കള്ളനെന്നുവച്ചാൽ നല്ലൊന്നാന്തരം ഐറ്റം. വേലിപ്പുറത്തെ വാസുവും മറ്റും, തേങ്ങ കക്കാൻ ഇരുട്ടത്ത് തെങ്ങിന്മേൽ പതുങ്ങിക്കയറുന്ന പോലൊന്നുമല്ല.
പണിക്ക് പോയിടത്തൂന്നൊക്കെ എന്തെങ്കിലുമൊക്കെ കട്ട് ഉള്ള പണീം പോയി, എന്നുമുതലാണ് അവൻ പെണ്ണുങ്ങളുടെ അടിയുടുപ്പ് കട്ടു, തുടങ്ങിയതെന്ന യഥാർത്ഥവശം ആർക്കും വലിയ പിടിയില്ല.
എട്ടിൽ പഠിക്കുമമ്പോ അയലത്തെ വീട്ടിൽ നിന്നാദ്യം പിടിച്ചു.
അത് പറയുമ്പോൾ ക്ലാര, താൻ കല്യാണം കഴിച്ചുവന്ന വർഷമാണ് അതെന്ന് പറയും!
ചുറ്റുവക്കത്തൂന്നെല്ലാം പെണ്ണുങ്ങൾ ആവലാതിയോടെ പരാതിപ്പെട്ട് തങ്ങളിൽ തന്നെ പടർപ്പ് തല്ലി. നകുലിനെ അതിൽപ്പിന്നെ ആർക്കും കണ്ടുകൂടാ.
അവന്റെ നോട്ടത്തിലും ഉണ്ട് ലക്ഷണക്കേട്. പെണ്ണാണെന്ന് കണ്ടാൽ മൊലേന്മേലേക്ക് അവന്റെ കണ്ണുകൾ ആഞ്ഞുരുളും..
അവന്റെ തള്ളയോട്, കണ്ടുപിടിക്കപ്പെട്ട ആ സന്ധ്യയ്ക്ക് തന്നെ അടുത്ത വീട്ടിലുള്ളവർ ചെന്ന് സത്യാവസ്ഥ പറഞ്ഞ് മനസ്സിലാക്കാൻ നോക്കിയിട്ടും ചെക്കന്റെ നിലനിൽപ്പിനുള്ള വേലത്തരത്തിൽ പിടിച്ചിട്ടോ, സ്വന്തം ബോധമില്ലായ്മ കൊണ്ടോ അവരത് വാദിയെ പ്രതിയാക്കി ഉറഞ്ഞുതുള്ളി.
അസൂയയിലും അഹങ്കാരത്തിലും ആൾരൂപമായ അവരോടും നാട്ടുകാർക്ക് നല്ല മതിപ്പില്ല. നാട്ടിലെ സഞ്ചരിക്കുന്ന ബി ബി സി കളിലെ തിരക്കുള്ള സ്ത്രീരത്നവും, പരദൂഷണ- ഏഷണി- നുണക്കഥ പ്രചാരണത്തിന്റെ മുഖ്യ സംഘാടകയുമായ അവരോട് മല്ലിട്ട് ഇല്ലാക്കഥകളിലെ വേഷം കെട്ടാനോ സംസ്കാരമില്ലാത്തവരുമായി വാക്കുതർക്കത്തിനേർപ്പെടാനോ അയൽവാസികളെല്ലാം ഒന്നടങ്കം മടിച്ചു.. അപ്രിയത്തിന് പാത്രമാകുന്നവരെ ശപിക്കുന്ന കൊള്ളുകേലാത്ത സ്ത്രീയായി ജനമവരെ ഇകഴ്ത്തിപ്പാടി.
നകുൽ തരം പോലെ കട്ടു.
ആളും തരവും, ഒളിവും മറവും, ഇരുളും തെളിവും നോക്കി, അങ്ങേയറ്റം ശുഷ്കാന്തിയോടെ അവൻ തന്റെ ജോലി വെടിപ്പായി ചെയ്‌തുകൂട്ടി.. ഒരിക്കൽപ്പോലും തൊണ്ടിമുതലോട് കൂടിയോ, അല്ലാതെയോ വെളിച്ചത്ത് പിടിക്കാനാവാത്തകൊണ്ട് അവനാണെന്ന് അറിഞ്ഞിട്ടും പ്രതികരിക്കാനാവാത്ത ഗതികേടിന്റെ കാറ്റുപിടിച്ച ദിവസങ്ങൾ..
