളുമെല്ലാം ചേർന്ന് വളരെ പെട്ടെന്നാണ് ഞങ്ങൾ അവസാന വർഷക്കാരായത്. നല്ലൊരുകൂട്ടം സീനിയേഴ്സുണ്ടായിരുന്നത് എടുത്തുപറയാതെ വയ്യ.ആദ്യമൊന്ന് കോർത്തും പിന്നെ കൂടിയും ജൂനിയേഴ്സും അധ്യയനവർഷങ്ങളിലെ പ്രധാന ഏടുകളായിരുന്നു.

രണ്ടാം വർഷത്തിന്റെ തുടക്കം മുതൽ സ്പെഷ്യലൈസേഷൻ പേപ്പറുകളിൽ നിന്ന് പല ഗ്രൂപ്പായി തിരിഞ്ഞ് പല സമയങ്ങളിൽ,ദിവസങ്ങളിലായ ക്ലാസ്സുകളിൽ തങ്ങളുടെ ഗ്രൂപ്പൊഴിച്ചുള്ളവരെ കാണാൻ കിട്ടില്ല.
പ്രൊജക്ടിന്റെ വൈവയാണ് ഇനി ശേഷിക്കുന്നത്.

വീണ്ടുമൊന്നിച്ചൊരൊത്തുകൂടലായി...

അങ്ങനെ രണ്ടുവർഷക്കാലത്തെ മധുരസ്മരണകൾ ആലിപ്പഴങ്ങളെന്നോണം പൊഴിയുമ്പോഴും ആദ്യവർഷക്കാരുടെ ആശങ്കകൾ നിറഞ്ഞ,ഒന്നാം പീരിയഡിൽ എം ബി എ പ്രോഗ്രാമിനെക്കുറിച്ച് അംബീഷ് സാർ സംസാരിച്ചുകൊണ്ടേയിരിക്കുന്നു.

"പഠിക്കണം...
കമ്മ്യൂണിക്കേഷൻ മെച്ചപ്പെടുത്തണം..പത്രവായനയുണ്ടോ? നാളെ വരുമ്പോൾ who am I എഴുതിക്കൊണ്ടുവരണം.
ഓരോരുത്തരായി പ്രെസന്റ് ചെയ്യണം.
കോപ്പിയടിക്കാൻ പറ്റില്ല കേട്ടോ.."

ഇല്ല ക്രിസ്റ്റഫറിന് സംശയമൊന്നുമില്ല..
അവൻ മിണ്ടാതെയിരിക്കുന്നുണ്ട്.."

എന്നാരോ ഇനിയും പറയുന്നുണ്ടാവണം...



Saturday, 26 August 2017

കൂരിരുളിനും കാർക്കോളിനും കരിമിഴിയ്ക്കുമെല്ലാം ഒരേ നിറമാണ്..
ഏഴഴകാൽ ചന്തം വിടർത്തിയ കറുകറുത്ത കറുപ്പ്..
ഏറ്റവും വൈശിഷ്ടമായതെന്തോ അവയെല്ലാം കറുത്തിരിക്കുന്നു..
തലമുടി ഉച്ചിച്ചെരുവിലൊതുക്കിക്കെട്ടിയ പെണ്ണിന്റെ കഴുത്തിലെ മിന്ന് കൊളുത്തിയ കറുത്ത ചരടും വീണ മീട്ടുന്ന വെള്ളവസ്ത്രധാരിണിയും..
മറ്റുവർണ്ണങ്ങളെക്കാൾ കറുപ്പിന് മാത്രം മാറ്റ് പകുത്തെടുക്കപ്പെടാതെ സമ്പൂർണ്ണമായിരിക്കുന്നു..
ഇപ്പോൾ മാത്രമാണ് രാവിന്റെ കറുപ്പിൽ മുങ്ങിത്താണ്,പണ്ട് നിലാവിൽ ഭ്രമിച്ചുപോയതുകൊണ്ടാവണം, അപ്പോൾ കാണാൻ സാധിക്കാതെപോയത്.
തൊലിപ്പുറത്തെ കറുപ്പും മിനുങ്ങുന്ന കണ്ണുകളും ആഴക്കയങ്ങളെന്ന പോലെ അവയുരുളുന്ന മുഖവും ഇന്നേറെ പരിചിതവുമായതും നഷ്ടത്തിന്റെ തീയിലേക്ക് എരിയപ്പെടാൻ വയ്യാത്തതുമായ ഈ നിറത്തെ... ഞാനെന്നിലേക്ക് ആവാഹിക്കട്ടെ...

Thursday, 3 August 2017



ഇവിടെയീ മാഞ്ഞുതുടങ്ങുന്ന സൂര്യന് കീഴെ, ചെഞ്ചായം പുരണ്ട മാനത്തേക്ക് കണ്ണുനട്ട്, എക്കാലത്തെയും പ്രിയമുള്ള പവനുരുകുന്ന നിറത്തോട്‌ തോന്നുന്ന ഭ്രാന്ത് ഏറെ ഭ്രമാത്മകമാണ്.

പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി..
അലകടൽ നടുവിൽ അവനവസാനിക്കുന്ന ദൃശ്യം..
വേർപിരിയലുകളുടെ കണ്ണുനീർത്തുള്ളികളിൽ തട്ടിത്തെറിച്ച് ചിന്നിപ്പോയ മഴവില്ലൊളിയിലെ സപ്ത വർണ്ണങ്ങളിൽ ചോന്ന നിറം മാത്രം പിന്നെയുമൊലിച്ചുകൊണ്ടിരുന്നു. കടുത്ത ചുവന്ന രാശി..

പ്രണയത്തിന്റെ, കടുപ്പം മാത്രമല്ലത്. വേദനകളുടെ കൂടിയാണ്.
നീർക്കുമിളകൾ കണക്കെ പൊട്ടിപ്പോകാവുന്നത്ര ആയുസുള്ള ചിലവ, 

ആഴങ്ങളിൽ ചേർന്ന് ഹൃദയത്തോട് അടുത്ത്, ഒടുവിൽ അനിവാര്യമായ വിധിക്കരികെ ചെന്ന് ഇരുകയ്യും നീട്ടി ഹൃദയവ്യഥയോടെ മിഴികൾ നനച്ച്, ശിരസ് കുനിച്ച്, യാത്രാമൊഴി ചൊല്ലിപ്പിരിയുന്നു.

തിരിച്ചുവരുമെന്ന് പ്രത്യാശയുടെ മെഴുതിരി കൊളുത്തിവയ്ക്കുന്നുണ്ടെങ്കിലും ജീവിതമെന്ന ചങ്ങാടത്തിന്റെ വേഗവും ദിശയും കടിഞ്ഞാണും കൈകളിൽ നിന്നൂർന്ന് പോയാലോയെന്ന ഭയം ചെറുമാത്ര, എന്നിൽ നിന്ന് തുടർന്നുകൊണ്ടേയിരുന്നു.

എനിക്ക് ഈ സായന്തനങ്ങൾ കൊണ്ട് ഒരു ജന്മദൂരമോടേണ്ടതുണ്ട്.
തണുത്ത കാറ്റിൻ കരങ്ങളിൽ പിടിച്ച്,
രാവിൻ ചന്തത്തിൽ, പേരറിയാ മരങ്ങളെക്കണ്ട്, ഈ യാത്രയേറെ പോവേണ്ടതുണ്ട്...

അസ്തമിക്കപ്പെടാനിനിയും ഏതാനും നാഴികകൾ ശേഷിക്കെ, അവസാനിക്കപ്പെടുന്നത്, കണ്മുന്നിൽ നിന്ന് മായുന്നത് ഇത്രമേൽ നെഞ്ചുരുക്കുന്ന ഒന്നായിത്തീരുമെന്ന ചിന്തയിലല്ല ഈ കണ്ണാംതുമ്പി പിഞ്ചിളം ചിറകിൽ പാറിപ്പറന്നു തുടങ്ങുന്നത്.
പറന്നുതുടങ്ങുമ്പോളുള്ള അവസ്ഥ നന്നേ മാറപ്പെട്ടു..
ഇപ്പോൾ ഈ വാനമേലാപ്പ് ഉപേക്ഷിക്കാനാവാത്തവണ്ണം സ്ഥിതിഗതികൾ പരിവർത്തനം ചെയ്യപ്പെട്ടു.

ഇന്ന്, ഇവിടം വിടുന്ന അവസാനദിവസം തന്റെ ചിറകുകളറ്റ്, ഈ വായുവിൽ പാറിനടക്കാൻ മാത്രമായെങ്കിലെന്ന് അവൾ നെടുവീർപ്പിടുന്നുണ്ടാവണം.

തുമ്പിക്കണ്ണുകൾ നിറയെ നീർ നിറഞ്ഞ് വർണ്ണങ്ങളുടെ വലിയ ലോകം അവൾക്ക് മുന്നിൽ അപ്പോൾ മാഞ്ഞുതുടങ്ങുന്നുണ്ടാവും.

ആ നേരങ്ങളിൽ മാത്രമുള്ളിൽ വായിക്കുന്ന വയലിൻ വീചികളെ, ഏറ്റുപാടാൻ അവളുടെ ആത്മാവ് സ്വയം പരിശ്രമിക്കുന്നുണ്ടാവണം..



Saturday, 22 July 2017



ഭാഷയിലെ വൈരുദ്ധ്യതയേക്കൊണ്ട് വായിക്കപ്പെടാൻ പരിചിതമല്ലെങ്കിൽക്കൂടിയും നീയില്ലായ്മയിൽ നിന്നൊരു കടലാഴത്തിന്റെ കഥയിൽ ഒരലയെന്നപോലെ തീരത്തേക്കാഞ്ഞടിച്ച്, കരയെ തന്നോട് ചേർത്തുനിർത്തി,വീണ്ടും വീണ്ടും ചുംബിച്ച്, പുണർന്ന്,സ്നേഹത്തിന്റെ വരിയെ ഗർഭമേന്തിയവളെപ്പോലെ രാവ് നിശബ്ദയാവുമ്പോൾ..

നീയില്ലായ്മയെന്ന ശൂന്യതയിൽ നിന്ന്, മറു ശൂന്യതയിലേക്കുള്ള യാത്രയിൽ കേൾക്കപ്പെടാനേറെയുള്ള ഇന്നലെകളെ ചെപ്പിലടച്ചു വച്ച്, വീണ്ടും കടലാഴങ്ങൾക്കുമടിത്തട്ടിൽ നീലയിൽ പല വർണ്ണങ്ങളേന്തി,

ഇനിയും ഖനനം ചെയ്തെടുക്കാത്ത രത്നങ്ങളുണ്ടോയെന്നു നോക്കി നെടുവീർപ്പിടുന്ന ഈ ചിന്തയെ,

വ്യസനങ്ങളുടെ മരുഭൂമിയിൽ പെയ്തൊഴിയാൻ കാത്തിരുന്ന മഴയെ,
ഇല്ലാത്തൊരു പച്ചപ്പുണ്ടെന്നു കനവ് കണ്ട, ഘന ഗംഭീരമായൊരു ശബ്ദത്തെ,

ഇനിയധികമില്ലാത്ത എണ്ണിയാലൊടുങ്ങുന്ന ദിനങ്ങളെ..
നമുക്ക് വീണ്ടും കണ്ടുമുട്ടാം...

എന്റെ കണ്ണുകളിലേക്ക് നോക്കി പ്രിയമെന്ന് പറഞ്ഞവനേ...
മറ്റാരേക്കാളും സ്നേഹമെന്ന വാക്കിനെ മാറ്റുരച്ചുനോക്കി, ഒരുപക്ഷേ എന്റെ അറിവിന്നുമപ്പുറം നിങ്ങളെന്തായിരുന്നുവെന്ന ആകാംക്ഷയോടെ ആ കഥയറിവാൻ ഞാൻ നോക്കിയിരിപ്പാണ്.

