Followers

Tuesday, 4 June 2019

1.
അന്നാളുകളിലെ സ്വർഗ്ഗീയതയെന്നാൽ അത്, വല്യ പരീക്ഷയ്ക്ക് ശേഷം വരുന്ന അവധിക്കാലങ്ങളായിരുന്നു. ഓരോ വേനലവധികൾക്കും ഞാൻ കണ്ണങ്കരെ, വല്യമ്മയുടെ വീട്ടിലേക്ക് പോകാൻ കാത്തിരിക്കും.
വല്യമ്മ കൊണ്ടുപോകാൻ വരണുണ്ടെന്ന് കേട്ടാൽപ്പിന്നെ അടുക്കി വച്ച തുണിക്കിറ്റുമായി വരാന്തയിൽ തപസ്സാണ്.
അച്ചാമ്മയ്ക്ക് പിടിക്കില്ല പോണത്. വല്യമ്മ വരാനുള്ള സമയം വരെ പറമ്പിൽ ചുറ്റിതിരിഞ്ഞ്, ഓട്ടോയുടെ ഒച്ച കേൾക്കുമ്പോൾ അച്ചാമ്മയോടിയെത്തും. ഞങ്ങളിറങ്ങാൻ നേരം എന്റെ തോളിൽ അമർത്തിയൊന്ന് നുള്ളിയാണ് യാത്രയയപ്പ്.

ആ വേദന പെൻസിൽ വര പോലെയാണ്.

എന്നെക്കാത്ത് കളി സാമാനങ്ങളുമായി ഗോപൂം ചിപ്പീമിരിക്കുന്നല്ലോയെന്ന ചിന്ത തൊടുറബ്ബർ പോലെ വന്നമർന്നാവരയെ മായ്ക്കും. രേഷ്മാക്ക അപ്പോഴേക്കും വല്യ കുട്ടിയായിരുന്നതോണ്ട് എന്നെ ഭരിക്കാനും ഉപദേശിക്കാനുമൊക്കെയേ വരാറുള്ളൂ.

അധ്യയന വർഷങ്ങളവസാനിക്കുന്നത് ഉത്സവക്കാലത്തിലേക്കാണ്. ഫെബ്രുവരിയോ മാർച്ച്‌ ആദ്യമോ ആയി കൊല്ലാകൊല്ലം ഇരുപത്തിയൊന്ന് നാളുകൾ ശബ്ദമുഖരിതമായി നാടുണരുന്ന കാലം.

രാത്രി ഞങ്ങളെല്ലാം നാടകം കാണാൻ പോകലുണ്ട്. നാട്ടാർക്ക് നടക്കാനുള്ള വഴി പോലും തരാതെ റോഡും ചുറ്റുപാടുമൊക്കെ തിങ്ങി നടക്കുന്ന ജനസഞ്ചയത്തോട് എനിക്കിന്നും വെറുപ്പാണ്. കണിച്ചുകുളങ്ങര അമ്മേം കണിച്ചുകുളങ്ങരേം, ഞങ്ങൾടെയാണെന്നുള്ള സ്വാർത്ഥതയിൽ തികഞ്ഞ അവജ്ഞയോടെ ഞാൻ  അന്യദേശക്കാരെ നോക്കി കണ്ണുരുട്ടി.

തോണ്ടാൻ നീളുന്ന കൈകളെ നിതാന്ത ജാഗ്രതയോടെ കണ്ണോണ്ട് പരതി. 

ആൾത്തിരക്കിൽ, ഏതുനിമിഷവും ശരീരത്ത് വന്നമർന്നേക്കാവുന്ന അജ്ഞാത കൈകളെക്കുറിച്ച് ഭയം നിറച്ചത് ഒരിക്കൽ സ്കൂളിൽ നിന്ന് പോയ കൊടേക്കനാൽ-കന്യാകുമാരി യാത്രയാണ്.

ടൂർന്ന് കേക്കുമ്പോൾ, കുട്ടികൾക്ക് പോവാത്ത സ്‌ഥലങ്ങളിലേക്ക് തന്നെ ഇത്തവണ പോണമെന്നാവും മനസിലിരുപ്പ്. ഓരോ ക്ലാസ്സീന്നും മീറ്റിങിന് പോകാനൊരുങ്ങുന്ന ലീഡർക്ക് സ്വൈര്യം കൊടുക്കാതെ ഗീതോപദേശം പകർന്ന് യാത്രയാക്കിയാലും, ബഡ്ജറ്റ്, മറ്റു സാങ്കേതിക തകരാറുകൾ എന്നിങ്ങനെയുള്ള മുടന്തൻ പരിക്കുകളേറ്റ്, കാണാത്തയിടങ്ങൾ അന്യപ്പെട്ട് ഏറെത്തവണ കണ്ട ഊട്ടീം ഊട്ടിയുടെ കൂട്ടുകാരി കൊടേക്കനാലും പച്ച മഷിയിൽ തണുപ്പ് പടർത്തും.
അക്കൊല്ലം ആ സഖ്യത്തെപ്പിരിച്ച് പുത്തൻ സ്‌ഥലപ്പേര് ഹെഡ്മാസ്റ്റർ ഗോപി സാർ കണ്ടുപിടിച്ചു.

കന്യാകുമാരി !
ത്രിവേണി സംഗമത്തിന്റെ, ഉദയാസ്തമയങ്ങളുടെ ചോന്ന സുന്ദരി.

എന്റെ ടൂർ ചരിത്രത്തിന് കൗമാരകാലത്തോളം പ്രായമുണ്ട്.
ഇംഗ്ലീഷ് ക്ലാസ്സിന്റെയൊടുവിലാണ് ആദ്യമായി ആ വാക്ക് പത്മാവതി ടീച്ചറുടെ വായിൽ നിന്നും കെട്ടഴിഞ്ഞു വീണത്.

" വരുന്ന പതിനഞ്ചിന് വീഗാലാന്റിലേക്ക് ടൂർ പോണുണ്ട്. എച്ച്  എസിലെ കുട്ടികളും യു പി കുട്ടികളുമാണ് പോകുന്നത്. പോകാൻ താല്പര്യമുള്ളവർ പത്തിന് മുന്നേ പേര് നൽകണം.."

ടീച്ചർ ക്ലാസ്സ്‌ കഴിഞ്ഞിറങ്ങി.
ഇന്റെർവെല്ലാണ്. 
ഇന്റെർവെല്ലുകളന്ന്, തെക്കേ നടയിലെ സ്കൂൾ കെട്ടിടത്തിന് കുറച്ചു മാറി ഫോൺബൂത്തുള്ള അല്ലിനാരങ്ങാക്കടയിലേക്കുള്ള പടയോട്ടങ്ങളാണ്.

വീട്ടിലെ മുക്കും മൂലേം തപ്പിയെടുത്ത അമ്പതുപൈസകൾ കയ്യിലടുക്കിപ്പിടിച്ച് അല്ലിനാരങ്ങ വാങ്ങിക്കാൻ അങ്ങോട്ടേക്കോടും.
തിന്ന്, തൊലിയെടുത്ത് കൂട്ടുകാരുടെ കണ്ണും നീറ്റിച്ച്, "ഒരല്ലീണ്ടോടീ, എടുക്കാനെ"ന്ന് പിന്നാലെ നടന്ന് ചോദിച്ച് വരുമ്പോളേക്കും അടുത്ത ക്ലാസ്സാവും.
വെള്ളല്ലിയെക്കാൾ ഇഷ്ടം ചോന്ന അല്ലിയോടാണ്.
അത് അധികം കയ്ക്കലില്ല.

ഡ്രോയിങ് പഠിപ്പിക്കുന്ന വിജയകുമാർ സാർ ബോർഡിൽ, അതിദ്രുതം വരകളുടെ അത്ഭുതം നിറച്ചു.
എന്നെക്കൊണ്ട് എത്ര ശ്രമിച്ചിട്ടും മൂന്ന് മലയും മലയിടുക്കുകളിൽ വലുതും ചെറുതുമായ ചുറ്റുവരകളോട് കൂടിയുദിക്കുന്ന സൂര്യനും നന കിട്ടാണ്ട് ഉണങ്ങിപ്പോയ തെങ്ങും, മണ്ടയിൽ അഞ്ചാറു വട്ടത്തിൽ തേങ്ങയും, അവിടവിടെയായി രണ്ടുമൂന്നു കിളികളെ 'ന' എന്നക്ഷരം പരുന്ത് പറക്കണ പോലെ വരച്ചും ത്രികോണമേൽക്കൂരയും ചതുരഭിത്തിയും ചേർന്ന രണ്ട് ജനൽ, വാതിൽ, വെന്റിലേഷൻ സെറ്റപ്പ് വീടുമല്ലാതെ മറ്റൊന്നും വരയ്ക്കാൻ പറ്റിയിരുന്നില്ല. പിന്നെ ഭംഗി കൂട്ടണേൽ മാത്രം കുറച്ച് ചെടിച്ചട്ടീം ചവിട്ടുപടീം വേലിക്കെട്ടും.

കഴിഞ്ഞു കഥ!

വെറും ചോക്കിൻ തുമ്പാലെ, സാർ ചടുല വരകളിൽ എന്നിലെ ചിത്രകാരിയുടെ അസൂയയെ പെരുപ്പിച്ചു.
വരപ്പ് കഴിഞ്ഞ് സാറത് പകർത്താൻ സമയം തരും.
പകർത്തലിന്റെ ഭംഗി കൊണ്ട് അതെന്താണെന്ന് പിന്നെക്കണ്ടാൽ മനസിലാവില്ല. !
പിറ്റേ ദിവസം ആദ്യത്തെ പീരീഡ് ഇംഗ്ലീഷായിരുന്നു.

"നീ വരില്ലേ ടൂറിനു"

പെൻസിലിന്നറ്റം അടപ്പുള്ള കട്ടറ് കൊണ്ട് കൂർപ്പിച്ച് സജിത നാലുവരി ബുക്കിൽ 'എൽ' പകർത്തെഴുത്താണ്.
അച്ഛന്റേൽ ടൂറിനുള്ള പൈസേം കാണില്ല, പിന്നൊട്ട് വിടുകയുമില്ലെന്ന തിരിച്ചറിവ് ആദ്യം മുതൽക്കേ ഉള്ളതോണ്ട് ഇല്ലെന്നു തന്നെ അവളോട് പറഞ്ഞു.

"എല്ലാരുണ്ടെടീ. അഞ്ജലീം ശരണ്യേമൊക്കെ.നല്ല രസമായിരിക്കും. വെള്ളത്തിലൊക്കെ കളിക്കാം"
മുന്നേ പോയ അനുഭവത്തിന്റെ വെളിച്ചം എനിക്ക് നേരെ നീട്ടിത്തെളിച്ച് പ്രലോഭിപ്പിക്കാൻ ശ്രമിക്കയാണ്.

"ഇല്ലന്നെ, വിടില്ല ". വീട്ടിൽ പറയണ്ട താമസം, കരിങ്കൊടി പാറിക്കാൻ മത്സരം നടക്കുമെന്ന് അറിയാമായിരുന്ന കൊണ്ട് ഞാനവളോട് തീർത്തുപറഞ്ഞു.

ഉച്ചക്കുണ്ണാൻ വട്ടമിരുന്നപ്പോൾ ചർച്ച കൊഴുത്തു. മിക്കവരും പോണുണ്ടെന്ന് മനസിലായപ്പോൾ പോണമെന്നൊരു ആശ അച്ഛനോട് പറഞ്ഞുനോക്കണമെന്ന് എന്നോട് കെഞ്ചി.

"നിന്റെ വീട്ടിൽ സമ്മതിച്ചോ ശരണ്യേ "

"പറഞ്ഞിട്ടുണ്ട്. പൈസ കിട്ടിയാൽ ആലോചിക്കാം എന്ന് "
അവൾ പറഞ്ഞപ്പോ ഞാൻ തീർച്ചപ്പെടുത്തി.
ചോദിക്ക തന്നെ.

"സൗമ്യ പോണുണ്ടെടീ " ചോറുപാത്രം കയ്യിലെടുത്ത് ശരണ്യ ആഞ്ഞിരുന്നു.

" ഏഹ് അക്കയോ, ആര് പറഞ്ഞൂ? "
അക്ക പോണുണ്ടെന്ന് കേട്ടപ്പോ പാതി ആശ്വാസം തോന്നി. അതൊരു പ്ലസ് പോയിന്റ് ആണ്. അച്ഛനോട് വാദിക്കാൻ.

"ഇന്ന് രാവിലെ ഇങ്ങോട്ട് നടന്നപ്പോ. പേര്
കൊടുത്തേക്കും ഇന്നന്നെ."

കഴിച്ചുകഴിഞ്ഞ് ഞങ്ങൾ പാത്രം കഴുകാൻ പൈപ്പുംചോട്ടിലേക്ക് നടന്നു. അവിടെനിന്നു നോക്കിയാൽ ബോയ്സ് സ്കൂൾ കാണാം. പ്ലസ്സ് ടു കുട്ടികൾ പഠിക്കുന്ന കെട്ടിടത്തിലെ ജനാലകളിൽ നിന്ന് ചില കണ്ണുകൾ താഴേക്ക് ഉരുണ്ടിറങ്ങും.

അക്കേം ശരണ്യേമൊക്കെ അയൽവാസികളാണ്.
ഒരേ പ്രായക്കാരുമാണ്. സ്കൂളിൽ അക്കയെ നേരത്തെ ചേർത്തത് കൊണ്ട് ഒരു കൊല്ലം അക്ക അവളെക്കാൾ മുന്നിലായി.
വൈകിട്ട് സ്കൂൾ വിട്ടപ്പോൾ ബാഗെടുത്ത് സുശീലാമ്മയുടെ കണ്ടം വഴി പതിവിലും വേഗത്തിലോടി.

കിതച്ച് കിതച്ചു വീട്ടിലേക്കുള്ള വഴിയെത്തുമ്പോൾ അച്ചാമ്മ വാതിൽക്കലിരുന്ന് പുളി കുത്തുന്നു.

"കാപ്പിയമ്മേ "
വരാന്തയിൽ ബാഗ് കുടഞ്ഞിട്ട് മുടിയിലെ റിബണൂരിക്കൊണ്ട് ഞാൻ കൂവിപ്പറഞ്ഞു.
അടുക്കളേന്ന് ചില്ലുഗ്ലാസിൽ അമ്മ കാപ്പിയും സ്റ്റീൽ പിഞ്ഞാണത്തിൽ നുറുക്കും കൊണ്ട് വന്നു.

അച്ചിച്ചനുണ്ടായിരുന്നെങ്കിൽ വിഷയാവത്കരണത്തിന് സപ്പോർട്ട് ചെയ്യാൻ ആളുണ്ടായേനെ. 
പ്രതിപക്ഷം അത്രകണ്ട് ശക്തമാണ്.
പടപൊരുതാൻ ഞാനൊറ്റയ്ക്കേയുള്ളൂ. എനിക്ക് നാലരവയസുള്ളപ്പോൾ ആൽമരം കടപുഴകി വീണു. ചില്ലകളിലെ തണലും വേർപ്പടർപ്പിന്റെ അനുഭവസമ്പത്തും പകരാൻ ശ്രമിച്ച് ഒരുനാൾ ഉച്ച മടങ്ങുമ്പോൾ കയറുകട്ടിലിൽ എന്റെ അച്ചിച്ചനുറങ്ങിക്കിടന്നു.. മെലിഞ്ഞുനീണ്ട കാലിലെ പ്രമേഹം വീഴ്ത്തിയ പിങ്ക് നിറമുള്ള വൃണപ്പാടുകൾ ഞാൻ കണ്ണീർ കൊണ്ട് കഴുകി.

അമ്മയും പിച്ചാത്തിയെടുത്ത് പുളി കുത്താനിരുന്നു.

അമ്മയോട് പറയാം. അച്ഛൻ വരട്ടെന്ന് കരുതി കാത്തിരുന്ന ഞാൻ അക്ഷമയായി.

അച്ചിച്ചൻ ഉണ്ടായിരുന്ന കാലത്ത് അന്തിയിരുട്ടും മുന്നേ വീടെത്തും. പുറത്ത് പോയിട്ട് വന്നാൽ എനിക്കെന്തേലും പതിവ് തരലുണ്ട്.
കണ്ണെത്തിനോക്കിയപ്പോഴെല്ലാം ഒരു പൊതിയെന്നെനോക്കി കണ്ണിറുക്കിച്ചിരിച്ചു.
അകത്തേക്ക് കയറി വരണേന് മുന്നേ അതോടിപ്പിടിക്കും.

രണ്ട് പരിപ്പുവട !
അല്ലേൽ സിപ്പപ്പ് !
സന്തോഷം കൊണ്ട് തുള്ളിച്ചാടി അച്ചിച്ചന്റെ കൈയ്യിൽത്തൂങ്ങി കയറുകട്ടിലിൽ ഒപ്പമിരുന്ന് തോരാ വർത്തമാനങ്ങളാണ്. അച്ചിച്ചനെന്നും എന്റെ സൈഡ് ആയിരുന്നു.
അമ്മ -അച്ചാമ്മത്തല്ലുകളിൽ നിന്നെന്നെ രക്ഷിച്ചു നിർത്തിയ എന്റെ മാലാഖ..

" ടൂറ് പോണുണ്ട് അമ്മേ സ്കൂളിന്ന് "
വായിൽ ഞെരിഞ്ഞമർന്ന വാക്കുകൾ പുറത്തേക്ക് തെന്നിവീണു.

" എവിടേക്ക്?" ഇതൊന്നും നടക്കാൻ പോണില്ലെന്ന മട്ടിൽ അമ്മ വെറുതെയെന്ന പോലെ ചോദിച്ചു.

"രാവിലെ പോകും രാത്രി വരും. വീഗാലാന്റിലേക്കാ പോണത്. കളിക്കണ സ്ഥലാണ്, ക്ലാസ്സീന്ന് എല്ലാരൂണ്ട് പോകാൻ. പേര് കൊടുക്കലൊക്കെ തുടങ്ങി, 
സൗമ്യാക്കേം പോണുണ്ട്, ഒറ്റ ദിവസത്തെ പരിപാടിയേ ഉള്ളൂ"

"അപ്പൊ പൈസേ?"

അമ്മ വിശദീകരിച്ച് ചോദിക്കുന്നത് കേട്ട് അച്ചാമ്മ മുറിയിലേക്ക് വന്നു.
പ്രതിപക്ഷത്തെ അമ്മയേക്കാൾ ശക്തയായ നെഗറ്റിവ് റോളാണ്.
സൂക്ഷിച്ചില്ലേൽ തീർന്നു.

"അഞ്ഞൂറ് രൂപയാ"

പ്രതീക്ഷയോടെ ഞാൻ വാക്കുകളടുക്കിയപ്പോൾ അച്ചാമ്മ 
പിറുപിറുത്തുകൊണ്ട് പുറത്തേക്ക് പോയി.

അച്ഛൻ വന്ന് ചോറുണ്ണാനിരുന്നപ്പോൾ ഞാനിതൊക്കെ പിന്നേം ആവർത്തിച്ചു.

"ഇവിടുന്നെങ്ങും പോണില്ല "

കനപ്പിച്ചു പറഞ്ഞെന്റെ യാചനയുടെ താള് രണ്ടായി കീറി അച്ഛൻ ചോറുണ്ടെണീറ്റു.
ഹാവൂ. വിധിയായി.
ഇതിങ്ങനെയെ വരികയുള്ളൂന്ന് നിശ്ചയമുണ്ടായിരുന്നിട്ടും, എതിർ ദിശയിൽ കാറ്റ് വീശിയേക്കാമെന്ന ഒടുവിലെ ആശേം തവിടുപൊടി.
നല്ല നിരാശയോടെ ഞാൻ പിറ്റേന്ന് ക്ലാസിലെത്തി.
പോകാനുദ്ദേശിക്കുന്നവരൊക്കെ പേര് കൊടുത്തുതുടങ്ങി.

