Followers

Wednesday, 10 September 2025


ഊട്ടിയെന്നാൽ സ്കൂൾജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്കാണ്. അന്നത്തെ മിക്ക ടൂർ പാക്കേജുകളും ചാർട്ട് ചെയ്യുന്നതിൽ രണ്ടു സ്ഥലങ്ങളിലൊരുസ്ഥലം ഒന്നേൽ ഊട്ടിയോ അല്ലെങ്കിൽ കൊടേക്കനാലോ ആയിരിക്കും. മറ്റൊന്ന് കന്യാകുമാരിയോ വയനാടോ ആവും.

പഠിച്ച എല്ലാ ക്ലാസ്സുകളീന്നും മുടങ്ങാതെ ടൂറിനു പേരുകൊടുക്കുന്ന കുട്ടിയെന്ന ബഹുമതി എനിക്ക് സ്വന്തം. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഊട്ടിയിലേക്ക് പോകുന്നത്..

കലപിലകൾ ഉയരുന്ന,പാട്ട് സംഘം അന്താക്ഷരി പാടുന്ന ഓർമകളുടെ കെട്ടുമായി ബസ് വളഞ്ഞുപുളഞ്ഞ് ഹെയർപിന്നുകൾ താണ്ടി കോട്ടഗിരിക്കുന്നുകൾ കയറിയിന്നും മനസിലോടുന്നു.

പാലക്കാട്ടുന്ന് കോട്ട കണ്ട് മടങ്ങുമ്പോൾ  നീലനിറമുള്ള മലകൾക്ക് പിന്നിൽ സൂര്യൻ ചെഞ്ചായം കൊണ്ട് മാനം പൂശിക്കൊണ്ടിരുന്ന ധൃതിയിലായിരുന്നു. വിൻഡോ സീറ്റിലടുത്തിരുന്ന് ആപ്പിൾ കഴിക്കുന്ന ഇന്ദുലേഖയോട് വർത്തമാനം പറഞ്ഞ് ഗ്ലാസ് നീക്കിവച്ച് പാലക്കാടൻ രാക്കാറ്റേറ്റ്‌ ഞാനിരുന്നു.
വഴിനീളെ മലകൾ ഏറിയും കുറഞ്ഞും ഞങ്ങളോടൊപ്പം നീണ്ട് നീണ്ട് വന്നൊടുവിൽ ഇരുട്ടിനോടൊത്തിരുണ്ടുപോയി.

ബസിലെ ഡപ്പാംകൂത്തുകാരൊക്കെ ഉറക്കത്തിന്റെ പിടിയിൽ ഈ കാഴ്ചകൾക്കൊന്നും കണ്ണുനൽകാതെ ചലിക്കാതെ ഇരുന്നു. ഇടയ്ക്കൊക്കെ മയങ്ങുമ്പോൾ ഗ്ലാസിനുപുറത്തുപോകുന്ന എന്റെ തലയെ ഇന്ദു കൃത്യമായകത്തേക്കെടുത്ത് വലിച്ചുവച്ചു. തണുപ്പ് സഹിക്കാതെ വന്നപ്പോൾ ഗ്ലാസ് അടച്ച് ഞങ്ങളും ഉറങ്ങി. ഗോപി സാറിന്റെ ശബ്ദം കേട്ടാണ് കണ്ണ് തുറക്കുന്നത്..

അസഹനീയമായ തണുപ്പിൽ, പുറത്തെ കൊച്ചുവെളുപ്പാൻ വെട്ടത്തിൽ ഞാനാദ്യമായി ഊട്ടിയെ കണ്ടു.. കിടുകിടാ വിറച്ച് ബാഗും പിടിച്ച് ബസിറങ്ങുമ്പോൾ തണുത്ത കരങ്ങളും ഉടലും കൊണ്ട് ഊട്ടിയെന്നെ കെട്ടിപ്പിടിച്ചു. നിലയ്ക്കാതെ വീശുന്ന കാറ്റിൽ കുളിർന്ന് ഒരുവിധം റൂമിലെത്തിയിട്ടും തമ്മിലടിക്കുന്ന വാ നിയന്ത്രിക്കാനാവാതെ കുറേ നേരം പണിപ്പെടുമ്പോഴാണ് ഗോപി സാറിന്റെ അടുത്ത നിർദേശം വരുന്നത്. വെളുപ്പിനെ ഏഴിന് എല്ലാവരും റെഡിയാവണമെന്ന് പറഞ്ഞ് സാറ് താഴേക്ക് പോയതോടെ ബാഗൊക്കെ മാറ്റിവച്ച് പുതപ്പിനടിയിലേക്ക് ചത്ത മീനുകൾ കൂട്ടംകൂട്ടമായി കിടക്കുന്നതുപോലെ ഞങ്ങൾ കിടന്നു.