നിങ്ങളെ കേൾക്കാൻ..

നിങ്ങളാരാണ്,എന്തായിരുന്നു എന്നറിയാൻ, കാതോർത്ത് നിൽപ്പാണ്...
നമുക്ക് മുന്നിൽ നീണ്ടുകിടക്കുന്ന വീഥികൾ.. പരസ്പരം പറഞ്ഞറിയാതെ

അതിദ്രുതം വീശുന്ന കാലത്തിന്റെ കടൽക്കാറ്റിൽ കൈവിട്ടകലും മുന്നേ, നിങ്ങളെന്റെ മിഴികളിൽ നിന്നും മായും മുന്നേ, സംവത്സരങ്ങളുടെ ദൂരം പറഞ്ഞുതീർക്കാനുണ്ട്..

അതിന്നുമപ്പുറം, അവളെവിടെ,അവൾക്കെന്ത് സംഭവിച്ചുവെന്ന് കേൾക്കപ്പെടുവാനാണ്..

നിങ്ങളിലിരുൾ വീഴാതെയിരുന്നാൽ മാത്രം..


Saturday, 15 July 2017


ചിലർ ജീവിതത്തിലേക്ക് വന്നുചേരുന്നതും പിന്നീടങ്ങോട്ട് ജീവിതത്തിന്റെ ഭാഗമാകുന്നതുമെല്ലാം വളരെപ്പെട്ടെന്നാണ്. വരുന്നതിലും വേഗത്തിൽ ചിലർ പോവുമ്പോഴും മറ്റുചിലർ വന്നുകൊണ്ടേയിരിക്കുന്നു..
പൊയ്പ്പോയവരെച്ചൊല്ലി തെല്ലും പരിഭവമില്ല..പകരം നിറഞ്ഞ നന്ദിയാണുള്ളത്.

കഴമ്പില്ലാത്ത കഥകളിൽ നിലനിൽക്കപ്പെടാൻ തീരെ താല്പര്യമില്ലാത്തതുകൊണ്ട് ഈ അകലത്തിന്റെ മാറ്റ് പത്തരയാണ്..

പരസ്പരപൂരിതമായൊരു പാലമാണ് സ്നേഹവും വിശ്വാസവും കൊണ്ട് ഊട്ടിയുറപ്പിച്ചു നിലനിർത്തുന്ന ബന്ധങ്ങളെന്നു പറയുന്നതെന്നാണ് എന്റെ പക്ഷം.എന്ന് ആ പാലത്തിലൊരു വിള്ളൽ വീഴുന്നുവോ, പിന്നെയതൊരു ബാദ്ധ്യത മാത്രമാണ്..

നിർവാഹമില്ലാത്തതിനാൽ ചുണ്ടുകൾ വളച്ചു വശങ്ങളിലേക്കാകുമ്പോൾ അതൊരിക്കലുമൊരു ചിരിയാവുന്നില്ലല്ലോ.
സത്യസന്ധതയിലൂന്നി, എങ്ങും കഴിയാനാവില്ലയെന്ന തിരിച്ചറിവിന്റെ നോവ് എന്നെ ഭ്രമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ഏതാണ് നുണ, ഏതാണ് വാസ്തവമെന്ന് തപ്പിതടഞ്ഞു,ഇരുട്ടിലന്ധയെന്ന പോലെ ചുവടുകളറച്ചറച്ച്, ഓരോ നിമിഷവും ഭയപ്പെട്ട് ജീവിച്ച് മടുത്തുതുടങ്ങിയിരുന്നു ഇപ്പോൾ.
സീസണിലെന്ന പോലെയുണ്ടായിരുന്നു ഇടയ്ക്ക് കേട്ടുകൊണ്ടിരുന്ന നുണക്കാലം.കേൾക്കുമ്പോഴേ സത്യമല്ലെന്ന ധാരണ എന്നെ നോക്കി കൊഞ്ഞനംകുത്തികാട്ടിയിട്ടും നിവൃത്തികേടിന്റെ ഫലമായി ഒക്കെയും കേൾക്കെ, അവയിലെ ശരികളുടെ മാലാഖമാർ ദൂരങ്ങളിലിരുന്ന് പുഞ്ചിരിച്ചു.

വിസ്മയങ്ങൾ തീർത്ത് അക്കാലം പടിയിറങ്ങി, ഓർമയിൽ അവയെ ചികഞ്ഞുനോക്കുമ്പോൾ പൊട്ടിച്ചിരിക്കാനാണ് തോന്നുക..
വളരെനാൾ പിന്നിട്ട്‌, ഇന്നിപ്പോൾ പ്രോജക്ടിന്റെ ഭാഗമായി ഇവിടെക്കഴിയുമ്പോൾ ഓർത്തുചിരിക്കാനും പങ്കുവയ്ക്കാനും വളരെയേറെ ദൈർഘ്യമുള്ള ഒരു കാലഘട്ടത്തിന്റെ യവനിക അങ്ങനെ വീണുതീരുന്നു..

