Followers

Friday, 19 April 2019


നമുക്കൊരോർമയുടെ തേരേറിപ്പായാം.
മടുക്കുമ്പോൾ അതേയോർമയുടെ കാൽവരിക്കുന്നുകളിൽ ഒന്നിച്ചിരിക്കാം.
പിന്നേയും പായണം. അടുത്ത മദ്ധ്യാഹ്നം വരേയ്ക്കെങ്കിലും..!




ഹരിദ്വാറിലെ ഗംഗാതീരത്തെ, എണ്ണമറ്റ ചിതകളിലൊന്നിലെ പാതിവെന്തടർന്ന ശവത്തെപ്പോലെയാണ് മുറിസ്വപ്നത്തിൽ നിന്ന് ഞാനുണരുന്നത്.
അവ്യക്തത കലർന്ന ഏതാനും നുറുങ്ങുകളല്ലാതെ യാതൊന്നും ശേഷിക്കാത്ത സ്വപ്നത്തെ, ചിതകളിലേക്കുള്ള നീളൻവരിക്ക് മുഴുപ്പേറുമ്പോൾ കത്തിക്കൊണ്ടിരിക്കുന്ന ശവങ്ങളെ ചിക്കിത്തോണ്ടി ഗംഗയിലേക്കെറിയുന്നതുപോലെ ഞാനും വലിച്ചെറിഞ്ഞു.

മനസ്സിന്നൊരു കോണിൽ, കറുത്ത കൂട് മറവിക്ക് വിട്ടുകൊടുത്തിരിക്കയാണ്.
മാറാല തുന്നുന്ന ഒരു വരയൻ ചിലന്തിയുണ്ട് ആ കൂടിന്നകത്ത്.
ഓർമകളാണ് ഇഷ്ടഭോജനം.
കാർന്നുകാർന്നു അതെന്റെ എല്ലായോർമകളെയും തിന്നുതീർത്ത് മറവിക്കൂടിലെ ഇരുട്ടിന് കനപ്പ് തീർക്കുകയാണ്.
ആ വശത്തേക്ക് ഞാൻ നോക്കാറില്ല.. നോക്കിയാലും ഇരുളിമയല്ലാതെ മറ്റൊന്നും കാണാനാവില്ല.
കഴിഞ്ഞകാലങ്ങളുടെ, പത്തിരുപതുകൊല്ലങ്ങളുടെ, ചീഞ്ഞതും നാറുന്നതുമായ, മറവിയുടെ ചതുപ്പുനിലമെന്നും 'ഗുളുഗുളു' പതകളുണ്ടാക്കി മേലെ, ഓർമത്തീറ്റയിലേർപ്പെടുന്ന ചിലന്തിയിലേക്ക് ഉറ്റുനോക്കും.

പുതു ഓർമകൾ, കമ്പ് മുറിച്ചുവച്ച റോസാച്ചെടി മാതിരിയാണ്. പ്രശോഭ പരത്തി, പുഷ്പകവാടിയായി എന്റെ മാനസോദ്യാനത്തിലെ മരതകമായി ഓർമത്തോപ്പ് വെളുവെളാ തിളങ്ങുന്നു.
മഴ പെയ്യാറുണ്ട്, അവിടെയിടയ്ക്ക് മഞ്ഞും വെയിലും എത്തിനോക്കാറുണ്ട്.
ബ്യൂട്ടി ആൻഡ് ദി ബീസ്റ്റിലെപ്പോലെ കൊച്ചൊരു രാക്ഷസനെ ഞാൻ ഉദ്യാനപാലകനായി നിയമിച്ചിട്ടുണ്ട്.
മുറിക്കപ്പെട്ട കമ്പിന്റെ നോവിൽ പച്ചമണ്ണ് പുരട്ടി തഴുകി നനവെള്ളം തളിച്ച്, മറ്റൊരു പനിനീർപ്പൂക്കാലം കിനാവ് കണ്ടവൻ തളിരിലകളെ കാത്തിരിക്കും. വേദന മറന്ന കുഞ്ഞിച്ചെടി പുത്യ ജീവിതത്തിലേക്ക് പിച്ച വയ്ക്കും.
കുരുന്നിലകൾ..
കുഞ്ഞു മുകുളങ്ങൾ..
ഒടുവിലായി പച്ചത്തണ്ടിന്നറ്റത്ത്, വിടർന്ന് പരിമളം പരത്തുന്ന ഒരു 
കൊച്ചുറോസാപ്പൂവ്!

ചെമ്പകച്ചോട്ടിൽ കിടന്നുമയങ്ങുകയായിരുന്ന അവനിത് കണ്ട് ആഹ്ലാദിച്ചാർപ്പ് കൂട്ടി, നവ സ്മൃതിയെ നെഞ്ചോട് ചേർക്കും.

തൊട്ടടുത്ത നിമിഷമവന്റെ നെഞ്ചിൽ മുഴങ്ങുന്നൊരു പെരുമ്പറ എന്റെ കാതിൽ വന്നലച്ച് സമാധാനം കെടുത്താറുണ്ട്.

ഓരോ ഓർമയുടെയും അവസാനവകാശി, മറവിക്കൂട്ടിലെ ചിലന്തിയാണ്. ഓർമ പിറന്ന നാൾ മുതൽ, പെറ്റുവളർത്തി, മാറോട് ചേർത്ത് ലാളിക്കുന്നവരേക്കാൾ അതിന്റെ ജീവിതത്തെ സസൂക്ഷ്മം വീക്ഷിക്കുന്നത് ഈ ചിലന്തിയാണ്.
തനിക്ക് വിശപ്പടക്കാനുള്ളതാണല്ലോ വളരുന്നതെന്ന ചിന്തയിൽ, ചിലന്തി ഓർമത്തോപ്പിലേക്ക് കൊതിയോടെ നാവുനീട്ടും!
ഒരോർമയ്ക്കും എനിക്കോ രാക്ഷസനോ അവകാശമില്ല! അതുകൊണ്ട് തന്നെ ചതുപ്പുനിലത്തിനും ഓർമത്തോപ്പിനുമിടയ്ക്ക് പടുകൂറ്റൻ മതിൽ പണിയാൻ ഉദ്യാനപാലകൻ പറഞ്ഞപ്പോഴെല്ലാം ഞാൻ നിരാശയുടെ വിത്തുകൾ അവനെയേല്പിച്ചു.
അവനതും നോക്കിയേറെനേരം നിന്ന്, പിന്നെ കണ്ണുനനച്ച് പിന്തിരിഞ്ഞു.
അത്യന്തം വെറുപ്പോടെ ഞാനാ ചിലന്തിയെ നോക്കുമ്പോഴെല്ലാം ക്രൂരദൃഷ്ടിയോടെ അതെന്നെ നോക്കി വായ് പിളർക്കും.