"എന്തായി?"
എന്നെക്കണ്ട് സജിതയും ശരണ്യയും ഓടി അരികിലെത്തി.

"ഓഹ് ഒന്നുമായില്ല, അച്ഛൻ സമ്മതിച്ചില്ല "
ഞാൻ നെടുവീർപ്പിട്ടു.

"ഒന്നൂടെ പറഞ്ഞുനോക്കാർന്നില്ലേ!" ശ്രീലക്ഷ്മി ശരിയാകുമെന്ന മട്ടിൽ ചോദിച്ചു.

" നിങ്ങള് പോയിട്ട് വായോ" ഞാനെണീറ്റ് മുറ്റത്തേക്ക് നടന്നു.

പേര് പട്ടികയിൽ ചേർക്കേണ്ടതിന് ഇനീം രണ്ട് ദിവസം ഉണ്ട്.
അന്നുരാത്രിക്ക് ഞാൻ കുറേ ബഹളം വച്ചു. കരഞ്ഞു.

"അക്ക പോണുണ്ടേ... എനിക്കും പോകണേ,വല്യച്ഛന്റെ മോളായാൽ മതിയാരുന്നേ..."

"മിണ്ടാണ്ടിരിക്കടീ...,ഇവിടുന്നാരും പോണില്ല,അവടൊരു ടൂറ്..പഠിക്കാൻ വിട്ടാൽ പഠിച്ചാൽ മതി. അതല്ലാതെ വേറൊരു പരിപാടീം വേണ്ട. "
അച്ഛൻ കലിയോടെ ഗർജ്ജിച്ചു.

ഞാൻ പിന്നേം നീളത്തിൽ കരഞ്ഞുറങ്ങി.
വാടിക്കെട്ടിയ മുഖം കൊണ്ട് ദയ പിടിച്ചുപറ്റാൻ നോക്കിയ ഒടുവിലത്തെ പയറ്റായിരുന്നു അത്.

പിറ്റേപ്പകൽ അച്ഛൻ എന്നോട് ദയവ് തോന്നിയിട്ടാവണം സമ്മതം തന്നു. 'സന്തോഷം കൊണ്ടെനിക്ക് ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥ. ഹാപ്പി ജാമിലെ കുട്ടികളെപ്പോലെ സന്തോഷമടക്കാനാവാണ്ട് മാനത്ത് വലിഞ്ഞുകയറി.
ലാസ്റ്റ് ഡേ ആയോണ്ട് പൈസ അന്ന് തന്നെ അടക്കണം.
എന്റെ കയ്യില് അന്നൊരു സ്വർണ്ണ മോതിരമുണ്ട്. അതൂരി അച്ചാമ്മയ്ക്ക് കൊടുക്കാൻ അച്ഛൻ പറഞ്ഞിട്ട് പണിക്ക് പോയി.

"അതെന്തിനാ മോതിരം? "

"പണയം വച്ചിട്ട് അച്ചാമ്മ പൈസ സ്കൂളിൽ കൊണ്ടുവന്ന് തരും. "

അമ്മ പുളിയുരുട്ടി ഉണ്ടകളാക്കി പാത്രത്തിലിട്ട് അകത്തേക്ക് പോയി.
മോതിരമെങ്കിൽ മോതിരം. കാര്യം നടന്നൂലോ. മോതിരമൂരി അച്ചാമ്മയ്ക്ക് 
കൊടുത്തിട്ട് സ്കൂളിലേക്ക് നടന്നു.

" വരണൂണ്ടേ ഞാനും വരണുണ്ട് " ആഹ്ലാദമടക്കാൻ പാടുപെട്ട് പടികയറുമ്പോൾ തന്നെ ഞാനുറക്കെപ്പറഞ്ഞു.
"ഹാണോ.. എന്നാൽ വാ  വേഗം പേര് കൊണ്ടെക്കൊടുക്കാം" സജിതേം ശ്രീലക്ഷ്മീം തുള്ളിച്ചാടി വന്നു.
അവർക്ക് സന്തോഷമായെന്ന് മുഖങ്ങളിലെ നൂറുബൾബ് കത്തിയ ചിരിയിൽ ഞാൻ കണ്ടു. സജിതയും ശ്രീലക്ഷ്മിയും എന്നേം വലിച്ച് സ്റ്റാഫ്‌ റൂം ലക്ഷ്യമാക്കി ഓടി.
അന്നുച്ചയ്ക്ക് മുന്നേ, വെയിലത്ത് എന്റെ ക്ലാസ്സ്‌ ഏതെന്നറിയാതെ നോക്കിനടക്കുന്ന അച്ചാമ്മയെ ഞാൻ ക്ലാസിലിരുന്ന് തന്നെ കണ്ടു.
ടീച്ചറോട് പറഞ്ഞ്, പുറത്തേക്ക് ചെന്ന് പൈസ വാങ്ങി പേര് കൺഫേം ചെയ്തു. അച്ചാമ്മ വെയിലത്ത് നടന്നല്ലോയെന്നോർത്ത് എനിക്ക് വിഷമം തോന്നി.

ആ വീഗാലാന്റ് യാത്ര ഒരു തുടക്കമായിരുന്നു.
പിന്നെയെല്ലാക്കൊല്ലവും അച്ഛൻ അധികം നിർബന്ധബുദ്ധി കാണിക്കാതെ എന്നെ പറഞ്ഞയച്ചു.

വണ്ടി, കൊടേക്കനാലെത്തുമ്പോൾ നേരം നന്നേ പുലർന്നുവരുന്നതേയുണ്ടായിരുന്നുള്ളൂ..
ആദ്യ പകൽ അവിടെ ചിലവഴിച്ച് രാത്രിയോടെ ഞങ്ങൾ കന്യാകുമാരിയിലെത്തി.നേരെ മുറിയിലേക്ക് ചെന്ന് ബാഗൊക്കെ വച്ചു ഓരോരുത്തരായി കുളിച്ച് തയ്യാറായി.

മാമന്റെ കയ്യിലെ ക്യാമറ ഞാനന്ന് കരുതിയിട്ടുണ്ടായിരുന്നു. അമ്മയെക്കൊണ്ട് പട്ടാങ്ങ് പറഞ്ഞ് വാങ്ങിച്ചതാണ്.
മുറിയിൽ വച്ച് ഞങ്ങൾ കുറേ ഫോട്ടോസ് എടുത്തു.
ഫിലിം റോളുള്ള ക്യാമറയാണ്. പുതിയ റോൾ അച്ഛനാണ് വാങ്ങിത്തന്നത്.
രാത്രി നടന്ന് വരാമെന്ന് ടീച്ചർ പറഞ്ഞപ്പോൾ ഞങ്ങളെല്ലാം പുറത്തേക്ക് ഇറങ്ങി. കടലിന്നടുത്തേക്ക് നടന്നുനീങ്ങി. നല്ല തണുപ്പുണ്ടായിരുന്നു.
ഓരോ കാറ്റിനും ഞങ്ങൾ കിടുകിടാ വിറച്ചു.
എന്റെ കൈ പിടിച്ചിരുന്ന ആതിര പി കാലുതട്ടി അവളെന്റെ ഭാഗത്തേക്ക്‌ വീഴാനാഞ്ഞു.
നിയന്ത്രണം നഷ്ടപ്പെട്ട എന്റെ കയ്യീന്ന് ക്യാമറ 'പഠോ'ന്ന്  നിലത്തുവീണ് ബാറ്ററിയുടെ ക്യാപും കുറച്ച് ഭാഗവും പൊട്ടിയടർന്നു.
 
ഇരച്ചുവന്ന കലിയോടെ ക്യാമറയും പൊട്ടിയ കഷ്ണങ്ങളും പെറുക്കിക്കൊണ്ട് ഞാനവളെ തുറിച്ചൊന്ന് നോക്കി. നാലക്ഷരം പറയാൻ വാ തുറന്നപ്പോഴേക്കും കേമത്തി സോറിയും പറഞ്ഞോടിപ്പോയി.
അശ്വതിയും സജിതയുമൊക്കെ വന്നെന്നെ ആശ്വസിപ്പിക്കാൻ നോക്കി.

മാമനോട് എന്ത് പറയുമെന്റീശ്വരാ.. സൂക്ഷിക്കണമെന്ന് പറഞ്ഞാണ് വിട്ടത്.
അമ്മയും ഉറഞ്ഞു തുള്ളും.
"കടേൽ കൊടുത്ത് നന്നാക്കാ"മെന്ന് അശ്വതി പറഞ്ഞപ്പോൾ ഞാനതിൽ ആശ്വാസം കൊള്ളാൻ ശ്രമിച്ചു. പൊട്ടിയ ക്യാമറയും കയ്യിൽ പിടിച്ച് മൂകയായി ഞാൻ നടന്നുനീങ്ങി.തിരികെ റൂമിലെത്തുമ്പോൾ നേരത്തെ തന്നുണരമെന്ന് ടീച്ചറുടെ ചട്ടം കെട്ടലുണ്ടായിരുന്നു. 

ഉദയം കാണാൻ പോകയാണ്.
നെഞ്ചിൽ ക്യാമറ പൊട്ടിയ ആധിയിരുന്നെരിയുന്നുണ്ടെങ്കിലും പിന്നെ, ബഹളങ്ങൾക്കിടയിലത് മൂടിപ്പോയി.
ഉറുമ്പുകൾ വരിവരിയായി നീങ്ങുന്ന പോലെയായിരുന്നു ആദ്യം ഞങ്ങൾ സൂര്യോദയം കാണാൻ നടന്നുതുടങ്ങിയത്.
സജിതയും അഞ്ജലിയും കെട്ടിപ്പിടിച്ചു മുന്നിൽ നടന്നുപോയി.
അശ്വതി അതിനും മുന്നിലുണ്ട്.
എന്റെ പിന്നിലായിരുന്നു ഉണ്ണികൃഷ്ണൻ സാറും ഗോപി സാറുമൊക്കെ.
അവരുണ്ടെന്നുള്ള ധൈര്യത്തിൽ ചുറ്റുമുള്ള കാഴ്ചകളെ കണ്ണുകളിൽ നിറച്ച് ഞാൻ നടന്നു.

കടൽക്കരെ,നല്ല ആൾക്കൂട്ടമുണ്ടായിരുന്നു.
ഉദയം കാണാൻ വന്നവരും കച്ചവടക്കാരും ഞങ്ങളെപ്പോലെ ടൂർ വന്നപോലെ തോന്നിച്ച കുട്ടിക്കൂട്ടങ്ങളുമെല്ലാം ചേർന്ന് ആരവക്കടൽ തിരകളേക്കാൾ ഉച്ചത്തിൽ പതഞ്ഞുയർന്നു.

ചോന്ന രശ്മിക്കുതിരകൾ തേർ പൂട്ടുന്ന സൂര്യരഥം, അതിന്റെ പ്രകാശചക്രങ്ങളുരുളുന്നത് കാണാൻ ആകാക്ഷയോടെ ഞാൻ നിന്നു.
നല്ല തിരക്ക്.

പൊടുന്നനെയാണ് ആരുടെയോ കൈകൾ എന്റെ പിന്നിൽ വന്നമർന്നത്. 
തെല്ലുനേരം അത് തുടരുക തന്നെ ചെയ്തു.ഞാനാകെ തണുത്ത് പോയി. 
ഭയം കൊണ്ട് വെട്ടി വിറയ്ക്കുന്ന അവസ്ഥയിലും ഞാൻ പിന്തിരിഞ്ഞുനോക്കി.

നല്ല പൊക്കത്തിൽ ഒരു വഷളൻ ചിരിയോടെ അയാൾ നിന്നിരുന്നു. കാഴ്ചയിൽ തമിഴനെപ്പോലെ തോന്നിച്ചു. മുഖമന്ന് വ്യക്തമായി കണ്ടെങ്കിലും പുഴുബാധിച്ച പല്ലുകളെ മാത്രമേ ഇന്നെനിക്ക് ഓർമിക്കാനാവുന്നുള്ളൂ.. അവിടെ നിന്നാ നിമിഷം ഓടിപ്പോകാൻ കൊതിച്ചിട്ടും കാലുകൾക്ക് ചങ്ങല കെട്ടിയിട്ട പോലെ.

വല്ലാത്ത ഭാരം.
എന്നിട്ടും ഞാനെങ്ങനെയോ ഓടി.
ഞാൻ കാണാൻ കാത്തുനിൽക്കാതെ സൂര്യരഥം ഉരുണ്ടുവന്ന് മാനക്കൊട്ടാരത്തിന്റെ ഉമ്മറത്ത് നിന്നു.
സൂര്യൻ കൊട്ടാരക്കെട്ടിലെത്തുമ്പോഴേക്കും ഞങ്ങൾ ബസിലേക്ക് നടന്നു..
അന്നു കിട്ടിയ പേടിയോടെ ആൾക്കൂട്ടത്തിലേക്ക് പോകാൻ ഞാൻ ഭയന്നു.
കന്യാകുമാരിയെന്ന് കേൾക്കുന്ന മാത്ര തണുത്തുറഞ്ഞുപോയ എന്നിലേക്ക് ഒരോട്ട പ്രദക്ഷിണം നടത്തി, ഞാനാ നഗരത്തെത്തന്നെ വെറുത്താണ് തിരിച്ചുപോരുന്നത്.

അനുവാദമില്ലാതെ കടന്നുവന്നേക്കാവുന്ന തൊടലുകളെ തടുക്കാൻ മുഷ്ടി ചുരുട്ടി കൈ പിന്നിലാക്കി നടന്നു. സൂചി സദാ ബാഗിൽ കരുതി. ഒരുത്തനെയെങ്കിലും അതോണ്ട് കുത്തിയിട്ട് "അയ്യോന്റമ്മേ" യെന്നവൻ അലറിക്കരയുമ്പോൾ അതുകണ്ട് ആനന്ദത്തിലാറാടണമെന്ന് കരുതും.
കുത്താനും എനിക്ക് പേടിയായിരുന്നു. !!

അച്ഛന് അമ്പലത്തിൽ ചിക്കരപ്പിള്ളേരുടെ വലത്തിന് തകില് കൊട്ടാൻ പോക്കുള്ളതിനാൽ അച്ഛനുണ്ടാവില്ല നാടകം കാണാനൊന്നും. ഞാനും അമ്മേം അയല്പക്കത്തൂന്നുള്ളവരുമൊക്കെയായിട്ടാവും പോക്ക്.  ഇഞ്ചി മിഠായിയും കപ്പലണ്ടീമാണ് നാടകക്കാഴ്ചയുടെ പ്രധാനാകർഷണങ്ങൾ. നാല്പത്തൊന്നിന്, കഥകളി കാണാൻ പോകുമ്പോൾ കിട്ടണ ചുക്കുകാപ്പിക്ക് ഉറക്കത്തെ തെല്ലൊന്ന് തടസ്സപ്പെടുത്താമെന്നല്ലാണ്ട് എന്റെയിഷ്ടം പിടിച്ചുപറ്റാൻ അതിന്റെ തൊണ്ടയെരിച്ചൽ കൊണ്ട് പറ്റിയിരുന്നില്ല. രസം പിടിച്ചിരുന്ന് കേട്ടോണ്ടിരിക്കണ ഗാനമേളകൾക്ക് തല്ലുണ്ടാവുമെന്ന് പേടിച്ച് മൂന്നോ നാലോ പാട്ടുകൾ കഴിയുമ്പോൾ തിരിച്ചുപോരുകയാണ് പതിവ്.

ഉത്സവ ഒരുക്കങ്ങൾക്കായി സ്കൂൾ മുറ്റത്തിനിരുവശവും കവുങ്ങിൻ തൂണുകൾ നാട്ടിയിട്ടുണ്ടാകും. തൂണുകളെ ചുറ്റി നീളത്തിൽ കോർത്തിട്ട, കാറ്റോടുമ്പോൾ കല കലയെന്ന് ഒച്ചയിടുന്ന പല കളറിലുള്ള തോരണങ്ങൾ നോക്കി ശേഷപ്പരീക്ഷയും കഴിഞ്ഞ് ഞാനും ശരണ്യയും ഇരിക്കും.

വെയിൽ മുറ്റത്ത് ഊർന്നിറങ്ങുമ്പോഴേക്കും കുട്ടികളെല്ലാം വീട്ടിലേക്ക് മടങ്ങിക്കാണും. വർത്തമാനം പറഞ്ഞ്  ഞങ്ങൾ പിരിയുമ്പോൾ മനസിൽ വിഷാദം കൂടുകൂട്ടും.

ആ ദിനമോർക്കുമ്പോൾ വെയിലിന്റെ നിറമാണ് ആദ്യം ഓർമ വരിക. 

തുടുക്കാത്ത ഓറഞ്ചിന്റെ നിറം.

പിന്നെ സുഗമ ഹിന്ദിയുടെ പരീക്ഷയ്ക്ക് അവളെക്കണ്ടു. ഹിന്ദിയുടെ കാര്യത്തിൽ അവൾ പുലിയാണ്.
പൂഴിക്കല്ലുകൾ പല വലിപ്പത്തിൽ നിറഞ്ഞുകിടക്കുന്ന സ്കൂൾമുറ്റത്ത് പുല്ലിൻകട്ടകൾ പച്ചവട്ടപ്പൊട്ട് പോലെ അങ്ങിങ്ങായി പടർന്ന് കിടന്നു. ശരണ്യ പെരുന്നേർമംഗലത്ത് നിന്നേ കൂടെപ്പഠിക്കുന്നതാണ്.

എന്ത് നല്ല പേരാണ്. !!
ഞങ്ങൾ പഠിച്ച എൽ പി സ്കൂളിന്.
പെരുന്നേർമംഗലം!!
അന്തസും ആഭിജാത്യവുമുള്ള പേര് വിട്ട് നാട്ടുകാർ പക്ഷേ ചന്തേസ്കൂളെന്നേ പറയൂ. അതിനടുത്ത് മീൻ ചന്ത ഉണ്ടായിരുന്നോണ്ട് ആ സ്‌ഥലവും ചുറ്റുപാടും പറയുമ്പോഴൊക്കെ ചന്ത കൂടെക്കലരും.

നാലാം ക്ലാസ്സ്‌ സംഭവബഹുലമാക്കി, ഒടുവിലെ ശിശുദിനവും കൊണ്ടാടി തുടക്കക്കാരായി അഞ്ചിലേക്കെത്തുമ്പോ പഴയ കൂട്ടുകാരികൾ മിക്കവരും അവിടെയുണ്ട്.
അച്ഛന്റെ കയ്യിൽ പിടിച്ച് പഴയ സംസ്‌കൃതം ക്ലാസ്സിലേക്കാണ് പ്രവേശനോത്സവത്തിന് ശേഷം ഞാനെത്തുന്നത്. ഒരു ടീച്ചറവിടെ കാർബൺ പേപ്പർ കൊണ്ടുപൊതിഞ്ഞ ബുക്കൊക്കെ ആയി നിറചിരിയോടെ സ്വീകരിക്കാൻ നിൽക്കുന്നു.

ശ്രീലക്ഷ്മി മുന്നിലിരുന്ന് ചിരിക്കുന്നുണ്ട്.
ഏതാ എടുത്തേ എന്നൊന്നും ചോദിക്കാൻ അറിയില്ലായിരുന്നു.
അവിടെച്ചെന്നപ്പോഴാണ് മലയാളം, സംസ്‌കൃതം എന്നിങ്ങനെ രണ്ട് വിഭാഗമുണ്ടെന്നു അറിയുന്നത് തന്നെ.
മേദിനി ടീച്ചർ ഓരോ വിഭാഗത്തിലേക്കും കുട്ടികളുടെ പേരെഴുതുകയാണ്.