Tuesday, 11 July 2017



അന്നൊരു തുണ്ടുകടലാസിൽ അഡ്രസ്സും ഫോൺ നമ്പറും ഉറുമ്പുകൾ വരിവരിയായി പോകുന്നപോലെ കുഞ്ഞക്ഷരത്തിൽ ആശ ടീച്ചർ എഴുതിത്തരുമ്പോൾ ഞങ്ങളൊന്നിച്ചുപോയ കലോത്സവദിനങ്ങളായിരുന്നു മനസിൽ. ഏറ്റവുമൊടുവിൽ ചെന്ന് മത്സരിച്ച്, ഒന്നാം സമ്മാനം വാങ്ങി മടങ്ങുമെന്ന് ടീച്ചറെ അന്നത്തെ മറ്റ് സ്കൂളുകളിലെ അദ്ധ്യാപകർ കളിയാക്കുമ്പോൾ ഞാനനുഭവിച്ച സന്തോഷം വളരെ വലുതായിരുന്നു. 
ടീച്ചർ അഭിമാനത്തോടെ എന്നെ നോക്കും.. വായിച്ചുകൊണ്ടിരുന്ന ബുക്കിലേക്ക് മിഴികൾ നടുമ്പോഴും മൈക്കിലൂടെ മുഴങ്ങിക്കേൾക്കുന്ന ശബ്ദത്തെ ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു..
ആരവങ്ങൾക്കിടയിൽ എന്റെ പേര് കേൾക്കുന്നതോടെയാണ് അന്നത്തെ കാത്തിരിപ്പുകൾ ഒടുങ്ങാറ്..
ഉച്ചമയക്കത്തിൽ നിന്നുണർന്ന മങ്ങിയൊരു ദിവസം അയൽവാസിക്കുട്ടി ഗൗരി വീട്ടിലെത്തി, കളവംകോട് സ്കൂളിൽ വച്ചുനടന്ന കഥാരചനയ്ക്ക് ഫസ്റ്റ് ഉണ്ടെന്ന് പറയുന്നതോടെയാണ് എന്റെ ജൈത്രയാത്ര പിന്നെയും സ്കൂളുകളിലേക്ക് നീളുന്നത്.
അങ്ങനെയൊരു കലോൽസവക്കാലത്ത്, ചേർത്തല ബോയ്സ് സ്കൂളിൽ റിസൾട്ട് കാത്തിരിക്കുമ്പോൾ ടീച്ചർ ടീച്ചറുടെ കഥയെന്നോട് പറഞ്ഞുതന്നു. എഴുതിക്കൊടുക്കാൻ.ഒരാഴ്ച പിറന്ന്, ലോങ് കവറിൽ ഞാനത് കൊണ്ടുചെന്നുകൊടുത്തു. കിട്ടിയ അഭിനന്ദനപ്പൂച്ചെണ്ടുകളിൽ ആശ ടീച്ചർക്കും മേലെ നിഷ ടീച്ചർ പരിമളം പരത്തുന്നു.
ആശ ടീച്ചറോടുള്ള ആത്മബന്ധം ഞാൻ കണിച്ചുകുളങ്ങരയിൽ നിന്ന് പോന്നിട്ടും തുടർന്നു.
ഒരിക്കൽ അന്ന് തന്ന പേപ്പർ നഷ്ടപ്പെട്ട്, നിഷ ടീച്ചറിൽ നിന്നും നമ്പർ വാങ്ങി വിളിക്കുമ്പോൾ എന്നെയിന്നും കുട്ടികൾക്ക് പറഞ്ഞുകൊടുക്കാറുണ്ട് എന്ന് കേട്ടപ്പോൾ വീണ്ടും സന്തോഷം. ടീച്ചർ വളരെനേരം സംസാരിച്ചു..ഈണത്തിൽ കവിത വായിക്കുന്ന ടീച്ചർ മനസിൽ പുഞ്ചിരിച്ചു.
റിട്ടയേർഡായിപ്പോയ ശാരദാമണി ടീച്ചറേയും യാത്രകളെ സ്നേഹിച്ച, വാസന മുരടിപ്പിക്കരുതെന്ന് എപ്പോഴും ഓർമിപ്പിക്കുന്ന വിനയകുമാരി ടീച്ചറേയും ഞങ്ങൾ ഓർമകളിൽ കൊരുത്തു.
പറഞ്ഞവസാനിപ്പിക്കുമ്പോൾ നാട്ടിലുള്ളപ്പോൾ ഒരു ദിനം സ്കൂളിലേക്ക് വരണമെന്ന ടീച്ചറുടെ വിളിക്ക് കാതോർത്താണ്, മണിക്കൂറുകൾ നീണ്ട ബാങ്ക് ഇടപാടുകൾക്ക് ശേഷം വീണ്ടും കൊല്ലങ്ങൾക്കിപ്പുറം ഞാൻ തണൽമരച്ചുവട്ടിൽ സൈക്കിൾ വയ്ക്കുന്നത്. ഞങ്ങളുടെ സ്കൂളിന്റെ യാതൊരു ശേഷിപ്പുമില്ലാത്ത മുൻ കെട്ടിടങ്ങൾക്ക് പകരമായി, പാതി മഞ്ഞയടിച്ച ചുമരുകൾക്ക് അഭിമുഖമായി പടവുകൾ കയറിച്ചെല്ലുമ്പോഴേ സംസാരിച്ചുകൊണ്ടിരിക്കുന്ന ബിന്ദുടീച്ചറെയാണ് ആദ്യം കാണുന്നത്. മുടിയില്ലായ്മയുടെ അങ്കലാപ്പിനവസാനം ഓർമയുടെ വിടർന്ന ചിരിയാൽ ടീച്ചർ എന്നെ സ്വാഗതം ചെയ്‌തു..കെമിസ്ട്രിയുടെ ഒരുപാട് രസകരങ്ങളായ പീരിയഡുകൾ മാത്രമായിരുന്നില്ല ബിന്ദു ടീച്ചർ എനിക്ക്. നടത്തത്തിലുള്ള,ഇതുവരെയും മാറ്റാൻ പറ്റാത്ത കുഴപ്പം ആദ്യം പരിഹരിക്കാൻ പറഞ്ഞുതന്നത് ടീച്ചറായിരുന്നു. ടീച്ചറുമായി വിശേഷങ്ങൾ പറയുന്നതിനിടെ രജനി ടീച്ചറെ കണ്ടു.. ടീച്ചറോട് വർത്തമാനം പറയുന്നതിനിടെയാണ് നീട്ടിയുള്ള വിളി കേൾക്കുന്നത്..
ആശ ടീച്ചർക്കിപ്പുറം ഏറ്റവുമധികം അടുപ്പമുള്ള,എന്നെ വായിക്കാനിഷ്ടമുള്ള സ്വന്തം നിഷ ടീച്ചർ കണ്ണുകളിൽ നിറയെ ചിരിയോടെ വിളിക്കുന്നു.
ഇരട്ടിച്ചുവന്ന ആനന്ദത്തിൽ ഉച്ചരിച്ച വാക്കുകൾക്ക് വ്യക്തത നഷ്ടപ്പെട്ട്, അവ ഞങ്ങളുടെ പൊട്ടിച്ചിരികളിൽ തട്ടിത്തങ്ങി മാറ്റൊലി കൊണ്ടു..
പഴയ സ്മരണകളുടെ പൊട്ടും പൊടിയും പരസ്പരം തട്ടിയെടുത്ത്,ഞാൻ വീണ്ടും പഴയ പത്താം ക്ലാസ്സുകാരിയിലേക്ക് ഓടിപ്പോയി.
അവൾ 9 മണിക്കുള്ള ഇംഗ്ലീഷിന്റെ സ്‌പെഷ്യൽ ക്ലാസ്സിൽ,തന്റെ ഊഴം കാത്ത് ഓരോ പാരഗ്രാഫും കൂട്ടുകാരികൾ വായിക്കുന്നത് കേട്ടുകൊണ്ടിരുന്നു. ബുധനാഴ്ചകളിൽ സ്കൂൾ അസംബ്ലിക്ക് തന്റെ വിഭാഗമായ വാർത്താ വായനയ്ക്ക് വേണ്ടിയുള്ള പ്രധാന വാർത്തകൾ അടയാളപ്പെടുത്തിക്കിട്ടാൻ ഉണ്ണികൃഷ്ണൻ സാറിനെ നോക്കി ഇളംനീല ചുമർ ചാരി നിൽപ്പുണ്ട്..പ്രയർ ടീം അടുത്തുനിന്ന് ഇന്ന് പ്രതിജ്ഞയ്ക്ക് ആരാ എന്ന് ലീഡറോട് തിരക്കുന്നു.
സജിത കയ്യിലേറെ പേപ്പറുകളുമായി തിരക്കിട്ട് കയറിവരുന്നു.
അങ്ങനെ കുറെയേറെ അസംബ്ലികൾ..
നിരനിരയായി നിന്ന ഞങ്ങളുടെ വരിയിൽ അഥീനയ്ക്ക് മുന്നിലായി നിന്ന ഞാൻ ആടുന്നുണ്ടോയെന്ന് എനിക്കും അഥീനയ്ക്കും സംശയം. ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും പറയാനുള്ള സാവകാശം കിട്ടും മുമ്പേ എന്റെ പുരികങ്ങൾ ശക്തിയിൽ പിടച്ച്,കണ്ണുകളിൽ ഇരുട്ടുകയറി,വിദ്യുത് പ്രവാഹമെന്ന പോലെ ഇരുളാകെ...
പിന്നെ ഞാൻ ടീച്ചേഴ്സാൽ വലിക്കപ്പെട്ട് നീങ്ങുകയും അഥീന തലകുത്തനെ നിൽക്കുകയും ചെയ്തു.
അങ്ങനെയാണ് തലകറങ്ങുക എന്നവസ്ഥയെന്ന് ഞാൻ ആദ്യമായി തിരിച്ചറിയുന്നു.
കലോൽസവത്തിന് അന്ന് ഞങ്ങൾ നാടൻ പാട്ടിനും ഉണ്ടായിരുന്നു. നിഷ ടീച്ചറുടെ കാറിൽ രചനാമത്സരങ്ങൾക്ക് ഞാൻ ഒരുപാട് പോയിട്ടുണ്ടെങ്കിലും മറ്റൊരു ഐറ്റത്തിന് കൂട്ടുകാരുമായിപ്പോകുന്നത് അപ്പോൾമാത്രമാണ്. പരിപാടി പൊടിപൊടിച്ചു. നാടൻപാട്ടിൽ 3rd ആയിരുന്നുവെന്ന് മങ്ങിയൊരോർമ്മ.
ഇന്നത്തെ വൈകുന്നേരം, പത്താം ക്ലാസ്സിലെ ഓർമകളുടെ പെരുമഴയിൽ ഞങ്ങൾ നന്നായി നനഞ്ഞു.
2005 ലെ കത്തുന്നൊരു പകലത്ത്,അച്ഛന്റെ വിരലിൽ തൂങ്ങി ഞാൻ ഇവിടെ വരുന്ന ചിത്രം മനസിലെ ഭിത്തിമേലിരുന്ന് പോയ കാലത്തെ നോക്കി നെടുവീർപ്പിട്ടു.
പുറത്തുനിന്ന് വന്ന പത്മശ്രീ ടീച്ചറെക്കണ്ട് ഭൂതകാലം ധൃതിപ്പെട്ട്, വർത്തമാനകാലത്തിലേക്ക് നടന്നുകയറി.
ഹിന്ദി പരിചയപ്പെടുത്തിയത് രമ്യ ടീച്ചർ ആയിരുന്നുവെങ്കിലും പത്തിൽ ഹിന്ദി കൈകാര്യം ചെയ്തത് പത്മശ്രീ ടീച്ചറായിരുന്നു. വിറകുവെട്ടുകാരന്റെ ഒരു കഥ ഞാനിന്നും ഓർക്കുന്നു. ആരുടെയോ ഉത്തരക്കടലാസിൽ, മലയാളം ഹിന്ദിയിലേക്ക് തർജ്ജിമ ചെയ്യുന്ന ഉത്തരം വായിച്ച് ക്ലാസ് മുഴുവൻ ചിരിക്കുന്നു.
ജങ്കൽ, ഏക് ബാർ എന്നുള്ള വാക്കുകൾ വായിച്ച്, കാട്ടിൽ ഒരു ബാറുണ്ടായിരുന്നുവെന്നുള്ള ഉത്തരം പിന്നെയും ഞങ്ങളെ ചിരിപ്പിച്ചുകൊണ്ടിരുന്നു..
പത്മശ്രീ ടീച്ചറെക്കണ്ടപ്പോൾ
ആ ദിവസങ്ങളെല്ലാം വീണ്ടും സ്‌മൃതിയുടെ പൊന്നിഴകളിൽ തത്തിക്കളിച്ചു.
രമ്യ ടീച്ചറെ നോക്കിയേറെനേരം നിന്നുവെങ്കിലും സമയമതിവേഗം അതിക്രമിച്ചോടുന്നതിനാൽ അവരോട് യാത്ര പറഞ്ഞ്, തിരിച്ചു വാതിൽക്കലേക്ക് നടക്കുമ്പോൾ PT പഠിപ്പിച്ചിരുന്ന കുമാരി ടീച്ചർ അകത്തേക്ക് വന്നു. അറിയാതെ ഞാനെന്റെ കൈവിരൽനഖങ്ങളിലേക്ക് നോക്കിപ്പോയി. വെട്ടാൻ മറന്ന PT പീരിയഡുകളിൽ വിരലിൽ കിട്ടിയ അടിയുടെ നോവിന്നും പുളയുന്നു. അതും പറഞ്ഞു രജനി ടീച്ചറോടൊത്ത് ചിരിച്ചപ്പോൾ സോഷ്യൽ സ്റ്റഡീസിലെ വിനയ ടീച്ചറുടെ പിൻഗാമി, ദീപ്തി ടീച്ചർ വന്നു. ദീപ്തി ടീച്ചർ പഠിപ്പിച്ചിരുന്ന കാലത്ത് അന്നത്തെ മിക്ക TP യ്ക്കും ഞാൻ മുഴുവൻ മാർക്കും വാങ്ങിക്കുന്ന കുട്ടിയായിരുന്നു. അന്ന് പഠിച്ച ഗിൽഡുകൾ ഞാനിന്നും ഓർക്കുന്നു.

എന്നിൽ നിന്നടർന്നുപോയ ആറുവർഷക്കാലത്തെ സജീവസ്മരണകളുടെ തൊങ്ങലുകളോടെ ഏവരോടും വിടചൊല്ലിപ്പിരിയുമ്പോൾ രണ്ടാം നിലയിൽ ശാലിനി ടീച്ചർ നിൽക്കുന്നത് കണ്ടു. സൈക്കിൾ എടുത്ത് വളച്ച് ചവിട്ടാനായി ആഞ്ഞതും അന്നത്തെ പ്യൂൺ,ബിന്ദു ചേച്ചി എന്നെക്കണ്ട് പുറത്തേക്ക് വന്നപ്പോൾ സൈക്കിളിൽ നിന്നിറങ്ങിച്ചെന്ന് സംസാരിച്ചിട്ടാണ് ഞാൻ മടങ്ങിയത്..

ഈ ദിനം ആശ ടീച്ചറെ കാണാനായില്ല എന്നാലും, ഇനിയൊരിക്കൽ ഇന്ന് കാണാനാവാതെ പോയവരെയെല്ലാം ചേർത്തുകാണാൻ ഞാൻ വീണ്ടും വന്നെത്തുമെന്ന ചിന്തയോടെ....

Wednesday, 28 June 2017

വിശുദ്ധ വസ്ത്രങ്ങളണിഞ്ഞവർ അതിലും വിശുദ്ധമായ മനസോടെയെന്ന് നടിച്ച് ആട്ടവിളക്കിലേക്ക് അതിദ്രുതം എണ്ണ കോരിയൊഴിച്ചു. അനന്തരം ദീപം പ്രകാശിക്കാൻ തുടങ്ങി. പിഞ്ചിളം കുരുന്നിന്റെ ഓമൽ ചിരിയെന്ന പോലെ പ്രഭയെമ്പാടും പരന്നൊഴുകി.

തിരശ്ശീലയ്ക്കപ്പുറം പദങ്ങൾ ഈണത്തിൽ കൊട്ടിപ്പാടപ്പെട്ടു.

വേഷങ്ങൾ തുരുതുരാ അണിയറയിൽ നിന്നുമരങ്ങത്തേക്ക്.

അവരുടെ കരങ്ങൾ അതീവ ജാഗ്രതയിലും അതിനേക്കാളൊത്ത പാടവത്തോടെ മുദ്രകൾ അഭിനയചാതുര്യത്തോടെ കാണികളെ അവരിൽ തന്നെ കണ്ണുനട്ടിരിക്കാൻ പ്രേരിപ്പിച്ചു.
ചോന്ന കണ്ണുകൾ അങ്ങനെയാക്കാൻ ഏതോ പൂവരച്ചിട്ടാണെന്ന് പണ്ട് പഠിച്ചതോർത്തു.
നാല്പത്തൊന്നിന് വർഷാവർഷം രാത്രിക്ക് കഥകളിക്ക് അമ്പലപ്പറമ്പിൽ അച്ഛനോടൊത്ത് ചക്കരയിട്ട കാപ്പിയും കുടിച്ചിരിക്കുമ്പോഴും കനപ്പെട്ട് തൂങ്ങുന്ന കൺപോളകളും കോട്ടുവായിട്ട് മടുത്ത വായും ഒടുവിൽ അച്ഛനും നമുക്ക് പോകാമെന്ന് പറഞ്ഞാലും ആട്ട വിളക്ക് അണയാതെ അവിടെനിന്ന് പോന്നിരുന്നില്ല.

