Followers

Friday, 14 September 2018


എത്രവേഗമാണ് ഓർമകൾ കുന്നുകൂടുന്നത്..
മനുഷ്യർ മണ്മറയുന്നത്..

കാൽ തൊട്ട് കണ്ണിൽ വയ്ക്കുമ്പോൾ തമ്മിലിനിയൊരു കൂടിക്കാഴ്ചയുണ്ടാവില്ലെന്ന് മണി അച്ഛൻ പറഞ്ഞത് ഇന്ന് അന്വർത്ഥമായി.
പ്രായമുള്ളയാളാണ്,മരിക്കേണ്ടതാണ് എന്നൊക്കെ പറയാമെങ്കിലും പ്രിയപ്പെട്ടവർ നഷ്ടപ്പെടുന്ന നോവ് ഭീകരമാണ്. അതേതു പ്രായത്തിൽ മരിച്ചാലും വേദനയാണ്..

മണി അച്ഛൻ എനിക്ക് ,സ്നേഹിച്ചുകൊതിതീരും മുന്നേ എന്നെവിട്ട് പോയ അച്ചാമ്മയുടെ  ജീവിച്ചിരിക്കുന്ന പ്രതിരൂപമായിരുന്നു.

മണ്മറഞ്ഞുപോയിട്ടും അച്ചാമ്മയെ ഞാൻ കണ്ടുകൊണ്ടിരുന്ന മുഖം.
അമ്മാവന് കൂടുതലാണെന്നുള്ള അച്ഛന്റെ മെസേജ് പിന്നീട് അമ്മാവൻ മരിച്ചു എന്നായി മാറി.

അച്ഛനയച്ച ആ രണ്ട്‌ വാചകങ്ങളെ ഏറെ നേരം നോക്കിയിരുന്ന് ഒടുവിൽ കണ്ണുനീർ വീണ് മാഞ്ഞുപോയി. അവ വെറും അക്ഷരങ്ങൾ തുന്നിച്ചേർത്ത വാക്കുകളായിരുന്നില്ല...
വിവരിക്കാനാവാത്തൊരു വേദന അവയിൽ വിങ്ങി നിൽപ്പുണ്ട്.

ഒന്നിച്ചുണ്ടായിരുന്ന നിമിഷങ്ങളെല്ലാം പടിപടിയായി ഓർമയിലേക്ക് ഒഴുകിയെത്തി.
അസുഖം കൂടിയെന്ന് കേട്ടപ്പോൾ തൊട്ട് ഞാൻ അസ്വസ്ഥയായിരുന്നു.പുലർച്ചയ്ക്ക് പതിവില്ലാതെ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ ആലോചിച്ചത് കൂടുതലും മണി അച്ഛനെക്കുറിച്ചാണ്.

മരിക്കുന്ന നേരം മണി അച്ഛന്റെ ആത്മാവ്  എന്നെക്കൊണ്ട് ഓർമിപ്പിച്ചതാവണമെന്ന് പിന്നീട് തോന്നി.

പ്രായം കൊണ്ട് അവശനായി തുടങ്ങുന്ന സമയത്താണ് ഞാൻ ദുബായിലേക്ക് പോരുന്നത്.ഇടയിൽ ചെന്നപ്പോൾ അസുഖം കൂടിയും കുറഞ്ഞും ഇരുന്നു.
2005 ൽ മാമന്റെ കല്യാണത്തിന് എത്ര ചുറുചുറുക്കോടെ ഓടിനടന്നയാളാണ്.

ഓർക്കാനിപ്പോൾ ഒരുപിടി ഓർമചിത്രങ്ങൾ കോറിയിട്ടു മണി അച്ഛനവിടെ ചേതനയറ്റ് കിടപ്പുണ്ടാവും.
ഉത്സവത്തിന് വീട്ടിൽ വന്നിരുന്ന് വർത്തമാനം പറഞ്ഞൊക്കെ ഇന്നലെയെന്നത് പോലെയുണ്ട് മനസിൽ.

പ്രായാധിക്യം മണി അച്ഛനെ കുറച്ചൊന്നു നോവിച്ചു. ഓർമ പതുക്കെ മങ്ങിയെങ്കിലും പിന്നെയിടയ്ക്ക് മറവിയുടെ മാറാല നീക്കി പുറത്ത് വരും. നടക്കുമ്പോൾ വീഴുന്നുവെന്ന് അമ്മ പറഞ്ഞുകേൾക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നും. നടക്കരുതെന്ന്  പറഞ്ഞാലൊന്നും കേൾക്കില്ലെന്ന് മാത്രമല്ല കണ്ണ് തെറ്റിയാൽ പറമ്പിലേക്ക് ഓടിക്കളയുകയും ചെയ്യും. വയസായാൽ കുട്ടികളെക്കാൾ കുസൃതി കൂടുമെന്നുള്ളത് എത്ര ശരിയാണ്.

കാറിലെത്ര കയറിയാലും മതി വരാതെ, ആഗ്രഹത്തോടെ നോക്കി നിൽക്കുന്ന മണി അച്ഛൻ പടിയത്ത് വീട്ടിലെ വരാന്തയിൽ അങ്ങനെ തന്നെ നിൽപ്പുണ്ട്.

മണി വൈദ്യർ മരിച്ചുപോയെന്ന് നാട്ടുകാർ പറഞ്ഞിരിക്കും.

ഇല്ലല്ലോ എന്ന് വിചാരിക്കുമ്പോഴെല്ലാം കണ്ണ് നിറയും.പക്ഷേ തൊണ്ണൂറുകളുടെ വൈഷമ്യതകളിൽ നിന്നുള്ള മോചനം മണി അച്ഛന് അനിവാര്യമായിരുന്നു.