"മോൾക്കേതാ വേണ്ടേ?"

സ്നേഹം തൂവുന്ന പെരുമാറ്റം. നല്ല വാത്സല്യം തുളുമ്പുന്ന സ്വരം. ഒന്നാം ക്ലാസ്സിലെ അമ്മിണി ടീച്ചറെപ്പോലെ.
എനിക്ക് ടീച്ചറെ ഒറ്റനോട്ടത്തില് തന്നെ ഇഷ്ടായി.

"ടീച്ചറെന്താ പഠിപ്പിക്കുന്നേ"

"സംസ്കൃതം " അതെന്താണെന്നും പ്രത്യേകതയെന്തെന്നുമൊക്കെ പറഞ്ഞു ക്യാൻവാസ് തുടങ്ങി. എനിക്കതൊന്നും വല്യതായി മനസിലായില്ല. എന്നാലും ഞാനുറപ്പിച്ചു.

"എന്നാ ഞാനും സംസ്‌കൃതം."

എന്റെ പെട്ടെന്നുള്ള തെരഞ്ഞെടുപ്പ്  ടീച്ചറിൽ സന്തോഷം വിതച്ചു.
കുട്ടികൾ ഭൂരിഭാഗവും മലയാളത്തിലേക്ക് ചേക്കേറുമ്പോൾ ഇവിടെ കുറവ് പിള്ളേരെ കാണൂ.
എനിക്ക് സംസ്കൃതം എന്താണെന്ന് പോലുമറിയില്ല. എങ്ങനെയിരിക്കും, എന്താ വ്യത്യാസം എന്നൊക്കെ ഞാനാലോചന പൂണ്ട് നഖം കടിച്ചുനിന്നപ്പോൾ അച്ഛൻ എന്റെ നിലപാടിൽ അമ്പരന്ന് "വേണ്ട, മലയാളം മലയാളം മതി" യെന്ന് പലവുരു ആവർത്തിച്ചു. എത്ര പറഞ്ഞിട്ടും ഞാൻ മാറാൻ കൂട്ടാക്കിയില്ല.

"പുതിയൊരു ഭാഷയല്ലേ. ഒന്നും പേടിക്കാനില്ല, ഇക്കണ്ട കുട്ടികളൊക്കെ ഇതന്നെയാണ്. ഞാനാണ് പഠിപ്പിക്കാ. മാർക്ക് വാങ്ങിക്കാനും എളുപ്പമാണ്"
എന്നൊക്കെ എനിക്ക് വേണ്ടി ടീച്ചർ അച്ഛനോട് ഘോര ഘോരം വിശദീകരിച്ചു. 

ബഞ്ചിലിരിക്കണ കുട്ടികളെയെല്ലാം അച്ഛൻ നോക്കി.
ഭാഗ്യത്തിന് കൂടെ പഠിച്ചവരിൽ മിക്കവരും അവിടെ ഉണ്ടായിരുന്നു.
ശ്രീലക്ഷ്മിയേയും ശരണ്യയേം അച്ഛനൊറ്റ നോട്ടത്തിൽ കണ്ടുപിടിച്ചു.
ശ്രീലക്ഷ്മിയുടെ അച്ഛനും വക്കാലത്ത് പറഞ്ഞു സഹായിച്ചു.
അതുകൊണ്ടൊക്കെയാവണം അച്ഛൻ മനസില്ലാമനസോടെ സമ്മതിച്ചു.
എന്റെ കണ്ണുകൾ അപ്പോഴും മേദിനി ടീച്ചറിൽ ചുറ്റിത്തിരിഞ്ഞു.
ആര്യയും അഞ്ജിതയും തങ്ങളുടെ ചേച്ചിമാരുടെ വാക്കിലാണ് ചേർന്നൂന്നാലും ക്ലാസ്സിലെ കുറച്ചുപേരെങ്കിലും സംസ്കൃതത്തിന് പേര് കൊടുത്തത് മേദിനി ടീച്ചറെ വിശ്വസിച്ചാണെന്ന് പിന്നീടാണ് മനസിലായത്.

ഞങ്ങൾ നാലു ബഞ്ചിൽ കൊള്ളാവുന്ന എണ്ണമേയുണ്ടായിരുന്നുള്ളൂ.
കൂട്ടുകാരൊക്കെ ഏറെപ്പേരും നാലു വരെ ഒന്നിച്ചു പഠിച്ചവരായോണ്ട് പരിചയപ്പെടുത്താലൊന്നും വേണ്ടി വന്നില്ല. സംസ്കൃതംകാർക്കുള്ള ആ കുഞ്ഞു ക്ലാസ്സ്‌ ഞങ്ങളെക്കൊണ്ട് പരിപോഷിതമായി. ശരിക്കുള്ള ക്ലാസ്സിലേക്ക് മാറുമ്പോഴാണ് എല്ലാവരേയും കാണാൻ സാധിക്കൂ.
ഉച്ച വരെയേ അന്ന് ഇരിക്കേണ്ടിയിരുന്നുള്ളൂ.

വീട്ടിൽ ചെന്നപ്പോ അച്ഛൻ അമ്മയോട് മലയാളമെടുത്തില്ലയെന്ന പരാതിക്ക് തീ കൊടുത്തു. അമ്മ അത് ഊതിപ്പടർത്തി. അച്ചാമ്മ മാത്രം ഒന്നും മിണ്ടാതെ കയറുകട്ടിലിൽ കാപ്പി ഊതിക്കുടിച്ചു.നാലിലെ പഠിപ്പികളൊക്കെ കൂടെ ഉണ്ടായിരുന്നോണ്ട് അമ്മയെ അത് പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കി.പോരാത്തതിന് വല്യച്ഛന്റെ മോളും അന്നവിടെ സംസ്‌കൃതമാണ്. അക്ക കാരണം പിന്നെയധികം പ്രയത്നിക്കേണ്ടി വന്നില്ല.

അങ്ങനെ മറ്റൊരു പുത്തൻ പ്രഭാതം കിഴക്കിന്റെ വിടവിൽ വന്നെത്തി നോക്കി.

പുതിയ സ്കൂൾ..

പുതിയ മാനം..

പുതിയ അന്തരീക്ഷം.

ഓട്ടമായിരുന്നു ആദ്യദിനങ്ങളിൽ. വെപ്രാളപ്പെട്ട്, സാവകാശം നടന്നാൽ ആറേഴു മിനിറ്റ് കൊണ്ടെത്തുന്ന സ്കൂൾ നടപ്പ്  നന്നേ വെട്ടിക്കുറക്കാൻ ഞാൻ നിതാന്ത പരിശ്രമത്തിലേർപ്പെട്ടു.

ആ പോണ കുട്ടിക്ക് മുന്നിൽ,

വണ്ടിക്ക് മുന്നിൽ..

ആരംഭ ശൂരത്വത്തിന്റെ ചോരത്തിളപ്പ് പതുക്കെ കെട്ടടങ്ങി. അഞ്ചുമിനിറ്റ് കഴിയട്ടെ എന്ന മടി വീട്ടീന്ന് ഇറങ്ങാൻ വൈകിപ്പിക്കും.  ദൂരത്തുള്ള ചൈതന്യയൊക്കെ എത്തിയാലും ഒടുവിലത്തെ ബെല്ലടിച്ചാലാണ് ഞാനെത്തുകയെന്ന ദുരവസ്ഥയായി.  "വീടെവിടെയാണ് " എന്ന ചോദ്യത്തിന് മുന്നിൽ കുന്തം വിഴുങ്ങി നിൽക്കാൻ മടുത്ത് പിന്നെയാപ്പണി വേണ്ടെന്ന് വച്ചു.

അഞ്ചിലെത്തണ വരെയില്ലാത്ത മൂന്ന് അതിഥികളെ ഞങ്ങൾ പരിചയപ്പെട്ടു.
ഇംഗ്ലീഷ്,
ഹിന്ദി,
പിന്നെ സംസ്‌കൃതം.
മലയാളം സെക്കന്റ്‌ സമാശ്വാസത്തിന് ഉണ്ടാകും.
അതാണ് എനിക്കേറ്റം ഇഷ്ടം. നിറയെ കഥകളാണ്.
വളരെക്കുറച്ച് പേജുകളുള്ള, കട്ടി കുറഞ്ഞ ആ പുസ്തകവും ഞാനും തമ്മിൽ വളരെപ്പെട്ടെന്ന് സ്നേഹബദ്ധരായി.
പരീക്ഷകളിൽ വലതുകയ്യിലെ ചൂണ്ടുവിരലിന്റെ മുഖം പേനയുമായുള്ള മല്പിടുത്തത്തിൽ പരുക്ക് പറ്റി ചതഞ്ഞു നിന്നു.
എന്നാലും ചറപറാ ഞാനെഴുതി.
ആ വിഷയത്തിലെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി.


2.
ഇന്നത്തെ ഇത്തിരിക്കുഞ്ഞുങ്ങൾ എൽ കെ ജിക്ക് മുന്നേ പഠിക്കുന്ന എ ബി സി ഡി യെ ഞാൻ അന്നാണ് കാണുന്നത്. ഒന്നാം ക്ലാസ്സിന് മുന്നോടിയായി മലയാളം പഠിപ്പിച്ച കറുപ്പനാശാൻ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നില്ല. ആശാന്റെ വീട്ടിലെ അകത്തിണ്ണയിൽ മണ്ണിട്ട് അതിലാണ് പഠിപ്പിക്കുക.

"പ കഴിഞ്ഞ്? "

"എഴുതേടീ പ കഴിഞ്ഞ്? "

ആശാൻ തുള്ളി വിറയ്ക്കുകയാണ്.

"അറിയില്ലാശാനെ"

എന്റെ കണ്ണ് നിറഞ്ഞൊഴുകും. പേടിച്ചിട്ട് നെഞ്ച് ഇപ്പൊ പൊട്ടുമെന്നാകും.

"അറിയില്ലേ, അറിയില്ലേടീ "

ആശാൻ അന്ന് ചെവി പിച്ചിയെടുക്കും.
എത്ര പഠിച്ചാലും പ കഴിഞ്ഞെന്തു പണ്ടാരമെന്ന് ഓർമ വരില്ല. വൈകുന്നേരം അമ്മ വിളിക്കാൻ വരുമ്പോൾ അടീം പിച്ചും കഴിഞ്ഞ്, തുടുത്ത താമരച്ചെവിയുമായി ഞാൻ കണ്ണുതുടക്കും.. ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത കർക്കശക്കാരൻ ആശാൻ സ്വപ്നത്തിലും വന്ന് ചെവി പിച്ചും..

"എഴുതേടീ പ കഴിഞ്ഞ് "
ആശാന്റെ മകൾ ആശാക്കയും കൂടെ പഠിപ്പിക്കാൻ കാണും.
"പിച്ചല്ലേ അച്ഛാ"എന്ന് പറഞ്ഞൂടെ ആശാക്കയ്ക്ക്.
ദുഷ്ട !!
ഇതിലും കനത്തിൽ അക്ക വേണമെങ്കിൽ പിച്ചിപ്പറിക്കും.

തെറ്റ് ചെയ്താലോ ദേഷ്യം പിടിപ്പിക്കുന്ന എന്തേലും ചെയ്താലോ ഉപദ്രവിക്കാൻ അമ്മയും ഒട്ടും പുറകിലല്ലായിരുന്നു.
ഒറ്റക്കുട്ടിയെന്ന പരിഗണനയെ അമ്മ തന്നതേയില്ല. റിബണിൽ നീലം കൂടിപ്പോയാലോ, റിബൺ കെട്ടാൻ അറിയില്ലെന്ന് പറഞ്ഞാലോ അന്നേരം  കയ്യിലുള്ളതെന്താണോ അതപ്പോൾ എന്റെ നേർക്ക് പാഞ്ഞുവരും.

കലം പറന്നുവീണ് ഇടതുകവിൾ നീലിപ്പിച്ചു!.
ചൂലുംകെട്ട് വന്നുമ്മവച്ച് ഈർക്കിൽപ്പാടുകൾ നെറ്റിയിലും കവിളിലും ഉണർന്നുകിടന്നു.

തൊണ്ടുതല്ലുന്ന കമ്പിവടിയും കറിപ്പാത്രങ്ങളും എന്നെ സ്നേഹത്തോടെ നോക്കി. അച്ചാമ്മ മൗനം പാലിക്കുകയോ തല്ലാൻ കൂടെക്കൂടുകയോ ചെയ്യുമ്പോൾ പലപ്പോഴും അച്ചിച്ചൻ ഇടപെട്ടിട്ടാണ് ദുരന്തമുഖത്ത് നിന്ന് കര കയറുക. അതോണ്ട് അമ്മയോട് പിച്ച് കിട്ടിയത് ഭയന്നൊളിപ്പിച്ചിട്ടും ആശാൻ കൃത്യമായി പറഞ്ഞുകൊടുത്തു.

ക്ലാസ്സിലെ, നീളത്തിൽ മടക്കുവരകൾ വീണ കറുത്ത ബോർഡിൽ പത്മാവതി ടീച്ചറാണ് എ ബി സി ഡി  ആദ്യം എഴുതിയിട്ടത്.

ഇംഗ്ലീഷ് അധികം ബലം പിടിക്കാതെ കൂടെക്കൂടി.
ഹിന്ദി പഠിച്ചാൽ രണ്ടാണ് കാര്യം. നെയ്യപ്പോം തിന്നാം മുഖോം മിനുക്കാമെന്ന് പറയുന്നപോലെ ചില്ലറ വ്യത്യാസങ്ങൾ ഒഴിവായാൽ സംസ്‌കൃതോം ഹിന്ദിയുമായിട്ട് വല്യ മാറ്റമില്ല. ലിപികൾ ഒരേപോലെയാണെന്ന് പ്രകാശൻ സാർ പറഞ്ഞു. സംസ്‌കൃതം വിഭാഗത്തിന്റെ തലവനാണ് പ്രകാശൻ സാർ. 

ഞങ്ങൾ പഠിക്കാൻ കയറി, അധിക കാലം ആവണതിന് മുന്നേ മേദിനി ടീച്ചർ ആരോഗ്യ കാരണങ്ങളാൽ സർവീസിൽ വിരമിച്ചു. ടീച്ചറ് പോയതിൽ ഞങ്ങളൊരുപാട് ദുഃഖിച്ചു. പകരം പഠിപ്പിക്കാൻ ശാലിനി ടീച്ചർ വന്നു. 
പീരീഡ്‌ തുടങ്ങിയിട്ടും ആരും വരാനില്ലാതെ സമയം പോയൊരു നാളിലാണ് അധികം വണ്ണമില്ലാത്ത, പൊക്കം കുറഞ്ഞ ടീച്ചറെത്തുന്നത്.
അപ്പുറത്തെ വീട്ടിലെയേതോ സ്ത്രീയെന്നോർത്ത് ഞങ്ങളാരും ആദ്യം ഗൗനിച്ചില്ല. പിന്നെയാണ് കയ്യിലെ ചോക്ക് കാണുന്നത്. പൊരുത്തപ്പെടാൻ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും ടീച്ചർ ഞങ്ങളെ അനായേസേന കയ്യിലെടുത്തു.

പെരുന്നേർ മംഗലത്തെ ടീമുകളല്ലാതെ പുറത്തു നിന്ന് വന്ന കൂട്ടുകാരുണ്ടായിരുന്നു എനിക്കവിടെ.
പൊക്ലാശ്ശേരിയിൽ പഠിച്ച സജിത, ചൈതന്യ, കുറുപ്പൻകുളങ്ങരേന്ന് വന്ന നിത്യ, സാന്ദ്ര, മാരാരിക്കുളംകാരി അരുണിമ, പിന്നെ പ്രീന, പ്രമീള അങ്ങനെ കുറച്ചുപേർ.

അഞ്ചാം ക്ലാസ്സിലെ രണ്ടാം ദിനത്തിലാണ് സജിതയെന്ന കുടുകുടാ ചിരിക്കുന്ന ചുരുളൻ മുടിക്കാരിയെന്റെ ജീവിതത്തിലേക്ക് വരുന്നത്. 

എനിക്കും ശരണ്യയ്ക്കും അപ്പുറത്തായി ഓറഞ്ചുകളർ ചെക്ക് ചുരിദാറിട്ട് കുറച്ചുമുടിയെടുത്ത് നിറുകയിൽ കെട്ടി,സിന്ദൂരപ്പൊട്ടിട്ട ഒരു കുട്ടി.
ഞങ്ങൾ പരസ്പരം തോണ്ടിക്കളിച്ചു. അവളുടെ ചിരിയെനിക്കേറെയിഷ്ടപ്പെട്ടു.

അന്നൊക്കെ പനി വന്നാൽ ശരണ്യ കുട നിവർത്തി ഞങ്ങൾക്കിടയിൽ മതിൽ തീർക്കും.
അവൾക്ക് പകരാതിരിക്കാൻ ആണെന്ന് പിന്നെയാണ് എനിക്ക് മനസിലായത്.
പിന്നെപ്പിന്നെ പനി വരാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. പനിക്കാലത്ത് ചുമ വന്നാൽ കടിച്ചുപിടിച്ചും തുമ്മല് തോന്നല്ലേ, വരല്ലേ എന്ന് പ്രാർത്ഥിച്ചും, എയ്ഡ്‌സ് ബാധിതയെ നോക്കുംപോലുള്ള അവളുടെ നോട്ടമെന്നെ വേദനപ്പെടുത്താതിരിക്കാൻ ഞാൻ പരിശ്രമിച്ചു.

ഞാനെല്ലാവരുടെയും കൂട്ടുകാരിയായിരുന്നു.
എന്നാലും ഞങ്ങളുടേതായ ഗ്രൂപ്പിൽ നാൾക്കുനാൾ അംഗസംഖ്യ വർദ്ധിക്കുകയും,കൊഴിയുകയും പുതിയ സഖ്യങ്ങൾ രൂപപ്പെടുകയും ചെയ്തു.
അമ്മ പഠിച്ചത് പൊക്ലാശ്ശേരീലാണെങ്കിലും എന്നെ പെരുന്നേർമംഗലത്താണ് ചേർത്തത്. ഞങ്ങളൊന്നിച്ചാണ് ഒന്നാം ക്ലാസ്സിലേക്ക് നടന്നത്.

ഹെഡ്മാസ്റ്റർ ചെല്ലപ്പൻ സാറിന്റെ മുറിയിൽ, രുഗ്മിണി ടീച്ചർ രജിസ്ട്രേഷൻ വർക്ക് ചെയ്യലാണ്.

"പേരെന്താ?"


3.
വട്ടക്കണ്ണട മൂക്കിൽ ഒന്നുകൂടി ഉറപ്പിച്ചു നിർത്തി ടീച്ചർ എന്നോട് ചോദിച്ചു.
ഞാനമ്മയെ നോക്കി. എന്നിട്ട് തൊണ്ട ശരിയാക്കി പറഞ്ഞു.

"അർച്ചന ടി ആർ "

ക്ലാസ്സിലേക്കുള്ള വഴി പറഞ്ഞു തന്ന് ടീച്ചറുടെ പക്കൽ നിന്ന് ഞങ്ങൾ ഓപ്പോസിറ്റ് കാണുന്ന ക്ലാസ്സ്‌ മുറിയിലേക്ക് വരാന്തയിലൂടെ നടന്നു.
ക്ലാസ്സ്‌ തുടങ്ങുന്നിടത്ത് അമ്മ നിന്നു.
"കയറിക്കോ,ഞാനേ വൈകിട്ട് വരാ"ന്ന് പറഞ്ഞു അമ്മ നീങ്ങി.