ഒടുവിൽ വർഷങ്ങൾക്കിപ്പുറം ഈ കഥയിലെ കളി കാണാൻ തുടങ്ങുമ്പോൾ ഇതിലെ അനിവാര്യത എത്രത്തോളമെന്ന് മനസിലായിരുന്നില്ല.
കളിയും മറുകളിയും അരങ്ങിൽ നിന്നൊഴിയുമ്പോഴാണ് ഇങ്ങനെയും കഥാപാത്രങ്ങൾ ഇവിടെയുണ്ടെന്നും ഇങ്ങനെയൊക്കെയാണ് ഇനി ചിലപ്പോൾ അങ്ങോട്ടേക്ക് കഥാവശേഷമെന്നും കണ്ടുമുട്ടിയ വാക്കുകൾ എന്നോട് വിസ്തരിച്ചു പറഞ്ഞു തന്നു.
ഒടുവിലൊരു ശൂന്യതയിൽ അവർ വീണ്ടും വീണ്ടും മാല്യങ്ങൾ കോർത്തുതൂക്കി വ്യഥാ പുനരധിവാസത്തിന് കളം തേടുമ്പോൾ ഈ ലോകമങ്ങനെയാണത്രേയെന്ന് പ്രായമെത്തി,നര ബാധിച്ച മുഖം ചുളുങ്ങി അവശയായ ഒരു അപ്പൂപ്പൻവാക്ക് എഴുതിവന്നെന്നോട് ഓർമിപ്പിച്ചു.
ജരാ നരകളേന്തി, കൈയ്യിലുള്ള ഊന്നുവടിയിന്മേൽ ഞാന്ന് അപ്പൂപ്പൻവാക്ക്‌ പിറകെ നടക്കാൻ പറഞ്ഞു പതുക്കെപ്പതുക്കെ ചുവടുകൾ വച്ചു നീങ്ങുന്നു..
ഈ നിളയുടെ തീരത്ത് നിന്ന് ഞാനും അനുഗമിക്കട്ടെ..

Monday, 27 March 2017

അവിടെ ഒരു ആകാശമുണ്ടായിരുന്നു..
പറവകൾ പറക്കുന്ന കുന്നിൻചെരുവിലന്ന്  അമ്പിളി ചന്ദനപ്പുടവ ഞൊറിയുടുത്തൊരുങ്ങി നിന്നു.
ഈ ആകാശത്തിന് കീഴെയാണ് ഞാൻ ദൂരങ്ങളിലേക്ക് സ്വയം മറന്ന് നോക്കിയിരിക്കാറ്. ചിമ്മിച്ചിമ്മി, ഇടയ്ക്ക് ചുവന്ന് നീലിച്ച്  നക്ഷത്രളങ്ങനെ എന്നെ മാടിവിളിച്ചു..
പരന്ന്  കിടക്കുന്ന ജ്യോതിര്ഗോളങ്ങളിൽ മനസ് നട്ട് ഇരുന്ന കുട്ടിക്കാലത്ത്, പോയവരെല്ലാം നക്ഷത്രങ്ങളായ് പുനർജനിക്കപ്പെടുമെന്ന കഥ എന്നെ നെടുതൊന്നുമല്ല സന്തോഷിപ്പിച്ചത്..
മുകളിലേക്ക് നോക്കിയാൽ എനിക്കും എനിക്കറിയാത്ത ഏതോ താരകങ്ങളായ് അവരും..

ഓർമയുടെ കണ്ണ് നനയിച്ച് മനോരഥങ്ങളിൽ അവർ ജീവിച്ചിരിക്കുന്നു എങ്കിലും പരസ്പരം ഇനിയൊരിക്കൽ കൂടി കാണാനോ ഒരു വാക്ക് പോലും പറയാനോ കഴിയില്ല എന്ന അറിവിൽ തേര് അവസാനിക്കുമ്പോഴും...
അകലങ്ങളിൽ ഇരുന്നവരെന്നെ കാണുന്നുവെന്ന ചിന്ത മിഥ്യയെന്ന് അറിയുമ്പോഴും അതൊരു സുഖമുള്ള കഥയായിരുന്നു.
അങ്ങനെയെങ്കിലും ഒരു ചരട് തമ്മിൽ നീളുന്നുവെന്ന് വിചാരിക്കാമല്ലോ..
അമ്മൂമ്മ ജീവിച്ചിരുന്ന കാലത്ത്, എനിക്ക് ഒരുപാടൊന്നും സ്നേഹിക്കാൻ തോന്നിയിട്ടില്ല. കാണുമ്പോഴെല്ലാം തങ്കമ്മ എനിക്ക് വഴക്കിന്റെ കരിങ്കല്ലുകൾ തന്ന്, അകലങ്ങളിൽ അത് വിതറുവാൻ പ്രേരിപ്പിച്ചു.
അടുപ്പത്തിന്റെ പൂവിതളുകൾ വിടർന്ന് പരിമളം പരത്തി വരുമ്പോഴേക്കും നാലുപേരിലെ അവസാനത്തെയാളായി അമ്മൂമ്മ പോയ്മറഞ്ഞു.
കുറ്റബോധം മനസിലിരുന്നെന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്.
കുറച്ചുകൂടി നന്നായി സ്‌നേഹിച്ച് കഴിയാമായിരുന്നു..
കഴിഞ്ഞില്ല ! 
അപ്പൂപ്പനാണെങ്കിൽ അമ്മയുടെ കല്യാണപ്പിറ്റേന്ന് മരിച്ചു. 

അയോഡെക്സിന്റെ ഗന്ധമാണ് അച്ചാമ്മയ്ക്ക് !
എല്ലായ്പ്പോഴും ആ സുഗന്ധമെന്നെ പഴയ അഞ്ചാം ക്ലാസ്സുകാരിയിലേക്ക് കൊണ്ടുപോവുന്നു.
ഓർമ്മകളിലൊളി വിതറി, ഇന്നും പൊടിപ്പെണ്ണിന്റെ പേരക്കുട്ടിയെന്ന് കേൾക്കുമ്പോൾ ഉള്ളിലെവിടെയോ ഒരു വിങ്ങലുണരും..അച്ചാമ്മ ശേഷിപ്പിച്ച സ്‌മരണകളിലത്രയും കൊച്ചുരേവതി ഇപ്പോഴും ആ ആശുപത്രി മുറിയിൽ,അച്ചാമ്മയുടെ കിടക്കയ്ക്കരികിൽ കൂടെയിരിക്കയാണ്.    വണ്ടാനത്തു നിന്ന് തിരികെ എത്തുമെന്ന് കരുതി മുറി വിട്ടിറങ്ങി നടന്നകലുമ്പോഴും പാതി പിന്നിട്ട വഴിയിൽ,വീണ്ടും ഒരുനോക്കൊന്ന് കാണാൻ വാതിൽക്കൽ ചെന്ന് നിർന്നിമേഷയായ് നോക്കിനിൽക്കെ, ക്ഷീണം നിറഞ്ഞ, വാടിയ ചിരിയോടെ പൊയ്ക്കൊള്ളാൻ പറഞ്ഞു. 
അതായിരുന്നു ഒടുവിലത്തെ കാഴ്ച!!

പിറ്റേന്ന് വെളുക്കുമ്പോൾ എന്റെ ലോകം അസ്തമിച്ചിരുന്നു. 
മറവിയുടെ മിഴിയെത്താത്തവണ്ണം പ്രഭ ചൊരിഞ്ഞുകൊണ്ട് അച്ചാമ്മ എന്റെ രക്തം നിറയെ നിറഞ്ഞിരിക്കുന്നു. അഭിയേട്ടന്റെ, വേങ്ങരയിലെ മുത്തശ്ശിയെ കാണുമ്പോഴെല്ലാം അച്ചാമ്മയുടെ ഓർമ വന്ന് പുഞ്ചിരിക്കും...

                 നഷ്ടപ്പെട്ട് പോകുമ്പോഴാണ്, ഇനി അങ്ങനെയൊരു കാലമരികെ വരാനില്ലയെന്ന  അറിവ് ബാക്കിയാകുമ്പോഴാണ് എന്തുമാത്രം ആഴത്തിൽ, സ്നേഹിച്ചിരുന്നവർ എന്നിലുണ്ടായിരുന്നുവെന്ന് മനസിലാക്കുന്നത്. 
എന്റെ അച്ഛന്റെ അമ്മ മാത്രമായിരുന്നില്ല എനിക്ക് പ്രഭാവതി..
എന്റെ കൂട്ടുകാരി.
സ്കൂളിലേക്ക് പോവാൻ മുടി പിന്നിക്കെട്ടി തരുന്ന ,
രാവിലെ പരസ്പരമുള്ള വൈരത്തിനുമേൽ മത്സരിച്ചുണ്ടാക്കുന്ന പലഹാരങ്ങളിൽ നിന്ന് അമ്മയുണ്ടാക്കിയത് വായിൽ വച്ചാൽ കെറുവിക്കുന്ന കുശുമ്പിപ്പാറു. 
വൈകിട്ട് ഞാൻ വരും വരെ നോക്കിനിൽക്കുന്ന എന്റെ കാവൽമാലാഖ. 
അച്ചാമ്മയുടെ വിരലിൽ തൂങ്ങി വീടിനടുത്തുള്ള കാഞ്ചനയമ്മൂമ്മയെ കാണാൻ വൈകുന്നേരങ്ങൾ ഞങ്ങൾ കൂട്ടിവച്ചു.
അവിടെ ചെല്ലുമ്പോൾ കഴിക്കാറുള്ള കാരയ്ക്ക ഓർമയിൽ ചവർക്കുന്നു. 
അപരാഹ്നങ്ങളിൽ ഞങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിൽ "അങ്ങാടിപ്പാട്ടും അലകടലും " കണ്ടു. 
അച്ചാമ്മയ്ക്ക് ശരീരം നോവുമ്പോൾ അയോഡെക്സുമായ് ഞാൻ തിരുമ്മിക്കൊടുക്കും. 
ഇടയ്ക്ക് സന്തോഷ് വല്യച്ഛനെ കാണാൻ പാടത്തേക്ക് നടന്നുപോയി.
അണ്ണനെ കഴിഞ്ഞു ഏറെ എന്നെ സ്നേഹിച്ചിരുന്നുവെന്ന് ഇടയ്ക്കിടയ്ക്ക് രാജി ആന്റി പറയാറുണ്ട്. 
എനിക്കും അറിയാം, 
ഞങ്ങൾ പരസ്പരം അദൃശ്യമായ ഒരു നൂൽപ്പാലം എന്നും സൂക്ഷിച്ചിരുന്നു. എന്നെ നെഞ്ചോട് ചേർത്തുറക്കി, ഞാനുറങ്ങും വരെ കൂട്ടിരുന്ന്,
എന്റെ സന്തോഷങ്ങൾക്കായി ത്യാഗങ്ങൾ സഹിച്ചും,
പിരിയുന്നതിൽ വേദനിച്ചും അന്യോന്യം താങ്ങും തണലുമായി നിഴലുകളായ്.... 
മധ്യവേനലൊഴിവിന് കണ്ണങ്കരയ്ക്ക് കൊണ്ടുപോവാൻ വല്യമ്മ വരാറുണ്ട്.യാത്ര പറഞ്ഞു, വണ്ടിയിൽ കയറാൻ നേരം പിറകിലൂടെ കൈനീട്ടി അച്ചാമ്മ കനപ്പിച്ചു നോക്കി, കിഴുക്കിയാണ് വിടുക. 
വേർപിരിയുന്നതിന്റെ വൈഷമ്യത അന്നെനിക്ക് മനസിലായില്ല. !! 
 അച്ചാമ്മ ഒരുനാൾ എന്നെ വിട്ട് കാഴ്ചയ്ക്കപ്പുറത്തേക്ക് മറയുമെന്ന് അന്നൊന്നും ചിന്തകളിൽ പോലുമുണ്ടായിരുന്നില്ല. ഇനിയുമേറെ സ്നേഹിച്ചും കലഹിച്ചും "ബോബനും മോളിയും " പോലെ ദീർഘദൂര ഒറ്റയടിപ്പാതകൾ ഞങ്ങൾക്ക് മുന്നിലെന്ന് കരുതി  കൈകോർത്തു നടന്നു. 
ഒടുവിൽ പാതയിൽ ഞാൻ മാത്രം ബാക്കിയായി....