ഇപ്പോൾക്കണ്ട സ്വപ്നത്തിന്റെ വാലും തലയുമെല്ലാം അതിരുന്ന് തിന്നാൻ ഭാവിക്കയാണ്.
അരുതേ, എന്നെയൊന്ന് കാണിച്ചിട്ടാവൂയെന്ന് അലറിപ്പറഞ്ഞിട്ടും ദുഷ്ടജീവി അതുകേട്ട മട്ട് കാട്ടിയില്ല. 
ഓർമത്തോപ്പ് മുഴുവൻ ഞാനലഞ്ഞു പരതി.. റോസമുള്ളുകൾ കൊണ്ടെന്റെ കൈത്തണ്ടമേൽ പോറൽപ്പാടുകൾ വകഞ്ഞുമാറ്റി ചോരക്കുട്ടി മോണകാട്ടി ചിരിച്ചു.

ചിലന്തിയുടെ വായിൽ കയ്യിട്ട്, എന്റെ പ്രയാസം പങ്കിടാനെത്തിയ രാക്ഷസൻ സ്വപ്നക്കീറുകളെ പുറത്തേക്കെടുക്കാൻ ശ്രമിച്ചപ്പോൾ കരിനീലപ്പല്ലുകളാഴ്ത്തി ചിലന്തിയവന് മറവിക്കൂട്ടിലെ അഴുകിയ ചില ഓർമച്ചീന്തെടുത്ത് മുന്നിലേക്കിട്ടു!

ഞാനതിന്റെ തൊണ്ടമേൽ പിടിച്ചൊന്ന് ഞെക്കി. ചിലന്തി വിങ്ങിയൊന്ന് ചുമച്ചു. മൂന്നുനാല് കഷ്ണങ്ങൾ പുറത്തേക്ക് വീണു.
ഉമിനീരിൽ കുതിർന്നവയെ ഞാൻ ഓർമത്തോപ്പിലെ വെയിലിൽ വിതർത്തുവച്ചു.

നീലനിലാവ് പരന്നൊഴുകിയ, കാട്ടരുവിയിൽ പ്രതിഫലനമെന്നോണം ഇന്ദ്രനീലങ്ങൾ വെട്ടിത്തിളങ്ങുന്നു. ചന്ദ്രന്റെ കൈപിടിച്ച്, വെളിച്ചമെന്നെ മുന്നോട്ട് നടത്തിക്കയാണ്.
വഴിക്കിരുവശത്തും കാതടിപ്പിക്കുന്ന ശബ്ദത്തിൽ ചീവീടുകൾ കൂട്ടം ചേർന്ന് സംഘഗാനം പാടുന്നു.
കൊക്കകളുടെ അതിരുകളിൽ, പൊട്ടുവെളിച്ചടോർച്ചുകൾ തെളിച്ച് മിന്നാമിനുങ്ങുകൾ എനിക്കൊപ്പം തുണ വന്നു.

കാടിന്റെ പച്ചപ്പിനെ ഇരുട്ടിൽ വികൃതമായ ഒച്ചയായിട്ടല്ലാതെ മറ്റൊരനുഭവത്തിലും ഓർക്കാനാവുന്നില്ല.
അടുത്തെവിടെയോ, പാലമരമുണ്ടെന്നോതി, വശ്യഗന്ധിയായി, മണമൊഴുകിവന്നെന്റെ മൂക്കിൽ വാസമുറപ്പിച്ചു. 

പാലമരത്തെയോർക്കുമ്പോഴെല്ലാം ചിലന്തി ദാനം തന്ന, പ്രേതസീരിയലുകളിലേയും സിനിമകളിലേയും കണ്ടുമറന്ന സകലപ്രേതങ്ങളും, ഓർമകളിൽ വെള്ളസാരിയുടെ മുന്താണി വീശി എന്നെ നോക്കി അട്ടഹസിച്ചു.

കരിമ്പനകളിൽ നിന്ന് യക്ഷികൾ നോക്കുന്നുണ്ടെന്ന് പ്രജ്ഞയെനിക്ക് സംജ്ഞ നൽകി. അവർക്കെന്റെ രക്തമാണോ വേണ്ടത്!
കണ്ണയയ്ക്കാൻ എനിക്ക് പേടിയായിരുന്നിട്ട് കൂടി, നീലച്ചുണ്ടുള്ള ഒരു യക്ഷിയെ ഞാൻ വ്യക്തമായിക്കണ്ടു.
പല്ലും നഖവും മുടിയും മാത്രമവശേഷിപ്പിച്ച്, അവരെന്നെ തിന്നുതീർക്കുമോ?
ഭയമെന്റെ സിരകളിൽ എവിടേക്കെന്നറിയാത്ത പഥികരെന്നോണം ഓടിനടന്നു.

ഞാൻ നടക്കുന്തോറും കാട് പിന്നിൽ വളരുകയാണ്. കാട്ടരുവിയ്ക്ക് നീളവും വണ്ണവും വയ്ക്കുന്നുണ്ട്.