എന്തുചെയ്യണമെന്ന് അറിയാതെ നിന്നപ്പോൾ ഒരു കുട്ടി എന്നെ, "വാ ഇവിടെ വായെ"ന്ന് കൈ കാട്ടി വിളിച്ചു.
എനിക്ക് അവളെ കണ്ടുപരിചയമുണ്ട്.
ഓർത്തോർത്ത് ഞാനവളെ കണ്ടുപിടിച്ചു.
ശരണ്യ !
സൗമ്യ അക്കയുടെ അടുത്ത വീട്ടിലെ കുട്ടി. അവളുടെ വീട്ടിൽ പശുക്കളും മുറ്റത്ത് കൂവളമരവും, പൂർവികന്മാരുടെ അസ്‌ഥിത്തറയുമുണ്ടായിരുന്നു. അക്കയുടെ വീട്ടിലേക്ക് പോകുമ്പോഴെല്ലാം ചെമ്പകമരങ്ങൾ പൂത്തുനിൽക്കുന്ന വേലിക്കപ്പുറത്ത്, പെറ്റിക്കോട്ടിട്ട ഒരു കുട്ടി തന്റെ നീളൻ മുടി കോതാറുണ്ടായിരുന്നു.

അവൾ എനിക്കായി സ്‌ഥലം പിടിച്ചിട്ടുണ്ട്.
എനിക്ക് സന്തോഷായി.
ധൃതിയിൽ, ഇനി ആരേലും വന്നിരിക്കോയെന്ന് പേടിച്ച് ഞാനങ്ങോട്ടേക്ക് നടന്നു. 
ബഞ്ചിലാകെ തിക്കും തിരക്കുമാണ്.
ടീച്ചറിനിയും വന്നിട്ടില്ല.
ശരണ്യ കിണഞ്ഞു പരിശ്രമിച്ചിട്ടും അവളിരുന്ന സ്‌ഥലവും കടന്ന് അവളൊഴുകിപ്പോകയാണ്..
ഇതെന്ത് കൂത്ത്.. 
ഞാനപ്പുറത്തെ വശത്തേക്ക് നോക്കി.
മെലിഞ്ഞു വെളുത്ത ഒരെണ്ണമിരുന്ന് തിക്കിക്കളിക്കയാണ്.
അഹങ്കാരി.
അവൾക്ക് മാത്രമിരുന്ന് സുഖിച്ചാൽ പോരല്ലോ.
ഒരു വിധികർത്താവിന്റെ ധാർഷ്ട്യത്തോടെ അവളിരിക്കുന്നിടത്തേക്ക് നടന്നുചെന്ന് "നീങ്ങിരിക്കെടീ " ന്ന് പറഞ്ഞൊരു പിച്ചും വച്ചുകൊടുത്തു.
അയ്യോടാ..
തിക്കലുപെണ്ണതായിരുന്നു കരയുന്നു.
ഏങ്ങി ഏങ്ങി ഇപ്പൊ ചാവുമെന്ന മട്ടിലവൾ കരച്ചിൽ തുടരുമ്പോൾ ക്ലാസ്സ്‌ ടീച്ചർ, അമ്മിണി ടീച്ചർ ക്ലാസ്സിലേക്ക് ചുവപ്പിൽ സ്വർണ്ണ വരകളുള്ള സാരിയുടുത്ത് കയറി വന്നു.
കരച്ചിലുകാരി ജോലിയുടെ വേഗത ഉച്ചത്തിലാക്കി.
എന്റെ ന്യായമൊന്നും വിലപ്പോയില്ല.
ഇരിക്കാൻ സീറ്റ് തരാത്തോണ്ടാണെന്ന് പറഞ്ഞിട്ടൊന്നും ടീച്ചർക്ക് ബോധ്യായില്ല.
ചൂരൽക്കഷായച്ചൂട് ആദ്യ ദിനത്തിൽ തന്നെയേറ്റ് വാങ്ങി.
നാശം പിടിക്കാൻ.
ഞാനാ മോങ്ങിപ്പെണ്ണിനെ പ്രാകി.
അവളായിരുന്നു അഞ്ജലി.
അവളും അക്കയുടെ അയൽവാസിയാണ്. 

കയ്യിലെ നോവ് ആരേം കാണിക്കാതെ ശരണ്യയുടെ അടുക്കൽ തന്നെ ഞാൻ വന്നിരുന്നു.
ഇപ്പുറത്തിരുന്ന ഉണ്ടക്കണ്ണി എന്നെ നോക്കി ചിരിച്ചു.
അവരൊക്കെ ഒന്നിച്ചു ട്യൂഷൻ പഠിച്ചവരാണ്.
അതോണ്ട് ഒറ്റ ബഞ്ചിൽ എല്ലാരൂടെ ഇരുന്നതാണ്.
ഉണ്ടക്കണ്ണിയുടെ കൈയ്യക്ഷരം വടിവൊത്ത് അവളുടെ കണ്ണ് പോലെ ബുക്കിൽ ഉരുണ്ടിറങ്ങി.
ആ പേര് ഞാൻ വായിച്ചു.
ശ്രീലക്ഷ്മി.
പിന്നേം കുറേപ്പേരെ പരിചയപ്പെട്ടു.
ഇന്റെർവെല്ലിലെ കല്ലുകൊത്തിക്കളിയിൽ പരിചയപ്പെട്ട സൗമ്യ, ചിത്ര, നാലാം ക്ലാസ്സിലെ ശിശുദിനത്തിന് പോലീസായി വന്ന അശ്വനി, അവളുടെ കൂടെ എപ്പോഴും കാണുന്ന ശ്യാമിലി..
ചിത്രയും സൗമ്യയും ഞാനും കൂടിയാണ് ആദ്യം കല്ലുകൊത്തിക്കളിച്ചത്. മുറ്റത്ത് നട്ടുവളർത്തിയ ബന്തിച്ചെടിയിൽ നിന്ന് ആരും കാണാതെ പൂവുകളിറുത്തത്.
ചിത്രയുടെ കയ്യിൽ പല വർണ്ണത്തിലുള്ള വളപ്പൊട്ടുകളുമുണ്ട്.
കല്ല് മടുത്താൽ വളപ്പൊട്ട്. മണ്ണിട്ട് മൂടിയ കിണറിന്റെ വായിലും ചുറ്റിലുമൊക്കെ ഞങ്ങളെത്ര കളികൾ കളിച്ചു.

എന്തൊരാക്രാന്തമായിരുന്നു കല്ല് കളിക്കാൻ!

കല്ലുകളോടുള്ള കമ്പം പതുക്കെ പനക്കൻ ചേട്ടന്റെ കടയിലെ അടുക്കിവെച്ച ടിന്നുകളിലെ അരിയാസ് വട്ടുകളിലേക്ക് വഴുതിമാറി.

പല നിറങ്ങളിൽ, ഗ്ലാസ്സോണ്ടുണ്ടാക്കിയ വട്ടിന്നുള്ളിൽ ത്രിമാനാകൃതിയിൽ, വൈരപ്പുളികളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള വസ്തു എങ്ങനെ കുത്തിനിറച്ചു എന്നത് അക്കാലത്തെ ഒരത്ഭുതം തന്നെയായിരുന്നു.

പല വലിപ്പത്തിൽ പഴയ സോഡാക്കുപ്പീന്ന് കിട്ടണ കറുത്ത് തിളങ്ങുന്നതും, പുതിയ വഴുക്കൻ വട്ടുകളുമൊക്കെച്ചേർന്ന് വല്യൊരു ശേഖരം എനിക്കുമുണ്ടായിരുന്നു. നിധി പോലെ ഏറെക്കാലം ഞാനത് കൊണ്ടുനടന്നു.

പാടം നികത്തിയാണ് വല്യച്ഛൻ വീട്‌ വച്ചത്. അത് ലോപിച്ച് ലോപിച്ച് പാടമെന്നത് അവരുടെ വീട്ടുപേര് പോലെയായി.
പാടത്തൂന്ന് അക്കയും അണ്ണനും വീട്ടിലേക്ക് വരുമ്പോഴെല്ലാം അഭിമാന പുരസ്സരം ഞാനതെല്ലാം കൊണ്ടുവന്നുകാണിക്കും.
വട്ടുകളുടെ പേഴ്‌സൊന്ന്.
വളപ്പൊട്ടുകളുടെ വേറൊന്ന്.

കോർത്തേലീലെ അക്കമാരുടെ കുപ്പിവളകൾ പൊട്ടാൻ വേണ്ടി ഞാനേറെ  പ്രാർത്ഥിച്ചു. കാണുമ്പോഴൊക്കെ പൊട്ടിയാൽ എനിക്ക് തന്നെ തരണമെന്ന് ചട്ടം പുതുക്കി.

നാലാം ക്ലാസ്സിലെ ശിശുദിനത്തിന് ശ്രീലക്ഷ്മി ഇന്ദിര ഗാന്ധിയാണ്. മുടിയൊക്കെ നരയിട്ടിട്ടുണ്ട്. ഓമനത്തമുള്ള അയൺ ലേഡിയെ ഞാൻ മിഴി ചിമ്മാണ്ട് നോക്കി.
ഹരികൃഷ്ണനാണ് ചാച്ചാജി. അവന്റെ വെള്ളയുടുപ്പിൽ ഒരു റോസാപ്പൂവ് കുത്തിവച്ചിട്ടുണ്ട്. ടീച്ചറെഴുതിക്കൊടുത്ത പേപ്പർ നോക്കി അവൾ പ്രസംഗിക്കുന്നത് കണ്ടുകൊണ്ട് ഞാനും കൂട്ടുകാരും മുന്നിലുണ്ട്.

ഇനി പ്രച്ഛന്ന വേഷ മത്സരമാണ്.
ചെസ്റ്റ് നമ്പർ ലിസ്റ്റ് ഉഷ ടീച്ചറിരുന്നുറക്കെ വിളിക്കുന്നുണ്ട്.
ഒരു നമ്പർ മൂന്ന് തവണ വിളിച്ചിട്ടും വരുന്നില്ല.
എന്താണ് പറ്റിയതെന്ന് നോക്കുമ്പോൾ തിടുക്കത്തിൽ, കൂടിയിരിക്കുന്ന കുട്ടികളെയെല്ലാം ലാത്തികൊണ്ട് വകഞ്ഞു മാറ്റി അശ്വനി ഓടി വരുന്നുണ്ട്.
അവൾ ശരിക്കും പോലീസ് ആയി വരികയെന്നാണ് എനിക്കപ്പോ തോന്നിയത്.
ഇത്ര ചെറിയ പ്രായത്തിൽ പോലീസായോ..!എങ്ങനെ ജോലി കിട്ടി!

"അവളുടെ ചിറ്റപ്പൻ പോലീസ് അല്ലേ, ആ ഉടുപ്പാവണം" സൗമ്യ കണ്ടുപിടിത്തം നടത്തി.

അന്തം വിട്ടിരുന്ന എന്നെ മറികടന്നു അവൾ സ്റ്റേജിൽ കയറി ആരോ പഠിപ്പിച്ച പോലെ സ്റ്റേജിന്നിരുവശവും അങ്ങോട്ടുമിങ്ങോട്ടും നടന്നും നിന്നും കാണിച്ചു ഇറങ്ങി.
ആളുകൾ കയ്യടിച്ചു.

"ഇയ്യോ അവൾ മത്സരിക്കാൻ വന്നതാണ്. മണ്ടി.." ചിത്രയെന്നെ കളിയാക്കിച്ചിരിച്ചു.
എനിക്കപ്പോഴാണ് മണ്ടത്തരം മനസിലായത്.

കല്ലുകളീം വളപ്പൊട്ടും മറികടന്ന് ഞങ്ങൾ കുടകളടുക്കി ചേർത്ത് വിതർത്ത് വച്ച് കോഴീം കുറുക്കനും കളിച്ചു. കോഴിയായി ഒരാൾ കുടക്കൂടിനകത്തും കുറുക്കനായി ഒരാൾ പുറത്തും. കോഴിയെ കുറുക്കൻ പിടിക്കണം. കോഴിയെ പിടിക്കാതിരിക്കാൻ കോഴിയുടെ കൂടെയുള്ളവർ ശ്രദ്ധിക്കും.

പിന്നെയുള്ളത് കബഡിയാണ് .
ഇരു ടീമായി തിരിഞ്ഞു, എതിർ ടീമിലെ കളിക്കാൻ വരുന്നവളുടെ കാലിലേക്ക് ഞാനാഞ്ഞു വീണു. ആവേശത്തോടെ ഞങ്ങൾ കബഡി കബഡിയെന്നുറക്കെ അലറി മണ്ണിൽ കുളിച്ചു. പാവാടകൾ പൊങ്ങി കാലുകാണുമോയെന്നത് അപ്പോൾ ഓർക്കില്ലെങ്കിലും പിന്നീട് ആമ്പിള്ളേർ കണ്ടുകാണുമോയെന്നോർത്ത് നീറി.

സ്കൂൾ മുറ്റത്ത് തണൽ വിരിച്ചുകൊണ്ട് ഒരു മാവുണ്ടായിരുന്നു. തടിയൻ ശാഖകളിൽ തളിരിലകൾ തളിർക്കുന്നതും നോക്കി മഴ പെയ്യുമ്പോൾ ഞാൻ തൂണിൽ ചാരി നിൽക്കും.
വലിയ ജനാലകളിലിരുന്ന് പുറംമാനത്തേക്ക് കണ്ണെറിയും. ആൺകുട്ടികൾ ചാടിക്കേറി പറിച്ചുകൊണ്ടുവരുന്ന മാങ്ങ തിന്നാൻ കൊതിയോടെ കാത്തിരിക്കും.

ഞങ്ങളിറങ്ങണ വരെയും നല്ലൊരു ചുറ്റുമതിലില്ല. പാതി പൊട്ടിയടർന്ന മതിൽ ചാടിക്കടന്ന് കുട്ടികൾ ഗേറ്റിനെ വെല്ലുവിളിച്ചു.
മൂത്രപ്പുരയ്ക്ക് വാതിലുമില്ല.
നിവൃത്തിയുണ്ടെങ്കിൽ ഞങ്ങളാരും അങ്ങോട്ടേക്ക് പോവില്ല.
ഗതികെടുന്ന നേരങ്ങളിൽ രണ്ടുപേർ ചേർന്ന് പാവാട വിതർത്ത് പിടിച്ചിട്ടാണ് മറ കൊടുക്കുക. എനിക്കവിടത്തെ മണം അറച്ച് ഒരു സ്കൂളിലേം മൂത്രപ്പുരയിലേക്ക് നിർവാഹമുണ്ടേൽ ഞാൻ പോവില്ല. വീടെത്തണ വരെയും പിടിച്ചുനിൽക്കാനുള്ള കെല്പ് എനിക്കുണ്ടായിരുന്നു.

അമ്മിണി ടീച്ചർ, ഒന്നാം ക്ലാസ്സിന്റെ ആദ്യപാദാവസാനം സ്കൂൾ മാറിപ്പോയി. മഴയത്ത് കുട നഷ്ടപ്പെട്ട കുട്ടികളെപ്പോലെ ഞങ്ങൾ ദുഃഖിതരായി.
ടീച്ചറോടുള്ള സ്നേഹപാരവശ്യത്താൽ മാത്രം സ്കൂളിൽ വരുന്ന കുട്ടികളുണ്ടായിരുന്നു.

വർഷങ്ങൾക്കിപ്പുറം, അശ്വതിയും ഞാനുമൊന്നിച്ച് ടീച്ചറെക്കാണാൻ വീട്ടിലെത്തിയപ്പോൾ ടീച്ചറതൊക്കെ പൊടിതട്ടി കുടഞ്ഞിട്ടു.
ടീച്ചർ, ബസിറങ്ങി വരുന്ന സമയം നോക്കി, കയ്യിലൊരു റോസാപ്പൂവുമായി സ്കൂൾ വാതിൽക്കൽ കാത്തുനില്ക്കാറുണ്ടായിരുന്ന അശ്വനിയുടെ ഏട്ടനെ ടീച്ചറെത്ര സ്നേഹത്തോടെ ഓർമിച്ചെടുത്തു!

എനിക്കും ഒരു പൂ കൊടുക്കാമായിരുന്നുവെന്ന അപകർഷതയോടെയാണ് ഞാനത് കേട്ടിരുന്നത്!.
ടീച്ചർ പോയ നോവ് ഏട്ടന്റെ മനസിന് പ്രയാസമായിപ്പോയപ്പോഴെല്ലാം ഫോണിലൂടെ സാന്ത്വനം പകർന്നുവെന്ന് പറഞ്ഞതൊക്കെ പിന്നീട് ഞാൻ അശ്വനിക്ക് വാട്സാപ്പ് ചെയ്തു.

പുറത്തേക്ക് നോക്കിയാൽ കപ്പിലുമാവുകൾ അതിരിടുന്ന ആകാശമായിരുന്നു രണ്ടാം ക്ലാസ്സിലെ ജനാലകളിൽ.
മെലിഞ്ഞു, നല്ല പൊക്കത്തിൽ വലിയ പകിട്ടുകളില്ലാത്ത സാരിയുടുക്കുന്ന ഉഷ ടീച്ചറായിരുന്നു സൈന്യാധിപ.
വിശേഷാവസരങ്ങളിൽ ടീച്ചർ മക്കളെ സ്കൂളിൽ കൊണ്ടുവരും.
ആതിര വാവേം അക്ഷര വാവേം കൊണ്ടുനടക്കാനും കൈപിടിക്കാനുമെല്ലാം ഞങ്ങൾ മത്സരമാണ്. ഒരു മിഠായി,രണ്ട് മിഠായി ലേലം വിളികൾക്കിടയിൽ കുഞ്ഞുങ്ങൾ കണ്ണ് തള്ളി നിൽക്കും. ജൂനിയേഴ്സ് കുട്ടികളുടെ ഇടക്ക് കയറൽ മറ്റൊരു തലവേദന. ഞങ്ങളെടുത്തിട്ട് എടുത്താൽ മതിയെന്ന് കണ്ണുരുട്ടി, പരസ്പരമുള്ള അടി കളഞ്ഞ് ഞങ്ങളൊറ്റക്കെട്ടാകും.

രണ്ട് വാവമാരിലേതെന്നറിയില്ല, തുറവൂർക്ക് പഠിക്കണ സമയത്ത് വൈകിട്ടുള്ള ബസിൽ ചേർത്തലേന്ന് കയറും.
ഇടയിൽ എന്റടുത്ത് ബസിൽ നിന്നപ്പോൾ കൗതുകത്തോടെ ഞാൻ മോളെ തൊട്ടുവിളിച്ചു.
പണ്ട് കൂട്ടുകാരോട് അടികൂടി, പുന്നാരിപ്പിച്ച് എടുത്തുകൊണ്ട് നടന്ന കുട്ടിയാണ്. എന്നെയവൾക്ക് ഓർമ ഉണ്ടായിരുന്നില്ല. ലേലം വിളിക്കുന്ന ചേച്ചിമാരെ കുട്ടി കുറേ കണ്ടിരിക്കുന്നല്ലോ. ടീച്ചറെ അന്വേഷിച്ചൂന്ന് പറയാൻ പറഞ്ഞ് ഞാൻ ചിരിച്ചു. പേര് ചോദിക്കാൻ സന്തോഷാധിക്യത്തിൽ വിട്ടുംപോയി. പതിനൊന്നാം മൈൽ കഴിഞ്ഞുള്ള ഇട സ്റ്റോപ്പിൽ കനമുള്ള ബാഗ് തോളേന്തി വാവയിറങ്ങിപ്പോയി.