കണ്ണുനീരുപ്പ് അലിഞ്ഞിറങ്ങിയ എന്റെ കവിളിലെ ചാലുകൾ തുടച്ചുനീക്കി, ഗ്യാസ്സ്ററൗവ് കത്തിക്കുന്ന മുറിയിലെ കയർ ഇഴ പാകിയ കട്ടിലിൽ, പ്രമേഹം വന്ന് പൊട്ടിയ വ്രണപ്പാടുകൾ പിങ്ക് നിറം വരുത്തിയ കാലുകൾ നീട്ടിയിരുന്ന്, കട്ടിക്കണ്ണടയുമായി വാത്സല്യത്തോടെ ഒരാൾ എന്റെ പേര് ഉറക്കെ വിളിക്കും. 
അടുത്ത് പിടിച്ചിരുത്തി ചില്ലറത്തുട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തി "നീ വച്ചോ"എന്ന് പറയും. 
മെലിഞ്ഞ ശരീരം പതുക്കെ നിവർത്തി എണീട്ടിരുന്ന് അച്ചിച്ചൻ ചിരിക്കുന്ന ചിരിയ്ക്ക് തന്നെ എന്തൊരു ഭംഗിയായിരുന്നു. 
കുരുത്തക്കേടിന് അമ്മയും അച്ചാമ്മയും ഒരുമിച്ച് തല്ലാനോടിക്കുമ്പോൾ അച്ചിച്ചൻ വന്ന് തടസം പിടിച്ചു രക്ഷിക്കും. 
കാലിനു സുഖമുണ്ടായിരുന്ന കാലത്തു പുറത്തുപോയി വരുമ്പോൾ കൈയിലൊരു പൊതി എന്നെ നോക്കി കണ്ണിറുക്കും. 
അതുകൊണ്ടൊക്കെത്തന്നെ അച്ചിച്ചനും അച്ചാമ്മയും തമ്മിലുള്ള വഴക്കുകളിൽ അച്ചിച്ചന്റെ സൈഡും വക്കീലും ജഡ്ജിയും എല്ലാം ഞാൻ തന്നെയായിരുന്നു. 
എന്നും ഇവരുടെ പേരക്കുട്ടിയായ് ഈ സ്നേഹസമുദ്രങ്ങളിൽ നീരാടി,ദിവസങ്ങളെല്ലാം കഴിഞ്ഞുപോകുമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. 

അച്ചിച്ചൻ ഉറങ്ങിയെണീറ്റ് കാപ്പി ചോദിച്ചിട്ട്  കിടന്ന വൈകുന്നേരം വരെയും അത് പാളിയില്ല. 
ആ ഉറക്കം അച്ചിച്ചൻ പിന്നെ ഉണർന്നില്ല. 
അതുവരെയും എനിക്ക് പരിചിതമല്ലാതിരുന്നതും എന്റെ വീട്ടിലേക്ക് അനുമതിയില്ലാതെ ആദ്യമായ് കടന്ന് വന്നതുമായ മരണത്തിന്റെ മരവിപ്പിക്കുന്ന മൂകതയിൽ വളപ്പിലെ മാവിൽ ആദ്യത്തെ കോടാലി കരഞ്ഞു. ഉമ്മറത്തു തലയ്ക്കലെരിയുന്ന വിളക്കിനരികെ അച്ചിച്ചൻ അതേ നിദ്രയിലാണ്ട് അങ്ങനെ.. 
വാതിൽക്കലെ മുറിയിൽ, ജനൽപ്പടിയിൽ മുഖം ചേർത്ത് വ്യസനിച്ചു നിൽക്കുന്ന പടിഞ്ഞാറ്റയിലെ ജാനകി അച്ചാമ്മയെ ഓർമ, ഇന്നലെകളുടെ കൂമ്പാരത്തിൽ നിന്ന് പുറത്തേക്കെടുത്തു. 
അച്ചിച്ചനരികെ, കുറച്ചുമാറി മുട്ടുകളിൽ മുഖം താഴ്ത്തി നിശബ്ദയായി അച്ചാമ്മ ഇരിന്നിരുന്നു..

ചുറ്റും എന്താണ് നടക്കുന്നതെന്ന്, എന്തുകൊണ്ടാണ് അച്ചിച്ചനെ ഇവ്വിധം കിടത്തിയിരിക്കുന്നതെന്ന്, അമ്മയടക്കം മറ്റ്  ബന്ധുജനങ്ങൾ കരഞ്ഞിട്ടും അച്ചിച്ചൻ ഉണരാത്തതെന്തെന്ന് മനസിലാവാതെ ഞാനും അന്ന് വിഷാദത്തോടെ ഇരുന്നു. 
അച്ചിച്ചനോടൊത്തുള്ള ഓർമകൾ ബാക്കിവച്ചു ആളകന്ന് പോയി എന്ന തിരിച്ചറിവ് പതുക്കെയാണ് ഉണ്ടായിവന്നത് .

ഉത്സവരാവുകൾക്കായി ഞാൻ കാത്തിരുന്നത് മുഹമ്മയിലെ ഭവാനി  വല്യപ്പച്ചി വന്നുചേരാൻ വേണ്ടിയായിരുന്നു. എല്ലാക്കൊല്ലവും വല്യപ്പച്ചി വരും, വരാന്തയിൽ പായ വിരിച്ചിരുന്ന് മുറ്റത്തേക്ക് നോക്കിയിരുന്നാൽ വെടിക്കെട്ട് കാണാം. 
രാത്രി അത്താഴമൊക്കെ കഴിഞ്ഞു,പാട്ട് മൂളുന്ന ഫാനിനു താഴെ  അച്ചാമ്മയും വല്യപ്പച്ചിയും വർത്തമാനം പറഞ്ഞുകിടക്കും. 
ഉത്സവബഹളങ്ങൾ അടങ്ങുമ്പോൾ അടുത്തകൊല്ലത്തേക്കുള്ള കാത്തിരിപ്പ് ബാക്കിവച്ചു, വല്യപ്പച്ചി മടങ്ങും. പിന്നീട് വരാമെന്ന് പറഞ്ഞുപോയ വല്യപ്പച്ചി അസുഖം ബാധിച്ചു കിടപ്പിലായി.അത് പിന്നെ മരണം വരെയും നീണ്ടുപോയി.കുട്ടിക്കാലത്തെ ആണ്ട് തോറുമുള്ള ഇരുപത്തിയൊന്ന് ദിവസങ്ങളുടെ മാറ്റൊന്നും ഇപ്പോഴില്ല. അന്നത്തെ രസമോ സന്തോഷമോ എന്റെ കൂട്ടരോ ഇന്നില്ല. 
എല്ലാം ഏതോ കാലത്തു നടന്നത് പോലെ. 
പെറ്റ് പെറ്റ് അകലുകയും ചത്തു ചത്തു അടുക്കുകയും ചെയ്യുമെന്ന് എവിടെയോ വായിച്ചിരുന്നു.. 
അതെത്ര വാസ്തവമാണ്. 


Friday, 24 March 2017



കണ്ണന് യശോദയെന്ന പോലെയാണ് എനിക്ക് വല്യമ്മ.
വാത്സല്യപ്പെരുമഴ തൂവുന്ന കൂറൂരമ്മ.

മാമൻ സ്നേഹത്തോടെ വല്ലി എന്ന് ചുരുക്കി വിളിക്കുന്ന രേവമ്മയെന്ന രാധ...

അമ്മയേക്കാൾ അടുപ്പമുണ്ടായിരുന്നു എനിക്ക് വല്യമ്മയോട്.

മനസുറച്ച് തുടങ്ങുന്ന നാൾ തുടങ്ങി, സ്‌ഥായിയായിട്ടുള്ള ഒരു സ്നേഹത്തിന്റെ പൊന്നൂലിൽ ഞങ്ങൾ തുന്നപ്പെട്ടിരുന്നു. 
കണ്ണങ്കരയിലെ കായലരികത്തെ വീട്ടിലെ ഗ്രീഷ്മവിരാമങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു ഋതു വരേയ്ക്കുമുള്ള എന്റെ സ്കൂൾജീവിതം. 
ഇവിടെ ഈ ഒറ്റക്കുട്ടി വാസത്തിൽ നിന്ന്  സമപ്രായക്കാരോടൊത്ത് കളിച്ചുനടക്കാൻ വെമ്പുന്ന മനസ്, ഏകാന്തതയുടെ കാർക്കോളിൽ നിന്നുമൊളിച്ച്, രേഷ്മാക്കയും ചിപ്പിയും ഗോപുവും ചേർന്ന് മഴവില്ല് വരയുന്നിടത്തേക്ക് ഓടിപ്പോകാൻ കൊതിക്കും. 

അച്ചാമ്മയുടെ സ്‌നേഹത്താൽ പൊതിഞ്ഞ കിഴുക്കിന്റെ വേദനയിൽ തോൾ ചുവന്ന് തുടുത്താലും, കണ്ണുകൾ കലങ്ങിയാലും കൈയൊന്ന് അമർത്തിതിരുമ്മി, വല്യമ്മ വരുന്നതും നോക്കി അക്ഷമയോടെ ഞാനിരിക്കാറുണ്ടായിരുന്നു. 
അച്ചാമ്മയുടെ കൂട്ട് വലുതായിരുന്നെങ്കിലും, വല്യമ്മയുടെ വീട്ടിലെ"അച്ചൂ അച്ചൂ " വിളികളിൽ തങ്ങി ഞാൻ വല്യമ്മയോടൊപ്പം ആഹ്ലാദിച്ച് ഇറങ്ങിപ്പോയി. 

എന്റെ ഓരോ വെക്കേഷൻ നിൽപ്പിനുപിറകിലും നോവുന്നൊരു മനസുണ്ടായിരുന്നുവെന്ന് മനസ്സിലാവാൻ എന്നിലെ "കുട്ടിക്ക് ഒരുപാട് സമയം വേണ്ടി വന്നു. 

കണിച്ചുകുളങ്ങര അമ്പലം കണ്ണിൽ നിന്ന് മറയുന്നത് വരെ എന്തൊക്കെയോ വിഷമതകളിൽ മനസുഴറി നിൽക്കും. 
പിന്നെ യാത്രയുടെ രസം പിടിക്കും. 
ഉടുപ്പുകൾ നിറച്ച ബാഗും പിടിച്ച് വല്യമ്മയോട് ചേർന്നിരുന്ന് പുറം കാഴ്ചകൾ കണ്ട്, കണ്ണങ്കര ചെന്ന് ചേരുന്ന മനക്കോട്ടകൾ പണിത് യാത്ര തുടരും.  
എനിക്ക് പിറകിൽ കണിച്ചുകുളങ്ങര,അപ്പോഴെക്കുമൊരു മങ്ങിയ പൊട്ട് മാതിരിയായിട്ടുണ്ടാവും.
മുട്ടത്തിപ്പറമ്പ് സ്റ്റോപ്പിൽ ബസിറങ്ങി ഒന്നെങ്കിൽ നടക്കും.
അല്ലെങ്കിൽ ഓട്ടോ പിടിക്കും. 
മിക്കവാറും എന്റെ തത്രപ്പാടിൽ നടത്തമൊക്കെ മരണപ്പാച്ചിൽ പോലുള്ള ഓട്ടമായിരിക്കും. അതൊഴിവാക്കാൻ എന്റെ പരവേശമറിയാവുന്ന വല്യമ്മ ഓട്ടോ വിളിക്കും. 

