Followers

Wednesday, 1 September 2021

നീയില്ലയെങ്കിലെന്ന് എനിക്കന്ന് ഓർക്കാനേ വയ്യായിരുന്നു.. 

നീയെന്നെ വിട്ടകലുമെന്നോ, ജീവിതത്തിൽ 'ഇനി' എന്നൊരു വാക്കിനുപോലും അർത്ഥമില്ലാത്തവണ്ണം മാഞ്ഞുപോകുമെന്നോ എനിക്ക് അക്കാലത്ത് സങ്കല്പിക കൂടി വേദനിപ്പിക്കുന്ന, കരൾ പകുക്കുന്ന ചിന്തയാണ്. 

എന്നുമെല്ലാക്കാലത്തും ആ കയ്യോട് കൈ കോർത്ത്, നെഞ്ചോട് ചേർന്നുറങ്ങി, വീർത്തുപൊന്തിയ കൈപ്പത്തിയിലെ ഞരമ്പിൽ ഉറുമ്പിന്റെ വരി തീർത്ത് ഞാനങ്ങനെ ജീവിച്ചിരിക്കെ.. ആ ഞാൻ അവിടെ തന്നെ നില്ക്കയാണ്.. 

എന്നെ കാണുന്നുണ്ടോ നീ? 
എന്റെ കണ്ണുനീർ കാണുന്നുണ്ടോ? 

ഒടുവിൽ നീ മണ്ണായി മടങ്ങിയിടത്ത് ഞാൻ നമ്മുടെ വൈകുന്നേരങ്ങളിൽ പൂക്കാറുണ്ടായിരുന്ന ചെമ്പകം നട്ടുവളർത്തി. എന്റെ എല്ലാ സന്ധ്യകളും മിക്കപ്പോഴും നീ കാറ്റായി വരുമെന്ന് ആശിച്ചാണ് ഒടുങ്ങുക..
ഇന്നും നീ അവിടെത്തന്നെ, നമ്മുടെ വീട്ടുവളപ്പിൽ ഉറങ്ങുന്നുണ്ടെന്ന് ഞാൻ കരുതാറുണ്ട്.. നിനക്കറിയോ.. ഞാനെത്ര വളർന്നുവെന്ന്..!
എത്ര ദിവസങ്ങൾ!
എത്ര വർഷങ്ങൾ നാം പിരിഞ്ഞിട്ട്..

പോയകാലത്തെ പാൽക്കിണ്ണം നീ മാഞ്ഞ രാത്രിക്ക് മാനത്തിന്റെ വക്കത്ത് വീണുടഞ്ഞു ശിഥിലമായി... 
ദിനസൂര്യന്മാർ പകൽക്കല കൊണ്ടെന്നെ കുത്തി നോവിച്ചിട്ടും നീ നോവിച്ചതിനേക്കാൾ അവർക്കെന്നെ ഒന്നും ചെയ്യാനായില്ല..ഇനി തമ്മിലൊരിക്കലും കാണുകയില്ലായിരുന്നെങ്കിൽ നമുക്ക് ഇത്രമേൽ സ്നേഹിക്കേണ്ടിയിരുന്നില്ല..! 
ഇത്ര അഗാധമായി നീയെന്തിനെന്നിൽ, എന്റെ ഹൃദയാന്തരങ്ങളിൽ കുടി വച്ചു? 

ഇന്നേക്ക് നീ പോയ നാളാണ്.. 
വർഷങ്ങൾക്ക് മുന്നേ നിന്നെ തീനാളങ്ങൾ ചുംബിച്ച രാത്രി. 

ഈ നേരം അന്നാ നേരത്ത് നീയും ഞാനും എരിഞ്ഞടങ്ങുകയാണ്... 

നീ മൃതപ്പെട്ടും, ഞാനോ??. 




Friday, 27 August 2021

കാരണമവൻ കള്ളനാണ്. 

കള്ളനെന്നുവച്ചാൽ നല്ലൊന്നാന്തരം ഐറ്റം. വേലിപ്പുറത്തെ വാസുവും മറ്റും, തേങ്ങ കക്കാൻ ഇരുട്ടത്ത് തെങ്ങിന്മേൽ പതുങ്ങിക്കയറുന്ന പോലൊന്നുമല്ല. 

പണിക്ക് പോയിടത്തൂന്നൊക്കെ എന്തെങ്കിലുമൊക്കെ കട്ട് ഉള്ള പണീം പോയി, എന്നുമുതലാണ് അവൻ പെണ്ണുങ്ങളുടെ അടിയുടുപ്പ് കട്ടു, തുടങ്ങിയതെന്ന യഥാർത്ഥവശം ആർക്കും വലിയ പിടിയില്ല. 