സമയമടുത്തപ്പോൾ ആരുടെയോ ഫോൺ അലറിപ്പാടി.
വീണ്ടും കലപിലകൾ.. 

തുടർന്ന് സമയബന്ധിതമായുള്ള പല്ലുതേപ്പും കുളിയും.

അനുവദീനയമായതിൽക്കൂടുതൽ സമയം എടുക്കാൻ യാതൊരു നിർവാഹവുമില്ലാത്തതിനാൽ, പുറത്ത് നിൽപ്പുള്ളവരുടെ വാതിലിൽ തട്ട് സഹിക്കാനാവാതെ ധൃതിയിലാണ് ഓരോരുത്തരും ഇറങ്ങിവരിക.
ഒന്നൊന്നര മണിക്കൂറൊക്കെ എടുത്ത് വിശാലമായി കുളിക്കുന്ന എന്നെയായിരുന്നു പിള്ളേർക്ക് പേടി.
അതുകൊണ്ട് തന്നെ വിദ്യ കെ വി ഇറങ്ങിയ പുറകെ ഞാൻ ടക്ക്ടക്കുന്ന് കുളിച്ച് മാതൃകയായി.
അടുത്തതായി വരുന്നവർക്ക് വേണ്ടി ചൂടുവെള്ളം കരുതണമെന്ന ചട്ടവും പാലിച്ച് ശ്യാമിലിക്ക് ഉപകാരിയുമായി. അവൾ കുളിച്ചുതീർന്നതോടെ ചൂടുവെള്ളവും തീർന്ന് ബാക്കിയുള്ളവർ തണുത്തവെള്ളത്തിൽ രോമാഞ്ചകഞ്ചുകിതരായി തുള്ളിക്കുളിച്ചു.
രാത്രിയിലെ തണുപ്പൊന്നും രാവിലെ തോന്നിയില്ല.

ഏഴുമണിയോട് തന്നെ ഞങ്ങളെല്ലാം തയ്യാറായി പുറത്തേക്കിറങ്ങുമ്പോൾ മധുരിമ ടീച്ചർ താഴെ നിന്ന് കൈവീശി..
ലേശം തണുത്തയന്തരീക്ഷത്തിൽ ഗോപി സാറിന് പിന്നാലെ ഉറുമ്പിൻവരി പോലെ ഞങ്ങൾ നടന്നു. ഓർമയിലിന്നും സാർ വാങ്ങിത്തന്ന നെയ്‌റോസ്‌റ്റ് രുചിക്കുന്നുണ്ട്.

ഊട്ടിയെന്നുമോർമകളിലേക്കുള്ള മഞ്ഞു പൊഴിയുന്ന യാത്രയാണ്.
സ്കൂൾ കാലത്ത് ഇവിടേക്ക് വന്നതുപോലെയല്ലാതെ മറ്റൊരിടത്തേക്കും ഞങ്ങൾ യാത്ര ചെയ്‌തുകാണില്ല.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ മഞ്ഞപ്പ്‌ കലർന്നിട്ടെങ്കിലും ബൊട്ടാണിക്കൽ ഗാർഡനും ലേക്കും അന്ന് നടത്തിയ ഷോപ്പിങ്ങും എല്ലാം ഇന്നലെയെന്നത് പോലെയുണ്ട് മനസിൽ.

അന്നുമിന്നും സ്കൂൾ കാലഘട്ടത്തിൽ വച്ച് കിട്ടിയ കൂട്ടുകാർ തന്നെയാണ് എല്ലായ്പ്പോഴുമാദ്യം ഓർമയിൽ പൊന്തിവരിക.

ഇപ്പോഴും വല്യ മാറ്റോന്നൂല്ലാത്ത സ്കെയിൽ പോലും തോറ്റ് തുന്നം പാടുന്ന ശരീരമുള്ള അച്ചു എന്ന അശ്വതിയും, നമ്മുടെ പഴ്യ കഥയിലെ ചുരുളൻ മുടിക്കാരി സജിതയും അവളെ തോണ്ടിക്കൊണ്ടിരുന്ന ഉണ്ടക്കണ്ണി ഞാനും കൂട്ടത്തിലെ ട്യൂബ് ലൈറ്റ് അഞ്ജലിയും ചേർന്നതായിരുന്നു അന്നത്തെ എന്റെ വിശ്വ മഹാമങ്കം.