കണ്ണങ്കരയിലെ വീട്ടിലേക്കുള്ള ഇരുവശവും പുല്ല് നിറഞ്ഞ ഇടവഴിയിലൂടെ നടന്ന് കുറച്ച് മാറിയാൽ തേച്ചിട്ടില്ലാതിനാൽ ദൂരെനിന്നേ ഇഷ്ടികക്കെട്ടിടത്തിന്റെ ഓറഞ്ചുനിറം കാണാം.
വല്യച്ഛന്റെ കടയാണത്. 

ചുവന്ന നിറത്തിൽ കുഞ്ഞുപൂക്കളുള്ള,പൊട്ടിച്ചാൽ വെള്ളക്കറ കിനിയുന്ന വേലിച്ചെടിയും കടന്ന്, പിന്നിറയത്തേക്ക് കയറിയാൽ വൻ വരവേൽപ്പുമായി എന്റെ മൂന്നാൾപ്പട്ടാളം ഹാജരാകും.
കൂട നിറയെ പഴം മാങ്ങകളുമായി വല്യച്ഛൻ വരുന്നതോടെ ഞാൻ മാങ്ങകളുമായി മൽപ്പിടുത്തം തുടങ്ങും. 

കായൽത്തീരത്തായിരുന്നു വല്യമ്മയുടെ വീട്. 
അതുകൊണ്ട് തന്നെ കായലായിരുന്നു അന്നത്തെ എന്റെ അത്ഭുതവും പ്രധാന ആകർഷണീയതയും. 
വീടിന്ന് പിന്നാമ്പുറത്ത് കൂടിയാണ് വീട്ടിലേക്ക് കയറാനാവുക.
കിഴക്കേ മുറ്റം കുറച്ച് മാറിയാൽ കായൽ അതിർത്തിയിടുന്ന  കൽപ്പടവിൽ ചെന്നവസാനിക്കും. മഞ്ചാടിയും മൈലാഞ്ചിയും ചെമ്പരത്തിയും നിഴൽ തീർത്ത മുറ്റത്ത് കുക്കിരിക്കട്ടയിട്ട് കളിച്ച മണ്ണിരക്കൂട്ടങ്ങൾ,
മഞ്ജു ചേച്ചിയും സതീശൻ ചേട്ടനുമടങ്ങുന്ന സ്നേഹസമ്പന്നമായ അയൽവീട്,തെക്കേ വീട്ടുകാരുമായി ഭൂമി അതിർ വച്ച ചെങ്കല്ലുകൾ,

അതേച്ചൊല്ലിയവരുണ്ടാക്കിയ വഴക്കുകൾ,
കായലിൽ നാട്ടിയ അതിരടയാളക്കുറ്റികൾ...

കണ്ണങ്കരക്കാലങ്ങളുടെ ഓർമ, കുഞ്ഞിക്കണ്ണുകൾ ചിമ്മി ചുറ്റും നോക്കുകയായി.

കുട്ടികളിൽ മൂത്തയാളായിരുന്നു രേഷ്മാക്ക. 
ഉള്ളടക്കം സിനിമയുടെ കാലത്ത് ജനിക്കയാൽ നായികയുടെ പേര് കിട്ടിയ വല്യമ്മയുടെ കടിഞ്ഞൂൽപ്പുത്രി.
ആഡംബരങ്ങളിൽ പ്രിയമില്ലാത്ത, ലാളിത്യത്തിനുടമയായിരുന്നു അക്ക. അടുക്കും ചിട്ടയും അക്കയുടെ മുഖമുദ്രയായിരുന്നു.

 ഓരോ സാധനങ്ങൾക്കും, അവ ഉപയോഗശൂന്യമാണെങ്കിലും ഒരുപാട് ഓർമകളുടെ കഥ പറയാനുണ്ടാകുമെന്ന് കരുതുന്നയാളാണ് ഞാൻ.ഒന്നും നഷ്ടപ്പെടുത്തിക്കളയാൻ അന്നും ഇന്നും മനസ്സനുവദിക്കാറില്ല..

ഒന്നാം ക്ലാസ്സിലെ ആദ്യമുപയോഗിച്ച ബാഗ്, 

ആദ്യത്തെ പെൻസിലിന്റെ കൂർപ്പിച്ച് കൂർപ്പിച്ച് തേഞ്ഞ ഒരു കൊച്ചുകഷ്ണം,

അരികുകൾ എലി കരണ്ടതുപോലെയായ തൊടുറബ്ബർ,

അച്ചൻ ആദ്യം വാങ്ങിത്തന്ന നോട്ട്ബുക്ക്,

പരീക്ഷയ്ക്ക് കൊണ്ടുപോകുന്ന കാർഡ് ബോർഡ്,

അമ്മ വാങ്ങിത്തന്ന മുത്തുമാല പൊട്ടിപ്പോയതിൽ നിന്ന് പെറുക്കിയെടുത്ത അഞ്ചാറു മുത്തുകൾ,കുപ്പിവളപ്പൊട്ടുകൾ,

മിഠായിക്കടലാസുകൾ പല വർണത്തിലുള്ളത്,
എന്നുവേണ്ട എണ്ണിയാൽ തീരാത്തത്ര സാധനങ്ങൾ വാഗൺ ട്രാജഡി പോലെ ഞാൻ അലമാരിയിൽ കുത്തിനിറച്ചു.
അവ അതിനകത്ത് നിന്ന് ശ്വാസം വിടാൻ നന്നേ ബദ്ധപ്പെട്ടിട്ടുണ്ടാകും. ഇടയ്‌ക്കെടുത്ത് നോക്കി ഓർമകളിലേക്ക് കണ്ണോട്ടയെറിയാൻ അലമാര തുറക്കുമ്പോൾ എല്ലാം കൂടി താഴെ വീഴാൻ പരുവമായ കാലത്താണ് രേഷ്മാക്കയുടെ ഇടപെടലുണ്ടാവുന്നത്. 

പ്രയോജനമില്ലാത്ത വസ്തുവകകൾ അലമാരിയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. 
ശേഷിക്കുന്ന സാമാനങ്ങൾക്ക് ആവശ്യത്തിനുള്ള സ്‍ഥലം ലഭ്യമായി. 
കുറച്ചൊന്ന് വ്യസനിച്ചിട്ടായാലും അലമാരിക്കൊരു ചന്തം വന്നുതുടങ്ങിയതിൽ ഞാൻ ആനന്ദം കണ്ടെത്തി.
അപ്പോൾ മുതൽ "കടിഞ്ഞൂൽക്കല്യാണത്തിലെ" ഉർവ്വശിയെന്ന പേരെനിക്ക് സ്വന്തമായി.

ഞങ്ങളെല്ലാം ഒത്തുചേരുന്ന വൈകുന്നേരങ്ങളിൽ പഴയ അലമാരിക്കഥയുടെ കാറ്റ് ചിരിയുടെ കുന്നിറങ്ങി വരാറുണ്ട്..

അക്ക കഴിഞ്ഞാൽ പ്രായത്തിന്നിളയത് ഞാനാണ്. 
അച്ചിച്ചൻ എനിക്ക് രേവതിയെന്നും അച്ചൻ അർച്ചനയെന്നും പേരിട്ടു. അമ്മയുടെ ദർശന ഒടുവിൽ പരിണമിച്ച് അർച്ചനയായി. 
അങ്ങനെ രേവതി ചെല്ലപ്പേരായും അർച്ചന എഴുത്തുകുത്തിലും ഇടം പിടിച്ചു. 

വല്യമ്മയുടെ രണ്ടാമത്തെ മകളായിരുന്നു എനിക്ക് ഒരു വയസിന് താഴെയുള്ള ചിപ്പി. രുഗ്മയെന്ന ചിപ്പിക്കും എനിക്കും പറയാൻ ഒരൊന്നൊന്നര യുദ്ധത്തിന്റെ ചരിത്രമുണ്ട്... 
ആ ചരിത്രത്തിന്റെ ശേഷിപ്പായി,വലത് കൈത്തണ്ടയിൽ കുപ്പിവള ഒടിഞ്ഞ് കയറിയ പാട് അക്കാലത്തിന്റെ പ്രതീകമെന്നോണം കുറച്ചുനാൾ അവളുടെ കയ്യിൽ മായാതെ കിടന്നു.

അതൊരു ഉത്സവകാലമായിരുന്നു.
സദ്യാലയത്തിലെ ഒറ്റമുറിക്കലവറയിൽ ഞങ്ങളെല്ലാം ഞങ്ങളെല്ലാം ഒന്നിച്ചാണ് ചിക്കരയിരുന്നത്. 
രേഷ്മാക്ക നേരത്തെയിരുന്നതുകൊണ്ട് അക്കയൊഴിച്ച്, ഞാനും ചിപ്പിയും ഗോപുവും വല്യമ്മയുടെ അയൽവീട്ടിലെ ബാബുച്ചേട്ടന്റെ മകൻ ഉണ്ണിയും ഞങ്ങളുടെ ബന്ധുക്കളും സാധനസാമഗ്രികളും ചേർന്നപ്പോൾ ആകെ ബഹളമയം.
കലവറ കിട്ടിയപ്പോൾ അച്ചാമ്മയടക്കം ഞങ്ങളെല്ലാം സന്തോഷിച്ചു. സദ്യാലയത്തിലെ ഹാളിൽ കുറെപ്പേരൊടൊന്നിച്ച് കഴിയേണ്ടതിന് പകരം അടച്ചുറപ്പുള്ള, നമ്മുടെ അതിരിൽ വാതിലുള്ള ഒരിടം കിട്ടിയല്ലോ. 

പക്ഷേ,ആ സന്തോഷത്തിന് മേൽ പുകയുടെ നൃത്തം ചെയ്യൽ കൂടിയപ്പോൾ ഞങ്ങളുടെ കണ്ണുകൾ കലങ്ങി. ശാസകോശങ്ങൾ ബുദ്ധിമുട്ടി.
 ഫാനിട്ടാൽ കലവറയ്ക്കപ്പുറത്ത് നിന്നുമുള്ള പാചകസ്ഥലത്തെ അടുപ്പിൽ നിന്ന് പുക ഞങ്ങളുള്ളയിടം തേടി ചുരുണ്ടും പുളഞ്ഞും വന്ന് തുടങ്ങും. കണ്ണെരിച്ചലും ചുമയും അസഹ്യമായി ഫാൻ നിർത്തിയാൽ വെന്ത് പോകുന്ന ചൂടിനാൽ അടുത്ത ദുർവിധി ചമയക്കൂട്ടിട്ട് വരികയായി.
അങ്ങനെ എല്ലാം കൊണ്ടും ചിക്കരക്കാലം ആ കലവറയ്ക്കകത്ത് സഹനങ്ങളുടെ പാഠങ്ങളുടേതായിരുന്നു.

ഉണർന്നെഴുന്നേൽക്കുമ്പോൾ മുതൽ ഉറങ്ങുന്നത് വരെ ഞാനും ചിപ്പിയും അങ്കത്തട്ടിലെന്ന പോലെയാണ് ജീവിച്ചത്. 

അവളെയെങ്ങനെ ഉരുട്ടിയിടാമെന്ന് ഞാനും എന്നെ എങ്ങനെ ഉന്തിയിടാമെന്ന് അവളും സദാ ആലോചനയിലാണ്ടു.
അവസരങ്ങൾ കിട്ടുമ്പോഴെല്ലാം പരസ്പരം തള്ളിയും അടിച്ചും ഞങ്ങൾ വഴക്കിന്റെയങ്ങേയറ്റം കണ്ടു. അമ്മമാരുടെ ശാസനകളൊന്നും ഞങ്ങൾ കേട്ടതേയില്ല. 

വല്യമ്മ എനിക്ക് അച്ചാമ്മയെപ്പോലെ പ്രാണനായിരിക്കെ,അവളുടെ അമ്മയെന്ന് കരുതി വല്യമ്മയെ എനിക്ക് സ്നേഹിക്കാൻ പാടില്ലായ്കയുണ്ടോ ?