എട്ടിൽ പഠിക്കുമമ്പോ അയലത്തെ വീട്ടിൽ നിന്നാദ്യം പിടിച്ചു.

അത് പറയുമ്പോൾ ക്ലാര, താൻ കല്യാണം കഴിച്ചുവന്ന വർഷമാണ് അതെന്ന് പറയും!

ചുറ്റുവക്കത്തൂന്നെല്ലാം പെണ്ണുങ്ങൾ ആവലാതിയോടെ പരാതിപ്പെട്ട് തങ്ങളിൽ തന്നെ പടർപ്പ് തല്ലി. നകുലിനെ അതിൽപ്പിന്നെ ആർക്കും കണ്ടുകൂടാ. 
അവന്റെ നോട്ടത്തിലും ഉണ്ട് ലക്ഷണക്കേട്. പെണ്ണാണെന്ന് കണ്ടാൽ മൊലേന്മേലേക്ക് അവന്റെ കണ്ണുകൾ ആഞ്ഞുരുളും..

അവന്റെ തള്ളയോട്, കണ്ടുപിടിക്കപ്പെട്ട ആ സന്ധ്യയ്ക്ക് തന്നെ അടുത്ത വീട്ടിലുള്ളവർ ചെന്ന് സത്യാവസ്ഥ പറഞ്ഞ് മനസ്സിലാക്കാൻ നോക്കിയിട്ടും ചെക്കന്റെ നിലനിൽപ്പിനുള്ള വേലത്തരത്തിൽ പിടിച്ചിട്ടോ, സ്വന്തം ബോധമില്ലായ്മ കൊണ്ടോ അവരത് വാദിയെ പ്രതിയാക്കി ഉറഞ്ഞുതുള്ളി. 

അസൂയയിലും അഹങ്കാരത്തിലും ആൾരൂപമായ അവരോടും നാട്ടുകാർക്ക് നല്ല മതിപ്പില്ല. നാട്ടിലെ സഞ്ചരിക്കുന്ന ബി ബി സി കളിലെ തിരക്കുള്ള സ്ത്രീരത്നവും, പരദൂഷണ- ഏഷണി- നുണക്കഥ പ്രചാരണത്തിന്റെ മുഖ്യ സംഘാടകയുമായ അവരോട് മല്ലിട്ട് ഇല്ലാക്കഥകളിലെ വേഷം കെട്ടാനോ സംസ്കാരമില്ലാത്തവരുമായി വാക്കുതർക്കത്തിനേർപ്പെടാനോ അയൽവാസികളെല്ലാം ഒന്നടങ്കം മടിച്ചു.. അപ്രിയത്തിന് പാത്രമാകുന്നവരെ ശപിക്കുന്ന കൊള്ളുകേലാത്ത സ്ത്രീയായി ജനമവരെ ഇകഴ്ത്തിപ്പാടി. 

നകുൽ തരം പോലെ കട്ടു. 

ആളും തരവും, ഒളിവും മറവും, ഇരുളും തെളിവും നോക്കി, അങ്ങേയറ്റം ശുഷ്കാന്തിയോടെ അവൻ തന്റെ ജോലി വെടിപ്പായി ചെയ്‌തുകൂട്ടി.. ഒരിക്കൽപ്പോലും തൊണ്ടിമുതലോട് കൂടിയോ, അല്ലാതെയോ വെളിച്ചത്ത് പിടിക്കാനാവാത്തകൊണ്ട് അവനാണെന്ന് അറിഞ്ഞിട്ടും പ്രതികരിക്കാനാവാത്ത ഗതികേടിന്റെ കാറ്റുപിടിച്ച ദിവസങ്ങൾ..

നിധി കാക്കുന്ന ഭൂതങ്ങളായി പെണ്ണുങ്ങൾ സൂക്ഷിച്ചാലും, ഏതെങ്കിലും രീതിക്ക് സമയം അവനെ തുണയ്ക്കും. 

അങ്ങനെയുള്ള, നകുൽ ഏത് തരക്കാരനാണ് എന്നറിയാവുന്നതിനാൽ അവനെക്കുറിച്ച് എത്ര മോശപ്പെട്ട വാർത്ത കേട്ടാലും അതെല്ലാം സ്വാഭാവികമേന്നെ പറയാനുണ്ടാകൂ.. 

തുണിമോഷണത്തിന് പിന്നാലെയാണ് ഇരുളിലേക്ക് ഓടിമറയുന്ന മെലിഞ്ഞുനീളമുള്ള ഒരാളെക്കുറിച്ച് കേട്ട് തുടങ്ങുന്നത്. 