കുറച്ചുകഴിഞ്ഞപ്പോൾ പുരാതനകാലത്തെ ഒരില്ലത്തിന്റെ മുറ്റത്ത് ഞാനെത്തി.
പിച്ചിയും മുല്ലയും മണക്കുന്ന കാറ്റ് തുളസിത്തറയ്ക്കൽ വന്നെത്തിനോക്കി.
ആരെന്നറിയാത്ത ഒരു സ്ത്രീ ഉമ്മറപ്പടിമേൽ വന്നിരുന്നു. രാവ് പൊടുന്നനെ സന്ധ്യയായി മാറിയതെന്നെ അതിശയം കൂറിച്ചു.
പോക്കുവെയിൽ തട്ടി അവരുടെ മുടിയിഴകൾ സ്വർണ്ണമായിത്തിളങ്ങി. 
വീട്ടുപടിക്കലേക്ക്, അടുത്ത വീട്ടിലെ സ്ത്രീയൊരുവൾ, കയ്യിലൊരു കുടവുമേന്തി വന്നു.

അവരെ ഞാൻ നിമിഷങ്ങൾക്കകം തിരിച്ചറിഞ്ഞു. അത് കാട്ടിലെ കരിമ്പനമുകളിലെ യക്ഷിയായിരുന്നു. ഇവിടെയെങ്ങനെ വന്നു?

എനിക്കവരെ മനസിലായെന്ന് സ്ത്രീയുടെ മുഖത്തെ രൗദ്രതയിൽ യക്ഷിമുഖം വികൃതച്ചിരി ചിരിച്ചു.
ഉമ്മറപ്പടിയിലിരുന്ന സ്ത്രീ ഇവർ വന്നപ്പോളേക്കും കിണറ്റിങ്കരയിലിരുന്ന തൊട്ടിയെടുത്ത് വെള്ളം കോരിത്തുടങ്ങി.
കുടത്തിലേക്കൊഴിച്ച വെള്ളം കണ്ട് ഞാൻ പിന്നെയും ഭയന്നു.
അത് നിറയെ രക്തമായിരുന്നു.. വേച്ചുവേച്ച് ഞാൻ കിണറ്റിന്നുള്ളിലേക്ക് നോക്കി. രക്തം തന്നെ!
ഇതാണോ ഇവർ കോരി കുടത്തിലാക്കുന്നത്!!
യക്ഷി എന്നോടിരിക്കാൻ ആജ്ഞാപിച്ചു. ഭയന്നുവിറച്ച ഞാൻ, ഏതുനിമിഷവും മരണപ്പെടുമെന്ന് ഉറച്ച് ഇളംതിണ്ണയിലേക്ക് തകർന്നിരുന്നു.
പൊട്ടിപ്പൊളിഞ്ഞ, തൊഴുത്തിൽ നിന്ന് പശുക്കളുടെ അമറലും കൊതുകുകളുടെ മൂളലുമല്ലാതെ യാതൊന്നും കേൾപ്പാനില്ല.

"നീയെന്തിന് വന്നു ഇവിടേക്ക്?"

അടച്ച സ്വരമെന്നിലേക്ക് ദൃംഷ്ടകൾക്കിടയിൽ നിന്നൊഴുകി.

"അറിഞ്ഞൂ..അറിഞ്ഞൂടാ.. ഞാൻ കാട്ടില്, നടന്ന് നടന്ന്, ഇവിടെ അറി.. അറിഞ്ഞൂടാ.."

തൊണ്ടയിൽ കരച്ചിൽ കുരുകുരുത്ത് വാക്കുകളെ തൊണ്ടക്കുഴി വിഴുങ്ങിയരച്ചാണ് നാവിലേക്ക് എത്തിക്കുന്നത്.

"ഇത് മരണത്തിന്റെ ലോകമാണ്. ജീവിച്ചിരിക്കുന്നവർക്ക് അപ്രാപ്യം!"

ശരീരം മുഴുവൻ ഒരു കൊള്ളിയാൻ തണുപ്പിന്റെ അസ്ത്രങ്ങളുമായി പാഞ്ഞുപോയി. ജീവിച്ചിരിക്കുന്നവർക്ക് അപ്രാപ്യമെന്ന് പറയുമ്പോൾ, ഞാനിനിയും മരിച്ചിട്ടില്ല, എന്ന് ഞാൻ തിരിച്ചറിഞ്ഞു.

നീളൻ മുടി മണ്ണിലിഴച്ച്, നിലത്തുറയ്ക്കാത്ത കാലുകളോടെ യക്ഷി 
കുടത്തിലെ രക്തം പകുതി കുടിച്ചുതീർത്തു.

"നിനക്ക് ദാഹിക്കുന്നുണ്ടോ?" കുടിക്കാൻ ഇതേയുള്ളൂ"

നീലച്ചുണ്ടിലെ രക്തപ്പാട് ചൂണ്ടുവിരലിനാൽ തൂത്തുകൊണ്ട് യക്ഷി കുടമെനിക്ക് നേർ നീട്ടി.
വേണ്ടെന്ന് ദയനീയമായി തലയാട്ടുകയല്ലാതെ എനിക്ക് ഒന്ന് മൂളാൻ കൂടി കഴിഞ്ഞില്ല.

"മരണത്തിന്റെ ലോകത്തേക്കുള്ള പാത അതികഠിനമാണ്. എഴുവാതിലുകൾ താണ്ടിവേണം കാടിനുള്ളിൽ പ്രവേശിക്കാൻ. കടലിന്നടിത്തട്ടിൽ മാത്രമേ, പ്രവേശനഗോപുരമുള്ളൂ.. പക്ഷേ അവിടം മത്സ്യകന്യകമാരാൽ കാവലുണ്ട്. ഇത്ര മൈലുകൾ നീയെങ്ങനെ, ചേതനയുള്ള ശരീരവുമായി വന്നെത്തിയെന്ന് ഒരറിവും കിട്ടുന്നില്ലല്ലോ"

യക്ഷി എന്നെയൊന്ന് നോക്കിയിട്ട്, ഇടം കയ്യിലെ രേഖകൾ പരിശോധിച്ചു.
ഐസ് വച്ചതുപോലെ എനിക്ക് കുളിർന്നു.