സങ്കലനവും ന്യൂനവും പഠിച്ച്, മൂന്നിലെത്തിയപ്പോഴാണ് പണ്ട് കണ്ട വട്ടക്കണ്ണടക്കാരി രുഗ്മിണി ടീച്ചറെ അടുത്ത് കാണുന്നത്.
പിന്നെ ഞങ്ങളുടെ അധികാരി ടീച്ചറായി.
മൂന്നാം ക്ലാസ്സിലന്ന് ഗുണനം പഠിപ്പിക്കലാണ്. അത് കഴിഞ്ഞു ടീച്ചർ ഇംഗ്ലീഷെടുത്തു.
ടെസ്റ്റ് പേപ്പറും നടത്തി.
മുഴുവൻ മാർക്കും കിട്ടുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പക്ഷേ പേപ്പർ വന്നപ്പോൾ പത്തിൽ എനിക്ക് എട്ടും അശ്വനിക്ക് മുഴുവൻ മാർക്കും.
ഞാൻ ടീച്ചറോട് ആവലാതി അറിയിച്ചു.  തെളിവിന്, ടീച്ചറെ കാണിക്കാനെന്ന് കേട്ടപ്പോൾ മാർക്ക് കുറയുമെന്ന് പേടിച്ച അശ്വനിയിൽ നിന്ന് തട്ടിപ്പറിച്ചെടുത്ത അവളുടെ പേപ്പറും എന്റെ പേപ്പറും മേശയിൽ നിവർത്തി വച്ചു.
ഉത്തരങ്ങൾ ഒന്നല്ലേയെന്ന് സമർഥിച്ചു.

ഞാനെഴുതിയതിലൊരിടത്തും വാചകാവസാന അറിയിപ്പ് കാണിക്കുന്ന കുത്തുണ്ടായിരുന്നില്ല.

അവൾ പക്ഷേ എല്ലായിടത്തും നിറയെ കുത്തിട്ട് ആശയം വ്യക്തമാക്കി.
അതാണ് മാർക്ക് കുറയാൻ കാരണം.

അമ്പടീ.. വാചകമവസാനിക്കുമ്പോൾ കുത്തിടമെന്ന് നിനക്കാര് പറഞ്ഞുതന്നു.
എനിക്കത് പുതിയ അറിവാണ്.

ടീച്ചർ, പരിഭവിച്ച് പിണങ്ങി നിന്ന എന്നെ ചേർത്തുപിടിച്ചു.
"നീ ചോദ്യം ചെയ്തു വരുമെന്ന് അറിയാമായിരുന്നു. അതുകൊണ്ടാ ഒന്നും മിണ്ടാതെ പേപ്പർ തന്നത്. വേണ്ടൊരു കാര്യമിന്ന് പഠിച്ചില്ലേ "ന്ന് ടീച്ചർ സമാധാനിപ്പിച്ചു.

എന്നാലും കിട്ടാതെപോയ മാർക്കിനെച്ചൊല്ലി എന്റെ മനസിൽ മാരിക്കാർ പീലി വിടർത്തി.

ആദ്യമൊക്കെ അമ്മയാണ് കൊണ്ടാക്കലും വിളിക്കാൻ വരലും.
പിന്നെപ്പിന്നെ തന്നെ പോവാൻ പഠിച്ചു.
ഒരിക്കൽ റോഡ് നോക്കാണ്ട് പ്രൈവറ്റ് ബസിന് വട്ടം ചാടിയതിന് അന്നപ്പുരക്കലെ ചായക്കടക്കാരൻ വഴക്കിട്ടതില്പിന്നെ ആ വശത്ത് നടക്കില്ല. രാവിലെ നടന്നുപോണമെന്നോർക്കുമ്പോൾ മടി വരും. വാശിപിടിച്ച് ഒടുവിൽ അച്ഛൻ സ്കൂളിലേക്ക് ആക്കിത്തരും.
എല്ലാദിവസവും ഇത് നടപ്പിൽ വരില്ല. തിരികെ വരാൻ കൂട്ടുകാരുള്ളത് കൊണ്ട് നടക്കാൻ ഉത്സാഹമാണ്.
മഴയത്ത്, കുട ചൂടാതെ നനയാനും, റോഡിൽ കാണുന്ന വെള്ളവട്ടങ്ങളിൽ ചാടിത്തെറിപ്പിക്കാനും കണ്ണിക്കണ്ട കായ പറിച്ചും വർത്തമാനം പറഞ്ഞു റോഡിന്റെ നടുക്ക് നടന്നും വൈകുന്നേരങ്ങൾ ആഘോഷമാക്കി.
അന്നും അച്ഛനാക്കിത്തരണമെന്ന് ബഹളം വച്ചപ്പോൾ സ്ട്രൈക്കിന്റെ പച്ച നിറമുള്ള കുപ്പി നീട്ടി, ഇന്നിതിൽ കൊണ്ടുപോയ്ക്കോ വെള്ളം കുടിക്കാനെന്ന തന്ത്രത്തിൽ വീണ് ഞാൻ നടന്നുപോയി.
മടി എന്നെ കുറേ ചീത്ത പറഞ്ഞു.
ഇഷ്ടമില്ലാഞ്ഞിട്ടും നടക്കുന്നതിൽ.
പക്ഷേ ആ കുപ്പിയെ എനിക്കൊത്തിരി ഇഷ്ടായി.
ഉച്ചയ്ക്ക് ചോറുണ്ണുമ്പോൾ ഗമയോടെ അച്ഛൻ തന്നതാണെന്ന് ആക്ഷൻ കാണിച്ചു ബഞ്ചിൽ വച്ചു.
അതിൽ ചുറ്റിയിരുന്ന തോലഴിച്ച് കുപ്പിയെ നാണിപ്പിച്ചു. 

വൈകിട്ട് വല്യ ബെല്ലടിച്ചപ്പോൾ ധൃതിയിൽ ബാഗ് തൂക്കി ഓടാൻ തയ്യാറായി.
ബാഗെടുത്ത് തോളിലിട്ടപ്പോഴാണ് കുപ്പി വയ്ക്കാത്തതോർമ വന്നത്. അപ്പോൾ തന്നെ ശ്രീലക്ഷ്മിയോട് പറഞ്ഞു ബാഗിൽ വയ്പ്പിച്ച് ആടിയും പാടിയും ഞങ്ങൾ നടന്നുപോയി.

വീട്ടിൽച്ചെന്ന് നോക്കിയപ്പോൾ എന്റെ കുപ്പി കാണാനില്ല!!


4.
മനസിലേക്ക് ശ്രീലക്ഷ്മിയുടെ ഉണ്ടക്കണ്ണുകൾ തെളിഞ്ഞുവന്നു.
അവൾ ബാഗിൽ വയ്ക്കാണ്ട് കുപ്പി കട്ടെടുത്തു!!!!
എനിക്ക് സങ്കടം വന്നു. അങ്ങനെ ഒരു നഷ്ടവും സഹിച്ചു ശീലമുള്ളവളല്ല ഈ ഞാൻ. എന്റെ കുപ്പിയിൽ അവളങ്ങനെ വെള്ളം കുടിക്കേണ്ട.
പഠിപ്പിസ്റ്റാണെന്ന് വച്ച്. എന്തും ആവാമെന്നോ.
കാണിച്ചുകൊടുക്കണം!!
പിറ്റേന്ന് രുഗ്മിണി ടീച്ചറുടെ അടുക്കൽ പരാതിപ്പെട്ടു.
വളരെപ്പെട്ടെന്ന് കുപ്പി മോഷണക്കേസ് ക്ലാസ്സിൽ പരന്നു.

ക്ലാസ്സിലെ കുട്ടികൾ രണ്ടായിത്തിരിഞ്ഞു. ശ്രീലക്ഷ്മി കുപ്പിയെടുത്തതാണെന്ന് ചിലരെന്നെ എരികേറ്റി.
ഞങ്ങളെ രണ്ടാളേം ഓഫീസിലേക്ക് വിളിപ്പിച്ചു. ഞാനാദ്യം ഹാജരായി.
എന്റെ കൂടെയുള്ള മൂന്ന് നാലുപേരൊഴിച്ചാൽ ബാക്കിയുള്ളവരെല്ലാം പടപോലെ ശ്രീലക്ഷ്മിക്കൊപ്പം വരുന്ന വരവ് ഒന്ന് കാണേണ്ടത് തന്നെയാണ്. അവളുടെ കണ്ണൊക്കെ കരഞ്ഞു, ചുവന്ന് പഴുത്ത ചെത്തിപ്പഴം പോലെ.

വിസ്താരം പെട്ടെന്ന് നടന്നു.
അവളുടെ ഭാഗം ജയിച്ചു.
എന്റെ കുപ്പി എവിടെപ്പോയി എന്നതിന് മാത്രം ഉത്തരം കിട്ടിയില്ല.
സമാധാനിപ്പിക്കാൻ മത്സരിക്കുന്ന അണികൾക്കൊപ്പം വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ശ്രീലക്ഷ്മിയെ പോരുകോഴിയെപ്പോലെ ഞാൻ നോക്കി.
"കുപ്പിക്കള്ളി." ഞാൻ പല്ലുഞെരിച്ചു.

അവളും സംഘവും ആഹ്ലാദത്തിമിർപ്പോടെ അപ്പുറത്തെ മുറിയിലേക്ക് കളിക്കാൻ പോയി.
ഞാനൊറ്റയ്ക്ക് തോറ്റുപോയവളെപ്പോലെ ക്ലാസ്സിലേക്കും.
എന്റെ കണ്ണ് നിറഞ്ഞു.
ചരിഞ്ഞൊന്ന് നോക്കിയാൽ എനിക്കവളെ കാണാം.
മറ്റുള്ളവർ കളിച്ചിട്ടും കളിക്കാൻ കൂടാതെ ഒറ്റയ്ക്ക് ഇരിപ്പാണ്.
ഇടയിൽ എന്നെപ്പാറി നോക്കുന്നുണ്ട്.

കുറച്ച് കഴിഞ്ഞ് രുഗ്മിണി ടീച്ചർ വന്നടുത്തിരുന്നു.
"എനിക്കറിയാമായിരുന്നു നീ ഇവിടെ വന്ന് മുഖം വീർപ്പിക്കലാവുമെന്ന്. പോട്ടെ സാരമില്ലെ"ന്ന് പറഞ്ഞു ടീച്ചർ ഒരു കുപ്പി എനിക്ക് നീട്ടി.
ഹായ്...  അടയെക്കണ്ട ഈച്ചയെപ്പോലെ ഞാൻ ടീച്ചറെ നോക്കി.
"മതി ഒറ്റയ്ക്കിരുന്നത്. പോയി കളിക്ക് "
ടീച്ചറെന്നെ ഉന്തിത്തള്ളി അവൾക്കരികിലേക്ക് പറഞ്ഞയച്ചു. അറച്ചറച്ച് വാതിൽക്കൽ നിന്നയെന്നെക്കണ്ട് ശ്രീലക്ഷ്മി ചിരിച്ചു.
" ഞാൻ വച്ചതായിരുന്നെടീ, നടന്നുപോയപ്പോ പോയതാവും, അല്ലാണ്ട് ഞാനെടുത്തില്ല" അവളപ്പോഴാണ് എന്നോട് സംസാരിക്കുന്നത്. നേരിൽ ഞാൻ മിണ്ടിയിരുന്നേയില്ല. പാവത്തിന് നല്ല വിഷമമുണ്ടെന്ന് വാക്കുകളിലെ ഇടർച്ച എന്നോട് പറഞ്ഞു.
"സാരമില്ല, അപ്പോഴത്തെ ദേഷ്യത്തിനാ ഞാൻ"
എനിക്ക് കുറ്റബോധം തോന്നി. വേണ്ടാർന്നു. ഒരു കുപ്പിയല്ലേ അതിലെന്തിരിക്കുന്നു എന്നൊന്നും ദേഷ്യം വന്നപ്പോൾ ചിന്തിക്കാൻ തോന്നിയില്ല.
അവളെന്നെ കളിക്കാൻ വലിച്ചുകൊണ്ടുപോയി. "ഇനിയെങ്കിലും ഊപ്പക്കാര്യത്തിനു തല്ലുകൂടാതെ നടക്കാൻ നോക്കെ"ന്ന് അഞ്ജിതയുടെ ഉപദേശം കേട്ട് ഞങ്ങൾ ചിരിച്ചു.

ക്ലാസ്സിലെ അശ്വതിക്കൊപ്പം വരുന്നൊരു കുട്ടിയുണ്ട്. മെലിഞ്ഞിട്ടു നീളൻ മുഖമുള്ള രേഷ്മ. അവളുടെ അച്ഛനന്ന് പനക്കൻ ചേട്ടന്റെ അടുത്തുള്ള കടയിൽ സഹായിക്കാൻ നില്ക്കയാണ്. സ്കൂൾ നടത്തങ്ങളിൽ എനിക്കും ശരണ്യയ്ക്കും മിഠായി തിന്നുന്ന രോഗം പിടിപെട്ട കാലമാണ്.
മിഠായി ഇല്ലാണ്ട് നടക്കാൻ വയ്യ.
എന്നും വീട്ടിലവിടേം ഇവിടേം തപ്പിയെടുത്ത് കിട്ടുന്ന നാണയത്തുട്ടുകളും പിടിച്ച് രേഷ്മയുടെ അച്ഛൻ നിൽക്കുന്ന കടയിലേ പോകൂ.
അവിടെ ആളോൾടെ ബഹളമില്ല.
പിന്നെ തേൻമിഠായി അവിടെള്ളൂ.
രണ്ട് മിഠായിക്ക് രണ്ട് രൂപ.
ആ ദിവസം ചെന്നപ്പോൾ രേഷ്മയുടെ അച്ഛനില്ല.
പകരം കടക്കാരനുണ്ട്.
മിഠായി കിട്ടിക്കഴിഞ്ഞപ്പോൾ പൈസ കൊടുക്കാൻ ബാഗിൽ തപ്പിയപ്പോൾ  പൈസയില്ല. !
ഈശ്വരാ.. മിഠായി വായിലിട്ട് പോകേം ചെയ്തു.
ശരണ്യ എന്നെ അന്തം വിട്ട് നോക്കി.
കടക്കാരൻ താ തായെന്ന് കയ്യും നീട്ടി കണ്ണും തുറിച്ച് നോക്കി നിൽപ്പുണ്ട്. അയാൾ ഭയങ്കരനാണെന്ന് മുന്നേ കേട്ടിട്ടുണ്ട്.
ഇനി കളയാൻ സമയമില്ല.
പിടക്കണ നെഞ്ചിൽ ബാഗ് ചേർത്ത് ശരണ്യയുടെ കയ്യിൽ പിടിച്ച് ഓടടാ ഓട്ടം..
കടക്കാരൻ പിന്നിൽ നിന്ന് ഒച്ചയിടുന്നത്  കേൾക്കാമായിരുന്നു.
പൈസ കൊണ്ടെക്കൊടുക്കണമെന്ന വിചാരം പലതവണ വന്നെങ്കിലും അയാളുടെ മുന്നിൽപ്പെടാനുള്ള പേടി കൊണ്ട് ആ വഴിയേ നടക്കാൻ ഞങ്ങൾ ഭയന്നു.
അശ്വനി പറഞ്ഞുതന്ന പ്രകാരം കുറേ നാൾ, അതേ കടയുടെ ചുറ്റുഭിത്തിക്ക് പിന്നിൽ കൂട്ടിയിട്ടിരിക്കുന്ന പച്ച ഉമിയിൽ ചവിട്ടി ഞങ്ങൾ ഒളിച്ചും പാത്തും സ്കൂളിൽ വന്നുപോയി.
അബദ്ധത്തിൽപ്പോലും അയാളുടെ കണ്ണിൽപ്പെടാതിരിക്കാൻ ആവുന്നത്ര ശ്രദ്ധിച്ചു.
അച്ഛൻ സൈക്കിളിൽ കൊണ്ടുവരുമ്പോൾ ആയിടമെത്തുമ്പോൾ മുഖം തിരിക്കാൻ ഞാൻ പ്രാവീണ്യം നേടി.

നാലിലെത്തുമ്പോഴേക്കും ഞാൻ നല്ല ചട്ടമ്പി ആയിക്കഴിഞ്ഞിരുന്നു.
മൂക്കത്തെ ശുണ്ഠി, തല്ലായും പിച്ചായും എന്റെയുള്ളിൽ നിന്ന് പുറത്തേക്കെത്തി.
ആമ്പിള്ളാരുമായി നിത്യം തല്ലുകൂടണ അമിലാജിയുമായി നിരന്തരം ഞാൻ അങ്കം വെട്ടി.
ബോക്സ്‌ പടവാളാക്കി അവളുമായുള്ള യുദ്ധത്തിൽ ജയിക്കാൻ ഞാൻ പതിനെട്ടടവും പയറ്റി. അവളും ചീറ്റപ്പുലി കണക്കെ ചീറി വരുമെങ്കിലും അമിലാജി പാവമായിരുന്നു.
മെലിഞ്ഞുണങ്ങിയിട്ടായിരുന്നു അമിലാജി. അവളുടെ ചില സമയത്തെ രൗദ്ര ഭാവം, ആൺകുട്ടികളുടെ പിന്നാലെയോടി തല്ലൽ ഇതൊക്കെക്കൊണ്ട് വഴക്കാളിപ്പെണ്ണെന്ന ചിത്രം അവൾക്ക് അവിടം തുന്നിക്കൊടുത്തു. 

അമിലാജി അടീം പിടീമായി നടക്കുന്നതിനാൽ എന്റെ ചട്ടമ്പിത്തരങ്ങൾക്ക് വല്യ വില കിട്ടാതെപോയി.

അമിലാജിയെക്കുറിച്ച് കേട്ട ഗോസിപ്പുകളിൽ ഒന്നായിരുന്നു മീൻകുട്ടയിൽ നിന്നും റോഡിൽ വീണ മീനെടുത്ത് അവൾ തിന്നെന്നുള്ളത്..
അയ്യയ്യേ... കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വച്ച് അറപ്പ് പ്രകടിപ്പിച്ചു. ക്ലാസ്സിൽ അവളുടെ വൃത്തിയില്ലായ്മയെന്ന് പേരുകൊടുത്ത് ഇക്കഥ പാടപ്പെട്ടു.ചന്തേലുള്ള പച്ചക്കറിക്കടേന്ന് തെന്നിപ്പോയ നാരങ്ങായാണ് എടുത്തതെന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞു.

ഉച്ചക്കഞ്ഞി സമയത്ത് എന്റെ ഇഷ്ട വിഭവമായ പയർ മെഴുക്കുപുരട്ടി, സെൻജിത്ത് വിളമ്പാനുണ്ടേൽ കൂടുതൽ തരും. പണ്ടെന്നെയൊന്ന് തോണ്ടിയതിന് കുടകൊണ്ട് തലങ്ങനേം വിലങ്ങനേം കുറേ കൊടുത്തതിന്റെ നീരസോന്നും അവൻ കാട്ടാറില്ല.
അവസാന വറ്റും തിന്ന് പയറലിഞ്ഞ കഞ്ഞിവെള്ളമാണ് എന്റെ ഏറ്റോം ഫേവറിറ്റ്.
സെൻജിത്തിന് ഒന്നാം ക്ലാസ്സ്‌ മുതലേ ശ്രീലക്ഷ്മിയോടൊരു കണ്ണുണ്ടെന്ന ശ്രുതിയുള്ള കാലമാണ്.
അവൾക്കാണേൽ അവനെ കണ്ണിന് ചതുർഥി.
തമ്മിൽ കാണുമ്പോഴൊക്കെ മൂളിപ്പാട്ട് പാടി അവൻ വണ്ടുപോലെ പാറി നടക്കും.
ഞങ്ങൾ കളിയാക്കി ചിരിക്കും.
ഗിരിജ ടീച്ചറാണ് അന്ന് ക്ലാസ്സദ്ധ്യാപിക.
ടീച്ചർ എന്റെ വീടിന്നടുത്താണ് താമസമെങ്കിലും ആ സ്നേഹമൊന്നും ക്ലാസ്സിൽ കാണിക്കില്ല..