മണിച്ചിത്രത്താഴിലെ നാഗവല്ലിക്ക്, ഗംഗയുടെ ഭർത്താവിന്റെ ഉറക്കമളക്കാനും ആഴം കൂട്ടാനും അറിയുന്ന പോലെ പെണ്ണുങ്ങൾ കുളിക്കാറാകുമ്പോൾ ഈ മെലിഞ്ഞ് പൊക്കമുള്ള ശരീരത്തിന്നുടമ, ഒളിക്കണ്ണുകൾ പ്രവർത്തിപ്പിക്കാൻ വരുന്നതിന്റെ വരവ് പോക്കുകൾ കൂടി, ആകെ പ്രശ്നമായപ്പോൾ എങ്ങനേം പിടിക്കാൻ തന്നെ അവിടത്തുകാർ ഉറപ്പിച്ചു. 

നകുലിന് നല്ല തടിയും ഉയരക്കുറവും ഉണ്ടായിരുന്നിട്ടും മിന്നൽപ്പിണർ പോലെ മോഷണം നടത്തി ഓടുന്ന കഴിവ് കാരണം അവൻ തന്നെയെന്ന് പെണ്ണുങ്ങൾ കരുതി. 

ശാന്തയുടെ വീട്ടിലെ പിന്നാമ്പുറത്തെ കുളിമുറിക്കടുത്തൂന്ന് വേപ്പുമരമറ പറ്റി നിന്നയാളെ ആളുകൾ മുണ്ടുകൊണ്ട് ചുറ്റിപ്പിടിച്ച് ഇടിയും തൊഴിയും കൊടുത്ത് പിടിച്ചു.. 

ആൾക്കൂട്ടം അട കണ്ട ഈച്ച പോലെ പെരുകി. 

പരശ്ശതം കണ്ണുകൾ ഒരാളിലേക്ക് ഉറ്റുനോക്കി. 

ആരോ മുണ്ട് പിടിച്ചു വലിച്ചു.. 

ഒരു നിമിഷാർദ്ധത്തേക്ക് ഏവരും പകച്ചുപോയി.. സത്യമോ മിഥ്യയോ എന്നറിയാത്ത പോലെ മിഴിച്ചുനോക്കുമ്പോൾ 

അതാ നാട്ടിലെ മാന്യതയുടെ നിറകുടമായ മനുഷ്യനായിരുന്നു. 

നാട്ടിലെ നന്മമരം!

പദവികൊണ്ടും പണം കൊണ്ടും പ്രമാണിത്തം കൊണ്ടുമെല്ലാം ശ്രേഷ്ഠനായ ഒരാളാണോ പെണ്ണുങ്ങളുടെ കുളി കാണാൻ ഒളിച്ച്!!! 

ഇതിൽപ്പരം മാനഹാനി വേറെയില്ല..

 നാട്ടുകാരെല്ലാം അന്തംവിട്ട് വാ പൊളിച്ച്, മൂക്കത്ത് വിരൽ വച്ചപ്പോൾ ഭൂമി പൊട്ടിപ്പിളർന്നന്തർധാനം ചെയ്യാൻ അയാളാ നിമിഷം മോഹിച്ചിരിക്കണം..

തെറിവിളികൾ!

ഏറും ഇടിയും തൊഴിയും!!

നകുൽമാർ പലവിധമുണ്ടെന്ന് ആ രാത്രി ഇരുളിലൂടെ ഇരച്ചു പറയുകയാണ്..

ആ ഇരുൾ വീണ് രാവ് മായുമ്പോൾ ചിലയിടങ്ങളിൽ മാത്രം ഇരുട്ട് കനക്കുന്നുണ്ടാവണം..



മനസ്സിന്നകത്തെ ആരും കാണുകയോ കേൾക്കയോയില്ലാത്ത അഭ്രപാളിയിൽ ഞാൻ തന്നെ കഥയും തിരക്കഥയും രചിച്ച്, അഭിനയിച്ച്, സംവിധാനവും ചെയ്‌ത ഒട്ടേറെച്ചിത്രങ്ങൾ മനക്കോട്ടയുടെ കൊട്ടകയിൽ നൂറുദിനങ്ങൾ തികച്ച് ഓടിപ്പോയി. 

എന്റെ തന്നെ ആത്മസംവദനത്തിനായി നിർമിച്ച പളുങ്കു സിനിമകൾ. വാസ്തവികതയുടെ രാജ്യത്ത് നിന്നവ ഏറെ ദൂരമകന്ന് നിന്നുകൊണ്ട് പ്രദർശനം തുടർന്നു. അനേകവേഷങ്ങളുടെ ചമയം മാറിമാറി ഞാനണിഞ്ഞു. 

അടൂർ ഗോപാലകൃഷ്ണൻ സിനിമകളോടാണ് ആദ്യം അഭിനിവേശപ്പെട്ടത്. നാലുപെണ്ണുങ്ങളിലെ പെണ്ണുങ്ങളെല്ലാം, എന്റെ മനസിന്നുമ്മറത്ത് തഴപ്പായ വിരിച്ചുകിടന്നുകൊണ്ട് വർത്താനം പറഞ്ഞ് ചിരിച്ചു. 