"ഇല്ല.. മരണത്തിന്റെ മല നിന്റെ വഴിയിലെങ്ങും  വളരാൻ ആരംഭിച്ചിട്ടില്ല. ജീവിതചക്രവും നിലച്ചിട്ടില്ല.. എന്നിട്ടും തുടിക്കുന്ന ഹൃദയം നെഞ്ചിൽ പേറുന്ന, ഒരാൾ ഇവിടം വന്നെത്തുന്നത് ആദ്യം"

ഭയം കൊണ്ട് വിറളിപ്പോയ എന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി.

"പറയൂ.. നീയാര്? " യക്ഷി വീണ്ടും ചോദ്യമാവർത്തിച്ചു.
അന്തംവിട്ടിരിക്കയല്ലാതെ മറ്റൊന്നുമെനിക്ക് പറയാനുണ്ടായിരുന്നില്ല..
യക്ഷിക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെന്നെ വീട്ടിന്നുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി.
യക്ഷിയും പിന്നാലെ വന്നു.
അകത്തളത്തിലെ സാലഭഞ്ജികമാർക്കിടയിൽ അവരെന്നെ കൊണ്ടുചെന്നിരുത്തി.

മങ്ങിയ നിറമുള്ള മുണ്ടും നേര്യതുമുടുത്ത്, മുടി വട്ടം കെട്ടിയ ചാന്തുകാരി ഒരാൾ എന്റെയടുക്കലേക്ക് വന്നു. യക്ഷി ചിത്രഗുപ്തന്റെ കാലഗോപുരത്തിലേക്ക് പോയി.

"കാണണോ നിനക്ക്? നിന്റെ കുടുംബത്തൂന്ന് മരിച്ചുവന്നവരുണ്ട് ഇവിടെ. കുറച്ചപ്രത്തായി അവര് താമസിക്കണിടമാ" അവരെന്നോട് വശ്യമായി ചിരിച്ചു.
അധികം നേരമെടുക്കാതെ തിരിച്ചുപോകേണ്ടതുണ്ടെന്നും, ഇല്ലെങ്കിൽ മരണപ്പെടുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നും മരണലോകത്തെ രഹസ്യങ്ങളെ ചികയാൻ ശ്രമിക്കയുമരുതെന്ന താക്കീതോടെ വാക്കുകൾ കൂട്ടിച്ചേർത്തുകൊണ്ട്, ചാന്തുകാരി എന്നെ അവിടേക്ക് കൂട്ടിപ്പോയി.
വെള്ളനിറത്തിൽ, തടിയഴികൾ വരി തീർത്ത നൂറു ജനാലകളുള്ള, ഒറ്റനിലക്കെട്ടിടമായിരുന്നു അത്.
ഭയപ്പാടിലും, അച്ചാമ്മയെ കാണാമെന്ന ആനന്ദമൊരു വെള്ളരിപ്പ്രാവായി ചിറകടിച്ചാർത്തു.

മുന്നിലെ വളവ് തിരിയുമ്പോഴേ കണ്ടു, പടിഞ്ഞാറ്റയിലെ ജാനകി അച്ചാമ്മ നിന്ന് മുടി കോതുകയാണ്. പണ്ടേയുള്ള ശീലമാണ്, രാവിലെയുള്ള കുളീം അലക്കിയുണക്കിയ മുണ്ടും ബ്ലൗസുമിട്ട്, നെറ്റിയിലൊരു ഭസ്മക്കുറീം വരച്ച്, മൂന്നും നാലേഴ്‌ മുടീം ചീകിയൊതുക്കി നാമം ജപിക്കണത്.
എന്നെക്കണ്ട് അച്ചാമ്മ ആശ്ചര്യസ്തബ്ധയായി. ഞാൻ മരിച്ചുവെന്ന് കരുതിക്കാണണം..
അടുത്തുചെന്നപ്പോൾ കൂട്ടിക്കൂറ മണത്തു.
ഇതൊക്കെയിവിടെ കിട്ടുമോയെന്ന് കണ്ണുമിഴിച്ചു ചോദിച്ചപ്പോൾ, അച്ചാമ്മ വെളുക്കെ ചിരിച്ചു.

ജീവിച്ചിരുന്ന കാലത്ത്, അച്ചാമ്മയുടെ തുണക്കാരി ആയിരുന്നു ഞാൻ. കൊച്ചുവർത്തമാനങ്ങൾ പറഞ്ഞും, അച്ചാമ്മയുടെ വാക്കുകളിൽ കേൾവി നട്ടും, ഞങ്ങളുടെ കൊച്ചുലകത്തിൽ എത്രയോ രാവുകളിൽ ഒന്നിച്ചുറങ്ങി.
അന്നുപറഞ്ഞുകേട്ട ഏറ്റോം കടുത്ത ആഗ്രഹങ്ങളിലൊന്നായിരുന്നു, ഇളയ പേരക്കുട്ടിയുടെ കുട്ടിയെക്കണ്ടിട്ട് കണ്ണടയ്ക്കണമെന്ന്.
കണ്ണാണ്ണന് ഉണ്ണിയും ഗായുവും പിറന്ന വർത്താനം ഞാൻ സന്തോഷത്തോടെ പങ്കിട്ടു.
അച്ചാമ്മക്കരികിൽ നിന്ന് അടുത്ത മുറിയിലെത്തുമ്പോൾ അടുത്ത വീട്ടിലെ ലളിതച്ചേച്ചിയുടെ അമ്മ, പങ്കജാക്ഷിയമ്മ മെലിഞ്ഞ കാലുകളിൽ അശ്വഗന്ധ തൈലം പുരട്ടുകയാണ്.
അവരും എന്നെക്കണ്ട് ഓർമയിൽ തിടുക്കപ്പെട്ട് പരതി. മനസിലായപ്പോൾ താടിയിൽ പിടിച്ചിത്ര ചെറിയ പ്രായത്തിൽ മരണപ്പെട്ടല്ലോവെന്ന് വ്യസനിച്ചു.