ഹരണം പഠിപ്പിച്ചതിന് ശേഷം ടീച്ചറന്ന് പത്തുകണക്ക് ഹോം വർക്കായി ബോർഡിൽ എഴുതിയിട്ടു.
ഹോം വർക്ക് ചെയ്യാതെ ചെന്നാൽ അടി കിട്ടും. കണക്ക് തെറ്റിച്ചതിന് അനിത ശശിയെ പാവാട പൊക്കി ടീച്ചർ തല്ലുന്നത് പേടിയോടെ നോക്കിയിരുന്നതോർമ വന്ന് ഹരിക്കാൻ പറഞ്ഞെന്നെ ബുക്ക് നിവർത്തിപ്പിച്ചു.
ടീച്ചറുടെ അടി കൊണ്ട് സജിത്ത് ക്ലാസ്സിൽ വച്ച് മൂത്രമൊഴിച്ചിട്ടുണ്ട്.
അവന്റെ നിക്കർ നനച്ച്, കാലീന്നൊഴുകിയ ചാലുകണ്ട് കുട്ടികൾ ചിരിച്ചപ്പോൾ, കണക്ക് തെറ്റിയാലുള്ള അടിയുടെ വേദന എത്ര ദാരുണമെന്നോർത്ത് ഞാൻ കിടുങ്ങി.

ഹരിക്കാനുള്ള കണക്കെടുത്ത് റഫ് ബുക്കിൽ നിന്നും ഹോം വർക്ക് ബുക്കിലേക്ക് എഴുതി.
കണക്കിന് അന്ന് മൂന്ന് ബുക്കാണ്.
റഫ് ബുക്ക്‌, ക്ലാസ്സിലെ കണക്കെഴുത്ത് ബുക്ക്‌, ഹോം വർക്ക് ബുക്ക്‌.
അശ്വനിക്ക് കണക്കിന് വരയുള്ള ബുക്കുണ്ട്.
പ്രത്യേകം മാർജിൻ ചെയ്‌ത ആ ബുക്കിനേക്കാൾ എനിക്കിഷ്ടം വരയില്ലാത്ത, മാർജിൻ ഇല്ലാത്ത ബുക്കിനെയാണ്.

എത്ര തലകുത്തി മറിഞ്ഞിട്ടും ഹരിക്കാൻ പറ്റാതെ ചോദ്യക്കണക്ക് എനിക്ക് പിടിതരാതെ വഴുതിക്കൊണ്ടിരുന്നു.
നാളത്തെ ആദ്യ പീരീഡ് കണക്കായോണ്ട് ആരുടെയെങ്കിലും നോക്കിയെഴുതാൻ പറ്റില്ല.
ഉത്തരം തെറ്റിയാൽ അതിനും കിട്ടും വേറെ.
എന്ത് ചെയ്യുമെന്ന് തലപുകച്ചൊടുവിൽ അച്ഛന്റെ കാൽക്കുലേറ്റർ കൊണ്ട് കണക്ക് ചെയ്യാമെന്ന പോംവഴി കണ്ടുപിടിച്ചു.
എനിക്ക് എന്നെത്തന്നെ മതിപ്പ് തോന്നി.  കാൽക്കുലേറ്റർ കണ്ടുപിടിച്ച ബ്ലെയ്‌സ് പാസ്കൽ എന്ന ഫ്രഞ്ചുകാരനെ മനസാ നമിച്ച് ഞാൻ മുഴുവൻ കണക്കും ചെയ്തു സുഖമായി ഉറങ്ങി.

ക്ലാസ്സിൽ ചെന്നയുടനെ ബുക്കെടുത്ത് മേശപ്പുറത്ത് വച്ചു. മറ്റുള്ളവരൊക്കെ ഉത്തരങ്ങളൊക്കെ ഒത്തുനോക്കലും മറ്റുമൊക്കെ കഴിഞ്ഞ് ബുക്ക് വച്ചപ്പോൾ ഇതൊക്കെയെന്തെന്ന മട്ടിൽ ഞാനിരുന്നു.

പഠിപ്പിക്കലിന് ശേഷം ബുക്ക് നോക്കാനിരുന്ന ടീച്ചർ,ആരെങ്കിലും വയ്ക്കാതെയുണ്ടോയെന്ന് ചോദിച്ചു.
"ആരുമില്ലല്ലോ,ബുക്ക് നോക്കിയിട്ട് കണ്ടില്ലെങ്കിൽ ങാ " ടീച്ചർ ഭീഷണിപ്പെടുത്തി.
എണ്ണമെടുത്തപ്പോൾ ഒരെണ്ണം കുറവ്. വീണ്ടും എണ്ണിത്തിട്ടപ്പെടുത്തിക്കൊണ്ട് ആയുധവുമായി ടീച്ചറെണീറ്റു.

"ആരാന്ന് വച്ചാൽ എഴുന്നേറ്റോ. പേര് നോക്കി കണ്ടുപിടിച്ചാൽ അടി കൂടും " ടീച്ചർ പിന്നേം പറഞ്ഞു.
ക്ലാസ്സ്‌ പൂർണ്ണ നിശബ്ദമായി.  ഞാൻ വച്ചില്ലേയെന്ന് പേടിച്ച് ബാഗിൽ തപ്പി.
ഹാവൂ. വച്ചു. ഞാനല്ലേ ആദ്യം വച്ചത്.
മണ്ടിയെന്ന് സ്വയം വിചാരിച്ച് ബാഗിൽ നിന്ന് തലയുയർത്തിയപ്പോൾ അതാ വിപിൻ എണീറ്റ് നിൽക്കുന്നു.

"എന്താടാ വക്കാഞ്ഞേ? "

"ബുക്കെടുത്തില്ല ടീച്ചറെ മറന്നു പോയി " അവൻ പേടിച്ചുപേടിച്ച് വിറയലോടെ പറഞ്ഞു.

"നിനക്ക് പറയാൻ എന്താടാ താമസം, കുറേത്തവണ ചോദിച്ചാലേ പറയുള്ളൂ,ഇന്നി മറക്കോടാ മറക്കോ? "

പറച്ചിലും അടീം ഒപ്പം നടന്നു.
വിപിൻ കടിച്ചുപിടിച്ച് വേദനയമർത്തി നിൽക്കുന്നു. പോരാ ശിക്ഷയായി അവനോട് ക്ലാസ്സ്‌ മുഴുക്കെ നിൽക്കാൻ പറഞ്ഞിട്ട് ടീച്ചർ എല്ലാവരുടെയും ബുക്ക്‌ പരിശോധനയ്ക്കിരുന്നു.

ചുവന്ന മഷിപ്പേന മുഖമമർത്തുന്നതാരുടെ ബുക്കിലാണെന്ന് നോക്കി ഞങ്ങൾ വർദ്ധിച്ച നെഞ്ചിടിപ്പോടെ ഉറ്റു നോക്കി.
ഏറെത്തെറ്റുള്ള ബുക്കുകൾ വായുവിൽ പാറി നടന്നു. അതിന്നവകാശികൾക്ക് നല്ലടിയുണ്ടാകും.

രണ്ടുബുക്കുകൾ മാറ്റി വച്ചിട്ട് ടീച്ചർ വീണ്ടും എണീറ്റു.

എന്തിനുള്ള പുറപ്പാടാണോ എന്തോ..

"തന്നെത്താൻ അല്ലാതെ, കാൽക്കുലേറ്റർ കൊണ്ടാരാ കണക്ക് ചെയ്തത്. രണ്ടുപേരുണ്ട്. തന്നെ എണീറ്റ് പറയണം. "

ടീച്ചർ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി.
ഒന്നല്ല ഡബിൾ ഞെട്ടൽ!
ദൈവമേ അതെങ്ങനെ മനസിലായി!
ഞാൻ അല്ലാണ്ട് വേറെയാരാണാ അതിബുദ്ധി കാണിച്ചത്..

ഉത്തരം തെറ്റിയാലുള്ള ഒന്നോ രണ്ടോ അടിക്കപ്പുറം വൻ അടിയാണ് കാത്തിരിക്കുന്നതെന്ന് ഓർത്ത് എന്റെ ശരീരം കിടുകിടാ വിറച്ചു.
എനിക്ക് ക്ലാസ്സിൽ മുള്ളുന്നതോർക്കാനേ വയ്യ.
അനിത അന്നെങ്ങനെ മുള്ളാണ്ട് പിടിച്ചുനിന്നോ ആവോ.. ഞാൻ ദീനതയോടെ ചുറ്റും നോക്കി.
ഇല്ല.!
രണ്ടാമൻ എണീൽക്കുന്നില്ല.! ഇറങ്ങിയോടിയാലോ.. ഹോ ഇനീം ഇങ്ങോട്ടേക്ക് വരുമ്പോ തല്ലുണ്ടാവില്ലേ..

ആ നിമിഷം ഞാനതിജീവിക്കാൻ പ്രയാസപ്പെടുമ്പോൾ ടീച്ചർ മൗനത്തിന്റെ കുമിള ഞെക്കിപ്പൊട്ടിച്ച് ആദ്യ ബഞ്ചിലെ അശ്വതിയോട് ചോദിച്ചു.

"നീയാണോ? "

"അല്ല, ഞാനല്ല "

അടുത്തയാൾക്ക് നേരെ കണ്ണ് തിരിഞ്ഞു. അതോടെ ഓരോരുത്തരായി എണീറ്റ് " ഞാനല്ല " എന്ന് പറഞ്ഞിട്ട് ഇരിക്കാൻ തുടങ്ങി.

ആദ്യ ബഞ്ച് തീർന്നു.
ആളുകളെ ടീച്ചർക്കറിയാമായിരുന്നിട്ടും എന്തിനീ നാടകമെന്ന് വിചാരിച്ച് എന്റെ ഊഴമെത്തിയപ്പോ ഞാൻ എണീറ്റ് " ഞാനല്ല " എന്നുപറഞ്ഞിരുന്നു.
രണ്ടാമനും അതുതന്നെ പറഞ്ഞു.  കാരണമാരും "ഞാനാണ് " എന്നുപറഞ്ഞില്ല.

"ഒരു ദിവസം തരും.രക്ഷിതാവായിട്ടോ, അല്ലാതെയോ വന്നെന്നോട് സത്യം പറയാതെ ക്ലാസ്സിൽ വരണ്ട "

അടുത്ത ദിവസത്തേക്കുള്ള ഹരണക്കണക്കുകൾ ഹോം വർക്കിന്‌ തന്നിട്ട് ടീച്ചർ ക്ലാസീന്ന് പോയി.

ആരോടും ഉള്ളിലെ തീ പറഞ്ഞില്ല. ആ രണ്ടുപേരെ കണ്ടുപിടിക്കാൻ അഞ്ജിത എല്ലാവരോടും "നീയാണോ നീയാണോ " ചോദിച്ചു നടന്നു.
ഭാരിച്ച മനസുമായി അന്നുരാത്രിക്ക് കുറച്ചു കണക്കുകൾക്ക് മാത്രം വീണ്ടും കാൽകുലേറ്റർ കൊണ്ട് ഞാനുത്തരങ്ങളെഴുതി. അല്ലാത്തവ തന്നെത്താനേം.
തെറ്റാവാനേ സാധ്യതയുള്ളൂ.
അതെന്ത് ധൈര്യത്തിൽ ചെയ്‌തുവെന്ന് എനിക്ക് പോലുമറിയില്ല.

ക്ലാസ്സ്‌ തുടങ്ങി.
അജണ്ടയനുസരിച്ചുള്ള ബുക്ക്‌ വയ്ക്കൽ, വയ്ക്കാത്തവർക്കിട്ടുള്ള അടി ഇതൊക്കെ കഴിഞ്ഞ് ടീച്ചർ എണീറ്റുനിന്നു.

"ഒരാൾ രക്ഷിതാവോടൊത്ത് വന്നെന്നോട് മാപ്പ് പറഞ്ഞിട്ടുണ്ട്. അടുത്തയാൾ ആരാണെന്ന് ഇപ്പോൾ പറയണം. "

ദൈവമേ......
ഭൂമി പിളർന്നന്തർധാനം ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ.. എന്നെയെടുക്കാൻ ഒരു ലക്ഷ്മി ദേവീം വരില്ലെന്നോർത്ത് കൂട്ടുണ്ടായിരുന്ന ആള് ചെയ്‌തപോലെ രക്ഷപ്പെടാനെന്തേ എനിക്ക് തോന്നാതിരുന്നുവെന്ന് ഞാൻ കുണ്ഠിതപ്പെട്ടു.

ടീച്ചർ വീണ്ടും അശ്വതിയോട് ചോദ്യമെറിഞ്ഞു.

"നീയാണോ?"

"ഞാനല്ല "

"ഞാനല്ല "

"ഞാനല്ല " ഓരോരുത്തരായി നാടകത്തിലെന്ന പോലെ തങ്ങളുടെ ഡയലോഗ് 
പറഞ്ഞിരുപ്പ് തുടർന്നു.

എന്റെ ഊഴമെത്തി.

എന്റെ ധൈര്യം സമ്മതിക്കണം.

"ഞാനല്ല "

അടുത്തതായി എണീൽക്കാൻ ഭാവിച്ച അനിതയോട് ഇരിക്കാൻ പറഞ്ഞ് ടീച്ചർ എന്നെ തറപ്പിച്ചുനോക്കി.

"നീയല്ലേ, നുണ പറയുന്നോ? "

പ്രതീക്ഷിച്ചിരുന്ന നിമിഷമിതാ അടുത്തെത്തി.

ടീച്ചറെന്നോട് കൈനീട്ടാൻ പറഞ്ഞു. അടികുറേ കയ്യേറ്റു വാങ്ങി.കണ്ണീർക്കണങ്ങൾ ആരാദ്യം ആരാദ്യമെന്ന മത്സരപ്പാച്ചിലിലാണ്. 
കുട്ടികൾ എല്ലാം അമ്പരന്നിരിപ്പുണ്ട്.

"ചെയ്തതിനല്ല തന്നത്. നുണ പറഞ്ഞതിന്, ഇനി മേലാൽ ആവർത്തിച്ചേക്കരുത്.. " 
പിന്നെയുമെന്തൊക്കൊയൊ പറഞ്ഞുകൊണ്ട് ടീച്ചർ ബോർഡിലേക്ക് തിരിഞ്ഞു അന്നിട്ട ഹോം വർക്കിലെ ഒരു കണക്കെടുത്ത് എഴുതി.

എന്നിട്ടെങ്ങനെയാണ് കാൽകുലേറ്ററിൽ ചെയ്ത ഉത്തരം ടീച്ചർ കണ്ടുപിടിച്ചതെങ്ങനെയെന്ന് പറഞ്ഞു.

കണക്ക് ചെയ്യുമ്പോൾ ഉത്തരം ചിലപ്പോൾ ഉദാഹരണത്തിന് 84.444444444 എന്ന് കാൽകുലേറ്റർ കാണിക്കും.

അതിലെ 84.4 എന്നുമാത്രമാണ് ഉത്തരമായി എഴുതേണ്ടിയിരുന്നതെന്ന് എനിക്കപ്പോൾ മാത്രമാണ് അറിവിൽ വന്നത്.
ഞാനത് മുഴുവനും അതുപടിയേ എഴുതിവെച്ചു.
അതാണ് കള്ളി വെളിച്ചത്താവാൻ കാരണം !!
രണ്ടാമനും അതുതന്നെ ആവണം ചെയ്‌തിട്ടുണ്ടാവുക.

പിന്നെ അശ്വതി പറഞ്ഞാണറിയുന്നത് ആ രണ്ടാമൻ ക്ലാസ്സിലെ പാവത്താൻ രേഷ്മ ആയിരുന്നെന്ന്.
അവൾ പേടിച്ച് അമ്മയേം കൂട്ടി വന്നു കാര്യം പറഞ്ഞിരുന്നു.
ഞാനവിടേം നിന്നില്ലല്ലോ.
പിന്നേം കണക്ക് ചെയ്തും കള്ളം പറഞ്ഞും എന്തിനെപ്പേടിച്ച് നിന്നോ അതന്നെ കിട്ടേം ചെയ്തു.

അന്നുച്ചയ്ക്ക് അതൊക്കെ മറന്ന് ഞാനും ശ്രീലക്ഷ്മിയും ഓടിക്കളിക്കാൻ തുടങ്ങി.


5.
അവളെപ്പിടിച്ച് ഇക്കിളിയാക്കി മുഖം ചുവക്കണ വരെയും ചിരിപ്പിച്ചു.
അവളെന്നെ പിടിക്കാൻ തിരിഞ്ഞോടാൻ തുടങ്ങി.
വെപ്രാളപ്പെട്ട് ബഞ്ചു ചാടിക്കടന്ന് ഓടുന്നതിനിടയിൽ നിലത്ത് നോക്കാൻ ഞാൻ വിട്ടുപോയി.

പീ........ന്ന് ഞാനൊറ്റ വീഴ്ചയാണ്.
അമിലാജി നിരത്തി വച്ച സ്കെച്ചുപെന്നുകളിലാണ് ഞാൻ കാൽ വച്ചോടാൻ നോക്കിയത്.
താടി ചെന്ന് നിലത്തടിച്ചു.
മുഖമടിച്ചു വീണ എന്നെ ശ്രീലക്ഷ്മിയും അമിലാജിയും ചേർന്ന് പിടിച്ചു.
ശ്രീയെന്റെ താടി പിടിച്ചുയർത്തി.
അവളുടെ കൈയ്യിൽ ചോര പുരണ്ടു.
അപ്പോഴാണ് പൊട്ടിയെന്നറിഞ്ഞത്.
ആരൊക്കെയോ ടീച്ചറിനെ വിളിച്ചുകൊണ്ട് വന്നു.
രുഗ്മിണി ടീച്ചർ എന്റെ താടി കഴുകി.
"കുറേ കരയുമെന്നാണ് കരുതിയത്, പിടിച്ചുനിൽപ്പുണ്ടല്ലോ കുട്ടി "യെന്ന്
ശ്രീലത ടീച്ചറോട് രുഗ്മിണി ടീച്ചർ പറഞ്ഞു.
പിന്നെ നേരെ ചാരങ്കാട്ട് ആശുപത്രിയിലേക്ക് എന്നേം കൊണ്ട് ഓട്ടോ പിടിച്ചു.
അവിടെച്ചെന്നപ്പോൾ നീറ്റലുള്ള മരുന്നെടുത്ത് എന്റെ താടിയിൽ വച്ചു ഞെക്കി.
കരുണ എന്തെന്നുപോലുമറിയാത്ത നഴ്സിനെ ഞാൻ ദേഷ്യപ്പെട്ട് നോക്കി.
ഇതൊക്കെപ്പോരാഞ്ഞിട്ട്, സൂചീമെടുത്ത് എന്നോട് കമിഴ്ന്നു കിടക്കാൻ പറഞ്ഞു.
കണ്ണീന്ന് നീർച്ചോല ഒഴുകിയിറങ്ങി.
എന്റെ കണ്ണീർ ടീച്ചർ കാണല്ലേന്ന് പ്രാർത്ഥിച്ചു!.
മുറിവിൽ കരയാത്ത ഞാൻ വെറുമൊരു സൂചിയിൽ കരഞ്ഞാൽ നാണക്കേടല്ലേ!.