കച്ചവടസിനിമകൾ ചിരിക്കാനും നേരമ്പോക്കാനും ചിലവഴിച്ചപ്പോൾ, കലാമൂല്യമുള്ള കഥയുള്ള, കഴമ്പുറ്റ അവാർഡ് പടങ്ങളിൽ ഞാനെന്നെ കോർത്തുകെട്ടി. 

പ്ലസ്ടുക്കാലത്താണ്, ഒന്നും മനസിലായില്ലെങ്കിലും നിർബന്ധിത കാഴ്ചയായതിനാൽ 'എലിപ്പത്തായം' ആദ്യം കാണുന്നത്. കരമന ജനാർദനൻ നായരും ശാരദയുമെല്ലാം ഇഴഞ്ഞിഴഞ്ഞു മത്സരിച്ച് അഭിനയിച്ചത് നോക്കിയിരുന്നത് കൊണ്ടാവണം, സിനിമ കഴിഞ്ഞപ്പോൾ ഞാനുമേറെക്കുറെ സ്ലോ ആയിപ്പോയത്. ഒന്നുരണ്ട് നിമിഷത്തേക്ക് വാക്കുകൾ, ബാക്കടിച്ച സ്ലോ മോഷൻ ഡയലോഗ് പോലെ നീണ്ടുപോയി. 

വർഷങ്ങൾക്കിപ്പുറത്ത്, വീണ്ടും എലിപ്പത്തായം കാണുമ്പോൾ മനസ്സിലാകായ്മയുടെ കൂട്ടിന്നുള്ളിൽ നിന്ന് അനങ്ങാച്ചിന്തകൾ ഇഴയാൻ തുടങ്ങും. 

എന്തൊരു മരവിപ്പാണന്നേരം തലയ്ക്ക്. അക്കാലഘട്ടത്ത് തന്നെ, ഇംഗ്ലീഷ് പുസ്തകത്തിൽ നിന്നിറങ്ങിവന്ന് പാഥേർപാഞ്ചാലിയും മനസിലാവാത്ത ഭാഷയിൽ ക്ലാസ്സ്മുറിയിലെ സ്മാർട്ട്‌ ശീലയിൽ നിറങ്ങളില്ലാത്ത മനുഷ്യരെ കാണിച്ചുതന്നു. 

ബംഗ്ലാ ഭാഷയായിരുന്നിട്ടും, പഥേർ പാഞ്ചാലിയെ എനിക്ക് കാണാനിഷ്ടമായി. എലിപ്പത്തായത്തോട് തോന്നിയ വിരക്തി ഇതിനോട് ഉണ്ടായില്ലെന്നുമാത്രമല്ല, അപ്പുവിനെ എടുത്ത്, ദുർഗ്ഗയുടെ കയ്യുംപിടിച്ച് ഞാൻ അവരുടെ നാടായ നിശ്ചിന്ദിപ്പൂരിലേക്ക് പോയി..പ്രണബിനെ, അപർണ്ണാ ദേവിയെ, സർവ്വജയയുടെ പൗത്രൻ അഞ്ചുവയസ്സുകാരൻ കാജലിനെ, എല്ലാവരെയും ഞാൻ കണ്ടു. 
അപരാജിതനും അപുവിന്റെ ലോകവും വായിച്ചു. അങ്ങനെ, എഴുത്തുകാരൻ ബിഭൂതിഭൂഷൺ ബന്ദ്യോപാദ്ധ്യായയും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ലീലാ സർക്കാരും എനിക്ക് പ്രിയപ്പെട്ടവരായിമാറി. 

നീലത്താമരയിൽ, രാത്രികളിൽ വേദന കൊണ്ട് പിടയുമ്പോൾ ഭാഗവതരുടേതെന്ന് കേൾപ്പിക്കുന്ന, അവളുടെ ജനാലയ്ക്കൽ നിലാവ് കൊണ്ടുചെന്നുവയ്ക്കുന്ന അകാരത്തെ, ഇത്രേം നേരമിതെവിടെയേത് ചെപ്പിലാണ് അടച്ചുവച്ചിരുന്നത്!


നിർമാല്യം കാണുമ്പോഴെല്ലാം, കടുത്ത ദാരിദ്ര്യത്തിൽ പൊള്ളുന്ന വെളിച്ചപ്പാടിനെയാണ് ഓർമയിലാദ്യം പൊന്തിവരിക. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള നേർസാക്ഷ്യങ്ങൾ അനുഭവസാക്ഷിപ്തങ്ങളുടെ നെടുവീർപ്പുകൾ ചുമന്നുകൊണ്ട് പോകുന്നു..