ഇന്നുമൊരു വിളിപ്പാടകലെ ഇവരൊക്കെയുണ്ട് എന്നതാണ് എക്കാലത്തേയും സമ്പാദ്യം. മൂന്നാൾക്കുള്ള സീറ്റിൽ എനിക്കൂടെ ഇരിക്കാൻ പറ്റാത്തതിനാൽ ദുഃഖമില്ലെന്നഭിനയിച്ച് നേരെയുള്ള ഡബിൾ സീറ്റിലിരുന്ന ഇന്ദൂനോട് കണ്ണുരുട്ടി വിൻഡോ സൈഡ് വാങ്ങി പ്രകൃതി ഭംഗി കണ്ട് ഞാൻ ആശ്വസിച്ചു.

രാവിലെ മുഴുവൻ ഗാർഡൻ നടന്ന് ഓരോന്ന് കണ്ട് അന്തംവിട്ടും ചിലർ ക്യാമറയിലാക്കീം ഞങ്ങളൊരുവിധം കഴിച്ചെടുത്തു. പേരറിയാത്ത ചെടികളും മരങ്ങളും പൂക്കളും നോക്കിനിന്ന് നിർവൃതിയടയുകയെന്ന ഒരിക്കലും മാറാൻ പോവുന്നില്ലാത്ത ഹോബിയുടെ കൈയ്യും പിടിച്ച് ലേക്കിലേക്ക് എത്തുമ്പോഴേക്കും സന്ധ്യ നന്നേ ക്ഷീണിച്ച് കുങ്കുമാഭ പുരണ്ടവളായി ഇരുളിനെ നോക്കി വിവശയായി നിന്നു.

നേരമത്രയും വെട്ടംകെട്ടതിനാൽ ഷോപ്പിങ് നടത്തി തിരിച്ചുപോകാമെന്ന് കേട്ടതേ ഇന്ദുലേഖയോടുന്നത് കണ്ടു. അണിയണിയായി തുടരുന്ന കടക്കൂട്ടങ്ങളിലലിഞ്ഞു ഞങ്ങൾ നടന്നുനീങ്ങി. വയലറ്റ് നിറമുള്ള റോസാപ്പൂവിൽ കണ്ണുടക്കി, ദീർഘനേരം തമ്മിലന്യോന്യം തമിഴിൽ വാക്പയറ്റ് നടത്തി അശ്വതിയതെനിക്ക് നൂറ്റമ്പതിൽ നിന്ന് നൂറിലേക്കെത്തിച്ച് നേടിത്തന്നു.
കടക്കാരൻ മുറുമുറുക്കുന്നതിനിടെ അടുത്ത കടകളിൽ നിന്നും മാർക്കറ്റിങ് വിളികൾ തുടർന്നു. നെടുനീളത്തിലുള്ളയോരോ വരിയും പിന്നിട്ട് മടങ്ങാൻ നേരമായപ്പോൾ ഉണ്ണികൃഷ്ണൻ സാർ എണ്ണമെടുക്കാൻ തുടങ്ങി. അപ്പോഴാണ് കൈനിറയെ ആപ്പിളും,കാരറ്റ് കൂടകളുമായി എന്റെ സീറ്റ്മേറ്റ് ഓടിക്കിതച്ചെത്തുന്നത്. അവളുടെ മുഖം പോലും കാണാനാവാത്തവിധം മറച്ച നിലയിൽ എങ്ങനെയോ തത്തിപ്പിടിച്ച് ബസിലേക്ക് കയറാൻ പാടുപെടുന്ന ഇന്ദുലേഖയിപ്പോഴും മനസിലെ ബസിൽ കയറികയറിയില്ലെന്ന മട്ടിൽ നിൽപ്പാണ്.

ആരെല്ലാമെന്തെല്ലാം വാങ്ങിയെന്ന കണക്കെടുപ്പുമായി വിദ്യ കെ വി ഓടിച്ചാടി നടക്കുന്നതിനിടേൽ റൂമിലേക്ക് പോയി ബാഗുമായി വരാനുള്ള നിർദ്ദേശം വന്നു.
പോവാനുള്ള മട്ടൊക്കെ ബസിലേക്കാക്കിയതിനുശേഷം അത്താഴത്തിനും ക്യാമ്പ് ഫയറിനുമായി വീണ്ടും പുൽത്തകിടി വിരിച്ച, നേരെ നോക്കിയാൽ മലകളുടെ നീലനിറം കാണാവുന്ന,വെള്ളനിറമുള്ള പഞ്ഞികണക്കെ ഉലയുന്ന ചെടിയുള്ള പാടത്തിനരികെ ഞങ്ങളിരുന്നു. ഗായകരുടെ വകയുള്ള വെറുപ്പിക്കലും അല്ലറ ചില്ലറ മിമിക്‌സും ഒക്കെക്കഴിഞ്ഞു ചപ്പാത്തിയും ചിക്കനും കൊണ്ട് അന്നത്തെ രാവിന് വിടയോതി, ഊട്ടിയോടും ടാറ്റ പറഞ്ഞു ആപ്പിളുമായി മല്ലിടുന്ന ഇന്ദുലേഖയ്ക്കരികിലിരുന്ന് ഞാൻ ഗ്ലാസ് നീക്കിവച്ച് കണ്ണിൽനിന്നകലുന്ന ഊട്ടിയെ നോക്കി വ്യസനിച്ചു...