ശ്രീലക്ഷ്മി നന്നേ ഭയന്നുപോയിരുന്നു.
തിരികെ ക്ലാസ്സിലെത്തിയപ്പോൾ ഇനി നമുക്കീ കളി വേണ്ടെന്ന് പറഞ്ഞവൾ താടിയിലൊട്ടിച്ച പ്ലാസ്റ്ററിൽ തഴുകി.

ഉച്ചയ്ക്കന്ന് മഴ തകൃതിക്ക് പെയ്യലാണ്. ഗിരിജ ടീച്ചറും രുഗ്മിണി ടീച്ചറും ക്ലാസ്സിലേക്ക് കയറിവന്നു.

ശാസ്ത്രമേളയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഗിരിജ ടീച്ചർ തന്നെ ഓരോരുത്തരെ തിരഞ്ഞെടുത്തു.
അശ്വതിക്ക് പേപ്പർ കൊണ്ടുള്ള കലാവസ്തുക്കളുണ്ടാക്കുന്നത് കിട്ടി.  കുറേയൊക്കെ അവൾക്ക് തന്നെയറിയാമെങ്കിലും ബാക്കി പഠിക്കാമെന്ന് ടീച്ചർ പറഞ്ഞു. പൂവും തൊട്ടാൽ ചാടുന്ന തവളയുമൊക്കെ അവൾ ഉണ്ടാക്കുന്നത് അത്ഭുതത്തോടെ ഞാൻ നോക്കി നില്ക്കും.

അഞ്ജലിക്ക് പച്ചക്കറി വട്ടത്തിൽ മുറിച്ച് ഡിസൈൻ ഉണ്ടാക്കണം.
ശരണ്യയ്ക്ക് പല കളർ മുത്തൊട്ടിച്ചുള്ള രൂപ നിർമാണവും ശ്രീലക്ഷ്മിക്ക് ചന്ദനത്തിരി നിർമാണവും എനിക്ക് കക്ക കൊണ്ടുള്ള രൂപ നിർമാണവും കിട്ടി.

ഗിരിജ ടീച്ചറുടെ വീട്ടിൽ വച്ചായിരുന്നു പ്രാക്ടീസ്. അച്ഛൻ ശേഖരിച്ചു തന്ന പല ആകൃതിയിലുള്ള കക്കകളടുക്കിയ കിറ്റുമായി ഒരു ശനിയാഴ്ച ഞാനവിടെയെത്തി.
എല്ലാവരുമുണ്ട്.
ഓരോരുത്തർക്കും ടീച്ചർ എങ്ങനെ ചെയ്യണമെന്ന് പറഞ്ഞുകൊടുത്തു.
ടീച്ചർ തന്നെ എനിക്ക് കക്ക കൊണ്ട് ശലഭം, കോഴി തുടങ്ങി ഒരുപാട് ആശയങ്ങളെ പകർന്നുതന്നു. ടീച്ചർ കരുതിയ കക്കകളും.
പറയാതെയെന്തേ എന്റെ തലേൽ ഇതൊന്നും വന്നില്ലയെന്നോർത്ത് ഞാൻ അന്തിച്ചിരുന്നു.
ശരണ്യയ്ക്ക് വേണ്ടി ഞങ്ങളെല്ലാം മുത്തുകൾ കൊണ്ടുവന്നു കൊടുത്തു.
എല്ലാവരും പെൺകുട്ടികളായപ്പോൾ ഡ്രോയിങ്ങിന് അശ്വിൻ രാജ് മാത്രം ഏക ആൺതരിയായിയെത്തി. ടീച്ചർ തന്ന ചായയും പലഹാരവും കഴിച്ച് ഞങ്ങൾ വൈകിട്ടോടെ മടങ്ങി.
വരുന്ന തിങ്കളാഴ്ച വേണം മേളയ്ക്ക് പോകാൻ. ഒൻപതു മണിക്ക് എത്തണമെന്ന നിർദേശമനുസരിച്ച് ഞങ്ങളെല്ലാം അവശ്യ സാധനങ്ങളുമായി സ്കൂളിലെത്തി.
ഏറെ നേരം കാത്തിട്ടും അശ്വിനെ കണ്ടില്ല. സമയം തെറ്റുമല്ലോയെന്നോർത്ത് വണ്ടി പുറപ്പെട്ടു.
വിളിക്കാൻ നോക്കിയിട്ടും അവനെ കിട്ടിയില്ല.
ചാരമംഗലത്തെ ഒരു സംസ്കൃതം സ്കൂളിലാണ് മേള അരങ്ങേറുന്നത്.
വൈകിപ്പോയെന്ന പരിഭ്രമമേറി ഗിരിജ ടീച്ചറും സംഘവും ഞങ്ങളേം കൊണ്ട് അകത്തേക്ക് പാഞ്ഞു.

കല എന്നതെങ്ങനെ തലയിൽ വിരിയുന്നു എന്ന കാഴ്ച ചെളിയിലും മണ്ണിലുമെല്ലാം പല പല രൂപങ്ങളിൽ ദൃശ്യവിരുന്നായി നിറഞ്ഞുനിന്നു.

ചെളി കൊണ്ടുണ്ടാക്കിയ ഭീമൻ മുതല എന്നെ കുറച്ചുനേരം പിടിച്ചുനിർത്തി.
വേദികൾ നോക്കി നടക്കുന്നതിനിടെയാണ് പണ്ട് പിരിഞ്ഞുപോയ ഞങ്ങളുടെ സ്വന്തം മാലാഖയെ വീണ്ടും കാണുന്നത്.

പാടാതെ പോയൊരു താരാട്ട് പോലെ, സ്നേഹക്കടലിരമ്പിയാർത്ത് അമ്മിണി ടീച്ചർ!!

ടീച്ചറെക്കെട്ടിപ്പിടിച്ച് തീർത്ത വട്ടം, സമയമില്ലായ്മ വന്നു ഭേദിച്ചതോണ്ട് ഓരോരോ വേദികളിലേക്ക് ഞങ്ങൾക്കോടേണ്ടിവന്നു.

എല്ലാരേം സീറ്റിലിരുത്തി എന്റെ വേദി നോക്കി ഞാനും ഗിരിജ ടീച്ചറുമെത്തുമ്പോൾ ക്ലാസ്സ്‌ റൂം നിറയെ കുട്ടികൾ നിരന്നിരുന്നു.


6.
ഗിരിജ ടീച്ചറുടെ സൂത്രപ്പണിയായിരുന്നു മുന്നേ ഉണ്ടാക്കി വച്ച രൂപങ്ങൾ കിറ്റിൽ വയ്ക്കണമെന്നത്.
സമയം ലാഭിക്കാനുള്ള വിദ്യയെ ആരും കാണാതെ ഞാൻ പ്രയോജനപ്പെടുത്തി ടീച്ചറുടെ പരിശ്രമത്തിന്റെ വിജയക്കൊടി പാറിപ്പിച്ചു.
കോഴിയും ശലഭവും പൂവും ഉണ്ടാക്കി കഴിഞ്ഞപ്പോഴേക്കും എന്റെ കയ്യിലെ പശ തീർന്നുപോയി. ഫെവി ക്വിക്ക് തീർന്ന വിവരം ആംഗ്യം കാണിച്ച് ടീച്ചറോട് പറഞ്ഞപ്പോൾ എവിടുന്നോ സംഘടിപ്പിച്ചു കൊണ്ടുവന്നിട്ടും ക്ലാസ്സിൽ നോക്കാൻ നിന്ന ടീച്ചർ സമ്മതിച്ചില്ല. നിയമങ്ങൾക്കെതിരാണത്രെ.

അവരെ ഞാൻ കഠിനമായി വെറുത്തു.
ഒരു നിയമജ്ഞ.!
എന്റെയടുത്തുള്ള കുട്ടിയോട് ചോദിച്ചപ്പോൾ അവൾ അടുത്തിരുന്ന പശക്കൂടെടുത്ത് അപ്പുറത്തേക്ക് മാറ്റിവച്ചു. 
പിശാശ്.
അവളിലെ സ്വാർത്ഥമതിയെ ഞാൻ ദയനീയമായി നോക്കിയിട്ടും അണുവിട സഹായിക്കാനുള്ള മനസ് കാട്ടാതെ അവൾ കോഴികളെ ഉണ്ടാക്കിക്കൊണ്ടേയിരുന്നു.
ഒരു കോഴി, രണ്ടു കോഴി!! സർവത്ര കോഴി.
കോഴിയല്ലാണ്ടീപ്പെണ്ണിന് വേറൊന്നുമറീല്ലെന്ന് ഞാനൂറിച്ചിരിച്ചു.

മേള കഴിഞ്ഞ് ഞങ്ങളെയെല്ലാം തപ്പിയെടുത്ത് ടീച്ചർ എല്ലാരോടും അഭിപ്രായം തിരക്കി.
എനിക്കും അശ്വതിക്കും ഉണ്ടാക്കിയ സാധനങ്ങൾ കൊണ്ടുപോരാൻ അനുവദനീയമായിരുന്നില്ല.
ചന്ദനത്തിരി ഉണ്ടാക്കുന്ന മരുന്നിനായി ആനപ്പിണ്ടം, കൊണ്ടുവന്ന കുട്ടി കാരണം സഹിക്കാൻ പറ്റാത്ത മണമായിരുന്നെന്ന് പറഞ്ഞു ശ്രീലക്ഷ്മി പരിഭവിച്ചു.
അഞ്ജലിയുടെ കയ്യിലെ ചാർട്ട് നിറയെ വെണ്ടയ്ക്കയുടെയും വഴുതനങ്ങയുടെയും, നിറങ്ങളിൽ മുങ്ങിയ ഡിസൈനുകളാണ്.
ശരണ്യ മുത്തൊട്ടിച്ച തത്തേ കാണിച്ചു.
പോകാനിറങ്ങുമ്പോൾ അമ്മിണി ടീച്ചറെ തേടിയെങ്കിലും ടീച്ചറെ കാണാനായില്ല.
പോയിട്ടുണ്ടാവണം.

അച്ഛൻ കൊണ്ടുവന്നു തന്ന കക്കകളും ടീച്ചർ തന്ന ശേഖരവും കയ്യിൽ ഏറെക്കാലം ഞാൻ സൂക്ഷിച്ചു.
കുഞ്ഞാമയെപ്പോലുള്ള കക്കയും വെൺനിറമുള്ള പിരിയൻ ശംഖും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
അതിനെക്കാണുമ്പോൾ മോഹിനിയാട്ടത്തിനൊരുങ്ങിയ പെണ്ണിന്റെ ഓർമ മനസിലിരുന്ന് നൃത്തമാടി.
പിന്നെയതൊക്കെ അപ്പുറത്തെ കുട്ടികൾക്ക് കളിക്കാൻ കൊടുത്തു.

പിറ്റേക്ലാസ്സ് ഞങ്ങളീ വിശേഷമഴയിൽ നനഞ്ഞിരുന്നു.
സയൻസ് ക്ലാസ്സിൽ വച്ചാണ് ആതിര സുരേന്ദ്രന് വയറുവേദന തുടങ്ങുന്നത്.
വയ്യാണ്ട് ഡെസ്കിൽ തല വച്ചു കിടന്നവളോട് വീട്ടിൽ പോകണോയെന്ന് ടീച്ചർ ചോദിച്ചു.
വേണമെന്നുള്ള മറുപടി കാതോർത്തിരുന്ന എന്റെ കാതിൽ തേൻമഴ വീണു. 

'ഠൺണ്ണണക്കാ!!'
ആരേലും കൂടെപ്പോണമല്ലോ!!.

"ആതിര സുരേന്ദ്രന്റെ വീടറിയുന്ന
ആരുണ്ട്?" ടീച്ചറിന്റെ വായീന്ന് കേൾക്കേണ്ട മനോഹര വാക്കുകൾ.
ആ ദൗത്യം വീടറിയാഞ്ഞിട്ടും വിശാലഹൃദയയായ, ഞാനേറ്റെടുത്തു. അഞ്ജിതയും ഞാനും രോഗിയെ അപ്പുറോം ഇപ്പുറോം പിടിച്ച്, മഹാമനസ്കരുടെ ഭാവമിട്ട്, ക്ലാസ്സീന്നിറങ്ങാൻ പറ്റിയ സന്തോഷം ഉള്ളിലടക്കിപ്പിടിച്ച് പുറത്തേക്ക്.
അഞ്ജിതയ്ക്ക് ആതിരയുടെ വീട്ടിലേക്കുള്ള വഴി അറിയാമായിരുന്നു.

കുറേ പോയിട്ടാണ്, പോണ വഴിയിൽ ഒറ്റനോട്ടത്തിൽ ഭാർഗവി നിലയം പോലൊരു വീട് കാണുന്നത്.
ഭയപ്പെടുത്താൻ തക്ക, പ്രേതാലയ ലുക്കുമായി വീടങ്ങനെ കാട് പിടിച്ചും പൊട്ടിയ ജനാലകളുമായി നിൽപ്പാണ്.
പണ്ടാരോ തൂങ്ങി മരിച്ചെന്നുകൂടി ആതിര പറഞ്ഞപ്പോ കിടുങ്ങിപ്പോയി.
തിരിച്ചു ഈ വഴി തന്നെ വരണമല്ലോ..
രോഗിയുമായി മന്ദം മന്ദം നീങ്ങിയ തരുണീമണികൾ, അവളുടെ അമ്മൂമ്മ തന്ന കഞ്ഞിയും ഉള്ളിത്തീയലും കഴിച്ച എനർജിയോടെ തിരികെ ഓടിയാണ് സ്‌കൂളെത്തുന്നത്. ആ വീട്‌ കഴിയാൻ പെട്ട പാട്.. നോക്കല്ലേ നോക്കല്ലേന്ന് അഞ്ജിതയോട് പറഞ്ഞിട്ട് ഞാൻ തന്നെ നോക്കും.
പൊട്ടിയ ജനാലയ്ക്കൽ ഏതുനിമിഷവും തലമുടി പാറിയ, വെള്ള സാരി പ്രേതം വന്നേക്കാമെന്ന ചിന്തയിൽ ഞങ്ങൾ പി ടി ഉഷകളായി മാറി.

തെറ്റിനും നുണയ്ക്കുമൊക്കെ ധാരാളം തല്ലുകൊണ്ടിട്ടുണ്ടെങ്കിലും മനസിലെ നന്മമരങ്ങളിലെ വടവൃക്ഷമായിരുന്നെനിക്ക് ഗിരിജ ടീച്ചർ.
അടുത്ത വീട്ടിലെ കുട്ടിയായിരുന്നിട്ടും ഒരു ദാക്ഷിണ്യവും കൂടാതെ എന്നിൽ തല്ലിത്തെളിഞ്ഞ ടീച്ചറോട് അപ്പോൾ വല്ലാത്ത അരിശം വരും. നോവുറങ്ങുമ്പോൾ അതുമടങ്ങും.

വർഷങ്ങളോളം, കെട്ടും തെളിഞ്ഞും കാറ്റത്താടുന്ന തിരിയെന്നോണം ആയുസ്സിനെ ചേർത്തടക്കി, ക്യാൻസറിന്റെ കൈ പിടിച്ച് ഗിരിജ ടീച്ചർ പതുക്കെ ജീവിതപ്പടവുകളിറങ്ങിത്തുടങ്ങി..
തിരികെ കയറാൻ ആവുന്നത്ര ശ്രമിച്ചിട്ടും അവസാനയേതോ കല്പടവിൽ ടീച്ചർ വീണുപോയി.

ഒതുക്കം തുളുമ്പിയിരുന്ന ആ മുഖത്തേക്ക് ഒടുവിലെന്നപോലെ നോക്കിനിന്നപ്പോൾ പഴയ ഓർമകളിൽ തപ്പിത്തടഞ്ഞ്, ഒരന്ധയെപ്പോലെ ഞാനും വീഴുകയായിരുന്നു!.

പഠിപ്പിച്ചിരുന്നത് കൊണ്ട് അദ്ധ്യാപിക എന്നുപറയാമായിരുന്നെങ്കിലും ടീച്ചറെന്നിൽ ചെലുത്തിയ സ്വാധീനത്തെ അളക്കാൻ ആ അളവുകോൽ മതിയാകുമായിരുന്നില്ലല്ലോ...!


7.
അശ്വതിയുടെ വീടിന്നടുത്താണ് അശ്വിൻ രാജിന്റെ വീട്‌.
അന്നെന്താണ് വരാതിരുന്നതെന്ന് പിന്നെ കണ്ടപ്പോൾ തിരക്കി. 
വയ്യായ്ക കൊണ്ടാണെന്ന് പറഞ്ഞവൻ കളിക്കാൻ പിന്നാമ്പുറത്തേക്ക് നടന്നു.
ഇടയിൽ അശ്വിൻ ക്ലാസ്സിൽ വരാതെയായി.

ഒരാൾ രണ്ട് ദിവസം കൂടുതൽ അവധിയെടുത്താൽ കടുത്ത പനി കൊണ്ടാവുമെന്നൊക്കെയാണ് അന്നത്തെ സങ്കല്പം.
പിന്നേം കുറേ ചെന്നാണ് അവന്റെ അസുഖ വിവരമറിയുന്നത്.
നാലു വരെയേ പെരുന്നേർ മംഗലത്തുള്ളൂ. 
ഞങ്ങൾ ഗേൾസ് സ്കൂളിൽ ചേർന്നപ്പോൾ അവൻ തൊട്ടപ്പുറത്തെ ബോയ്സ് സ്കൂളിൽ ചേർന്നു.

അശ്വിൻ, ഒരു നാൾ പെട്ടെന്നങ്ങ് പോകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. കൂടെ കളിച്ച, സമപ്രായക്കാരൻ അസുഖമതിജീവിച്ചു വരിക തന്നെ ചെയ്യണമെന്ന് ഞങ്ങളെല്ലാവരും പ്രാർത്ഥിച്ചിരുന്നെങ്കിലും വേദനകളില്ലാത്തൊരിടത്തേക്ക് അവൻ മാഞ്ഞുപോയി.

കളിക്കൂട്ടുകാരാ..
ഇന്നലെകളെയോർക്കുമ്പോഴെല്ലാം കബഡിക്കബഡിയെന്നലറി എന്റെ കാലിൽ പിടിച്ചുവലിച്ച് മണ്ണിലേക്കിട്ട് ജയിച്ചു നിൽക്കുന്ന നിന്റെ മുഖം ഞാനോർക്കാറുണ്ട്.

പതിവായിപ്പങ്കെടുത്തിരുന്ന ഓട്ടമത്സരങ്ങളിൽ ഒരിക്കലും അശ്വനിയെയും ശ്യാമിലിയെയും ഓടിത്തോൽപ്പിക്കാനാവാതെ, അവരെ നോക്കി അസൂയപ്പെട്ട്, ഒരുനാൾ പാതിയോടി, ഫിനിഷിങ് പോയിന്റിൽ ചെല്ലാതെ തുടങ്ങിയിടത്തേക്ക് ജയിക്കുമെന്നോർത്ത് ഞാനോടുമ്പോൾ, "കള്ളക്കളി കള്ളക്കളി" എന്നുവിളിച്ചുകൂവി, ആർത്തലച്ചു നീയെന്ത് ബഹളമുണ്ടാക്കി!. കാണുമ്പോഴെല്ലാം അതിൽത്തൂങ്ങി, വെള്ള ഷർട്ടും നീല നിക്കറുമിട്ടൊരു കൊച്ചെറുക്കൻ പൊട്ടിപ്പൊട്ടിച്ചിരിച്ചുകൊണ്ടേയിരുന്നു.
രണ്ടു പൂച്ചെണ്ടുകളുമായി ചുമരിൽ പതിച്ച ചിത്രം കണ്ടപ്പോഴൊക്കെ എത്രയോകാലം ഇവിടെ ജീവിക്കേണ്ടിയിരുന്ന നിന്നെ, കൊച്ചുപ്രായത്തിലപഹരിച്ച കാൻസറിനെ ഞാൻ പഴിച്ചു.