വേദനകൾ കനച്ച ലോകത്ത് നിന്ന് അപ്പൂപ്പനും അമ്മൂമ്മയും അച്ചിച്ചനും അച്ചാമ്മയുമെല്ലാം പിരിഞ്ഞുപോയി.

എന്റെ ഹൃദയത്തിൽ വിരിഞ്ഞ താമരപ്പൂക്കളായിരുന്നു അവരെല്ലാവരും.
ഒരുകാലത്തും വാടാത്ത താമരപ്പൂവുകൾ...


Wednesday, 12 September 2018

നീയൊരോർമയായി മാഞ്ഞുതുടങ്ങുന്നു എന്നറിയുന്നിടത്താണ് നാം വീണ്ടും ജീവിച്ചുതുടങ്ങുന്നത്...
അസ്തമിക്കപ്പെടുവാനായി മാത്രം നിറശോഭയോടെ പുനർജനിക്കുകയും  ചെഞ്ചായം കലർന്ന ആകാശത്ത് സൂര്യൻ വേദനയോടെ പുഞ്ചിരിക്കുകയും ചെയ്യും.
നഷ്ടപ്പെടുന്നതിന്റെ നോവാണോ അതെന്നെന്നോട് ചോദിച്ചാൽ ഇനിയൊരിക്കലും തിരികെ വരാത്ത ഈ സന്ധ്യയെന്നെ 

നോവിക്കുന്നുവെന്ന് പറയും.
ഞാനൊറ്റയ്ക്കാണ്.
വരാന്തയിൽ, കടൽക്കാറ്റ് കൊണ്ടിരുന്ന് ചോന്ന രത്നക്കല്ല് കെട്ടിയ കുളത്തിൽ മുങ്ങുന്ന സൂര്യനെ കണ്ടവസാനിക്കുന്ന എന്റെ സന്ധ്യകൾ..
അദൃശ്യമായ പാളികൾക്കപ്പുറത്ത്,എന്റെ കാഴ്ചയ്ക്കുമപ്പുറത്ത് നീയെന്നെ കാണുന്നുണ്ടോയെന്നറിയില്ലെങ്കിലും ഞാൻ അങ്ങനെ വിചാരിക്കുന്നു.
എന്നെ നീ കാണുകയും കേൾക്കുകയും എന്നാലെനിക്ക് മറയപ്പെട്ടും,നീ കൂടെയുണ്ട് എന്ന ചിന്തയിലാണ് ഞാനെന്നെ ഭദ്രമാക്കിയിട്ടുള്ളത്.

ഓരോ അസ്തമയ സൂര്യനും ചോപ്പുരാശി പൂണ്ട് നിൽക്കുമ്പോൾ വേർതിരിച്ചറിയാനാവാത്തൊരു ദുഃഖമെന്റെ നെഞ്ചിലുരുണ്ട് കൂടും.
ഒരു മഴയിപ്പോൾ പെയ്താൽ മരിച്ചുവീഴാവുന്നത്ര കാർമേഘങ്ങളെ പേറിയുള്ള യാത്രയെനിക്ക് മടുത്തു.

തിരിഞ്ഞുനോക്കിയാലൊരുപക്ഷേ,ഒരു മാത്ര മിന്നിമാഞ്ഞു കാണാൻ,പാതിവഴിലെങ്ങാൻ നീയുണ്ടോവെന്ന് ഞാൻ തിരിഞ്ഞുനോക്കാറുണ്ട്.
ആഞ്ഞലയ്ക്കുന്ന തിരമാലകളെയല്ലാതെ മറ്റൊന്നും അവിടെ ശേഷിക്കയുണ്ടാവില്ല.
നാമൊന്നിച്ചു തുന്നിയ പട്ടുവിരിപ്പിലെ പൂമ്പാറ്റയെ ഓർക്കുന്നോ നീ..
അതിന്റെ ചിറകിൽ ഞാനിന്നും മഴവില്ലിനെ തേടാറുണ്ട്.
പറന്ന് പോകാൻ അതിനും മോഹമുണ്ടെന്ന് തോന്നുന്നു.
ചില രാത്രികളിൽ ഓർമകളെല്ലാം കൂടി എന്റെ തലയ്ക്കൽ വന്ന് ബഹളം പൂണ്ട് ആരാദ്യം, ആരാദ്യം എന്നൊച്ചവച്ച് മനസിലെ പിന്നിലേക്കുള്ള ജനാല തുറന്നിടും.. കണ്ണുനീർ വീണ് കുതിർന്ന്, തൊണ്ടയിൽ കുരുങ്ങിപ്പോയ കരച്ചിൽ നിന്റെ പേര് വിതുമ്പാറുണ്ട്. പോറിപ്പോയ, മങ്ങിയ ഒരു ചിത്രം ഹൃദയഭിത്തിമേൽ തൂങ്ങുന്നു..
ഏകാന്തത പിന്നെയും പെറ്റുകൂട്ടി,എനിക്ക് ചുറ്റുമവ പാട്ട് പാടുന്നു...
നൃത്തം വയ്ക്കുന്നു.
ഇനിയേത് ലോകത്ത് വച്ചാണ് നിന്നെയൊന്നു കാണാനാവുക..

സ്മൃതിതീരങ്ങളിലൊഴുകി ഊനമറിയാതെ ഉഴറുന്നൊരു തോണിയായി ഞാനും മാഞ്ഞുപോയൊരോർമയായി എന്നെ നീറ്റി നീയും..
പ്രിയപ്പെട്ടവളേ,
ഇനിയുമെനിക്ക് പകർന്നുതരാൻ സ്നേഹം ബാക്കിയായിരുന്നു.
പാതയോരമതാ നീളുന്നു.
ഞാനിനിയും യാത്ര തുടരട്ടെ..