ചിപ്പി എന്നെ ചൊടിപ്പിച്ചുകൊണ്ടേയിരുന്നു. 

"എന്റമ്മയ്ക്കത്ര പ്രായമൊന്നുമില്ല !
എന്റമ്മയെ വല്യമ്മയെന്ന് വിളിക്കരുത് "

അവൾ ആക്രോശിച്ചു. 
അവളുടെ ദേഷ്യം നിറഞ്ഞ വർത്തമാനങ്ങളിൽ നിന്ന് എന്നിലെ രൗദ്രപ്പുഴ അണവിട്ടൊഴുകി. 

ഹോ !! അന്നുണ്ടായ പോലൊരു ദേഷ്യം !!
അവളെ അരച്ചുകലക്കാനാണ് തോന്നിയത്. 
നേരെ ഓടിച്ചെന്ന് ഒരൊറ്റത്തള്ള് !

ചിപ്പി മറിഞ്ഞ് വാതിൽപ്പടിയിൽ വീണ് കൈമുട്ടിലെ തൊലിയൊരൽപ്പം ഉരഞ്ഞ് ചോര, തന്റെ പൊടിത്തല പുറത്തേക്ക് നീട്ടി. 
കയ്യിൽ വന്നതിനൊക്കെയേറു വച്ചുതന്നിട്ടും കലിയടങ്ങാത്ത ബാധ പോലെ ചിപ്പി എന്നെ കുറേ തല്ലി. അമ്മമാർ ഒരുവിധം ഞങ്ങളെ അടക്കിനിർത്തി നിൽക്കുമ്പോഴാണ് കണ്ണങ്കരയിൽ നിന്നുമൊരു സംഘം കുട്ടികളെ കാണാനെത്തുന്നത്.

അവർ ഉണ്ണിക്കും ഗോപുവിനും എന്തോ കൊടുത്തു. 
ചിപ്പിക്കുമുണ്ട് കുപ്പിവളകൾ. 
എനിക്കുമാത്രം ഒന്നുമില്ല. ഞാൻ നോക്കുമ്പോൾ അവൾ വളകളെല്ലാം കൈയിലേക്ക് ഇടുകയാണ്. കഴിഞ്ഞ വഴക്കിന്റെ അരിശം പതഞ്ഞുയർന്ന് ഒരു കൊടുങ്കാറ്റ് പോലെ ഞാനവളിലേക്ക് പാഞ്ഞടുത്തു. 
സംഹാരരുദ്രയെപ്പോലെ വളകൾ പിടിച്ചുവാങ്ങിപ്പൊട്ടിച്ച് അവളുടെ വലതുകൈയിലേക്ക് ആഞ്ഞിറക്കി !!
ചിപ്പിയുടെ കരച്ചിലും വല്യമ്മയുടെ അടിയും കൊണ്ട് അന്നത്തെ രാത്രി എനിക്ക് കെങ്കേമമായിരുന്നു. 

ഞങ്ങൾ തമ്മിൽ കണ്ടാൽത്തന്നെ പ്രശ്നമായിരുന്നു.
അതുകൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ ചില നേരങ്ങളിൽ മതിലായും,മറ്റുചിലപ്പോൾ രേഷ്മാക്ക റഫറിയായും എപ്പോഴും ജാഗരൂകയായി നിലകൊണ്ടു. 
എന്റെ അയൽവാസികളിൽ ചിലരെല്ലാം ചിപ്പിയുടെ ഹിറ്റ് ഡയലോഗ് ഇപ്പോഴും ഓർക്കുന്നുണ്ട്. അവരത് പറഞ്ഞുചിരിക്കുമ്പോൾ പഴയ രണ്ടാം ക്ലാസ്സുകാരി പട്ടുപാവാടക്കുട്ടി സ്മരണയിൽ,തന്റെ അനിയത്തിയുമായി  അടിപിടി തുടങ്ങും.

കുട്ടിക്കാലത്തിന്റെ വിവരമില്ലായ്മയും മുൻകോപവും ഞങ്ങളിൽ നിന്ന് പടിയിറങ്ങിയപ്പോൾ വഴക്കിട്ട് നടന്ന നാളുകളോർത്ത് ഞങ്ങൾ പൊട്ടിച്ചിരിച്ചു. അന്നടിപിടിച്ചത് കൊണ്ട് പിൽക്കാലത്ത് ഞങ്ങൾ പരസ്പരം സ്നേഹത്തിന്റെ വൈഡൂര്യങ്ങൾ ഖനനം ചെയ്തു.. 

ഇഷ്ടമുള്ളവരോട് അടികൂടുക എന്നത് പിന്നെയൊരു രസമുള്ള ഇടപഴകലായി മാറി... 
അന്ന് പക്ഷേ അവയെല്ലാം ഓർത്തുചിരിക്കാൻ പോന്നവ പോലെ രസകരങ്ങളായിരുന്നു. കുറച്ചുകൂടി എളിമ കാട്ടാമായിരുന്നു എന്ന വ്യഥയൊഴിച്ച് നിർത്തിയാൽ ആ അടിപിടികളെല്ലാം എല്ലാവർക്കും സന്തോഷമുള്ള നിമിഷങ്ങളായിരുന്നു.
ഇനിയങ്ങനെയുള്ള ദിനങ്ങൾ വരാനില്ലാത്തവണ്ണം മാഞ്ഞുപോയതിനാൽ 
സുവർണ്ണനാരുകളാൽ ഇഴ ചേർത്ത് സ്‌മൃതിയോട് പാകട്ടെ... 

രണ്ട് പെൺകുട്ടികൾക്കൊടുവിലാണ് മൂന്നാമത്തെ കുരുന്നാൺതരിയായി ഗോപു പിറക്കുന്നത്. 

ഒരു ഉണ്ട ചെക്കൻ..

അവനോട് ഞാൻ എന്നെ ചേച്ചിയെന്ന് വിളിക്കാൻ ആവശ്യപ്പെടുമ്പോഴൊക്കെ തിരിച്ച് ചേട്ടനെന്ന് വിളിക്കാനാണ് പറയുക. 
ചെറുക്കാന്ന് വിളിച്ചാൽ ഉരുളയ്ക്കുപ്പേരി പോലെ ചെറുക്കിയെന്ന് മറുവിളി വരും. 
ശർമയെന്നാണ് വല്യമ്മ അവനു പേരിട്ടത്.
നോർത്തിലൊക്കെ ശർമയെന്നാൽ ഇവിടുത്തെ പിള്ള,നായർ,വർമ,പോലൊക്കെയാണെന്ന് പറഞ്ഞ് അവൻ അവനെത്തന്നെ സിദ്ധാർഥ്‌  എന്ന് വിളിച്ചുതുടങ്ങി.

വേനലൊഴിവിന്റെ മുടക്കമായാൽ കണ്ണങ്കരയ്ക്ക് ചെല്ലാനുള്ള അച്ചൂ വിളി ആദ്യം തുടങ്ങുന്നത് ഗോപുവും ചിപ്പിയും കൂടെയാണ്. ഞങ്ങൾ മൂവരുമൊന്നിച്ച് കായലിൽ ഇറങ്ങി ഒരിക്കൽ കുറേ കിഴക്കോട്ട് പോയി. ഒരു പരിധി കഴിഞ്ഞാൽ അടിത്തട്ടിൽ ചെളിയാണ്. 
ചെളിയിൽ കാൽ പുതഞ്ഞ് കായൽവെള്ളം കുറേയന്ന് കുടിച്ചു. വെള്ളത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് പരിഭ്രമിച്ച് ഒരുവിധമാണ് തിരിച്ചുപോകാൻ പറ്റിയത്. അതിൽപ്പിന്നെ ആ അബദ്ധത്തിന് മുതിർന്നിട്ടില്ല.

കായൽത്തീരത്തെ എനിക്കൊരിക്കലും മറക്കാൻ പറ്റില്ല.
എന്റെ കുട്ടിക്കാലത്തെ എത്രയോ കഥകൾ അവിടെ ഉറങ്ങിക്കിടപ്പുണ്ട്..
വല്യച്ഛൻ കൊണ്ടുവരാറുള്ള മാമ്പഴ മധുരം,
ആ നാട്ടിൻപുറവും ചിപ്പിയും ഗോപുവും പഠിച്ചിരുന്ന സ്കൂളും പള്ളിയങ്കണവും, ചിറയ്ക്കൽ ക്ഷേത്രം, കായലിൽ സഹോദരങ്ങളോടൊത്ത് നീന്തിത്തുടിച്ചത്,കരയിൽ നിന്നപ്പോൾ കായലിലൂടെ ഒഴുകിവരുന്ന വിസർജ്യങ്ങളെക്കണ്ടറച്ചത്,

മഴ പെയ്യുമ്പോൾ ചോരാറുണ്ടായിരുന്ന തേങ്ങ കൂട്ടിയിട്ടിരുന്ന അകത്തളം,

ഗോപു ഇരുന്നാടിയിരുന്ന,എനിക്കിരിക്കാൻ ഭയമായിരുന്ന "പൂവങ്കോഴി" കളിപ്പാട്ടം, തയ്യലവശിഷ്ടങ്ങൾ കൊണ്ടുള്ള കളികൾ,

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന രാത്രി പുലർന്നപ്പോൾ കണ്ട ചേതോഹരമായ കായലിന്റെ നീലനിറം,

ഏതോ ചിത്രകാരന്റെ ഭാവനാത്മകമായ വരകളെന്നപോലെ തോണികൾ നയമ്പൂന്നി മായുന്ന ആളുകൾ,

കാലുകളെത്തൊട്ട് ഓടിയും വന്നും പുണരുന്ന കുഞ്ഞോളങ്ങൾ... 
എന്നെക്കൊണ്ട് പാട്ടുപാടിച്ചത്, 

നൃത്തം ചെയ്യിച്ചത്....

പിന്നീട്‌, ബാദ്ധ്യതകളെച്ചൊല്ലി ആ കായൽത്തീരം അവർ വിറ്റുപോയിരുന്നു. ഇന്നിപ്പോൾ,താമസം വാരണത്തേക്ക് മാറി,അവിടത്തെ കുട്ടികളും എന്നെപ്പോലെ ബാല്യകൗമാരങ്ങൾ കടന്നുപോയി.വലുതായപ്പോൾ തിരക്കുകളേറി.

അമ്മൂമ്മയുടെ മരണാനന്തരം വല്യമ്മയുമായി കുടുംബത്തിൽ അകൽച്ചയുടെ മഴമേഘങ്ങൾ ഉരുണ്ടുകൂടി. 
അമ്മൂമ്മ പ്രഷർ സംബന്ധിയായി അസുഖക്കിടക്കയിലായപ്പോഴോ, മരിച്ചപ്പോഴോ കാണാൻ വല്യമ്മ വന്നില്ല. 
ചിതയിലേക്ക് അമ്മൂമ്മയെ കൊണ്ടുപോവുന്നത് വരെയും എല്ലാവരും വല്യമ്മയെ പ്രതീക്ഷിച്ചു. 

അമ്മയുടെ ആർത്തനാദങ്ങൾക്കൊടുവിൽ,വല്യമ്മ വായ്ക്കരിയിടാതെ,അമ്മൂമ്മയുടെ ചിതയ്ക്ക് മാമൻ തിരി കൊളുത്തി. 

കുടുംബത്തിലത് വലിയൊരു ചർച്ചയ്ക്ക് വഴിയൊരുക്കി. 
വല്യമ്മയെക്കുറിച്ചുള്ള പരിഭവങ്ങൾ, പരാതികൾ, അന്തംവിടലുകൾ.. 
എങ്ങും നുരഞ്ഞുയർന്നു. 