അവരെയോർത്തെന്നും എനിക്ക് പാവം തോന്നുമായിരുന്നു. മഴക്കാലത്ത് അന്നൊക്കെ തോനെ വെള്ളം നിറയും. നിർത്താതെ പെയ്യുന്ന പേമാരിയിലാണ്, കുളങ്ങളെല്ലാം നിറഗർഭിണികളായി പൊട്ടിയൊഴുകി വീടായ വീടെല്ലാം വെള്ളക്കെട്ടാകുന്നത്.
റോഡേത്, കുളമേതെന്നറിയാതെ ആളുകൾ കൃത്യമായി കുളത്തിലേക്ക് തന്നെ വണ്ടിയോടിച്ച് പാഞ്ഞുപോയി.!
കരികണ്ണികൾ, വാലിട്ടടിച്ച് മുറ്റത്ത്‌ പലകുറി ഒഴുകി വരും.
അങ്ങനെയൊരു മഴക്കാലത്ത്, റോഡിലെ മുട്ടറ്റം പൂഴിവെള്ളത്തിൽ, മുക്കാലും കീറിപ്പറിഞ്ഞു ചോർന്ന് തലേത്തന്നെ വെള്ളം വീഴുന്ന, കമ്പിയൊടിഞ്ഞ അതിഭീകര ശീലക്കുട ചൂടി പാലും വാങ്ങിപ്പോവുന്നൊരു വൃദ്ധരൂപത്തെ ദയയോടെ ഞാൻ പടിഞ്ഞാറേവാതിൽക്കൽ നിന്നെത്തിനോക്കാറുണ്ട്.

ആയമ്മയല്ലാണ്ട് വേറെയാരുമില്ലേ പാല് വാങ്ങിക്കാൻ! നല്ലൊരു കുട കൊടുത്തൂടെ?
ഞാനവരുടെ പരിതസ്‌ഥിതിയിൽ വേദനിച്ചു.

മരിച്ചിട്ടില്ല, ഞാൻ മടങ്ങുമെന്ന് പറഞ്ഞിട്ട് അവർ വിശ്വസിക്കാൻ കൂട്ടാക്കിയില്ല.
അടുത്തടുത്ത മുറികളിലായി, റാണി അക്കയുടെ അച്ചാമ്മ സുമതി അമ്മൂമ്മയേയും, കോർത്തുശ്ശേരിയിലെ ഭാരതി അമ്മച്ചിയമ്മയെയും, ചള്ളിയിലെ ഭാർഗ്ഗവി അമ്മൂമ്മയേയും കണ്ടു.
പതിവ് തെറ്റാണ്ട് അവരും അത്ഭുതപ്പെട്ടു. അയ്യോയെന്നാർത്തു കരഞ്ഞുകൊണ്ട് എനിക്ക് വന്നുചേർന്ന ദുർവിധിയിൽ സങ്കടപ്പെട്ടു.

അവരെയെല്ലാം മറികടന്ന് അച്ചാമ്മയ്ക്കരികിലേക്ക് പായാനെന്റെ മനസ്  
വെമ്പി. ഇടത്തേയറ്റത്തെ ഒടുവിലെ മുറിയിലായിരുന്നു അച്ചാമ്മ. 

പ്രമേഹത്തിന്റെ അസ്കിതകൾ പഴുപ്പുരുണ്ട കാലുകളിൽ അവസാനസമയത്ത് അസഹ്യമായ വേദനയുടെ ദിനങ്ങളായിരുന്നു.
പഴുത്ത കാലുകളിൽ കുമിളകൾ വന്നത്, പിന്നെ പൊട്ടുകയും നീളത്തിൽ ബാന്റേജ് ചുറ്റുകയുമൊക്കെ ചെയ്തിരുന്നു. അച്ചാമ്മയെ കണ്ടപ്പോഴേ സന്തോഷവും സങ്കടവും കൊണ്ടെന്റെ തൊണ്ട നൊന്തു. കണ്ണുകളിൽ എണ്ണപ്പാടയിലെന്നോണം ചിത്രങ്ങൾ മങ്ങി.

ഇരച്ചുവന്ന തേങ്ങലിൽ ഞാനച്ചാമ്മയെ കെട്ടിപ്പിടിച്ചു. സെറ്റ്മുണ്ടിന്റെ കരപിടിച്ച് എന്റെ കണ്ണുതുടച്ച്, മുൻപരുടെ പോലെ ആശ്ചര്യവും, അകാലമരണവ്യഥയും എനിക്ക് മേൽ വർഷിച്ചു.
അച്ചാമ്മ പോയതില്പിന്നെ, ദീർഘകാലത്തെ വർത്തമാനങ്ങളുണ്ട് അന്യോന്യം പറയാൻ.
ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി പയ്യെപ്പയ്യെ കേടായി, ഓർമ സീരിയലിന്റെ അവസാനമൊക്കെയായപ്പോൾ സ്‌ക്രീനിൽ നടുക്ക് മാത്രമായി അവരെല്ലാമൊരു വെള്ളിരേഖയായി ചുരുങ്ങി.

പൂർണ്ണമായും രോഗബാധയേറ്റ പഴയ ടിവിക്ക് പകരം, മൈക്രോഫിനാൻസ് വന്നപ്പോൾ ലോണെടുത്ത് അച്ഛൻ സോണിയുടെ കളർ ടിവി വാങ്ങിച്ചു.
അന്നുണ്ടായ സന്തോഷം!!
ഭൂതകാലവും വർത്തമാനവുമെല്ലാം കറുപ്പും വെള്ളയുമിടകലർന്നിരുന്ന പഴയ സ്ക്രീനിനു പകരമായി, മനുഷ്യരെല്ലാം നിറമുള്ള ഉടുപ്പുകളിൽ വന്നുതുടങ്ങി.

എന്തെന്ത് വൈവിധ്യങ്ങൾ!
എത്ര വർണ്ണങ്ങൾ!
ഇക്കാലമത്രയും നഷ്ടപ്പെട്ട സൗന്ദര്യം കണ്ട് കണ്ണുമിഴിച്ച് ഞാനതിലേക്ക് മയങ്ങിയിരുന്നു.

