കനവുകളുടെ നക്ഷത്രങ്ങളടർന്ന് നിലം പൊത്തിയതും കാവൽക്കാർ നടന്നകന്നതും എന്തു വേണ്ടതെന്നറിയാതെ മുറിവിൽ കയ്യമർത്തി സഞ്ചാരി മിഴിച്ച് നിന്നതും!
അങ്ങനെ എത്രയാണ്!
പോയ ആറു വർഷങ്ങളുടെ കിതപ്പും മിടിപ്പും പേറി ഇന്നുവരെയുള്ള മണ്ണിന്റെ ആകാശം പിന്നിലേക്ക് മറയും; പകരം ഭൂമിയിലെനിക്ക് മറ്റെന്തിനേക്കാളും പ്രിയപ്പെട്ട നീലവാനം, ചെമ്പൻ ചിറകുകളനക്കാതെ പറക്കുന്ന പരുന്തുകൾ! ഇരുളും പകലും വെയിലും മഴയും ഏറെ മനോഹരമാകുന്ന കണിച്ചുകുളങ്ങരയിലെ വീട്, അമ്പലം, നാട്ടുവഴികൾ, ചെടികൾ, മരങ്ങൾ, ചെമ്പകപ്പൂമണം, കാറ്റ്!
മല, മനുഷ്യർ..
ഭാവി ചിലവിടുമെന്ന് കണക്കാക്കിയിരുന്ന അംബരചുംബികളുടെ കോട്ടമൈതാനം ഓർക്കാപ്പുറത്ത് 'അന്ന് അങ്ങനെ' എന്ന മഞ്ഞഭിത്തിയിൽ കോർക്കുമ്പോൾ
ഏറെയുണ്ടെനിക്ക് ചിരകാലം സൂക്ഷിച്ചു വയ്ക്കാൻ.
ചിലത് ചില്ലിട്ടു വയ്ക്കാൻ,
പലവ മറവിയടുപ്പിലിട്ട് പുകച്ചൊടുക്കാൻ.
തിരിച്ചു പോരുമ്പോഴും, മറ്റു രണ്ടു വർഷങ്ങൾ ചുമന്ന് വീണ്ടുമൊരു വെക്കേഷന് മാനം കയറുമ്പോഴെല്ലാം കൂട്ടിനുണ്ടായിരുന്ന സ്വപ്നങ്ങൾക്ക് കൂറ്റൻ മലനിരകളുടെ ഉയരമായിരുന്നു.
തീർച്ചയായും നനുത്തൊരു വിങ്ങലിൽ നേർത്ത നനവ് കണ്ണിലും നെഞ്ചിലുമുണ്ട്;
ഒരുപാട് കൂട്ടലും കിഴിക്കലുമൊക്കെയായി സമയം കണ്ടെത്തിയിരുന്ന അബ്ദുള്ള ബിൽഡിംഗിലെ അഞ്ഞൂറ്റിപ്പതിനാറിലെ കിടക്ക, തിരിഞ്ഞും മറിഞ്ഞും രാത്രിയുരുട്ടി, റൂം മേറ്റ് സിയയോട് മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചും കഥ പറഞ്ഞുമെല്ലാം ഉറക്കം നീക്കി നിർത്തിയ സമയം, ചിരിയും കണ്ണുനീരും കണ്ട മുറി, സഹാനുഭൂതിയുടെ, സ്നേഹത്തിന്റെ, കുശുമ്പിന്റെയെല്ലാം പെണ്ണടയാളങ്ങൾ തീർത്ത അപ്പോഴത്തെ ഒരേയൊരു ഇന്ത്യക്കാരിയെ അവൾ മറക്കുന്നുണ്ടാവില്ല.
ജീവിതത്തിൽ ഇനി ഞാൻ കാണുമോ എന്നുറപ്പില്ലാത്ത മുഖങ്ങൾ..
ഇത്രയെന്തിത്രയെഴുതാനിരിക്കുന്നുവെന്നോർത്താലും എത്രയോ എണ്ണിയാൽ തീരുന്നില്ലെന്ന് എനിക്കും.
ദുബായ്.
നീയെനിക്കൊരു സ്വപ്നഭൂമിയായിരുന്നു. എന്റെ അന്നം!
അന്നത്തെ ഇരുപത്തിനാലുകാരിയുടെ കച്ചിത്തുരുമ്പും പിടിവള്ളിയുമെല്ലാം നിനക്കു മേലായിരുന്നു.