വല്യമ്മയുമായുള്ള ബന്ധം വേരറ്റുതുടങ്ങുന്നു എന്ന തിരിച്ചറിവ് എന്നെ പൊള്ളിച്ചു.

ഇടയ്ക്കെപ്പോഴോ എസ്.ൻ.ഡി.പിയുടെ യൂണിയൻ യോഗവുമായി കണിച്ചുകുളങ്ങരയിൽ വന്ന വല്യമ്മയെ കണ്ട് കണ്ണുനിറഞ്ഞതു കാരണം കുറച്ചുനേരത്തേക്ക് കാഴ്ച മറഞ്ഞുപോയി. 
വല്യമ്മയുടെ ശരികൾ ഞാൻ കേട്ടിരുന്നു. 
പക്ഷേ അമ്മയും മാമനും വല്യമ്മയിൽ നിന്നുമപ്പോഴും ദൂരത്തായിരുന്നു. ബന്ധുജനങ്ങൾ കാണുമ്പോഴെല്ലാം രാധയെ തിരക്കും. വിമർശിച്ചവരും പരിതപിച്ചവരും കുടുംബത്തിലേക്ക് ഉറ്റുനോക്കി. 
പരസ്പരമകന്ന് കഴിയുമ്പോഴും വല്യമ്മയുടെ അസുഖവിവരങ്ങൾ ഞങ്ങൾ അറിഞ്ഞുകൊണ്ടിരുന്നു. അമ്മയ്ക്കും മാമനുമൊക്കെ ഉള്ളലിഞ്ഞു തുടങ്ങുന്നുണ്ടായിരുന്നുവെങ്കിലും പാതി മനസ് പിന്നിലേക്ക് വലിച്ചു. 

അങ്ങനെയിരിക്കെ,
ഒരുനാൾ ഉല്ലലയിലെ വല്യച്ഛനെയും സരളപ്പച്ചിയെയും കാണാൻ പോയൊരു വൈകുന്നേരം ഇന്നും ഓർമയിൽ അന്തിവെട്ടചോപ്പ് മായാതെയുണ്ട്.
തൊണ്ടയിൽ കാൻസർ ബാധിച്ച്, ശബ്ദം നഷ്ടപ്പെട്ട സരളപ്പച്ചി ബുക്കിലെഴുതി, വല്യമ്മയെ കാണാൻ പോയിരുന്നോവെന്ന് ചോദിച്ചു. 
ഇതുവരെയും തമ്മിൽ കണ്ടിട്ടില്ലയെന്ന മറുപടിക്ക് സരളപ്പച്ചി കർക്കശമായി എഴുതി. 
"അങ്ങനെയല്ല, പോകണം,അവളെ വിട്ടുകളയരുത്,കൂട്ടത്തിലേക്ക് ചേർത്തുപിടിക്കണം". 
വയ്യാതിരുന്നിട്ടും അപ്പച്ചി ഓർമപ്പെടുത്തിയതിനാൽ ആ ഉപദേശത്തിന്റെയൊപ്പം പോകണമെന്ന് ഞാനും നിർബന്ധം പിടിച്ചു. 
അങ്ങനെ പാതി മനസ്, മുഴുതിങ്കൾ പോലെ നിറച്ച്, ഉല്ലലയിൽ നിന്നും വല്യമ്മയുടെ വീട്ടിൽ ചെല്ലുന്നതോടെയാണ് മഞ്ഞുരുകിത്തീരുന്നത്. 

ഞങ്ങളെത്തുമ്പോഴേക്കും സന്ധ്യയ്ക്ക് കനം വീണിരുന്നു. 
കുടുംബശ്രീ കൂടിക്കൊണ്ടിരുന്ന വീട്ടിൽ നിന്നും വല്യമ്മയെ ഞാൻ കൂട്ടിക്കൊണ്ടുവന്നു. 
കണ്ണുകൾ നിലയ്ക്കാതെയൊഴുകി സ്നേഹധാരകളായി ഉറവ പൊട്ടി. 
അതുവരെയുണ്ടായിരുന്ന പിണക്കമെന്ന് പോലും പറയാനാവാത്ത എന്തോ ഒന്ന് അക്കൂടെയൊലിച്ചുപോയി.

പിന്നെ, ഒരുപാട് തവണ കണ്ണങ്കരയ്ക്കും കണിച്ചുകുളങ്ങരയ്ക്കും പോക്കുവരവുകളുണ്ടായി. 
ഉത്സവങ്ങളിൽ എനിക്കെന്റെ പ്രിയപ്പെട്ടവരെ തിരിച്ചുകിട്ടി. 
അവിടെ, കായൽതീരത്തെ പഴയ ദിനങ്ങളിലെന്ന പോലെ സ്നേഹം പങ്കുവയ്ക്കാൻ, ഒരുമിച്ച് അത്താഴമുണ്ണാൻ, ആഴമേറുന്ന ഓർമകൾക്ക് ജന്മമേകാൻ അവരെന്നെ കാത്തിരിക്കുന്നുണ്ടാവും. 
അച്ചൂ എന്ന വിളിയൊച്ചയ്ക്ക് കാതോർത്ത് ഞാനും......



Thursday, 16 March 2017



വെള്ളമേഘങ്ങൾ തുന്നിപ്പിടിപ്പിച്ച, കറുത്ത കമ്പളം പുതച്ച് രാവുണരുമ്പോൾ, ആകാശച്ചെരുവിലേക്ക് കണ്ണ് നട്ട് ഞാൻ ഉറങ്ങാതെയിരിക്കാറുണ്ട്.
ഉൾച്ചിരാതിൽ അണയുന്നുമില്ല, എന്നാലൊട്ട് ആളുന്നുമില്ല എന്ന കണക്കിൽ ഇപ്പോഴും നീറുന്നുണ്ട് ഉലയിൽ നിന്നെന്ന പോലെ, ചോന്ന ഒരു രക്തക്കട്ട !

ഒറ്റയ്ക്കിങ്ങനെയിരുന്ന്, ദൂരെ വാനമേലാപ്പിലേക്ക് നോക്കിയിരിക്കുമ്പോഴെല്ലാം മണ്ണ് കൊണ്ടകന്ന് പോയിരുന്നിട്ടും മേലെ വിണ്ണ്  കൊണ്ട് അടുപ്പമുള്ള പറയാൻ മടിച്ച പ്രേമം ഓർമയിലുദിച്ചുയരും.
ഓരോ ദിനരാത്രങ്ങളിലും അകന്നകന്ന് പോവുകയാണെന്നറിയാമായിരുന്നെങ്കിലും ഏറെ വൈരൂപ്യമുള്ള ആ പനിനീർപ്പൂവ് ഇന്നും വാടാതെ ബാക്കിയാണ്.

ഒട്ടേറെ ജനിതകത്തകരാറുകൾക്കിടയിലും മുള പൊട്ടിയ ഒരു കുരുന്ന് മുകുളം. 
പക്വമാകും മുമ്പേ പറിച്ചെറിയപ്പെട്ടുവെന്നാലും, അത് വളർന്നുകൊണ്ടേയിരുന്നു.

പരസ്പരമുള്ള വിഭിന്നതകളുടെ മുള്ളുവേലികളിൽപ്പടർന്ന്...
മൗനം വളമായ, ഉതിരും മുമ്പേ അടർന്ന് പോയ വാക്കിന്നറ്റത്ത് പാട്ടായ് പിറന്ന്,
കണ്ടുമുട്ടലുകളിലെ വഴക്കുകളിലൊളിച്ച്,
ഇഷ്ടമെന്ന വാക്കൊഴികെ മറ്റെന്തും വിളമ്പിയ ശബ്ദസാഗരത്തിലെ തിരയായ് അലച്ച്,

ഞാൻ അയാളെ സ്നേഹിച്ചിരുന്നു...
അയാൾ പോലുമറിയാതെ...

അയാൾ....
എന്റെ അന്ധഗായകൻ !

തുടരെത്തുടരെ ഗാനമാലികകൾ തീർത്ത് സ്വരങ്ങളാൽ ഹൃദയം നിറച്ച പ്രേമസ്വരൂപൻ.

പാടാമെന്നേറ്റ പാട്ടുകൾ മുഴുമിപ്പിക്കാതെ എന്നേക്കുമായി അകന്നുപോയ, കേൾക്കാവാനാവാതെ പോയ വരികളെ ബാക്കിയാക്കി ഇന്നും മനസിൽ വളരുന്ന നോവ്...

ഞാനിന്നും ഓർമയിൽ നിങ്ങളെ കാണുന്നു.

നിങ്ങളുടെ സ്വരവും, പതിഞ്ഞ സ്വനത്തിൽ പാടിയ പാട്ടുകളും ഹൃദയത്തിൽ ഞാൻ സൂക്ഷിച്ചിരിക്കുന്നു.
നാളെ ഞാൻ നിങ്ങളെ അവസാനമായി കാണുവാൻ, വേണമെന്ന് വച്ച് അരികിൽ വരികയാണ്.. കണ്ടുമുട്ടിയിരുന്ന സമയങ്ങളിലെല്ലാം ആടിയിരുന്ന ഉണ്ണിയാർച്ചയുടെ വേഷമഴിച്ച് വച്ച്, ഇനി ഉപയോഗിക്കാനാവാത്തവണ്ണം പൊട്ടിപ്പോയ ഉറുമി ഉപേക്ഷിച്ച്,
പഴയ വഴക്കാളിപ്പെണ്ണിന്റെ മൃതശരീരം കൈയിലേന്തി....
നാം തമ്മിൽ നേരിലുണ്ടായിരുന്ന,അകലമവിടെ, ഒരു ദിനത്തേക്ക് മാത്രം ചിലപ്പോൾ ഇല്ലാതെയാവും..
നാളെയ്ക്കുമപ്പുറം, ഒരു പക്ഷേ ഇപ്പോഴത്തെ പോലെ നിങ്ങളെ കാണാനാവുമെന്ന ആശയ്ക്ക് നിവൃത്തിയില്ല എന്ന തിരിച്ചറിവിൽ,കാണാമറയത്ത് നിന്നും നിങ്ങളുള്ള ഒരു പകൽവെളിച്ചത്തിലേക്ക് പുറപ്പെടുന്നു..

കണ്ണുനിറയെ വീണ്ടുമൊരിക്കൽ കണ്ട്, ഫോണിലൂടെ നിങ്ങളുടെ ശബ്ദം കേട്ട് കഴിയുമ്പോഴുണ്ടാകുന്ന വ്യഥയ്ക്കുമപ്പുറം വേദനപ്പെടുത്തുന്ന സ്‌മൃതികളുടെ ഭാണ്ഡക്കെട്ടുമായ് മടങ്ങുമ്പോഴും..

ഒടുവിലെ ഈ കൂടിക്കാഴ്ച എനിക്കേറെ പ്രിയമുള്ളതായി മാറിയിരിക്കും.
നമ്മുടെ കൂട്ടരോടൊന്നിച്ച് ഒരുപക്ഷേ ഇനിയുണ്ടാവാത്ത അവസരങ്ങളെന്ന ഖ്യാതി നാളേയ്ക്ക് സ്വന്തം.
കണ്ടൊന്ന് മിണ്ടിപ്പിരിയാൻ ഒരു നാൾ ദൂരത്തിൽ നിന്ന് ഒരു ജന്മദൂരത്തിലേക്ക്...

ഇനിയൊരിക്കലും തിരികെക്കിട്ടാത്ത കാല്പനികതയിലെ പാട്ടുകാരാ നിങ്ങളിൽ നിന്നും ഈയുള്ളവളിലേക്ക് ഇനിയൊരു നിഴൽ ദൂരം...