ബി എസ് എൻ എല്ലുകാർ വയറുകൾ മണ്ണിൽ മാറീം മറിച്ചുമെല്ലാം കുഴിച്ച് തെക്കോറത്തെപ്പോലെ, വീട്ടിലും 'കിളുളു കിളുളു' മണികൾ ഉയർന്നു.

പഴയ, ടാറ്റയുടെ കീപാഡുള്ള കുഞ്ഞൻ ഫോണുകൾ മാറിമാറി, ഫോട്ടോയെടുക്കാവുന്ന, തൊട്ടാൽ ഉണരുന്ന ഫോണുകൾ വീട്ടിലിടങ്ങൾ കണ്ടെത്തി.

അതോർക്കുമ്പോൾ എനിക്ക് നിരാശയാണ്. അച്ചാമ്മ കാണാതെപോയതിൽ ഏറ്റോം ഭീകരമായ നഷ്ടമായിരുന്നു ആൻഡ്രോയ്ഡ് ഫോണുകളുടെ വരവ്. ആ സുവർണ്ണപേടകം കൊണ്ട് എത്രെയത്ര ഫോട്ടോകൾ എടുത്തുകൂട്ടേണ്ടതായിരുന്നു!!

ഞാൻ സൈക്കിൾ ചവിട്ടുന്നതോ, വയസ്സറിയിച്ചതോ, ദൂരങ്ങളിൽ പഠിക്കാൻ പോയതോ ഒന്നും അച്ചാമ്മ കണ്ടില്ല..

എന്തിനാ എന്നെ ഒറ്റയ്ക്കാക്കിയിട്ട്, പറയാണ്ട് പോയീന്ന് തേങ്ങലടക്കി ഞാനച്ചാമ്മയുടെ മടിയിൽ കിടന്നു. ഒന്നും പറയാതെ തഴമ്പിച്ച കൈകൾക്കുള്ളിൽ എന്റെ ശിരസ്സ് അവർ ചേർത്തുവച്ചു.

ആരോ പറഞ്ഞറിഞ്ഞാണ്, അമ്മൂമ്മയും ഭവാനി അപ്പച്ചിയും അച്ചിച്ചനും, അമ്മയുടെ കല്യാണപ്പിറ്റേന്ന് മരിച്ചുപോയ അപ്പൂപ്പനുമെല്ലാം അങ്ങോട്ടേക്കെത്തിയത്.

അമ്മൂമ്മയുടെ മുടി വളർന്നിരിക്കുന്നുവെന്ന് ഞാൻ കണ്ടുപിടിച്ചു. എന്റെ മുടിയിൽ എണ്ണ തേക്കാത്തതിനും ഷാംപൂവിട്ട് പറപ്പിക്കുന്നതിനും എന്നത്തേയും പോലെ വഴക്ക് കിട്ടി.
അമ്മൂമ്മ അപൂർവ്വമായി മാത്രമേ സ്നേഹത്തിന്റെ ഭാഷയിൽ സംസാരിക്കൂ. 

എന്നുമൊരകൽച്ചയുടെ രണ്ടിടനാഴികളിൽ നിന്ന് ഞങ്ങൾ പരസ്പരം നോക്കി. തരം കിട്ടുമ്പോഴെല്ലാം എന്നെ ശകാരിച്ചു. പാടില്ല പാടില്ല എന്നുള്ള നൂറായിരം പാടായ്കകളുടെ പുസ്തകം എനിക്കായി എഴുതിത്തീർത്തു.

അമ്മൂമ്മയിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ ഭവാനി അപ്പച്ചിയുടെ അടുക്കലേക്ക് നീങ്ങി. ദീനമെല്ലാം മാറി, പഴയ അപ്പച്ചിയായി കണ്ടപ്പോൾ, ഒത്തുകൂടാതെപോയ ഉത്സവങ്ങളുടെ സങ്കടത്തിൽ ഞാൻ വാവിട്ടുകരഞ്ഞു. അച്ചിച്ചനെന്റെ കണ്ണുനീരൊപ്പി.
എന്നും അച്ചിച്ചനതായിരുന്നു പതിവ്..

എല്ലാവരോടും പിണങ്ങി കെറുവിച്ച് ഞാൻ ഒരറ്റത്തേക്ക് നീങ്ങിയിരുന്നു.
മുങ്ങിനീരാടിയിരുന്ന സ്നേഹസമുദ്രങ്ങളിൽ നിന്നെന്നെ എന്നെന്നേക്കുമായി കരയിലേക്ക് വലിച്ചെറിഞ്ഞു കളഞ്ഞവരാണ് നിങ്ങൾ..

പിടഞ്ഞു പിടഞ്ഞെത്ര നാളെടുത്തു, ഒരു മീനിനെപ്പോലെ ശ്വാസമെടുത്തൊന്ന് ജീവിച്ചുവരാൻ.

അപ്പൂപ്പനെന്റെ കൈ പിടിച്ച്, കണ്ണ് നിറച്ചു തലയിൽ തലോടി.
ഞങ്ങളാദ്യം കാണുകയാണ്.
മാമൻ ആരെക്കൊണ്ടോ വരപ്പിച്ച ചിത്രത്തിൽ കണ്ടുമാത്രമേ എനിക്ക് പരിചയമുള്ളൂ.

കല്യാണം കഴിഞ്ഞുള്ള ആദ്യദിനങ്ങളിൽപ്പോലും എന്റമ്മയ്ക്ക് സന്തോഷിക്കാനുള്ള ഭാഗ്യം കൊടുക്കാണ്ട്, അമ്പതുകളിൽ, മദ്യക്കുപ്പിയിലേക്ക് ചോർന്നുപോയ ആയുസ്സിനെ അലങ്കാരമാക്കിയ അപ്പൂപ്പന്, പേരക്കുട്ടിയോട് മാപ്പ് പറയാനുണ്ടാകണം!.
ലാളിക്കാനോ, ഒന്നെടുത്ത് ഉമ്മവയ്ക്കാനോ ഭാഗ്യമില്ലാതെ പോയി മകളേയെന്ന് ദീനനായി കേഴാനുണ്ടാവണം!!..