നിന്നെ ആദ്യം കാണുന്ന ഡിസംബറിലെ അവസാന പകലിൽ കുളിർന്ന് വിറച്ച എന്നിൽ നിന്ന് വേനലിന്റെ പൊള്ളലിൽ എന്നേക്കുമായി മറുകര താണ്ടാനൊരുങ്ങുന്ന എനിക്ക് നീ തന്ന ആനന്ദങ്ങളും ആത്മധൈര്യവും സങ്കടങ്ങളുമൊന്നും ഒട്ടും ചെറുതല്ല!
ആദ്യം കണ്ട എന്നെ നീ ഓർക്കുന്നുണ്ടോ? ആ എട്ടും പൊട്ടും തിരിയാത്ത, പാകമാകാത്ത ഷൂവിൽ പാദം തിരുകി നടക്കാൻ ആയാസപ്പെട്ടു വേദനിച്ച, മനസ്സിൽ വരുമെങ്കിലും ഇംഗ്ലീഷ് വായിൽ കുതിരാത്ത മുറിമുടിക്കാരിയെ?
ഷാർജയിൽ നിന്ന് കരാമയിലേക്കവൾ വന്നിറങ്ങിയ ആ തണുത്ത പകൽ? ഓർമ്മയുണ്ടോ? കുന്നായ്മയും ഏഷണിയും നിറഞ്ഞ കോർപ്പറേറ്റുലകം കണ്ട് തരിച്ച് നേരം വിഴുങ്ങാൻ വെപ്രാളപ്പെട്ട അവളെ നീ മറന്നുകാണില്ല.
നരകകവാടമെന്ന് വിശേഷിപ്പിച്ച ഓഫീസ് ഫ്ലോറിലേക്ക് ലിഫ്റ്റ് തുറക്കുമ്പോഴൊരു യന്ത്രം പോലെ ചിരി പിടിപ്പിച്ച് ഇന്നിനി എന്തു നാടകം കെട്ടണമെന്ന് ആലോചിച്ച് വിഷമിച്ചിരുന്ന എന്നെ ഞാനും വിസ്മരിച്ചിട്ടില്ല.
സ്നേഹവശാൽ ധനികരായിരുന്ന പത്തു മനുഷ്യർ പാർത്തിരുന്ന നാഞ്ഞൂറ്റിയൊന്നിലെ സ്വർഗ്ഗമായിരുന്നു ആകെയുള്ള സന്തോഷവും സമാധാനവും.
വ്യാഴാഴ്ച കലാപരംഗം വിട്ട് എട്ടുമണിക്ക് വീടുപിടിക്കുമ്പോൾ കിട്ടുന്ന സ്വസ്ഥത.
രാവേറെച്ചെന്നും കൂട്ടമായിരുന്ന് കാണുന്ന പ്രേതപ്പടവും പ്രേതാനുഭവങ്ങളുടെ പ്രത്യേക പരിപാടിയും.
വെള്ളിയാഴ്ച വൈകിട്ട് പുറത്തു നിന്നാവും അത്താഴം; അപ്പൊഴെന്ത് ഓർഡർ ചെയ്യുമെന്ന് ശങ്കിച്ച് ഉറക്കം പോലുമില്ലാതെ ലിറ്റി ആലോചന തുടരും. ഇവിടെ മാത്രമൊരിക്കലും ഒറ്റച്ചിന്തയുടെ കണിക തരിമ്പും കലരില്ല. ചിക്കൻ ബിരിയാണിയിൽ എനിക്കുള്ള പ്രേമമെല്ലായിടവും അങ്ങാടിപ്പാട്ടായിരുന്നു.
വശപ്പെടാത്ത ജോലിയിലെ മുഷിപ്പ് മുഴുവൻ കുടഞ്ഞിട്ട് വെള്ളി പോകെ അടുത്ത ആഴ്ചയിലേക്കുള്ള ഭാരവണ്ടി മുന്നിൽ വന്നു നിൽക്കും. വീണ്ടുമതേ വിചാരങ്ങൾ. വിചാരണകൾ!
മറികടക്കാനാവാത്ത ആ ദുർഘടസന്ധി തരണം ചെയ്ത് ഒരു കാലയളവില്പിന്നീട് പറന്നുതുടങ്ങുമ്പോൾ പഴയ കൂടുണ്ടായിരുന്നില്ല ചേക്കേറാൻ.
കിളിക്കൂടുടഞ്ഞു പോയിരുന്നു.
പക്ഷികൾ മിക്കതും പുതിയ ചില്ലയിലേക്കും പുത്തൻ വാനവിതാനങ്ങളിലേക്കും പറന്നു പോയിരുന്നു.