എനിക്കുമിന്ദുലേഖയ്ക്കും പിറകിലെ സീറ്റിലെ ശ്യാമിലിയോടും വിദ്യ കെ വി യോടും കുറേനേരം വർത്താനം പറഞ്ഞും ബഹളം വച്ചും ആർത്തുചിരിച്ചും ഏതോ സിനിമ ഇടുന്നതുവരെ ഞങ്ങളെല്ലാമാക്ടിവായിരുന്നു.
എന്ത് സിനിമയെന്നിപ്പോഴോർമയില്ലെങ്കിലും എല്ലാവരുമതോടെയുറങ്ങിത്തുടങ്ങി. ഇടയ്ക്കൊരു കുലുക്കത്തിലുണർന്നു ആരേലും ഇത്‌ കാണുന്നുണ്ടോയെന്ന് നോക്കുമ്പോൾ ഉണ്ണികൃഷ്ണൻ സാർ മാത്രം കണ്ണുംതുറന്ന് കാര്യമായി കണ്ടുകൊണ്ടിരിക്കുന്നുണ്ട്. വിൻഡോയിൽ വന്നുപോകുന്ന കാഴ്ചകൾ പലകുറി വന്നെന്നെ വിളിച്ചിട്ടും ഉറക്കത്തിന്റെ പിടിയിലകപ്പെട്ട് അങ്ങനെ ഊട്ടിയുടെ ചരിവുകളോരോന്നായിറങ്ങിത്തുടങ്ങി..

മൂന്നുമണിയോടെ കണിച്ചുകുളങ്ങര അടുക്കുമെന്ന നിർദേശം വന്നതേ,എല്ലാരും വീട്ടിൽ വിളിച്ചറിയിച്ചുകൊണ്ടിരുന്നു.
സ്കൂൾ ഗ്രൗണ്ടിലേക്ക് ബസ് കിതച്ചെത്തി നില്ക്കുന്നതിന് മുന്നേ കണ്ടു കണ്ണുനട്ട് നിൽക്കുന്ന അച്ഛനമ്മമാരുടെ കൂട്ടം.

മിഴികൾ പരതിയെടുക്കുമ്പോഴേക്കും അശ്വതിയുടെ അച്ഛനോടൊപ്പം അച്ഛൻ നിൽക്കുന്നത് കണ്ടു.
ബസിലെ കലപില  വളരെപ്പെട്ടെന്ന് ഗ്രൗണ്ടിൽ നിറഞ്ഞ് പൊട്ടിച്ചിരികളിലേക്കും ഉറക്കക്ഷീണത്തിലേക്കും വഴുതിമാറി.

കൂട്ടുകാരോട് യാത്ര പറഞ്ഞു നീണ്ടൊരു കോട്ടുവായോടെ അച്ഛന്റെ സൈക്കിളിൽ ബാഗും പിടിച്ചിരുന്നു ഞാൻ നീങ്ങുന്നതോടെ യാത്രയിലെ ഒടുവിലത്തെ ചിത്രവും വരഞ്ഞു തീരുകയാണ്...

വർഷങ്ങൾക്കിപ്പുറത്ത്, ഞാൻ വീണ്ടും പലതവണ ഊട്ടിക്ക് വന്നുമടങ്ങിയെങ്കിലും അന്നത്തെ ഗൃഹാതുരത്വം ഇനിയൊരിക്കലും തിരികെക്കിട്ടില്ല.

അന്ന് കാറ്റിൽ മണത്ത യൂക്കാലിപ്സിന്റെ ഗന്ധത്തിന്‌ പോലും പഴയകാലത്തിലേക്ക് നടക്കാനാവില്ല.

ഇനിയെത്ര കണ്ടുമടുത്താലും ഈ മഞ്ഞിന്റെ താഴ്വര, നിന്നെ ആദ്യം കണ്ട മനോഹാരിതയെ വെല്ലില്ല ഒരു വിനോദയാത്രയും...

അന്നത്തെ തമാശകൾ,
വികൃതികൾ..

സർവ്വോപരി ഞങ്ങളുടെ എത്രെയെത്ര ഓർമകൾ ജീവിക്കുന്നിടമാണ് നീ..