നിധി കാക്കുന്ന ഭൂതങ്ങളായി പെണ്ണുങ്ങൾ സൂക്ഷിച്ചാലും, ഏതെങ്കിലും രീതിക്ക് സമയം അവനെ തുണയ്ക്കും.
അങ്ങനെയുള്ള, നകുൽ ഏത് തരക്കാരനാണ് എന്നറിയാവുന്നതിനാൽ അവനെക്കുറിച്ച് എത്ര മോശപ്പെട്ട വാർത്ത കേട്ടാലും അതെല്ലാം സ്വാഭാവികമേന്നെ പറയാനുണ്ടാകൂ..
തുണിമോഷണത്തിന് പിന്നാലെയാണ് ഇരുളിലേക്ക് ഓടിമറയുന്ന മെലിഞ്ഞുനീളമുള്ള ഒരാളെക്കുറിച്ച് കേട്ട് തുടങ്ങുന്നത്.
മണിച്ചിത്രത്താഴിലെ നാഗവല്ലിക്ക്, ഗംഗയുടെ ഭർത്താവിന്റെ ഉറക്കമളക്കാനും ആഴം കൂട്ടാനും അറിയുന്ന പോലെ പെണ്ണുങ്ങൾ കുളിക്കാറാകുമ്പോൾ ഈ മെലിഞ്ഞ് പൊക്കമുള്ള ശരീരത്തിന്നുടമ, ഒളിക്കണ്ണുകൾ പ്രവർത്തിപ്പിക്കാൻ വരുന്നതിന്റെ വരവ് പോക്കുകൾ കൂടി, ആകെ പ്രശ്നമായപ്പോൾ എങ്ങനേം പിടിക്കാൻ തന്നെ അവിടത്തുകാർ ഉറപ്പിച്ചു.
നകുലിന് നല്ല തടിയും ഉയരക്കുറവും ഉണ്ടായിരുന്നിട്ടും മിന്നൽപ്പിണർ പോലെ മോഷണം നടത്തി ഓടുന്ന കഴിവ് കാരണം അവൻ തന്നെയെന്ന് പെണ്ണുങ്ങൾ കരുതി.
ശാന്തയുടെ വീട്ടിലെ പിന്നാമ്പുറത്തെ കുളിമുറിക്കടുത്തൂന്ന് വേപ്പുമരമറ പറ്റി നിന്നയാളെ ആളുകൾ മുണ്ടുകൊണ്ട് ചുറ്റിപ്പിടിച്ച് ഇടിയും തൊഴിയും കൊടുത്ത് പിടിച്ചു..
ആൾക്കൂട്ടം അട കണ്ട ഈച്ച പോലെ പെരുകി.
പരശ്ശതം കണ്ണുകൾ ഒരാളിലേക്ക് ഉറ്റുനോക്കി.
ആരോ മുണ്ട് പിടിച്ചു വലിച്ചു..
ഒരു നിമിഷാർദ്ധത്തേക്ക് ഏവരും പകച്ചുപോയി.. സത്യമോ മിഥ്യയോ എന്നറിയാത്ത പോലെ മിഴിച്ചുനോക്കുമ്പോൾ
അതാ നാട്ടിലെ മാന്യതയുടെ നിറകുടമായ മനുഷ്യനായിരുന്നു.
നാട്ടിലെ നന്മമരം!
പദവികൊണ്ടും പണം കൊണ്ടും പ്രമാണിത്തം കൊണ്ടുമെല്ലാം ശ്രേഷ്ഠനായ ഒരാളാണോ പെണ്ണുങ്ങളുടെ കുളി കാണാൻ ഒളിച്ച്!!!
ഇതിൽപ്പരം മാനഹാനി വേറെയില്ല..
നാട്ടുകാരെല്ലാം അന്തംവിട്ട് വാ പൊളിച്ച്, മൂക്കത്ത് വിരൽ വച്ചപ്പോൾ ഭൂമി പൊട്ടിപ്പിളർന്നന്തർധാനം ചെയ്യാൻ അയാളാ നിമിഷം മോഹിച്ചിരിക്കണം..
തെറിവിളികൾ!
ഏറും ഇടിയും തൊഴിയും!!
നകുൽമാർ പലവിധമുണ്ടെന്ന് ആ രാത്രി ഇരുളിലൂടെ ഇരച്ചു പറയുകയാണ്..
ആ ഇരുൾ വീണ് രാവ് മായുമ്പോൾ ചിലയിടങ്ങളിൽ മാത്രം ഇരുട്ട് കനക്കുന്നുണ്ടാവണം..