ആർത്തലച്ചു പെയ്യുകയും, തെളിവെയിൽ പോലെ ചിരിക്കുകയും ചെയ്യുമ്പോഴാണ് ചാന്തുകാരി വന്ന്, മടങ്ങാൻ സമയമായി എന്നുപറയുന്നത്. ദുഃഖത്തോടെ ഞാനെല്ലാവരെയും മാറിമാറി നോക്കി..
ഏത് വിധി കൊണ്ടാണോ ഇങ്ങനെയൊന്ന് കാണാനായത്, അതേ വിധിയാൽ നമ്മളിനിയും കാണുമെന്ന് ആശ്വസിപ്പിച്ച് അച്ചിച്ചനെന്നെ ചേർത്തുപിടിച്ചു.
ചാന്തുകാരി എന്നെയും കൊണ്ട് പുറത്തേക്ക് ഇറങ്ങുമ്പോഴും പിന്നിലവർ കരയുന്നുണ്ടായിരുന്നു.

കരഞ്ഞുവീർത്ത കണ്ണുകളുമായി വന്നയെന്നെ അകത്തളത്തിലെ, സാലഭഞ്ജികമാർക്കിടയിലേക്ക് യക്ഷി വീണ്ടും പിടിച്ചിരുത്തി.
മടക്കത്തിന് ഒരുങ്ങുന്ന എന്നോടായി ചാന്തുകാരി പറഞ്ഞു..

"ചിത്രഗുപ്തന്റെ പുസ്തകത്തിൽ, മങ്ങിയ മഷി കൊണ്ട് നിന്റെ പേരെഴുതിയിട്ടുണ്ട്. സൂചിപ്പിക്കുന്നത് സാധ്യതകളാണ്. മങ്ങിയ മഷി കറുത്താൽ നീ മരണപ്പെടും. എണ്ണപ്പലഹാരം തിന്നുന്നത് ഒഴിവാക്കിക്കോ."

ഉവ്വെന്ന് പറയുന്നതിന് മുന്നേ യക്ഷിയെന്നെ താഴേക്ക് തള്ളി... ഊക്കോടെ ഞാൻ നിലത്തേക്ക് വീണു...

കണ്ണുതുറക്കുമ്പോൾ നിലത്തെ തണുപ്പും നടു വേദനിക്കുന്നതും ഞാനറിഞ്ഞു..

ഓർമത്തോപ്പിലെ കൊച്ചു രാക്ഷസൻ ചിലന്തിയോട് മല്പിടുത്തത്തിലാണ്..

"എന്താ വേണ്ടേ? ഇവൻ തിന്നോട്ടെന്നാണോ?"

"വേണ്ട രാക്ഷസാ വേണ്ട.. ഏറ്റം പ്രിയമുള്ള സ്വപ്നത്തെ മറവിച്ചിലന്തിക്ക് തിന്നാൻ കഴിയരുത്, വേണ്ടത് ചെയ്യൂ"ന്ന് പറഞ്ഞ് നിലത്തൂന്ന് എണീറ്റ് ഞാൻ കട്ടിലിലേക്ക് ഇരുന്നു.

കൊച്ചുരാക്ഷസൻ ചിലന്തിയെ ഉന്തീം തള്ളീമൊക്കെ ഒരുവിധം ചതുപ്പ് നിലത്തെ കറുത്ത കൂട്ടിലേക്കിട്ടു.
ഓർമകളെ സ്വസ്‌ഥമായി തോപ്പിൽ നട്ടവൻ ഉറങ്ങാൻ കിടന്നു...




നമുക്കിങ്ങനെ നില്പ്പ് തുടരാം.. 
മൗനം കൊണ്ട് തുന്നിയ പട്ടുനൂൽവിരിപ്പിന്റെ രണ്ടറ്റത്ത് അല്പനേരം നിൽക്കാം..
അടുത്ത മഴ വരെ..
വെയിൽ മായുന്നവരെ..
പിന്നെപ്പോകാം. മുഖത്ത് ചായമിട്ട് വേഷങ്ങളാടാൻ...





ചിലരാത്രികളിൽ ബൾബിലെ മിഴിച്ചുകുത്തുന്ന വെളിച്ചത്തിൽ കണ്ണൊതുക്കിപ്പിടിച്ച്, പിന്നെ വേദനിക്കുമ്പോൾ ഇമകളടച്ചാൽ ആ അത്ഭുതലോകത്തേക്ക് പോകാം. 

ആയിരമായിരം വർണ്ണങ്ങളെ കൃഷിചെയ്യുന്ന പാടങ്ങളിലെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് പിന്നീട്.

ഒരാകാരവും പ്രത്യേകിച്ചെടുത്ത് പറയാനാവാതെ, പൂവും കായും ലതയുമൊക്കെയായി, എടുത്തുനോക്കാമെന്ന് വയ്ക്കുമ്പോൾ മാഞ്ഞുപോയി,

തൊട്ടടുത്ത നിറത്തിലേക്ക് ദൃശ്യത്തെ തുന്നുന്ന ആ സമയമവസാനിക്കാൻ പോകുന്നുവെന്നറിയിച്ച്, വർണ്ണമഴ മങ്ങിപ്പെയ്യുമ്പോൾ,

കണ്ണിലേക്ക് അമർത്തിത്തിരുമ്മി വീണ്ടുമൊന്ന് ഞാനാഞ്ഞുതുഴയും.

ഉറക്കത്തിന്റെ തീരമണയും വരെ എനിക്ക് സമയമുണ്ട്..




Wednesday, 10 April 2019


ഞാനില്ലാതെ എങ്ങനെയാണ് നീ മാത്രമുണ്ടാവുക?

നീയില്ലായിരുളിൽ എത്രയെന്നുവച്ചാണ് എനിക്ക് പതുങ്ങിയിരിക്കാനാവുക? 

മാതളപ്പൂത്തൊണ്ടുകളടങ്ങിക്കിടന്ന, വക്കുകൾ പൊട്ടിപ്പരുവമായ പഴമയുടെ എല്ലാ നോട്ടങ്ങളോടുകൂടിയും ചില്ലുപാത്രം അന്നത്തെ മഴയിൽ വെള്ളക്കെട്ടിലാണ്ടുപോയി.

ചോർന്നൊലിക്കുന്ന ഇടവപ്പാതിക്ക് നിന്നെയവസാനം കാണുമ്പോൾ, പതിവില്ലാവണ്ണം എന്തൊരു പുഞ്ചിരിയായിരുന്നു നിനക്ക്? 

മുഖം നിറയെ ഉദയചന്ദ്രന്റെ പ്രഭ!

ഉമ്മറത്ത് മുറ്റമധികമില്ലെന്ന പരാതി നേരിൽ ബോധ്യപ്പെട്ടത് അന്നുമാത്രമാണ്. അതിന്നു മുമ്പ്, പൂച്ചെടികൾക്കോരത്ത്, മുറ്റമതാകെയും വല്യ പലേ പലേ മരങ്ങൾ നടണമെന്നും ഞാറയും ചാമ്പയും ചെമ്പകവുമെല്ലാം വളർന്ന് പന്തലിക്കുമ്പോൾ അത്തണലിൻ കീഴിൽ കസേരമേലിരുന്ന് കാറ്റുകൊള്ളണമെന്ന് നീ പറയാറുണ്ടായിരുന്നില്ലേ?
ആലപ്പുഴേന്ന് കൊണ്ടന്ന സപ്പോട്ടപ്പഴങ്ങളൊക്കെ പഴുപ്പിക്കാൻ വച്ച ഇറയത്താണ് ഞാനിപ്പോൾ ഇരിക്കുന്നത്. നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ അവ പഴുത്തു. എന്തൊരു പ്രേമത്തോടെ നീയത് പൊളിച്ചെടുത്ത് കഴിക്കുമ്പോൾ, ഇതിന്നുമാത്രം കരുകരുപ്പ്, എവിടെയൊളിച്ചിരിക്കുന്നുവെന്ന് ഏറെത്തവണ നീ ചോദിക്കുകയുണ്ടായി.
എന്തൊക്കെ സംശയങ്ങളാണ്!

പിന്നെ നീ പേരത്തൈച്ചോട്ടിൽ സപ്പോട്ടക്കുരു കുഴിച്ചിട്ടു.
പെനെട്രേഷൻ പെട്ടെന്ന് നടക്കാൻ നെടുതായൊന്ന് പൊട്ടിച്ചിടണമെന്നൊക്കെ വായിച്ചുപഠിച്ച് തഴക്കമുള്ള കൃഷി ജ്ഞാനിയെപ്പോലെ!
എത്രയാഗ്രഹത്തോടെ എന്തെല്ലാം ചെടികൾ വച്ചു നനച്ച് മേൽമണ്ണും അടിമണ്ണും കിനിഞ്ഞു വെള്ളമിറങ്ങുന്നത് നോക്കി, മരം പെയ്യുന്ന 'ടിന ടിന ' ശബ്ദത്തെ സശ്രദ്ധം കേട്ടുനിന്നു.

മഴകൊള്ളാനും മഞ്ഞിൽ കുളിക്കാനും കാറ്റിനോടൊത്ത് പറക്കാനും കുഞ്ഞിവെയിലിനോടൊത്ത് കഥ പറയാനും നിനക്കെന്ത് ഇഷ്ടമായിരുന്നു..

പേരറിയാക്കിളികളെല്ലാം, തന്റെ മുറ്റത്ത് പഴങ്ങൾ തിന്നാൻ വരണമെന്ന് നീ വളരെയേറെ ആശിച്ചു. അവകളുടെ കൂജനങ്ങളിൽ മതിമറന്നുനിന്ന് എത്ര മുഗ്ദ്ധയായി..

പോകണ്ടേ?
ആ നദിവക്കിലേക്ക്..
പുഴക്കരെ വരാറുള്ള കാറ്റ് നിന്നെ തേടുമല്ലോ..
ചോറ് കൊടുക്കാറുണ്ടായിരുന്ന കുഞ്ഞിമീനിന് പക്ഷേ ഒന്നുമറിയാതെ തുള്ളിച്ചാടി ഒഴുകി നടക്കാം.

നിശ്ചലമായ നിന്റെ മിഴിയിണകളെന്താണ് ഇവ്വിധം അടഞ്ഞുതന്നെയിരിക്കുന്നത്?

എന്താണ്, "എപ്പോൾ വന്നൂവെന്ന്" ചോദ്യമില്ലാതെ, കണ്ട മട്ടില്ലാതെ ഒരേ കിടപ്പങ്ങു കിടക്കുന്നത്?

ഇമകളെന്താണ് ചലിപ്പിക്കാത്തത്?

ഒന്നും മിണ്ടുകയില്ല എന്നുണ്ടോ?

മഴ പിന്നേയും തിമിർത്ത് പെയ്യുകയാണ്. നിന്നെക്കാണാൻ ആളുകൾ വന്നുകൂടി കറുത്ത കുടകളുടെ വലിയൊരു കൂട്ടം.

മൂകമായിരിക്കേണ്ട അവസ്ഥയിലും മഴയെന്തിനാണ് പാട്ട് പാടുന്നത്?
ഒടുവിലത്തെ യാത്രയ്ക്ക് നിന്നെ ഒരുക്കാൻ തുടങ്ങുന്നുവല്ലോ..

തിരിച്ചുവരില്ലാത്ത, എന്നെക്കൂട്ടാണ്ട് നീ മാത്രം പോകുന്ന യാത്രയെന്തിനാണ് തിടുക്കപ്പെട്ട് ഏർപ്പാടാക്കിയത്?

ഇരുളിറങ്ങിത്തുടങ്ങുന്നു. കാറ്റിന് മുമ്പില്ലാത്ത ശാന്തത..!
വഴിവക്കിലെ വൈദ്യുത ദീപങ്ങൾ ഇപ്പോൾ ഇങ്ങോട്ടേക്കെത്തിനോക്കാറാവും..

നീയില്ലാതെ ഞാൻ മാത്രവും എങ്ങനെയാണ് ഉണ്ടാവുക!!!