അറിയാത്തയേതോ ഒരു കോണിൽ, പരിചിതമല്ലാത്തൊരു കുട്ടി മരിച്ചെന്ന് പത്രത്താളിൽ കാണുന്നതിനേക്കാൾ പൊള്ളലുണ്ട്, വളരെ അറിയുന്നൊരാൾ ഇല്ലാതെയാകുമ്പോൾ...

സമീപകാല നോവുകളസ്തമിക്കുകയും, ഓർമകളിലേക്ക് ചുരുങ്ങിക്കൂടി, എപ്പോഴെങ്കിലും ഓർത്താലായി എന്നവസ്ഥയാണ് ജീവിതം, തന്റെ കുത്തൊഴുക്കിലൂടെ നമുക്ക് തരിക. മുറിവുകളുടെ വേദന ഏറെനാൾ നീറ്റി, എപ്പോഴെങ്കിലും ഓർമിക്കുന്ന അവസ്‌ഥയിലേക്ക് കാലമെന്നെയും  പരിണാമപ്പെടുത്തി.

പെരുന്നേർമംഗലത്തൂന്ന് പോരുമ്പോൾ വല്യ സന്തോഷമായിരുന്നു.
അടുത്തുള്ള സ്കൂളിലാണ് ഇനി പോവാൻ പോണത്.
ഉച്ചയ്ക്ക് ചോറ് വീട്ടിൽ പോയി കഴിക്കാം. അല്ലെങ്കിൽ യു പി ക്കാർക്കുള്ള കഞ്ഞി കുടിക്കാം.
ചോറ്റുപാത്രത്തിലേക്ക് ചൂടുള്ള കഞ്ഞി, പ്യൂൺ ചേച്ചിക്കൊപ്പം കുട്ടികൾ രണ്ടുപേരൂടി നിന്നാണ് വിളമ്പുക.
അത്രയൊക്കെയേയുള്ളൂ, അത്രയൊക്കെ കഴിച്ചാൽ മതിയെന്നമട്ടിൽ വിളമ്പണ ചില വമ്പത്തികളൊഴിച്ച്  പരിചയമുള്ളവരാണെങ്കിൽ, പ്രത്യേകിച്ച് രേഷ്മയൊക്കെയാണേൽ പയർ കുറച്ചു കൂടുതൽ കിട്ടും.

"സ്കൂളിലെ പയറല്ലേ.. അവറ്റോൾടെ വീട്ടിലെയാന്നാ വിചാരമെ"ന്ന്
ഞാനുൾപ്പെടെയുള്ള പയറുകൊതിച്ചികൾ ശക്തിയായ അമർഷം തങ്ങൾക്കിടയിൽ പറഞ്ഞടക്കി. രേഷ്മയെന്ന എന്റെ പയറന്നദാതാവിനെ ഞാനത്യന്തം സ്നേഹവാത്സല്യങ്ങൾ കൊണ്ടുമൂടി.

കുറേ നാളോണ്ട് അച്ഛനോട് പറഞ്ഞാണ് സൈക്കിൾ പഠിപ്പിക്കാമെന്നേൽക്കുന്നത്. പണിത്തിരക്കുകൊണ്ടും മറ്റുചടങ്ങുകൾ കൊണ്ടും നീണ്ട് നീണ്ടുപോയ "പിന്നെയാവട്ടെ, നാളെയാവട്ടെ"ന്നുള്ള പല്ലവികൾ പിന്നെ "സൈക്കിൾ വേണ്ടേ ലേഡീസിന്റെ"ന്ന അനുപല്ലവിയിലേക്ക് മാറിപ്പോയി.

അതിശയമായിരുന്നു! വെറും രണ്ട് ചക്രങ്ങളിൽ ഊന്നിയങ്ങനെയിരിക്കുക, ഇരുവശത്തുമുള്ള പടിമേൽ ചവിട്ടിപ്പോകുക!. ഹയ്യോ സമ്മതിക്കണം! ഒരിക്കലുമെന്നെക്കൊണ്ട് സാധിക്കാത്ത കാര്യമാണത്! വേറൊന്നിന്റേം സപ്പോർട്ട് കൂടാണ്ട്, വീഴാണ്ട് എങ്ങനെയാണ്?

അങ്ങനെ ആറ്റുനോറ്റിരുന്നോരു ദിവസം അച്ഛന്റെ കൂട്ടുകാരൻ രാജേഷ് ചേട്ടൻ സൈക്കിളിൽ വീട്ടിൽ വന്നു. വെറും സൈക്കിളല്ല.
സാക്ഷാൽ എന്റെ സ്വപ്ന നായിക!
ചോന്നുള്ളി നിറത്തിങ്ങനെ കൊട്ടമുഖം ചരിച്ചുപിടിച്ച് ലേഡിബേഡ് നിൽക്കുന്നത് കണ്ട് ഞാൻ തുള്ളിച്ചാടി.

കാലെത്താത്ത പ്രശ്നം സീറ്റ് താഴ്ചകൊണ്ട് കുറച്ചൊക്കെ പരിഹരിക്കപ്പെട്ടു. അച്ഛനുണ്ടല്ലോന്ന ബലത്തിൽ, പെഡൽ ചവിട്ടണ ജോലി ഞാനല്ലലറിയാതെ ചെയ്തു. എന്റെയും സൈക്കിളിന്റെയും ഭാരം വീഴാൻ പോകുമ്പോഴെല്ലാം അച്ഛൻ താങ്ങി. ചവിട്ടലിന്റെ വേഗത കൂടുമ്പോൾ, ചെരിപ്പിടാത്ത കാലുകളെ പൂഴിക്കല്ലുകൾ നോവിക്കുന്നത് കണക്കിലാക്കാതെ, വിയർത്തൊലിച്ച് എന്നോടൊപ്പമോടി. അച്ഛനങ്ങനെ പ്രയാസപ്പെടുന്നത് കാണുമ്പോൾ ഞാനന്നത്തെ സർക്കസഭ്യാസം നിർത്തും.

ഒരിക്കലെപ്പോഴോ എന്റെ സാമർഥ്യമളക്കാൻ, തനിയെപോയി നോക്കട്ടെയെന്ന് കരുതി അച്ഛൻ പിടി വിട്ടുകളഞ്ഞു. പിന്നിൽ അച്ഛനുണ്ടല്ലോയെന്ന ധൈര്യത്തിൽ സൈക്കിൾ ഇത്തിരിദൂരം പോയെങ്കിലും ശബ്ദമൊന്നും കേൾക്കാതായപ്പോൾ ഞാൻ തിരിഞ്ഞുനോക്കി. ദൂരെനിൽക്കുന്ന അച്ഛനെ മിന്നായം പോലൊന്നുകണ്ടതും പിടീന്ന് പോയി, താഴെ വീണ് കാലുരഞ്ഞുപൊട്ടി ചോര വന്നെന്നെ നോക്കി ഹായ് പറഞ്ഞു. ശ്രദ്ധിച്ചുപിടിച്ചില്ലെന്ന് ഞാനമ്മയ്ക്ക് പരാതി കൊടുത്തു. പിന്നെയെനിക്ക് സൈക്കിളിൽ കയറുന്നതോർക്കുമ്പോൾ കാൽമുട്ടിലെ തൊലിക്കടിയിലെ അന്നത്തെ, നീറ്റലിരുന്ന് കുത്തും.

ഭയപ്പാടിന്റെ സൂര്യനസ്തമിച്ചുപോയൊരു ഇടവേളയ്ക്ക് രണ്ടും കല്പിച്ച് അപ്പുറത്തെ വീട്ടിലെ സൈക്കിളെടുത്ത് ഞാൻ റോഡിൽ വച്ചു.
വീടിന്റെ ചുറ്റിടങ്ങളൊക്കെ പുരോഗമിക്കുന്ന കാലമായിരുന്നു അത്.
തൊട്ടുകിഴക്കേതിൽ താമസിച്ചിരുന്ന സാജിവല്യച്ഛനും കുടുംബവും കുറുപ്പൻകുളങ്ങരയ്ക്ക് സ്‌ഥിരതാമസത്തിന് പോയതില്പിന്നെ, അവർ താമസിച്ചിരുന്ന രണ്ടുമുറി വീടും പറമ്പുമെല്ലാം, വല്യച്ഛന്റെ പെങ്ങൾ പുഷ്പ വല്യമ്മയ്ക്ക് ഭാഗം കിട്ടിയിരുന്നതോടെ അവരുടെ മേൽനോട്ടത്തിലായി.  വളരെ വിശാലമായി, പടർന്നുകിടന്ന പറമ്പിന്റെ നടുവിലെ പുൽവരയിലൂടെയാണ് സുധർമ്മ ചേച്ചിയുടെ വീട്ടിലേക്ക് പോവാറ്.
വൃക്ഷരാജന്മാർ തണൽക്കുടയേന്തുന്ന പറമ്പുമുഴുവൻ ഞാനും സാജി വല്യച്ഛന്റെ മകൾ ഹീരയും കൂടി കളിച്ചുനടന്നു.

ബാല്യകാല സഖിയായിരുന്നു ഹീര. കഞ്ഞിയും കറിയുമെല്ലാം കുളക്കരെയിരുന്ന്, പച്ചിലക്കാശോണ്ട് വാങ്ങിയ, മണ്ണരിയും ചെത്തിക്കയും കൊണ്ടുണ്ടാക്കി. പ്ലാവിലയിൽ വിളമ്പി ഉറുമ്പുകളെ ഉണ്ണാൻ വിളിച്ചു. വേപ്പുമരവും, മാവും തെക്കേപ്പറമ്പിലെ ആനമുട്ടൻ പുളിമരവും ഉടനീളമുള്ള കപ്പിലുമാവുകളുമെല്ലാം താന്താങ്ങളുടെ ഇലകളെയനക്കി ഈ കാഴ്ച കണ്ട് സന്തോഷമറിയിച്ചു. അടച്ചുകെട്ടലുകളിലാതെ, ആ ഭൂമിയിൽ ചെടികളും മരങ്ങളുമെല്ലാം ആമോദത്തോടെ വാണിരുന്ന, സ്വസ്ഥതതയെ ഇല്ലാണ്ടാക്കി, അതിർത്തികളെ വിളിച്ചുണർത്തി പുഷ്പ വല്യമ്മയുടെ ഭർത്താവ് പ്രകാശൻ വല്യച്ഛനവിടെ വേലി പണിതു.
ഞങ്ങളുടെ വീട്ടുവളപ്പിൽ നിന്ന് പിന്നെ പറമ്പിലേക്ക് കണ്ണോട്ടയെറിയുമ്പോഴെല്ലാം ശ്വാസംമുട്ടി. വേലിപ്പത്തലെല്ലാം ചേർന്നെന്റെ ശ്വസനനാളികളെ കുറേനാൾ വീർപ്പുമുട്ടിച്ചു.

തെക്കോറത്തുകാർക്കുള്ള വഴിയൊഴിച്ച് ബാക്കി മുഴുവൻ നീലഷീറ്റ് തന്റെ മറയ്ക്കുള്ളിലാക്കി. മെല്ലെ മാമരങ്ങളെല്ലാം ഓർമക്കുള്ളിലേക്ക് കടപുഴകി. കുളം നികന്നു. ഇതിനോടകം തന്നെ  കുളക്കരെയുള്ള കാഞ്ഞിരമരപ്പൊത്തിലെ ഹീര പറയാറുണ്ടായിരുന്ന പാമ്പും കുടുംബവും സ്‌ഥലം വിട്ടിരിക്കണം. പോകെപ്പോകെ പഴയതെല്ലാമൊന്നൊന്നായി എന്നോട് യാത്ര പറഞ്ഞു. എനിക്ക് പ്രിയമുണ്ടായിരുന്ന തെങ്ങുമൊരുനാൾ, തലയറ്റുവീണ് ആത്മഹത്യ ചെയ്തു!!.

ഞങ്ങളുടെ വീട്ടിലേക്കുള്ള റോഡന്ന് ടാറിന്റെ പ്രതാപമില്ലാതെ, പൂഴിക്കല്ലുകളെ നെഞ്ചിലേറ്റി കിടപ്പാണ്.
വീട്ടിലേക്ക് കയറുന്നിടത്തൊരു കൊച്ചുകയറ്റം പോലെയാണ്. അവിടെനിന്നും തെക്കേ വീട്ടിലേക്കുള്ള ഒതുക്കുവഴിയിലേക്ക് ചവിട്ടിപ്പോകുകയാണ് ഉദ്ദേശം. അപ്പോൾ സൈക്കിൾ കുറച്ചെങ്കിലും തന്നേ പൊയ്ക്കൊള്ളും.
പൊട്ടലോർമകളെ മനസിൽ ധ്യാനിച്ച്,ഇനി വീഴല്ലേ ഭഗവാനേന്നുരുവിട്ട് സീറ്റിലൊന്ന് ഇരിക്കാൻ ശ്രമിച്ചു.

ഇല്ല! നടക്കുന്നില്ല!.

സീറ്റിന്റെ കോണേരിയയിൽ മുട്ടുമെന്നല്ലാതെ ഒന്നിരുന്ന് സമാധാനമായി ചവിട്ടാനുള്ള ഭാഗ്യമെനിക്കുണ്ടായില്ല.

എന്തും വരട്ടെയെന്ന് തീരുമാനിച്ച് പെഡലൊന്നിൽ ആഞ്ഞുന്തി. മുൻചക്രം 'ഇതാ പോയേ'ന്ന് പൊടിമണ്ണിനെ നോക്കിപ്പറഞ്ഞോടി. 
വീഴാനാഞ്ഞപ്പോഴേക്കും ഞാനും മണ്ണിലെത്തി.
ഒരു കാൽ പെഡലിലും മറ്റൊന്ന് മണ്ണിലുമെന്ന പഴയ നിയമത്തെ കാറ്റിൽപ്പറത്താനുള്ള എന്നിലെ ധൈര്യവതി, രണ്ടാം കാലും സൈക്കിളിലർപ്പിക്കാനുള്ള പെടാപ്പാടായി പിന്നെ.
ഒന്നുരണ്ട് നിമിഷത്തേക്ക് എനിക്കത് സാധിച്ചു.
കയറ്റമുള്ളിടവും കഴിഞ്ഞ് ഞാൻപോലുമറിയാതെ രണ്ടുചക്രവും എന്നെയും താങ്ങി നീളുകയാണ്.
എനിക്കെന്നെത്തന്നെ വിശ്വസിക്കാനായില്ല!. ഞാൻ തന്നെയാണോ ചവിട്ടുന്നതെന്നറിയാൻ എന്റെ കണ്ണുകൾ മിഴിഞ്ഞുവന്നെന്നെ നോക്കി.
ഒടുവിൽ ഞാനത് മനസിലാക്കി.
ഉവ്വ്. ഞാനാണ്. ഞാനാണ് ചവിട്ടുന്നത്. യുറീക്കാ....!!
ഞാൻ സൈക്കിൾ ചവിട്ടാൻ പഠിച്ചു.!

അതിൽപ്പിന്നെ കൊതിയായി. ഓരോ സൈക്കിൾ കാണുമ്പോളും കയറിയിരുന്ന് ചവിട്ടാൻ എന്റെ പാദങ്ങൾ വൃതം നോറ്റിരിക്കാൻ തുടങ്ങി. ആർത്തിയുടെ അങ്ങേയറ്റത്ത്, കൂട്ടുകാരുടെ സൈക്കിളെല്ലാം ചോദിച്ചുവാങ്ങി. ''കാറ്റില്ലെടീ, ടയർ പഞ്ചറാണ് '' എന്നിങ്ങനെയുള്ള നിരുത്സാഹപരമായ വാക്കുകൾ കേട്ട് നെഞ്ചുതകർന്നിരിക്കുമ്പോഴാണ്, തകർന്ന നെഞ്ചിനെ ഒറ്റവാക്കിൽ കൂട്ടിത്തയ്ച്ച്, മുതുകിൽ ചിറകുകൾ പേറി മാലാഖയെപ്പോലെ ആര്യ വരുന്നത്!.

അവളുടെ സൈക്കിളിന്റെ താക്കോൽ കയ്യിൽത്തന്നോണ്ട്, "ചേച്ചീടെ സൈക്കിളാ, സീറ്റ് കുറച്ച് പൊന്തലുണ്ടെന്ന"വൾ കൂട്ടിച്ചേർത്തു.
മനസിലൊരു രൂപക്കൂട് പണിതവളെ, മെഴുതിരിയാലുഴിഞ്ഞ് ഞാൻ സൈക്കിളെടുത്തു.

കയറിയിരുന്നപ്പോഴേ അല്പസ്വല്പം വശപ്പിശക് തോന്നിയെങ്കിലും അളവറ്റ സന്തോഷക്കാറ്റിൽ ഞാനങ്ങനെ ചവിട്ടിപ്പായുകയാണ്.

സ്‌കൂൾമുറ്റത്തെ കടുപ്പമുള്ള മണ്ണിൽ മാത്രമേ ചവിട്ടാനാവൂ. പൂഴിമണ്ണിൽപ്പോയാൽ നിയന്ത്രണം കിട്ടില്ല. അതോണ്ട് നല്ല മണ്ണതിർത്തിയെത്തിയപ്പോൾ, "വാ തിരിയാമെന്നു" പറഞ്ഞ് ഞാൻ സൈക്കിളിനെ വളച്ചു.
കേട്ടഭാവമില്ലാതെ അത് പൂഴിമണ്ണിനെ ലക്ഷ്യം വച്ചുപോകയാണ്.
വീണ്ടും ശ്രമിച്ചിട്ടും അനുസരിക്കാതെ, ആമ്പിള്ളാർ വട്ടം കൂടിയിരിക്കുന്ന ആഞ്ഞിലിത്തറയുടെ അടുക്കലേക്ക് പോകുന്നത് കണ്ട് ബ്രേക്കിൽ ഞാൻ സർവ്വശക്തിയും സംഭരിച്ചു ഞെക്കി.
ബ്രേക്കെന്തെന്നു പോലുമറിയാത്ത സൈക്കിൾ എന്നെയൊന്നു പുച്ഛിച്ച്, നേരെ പൂഴിമണ്ണിലേക്ക് ആഞ്ഞുപതിക്കാൻ കുതിച്ചു.
"അയ്യോ"ന്നൊരു ആർത്തനാദത്തോടെ ഞാനും സൈക്കിളും മണ്ണിൽ പരസ്പരം കെട്ടിപ്പുണർന്നുകിടന്നു.
ആൺകുട്ടികളെല്ലാം ആർത്തുചിരിക്കുന്നതിനിടെ ആരൊക്കെയോ ഓടിവന്നെന്നെ പിടിച്ചു.
ബദ്ധപ്പെട്ട് ഞാനേൽക്കുന്നതിനിടെ, "ബ്രേക്കില്ലായിരുന്നു കേട്ടോ"ന്ന് ആര്യയുടെ കുഴഞ്ഞ ശബ്ദം കാതിലൂടെ ഓടിച്ചെന്ന്, മനസിലെ രൂപക്കൂട് പൊട്ടിച്ച് അവളെ പുറത്തേക്കെടുത്തിട്ടു.
വലതുകാലിലെ തള്ളവിരൽ വേദനിച്ചുവീർത്തു. ദുഷ്ട! ബ്രേക്കില്ലാ സൈക്കിൾ തന്നെന്നെ വഞ്ചിച്ചവളെ!!. ഞാനവളെ നോക്കി കണ്ണുവലുതാക്കി.
അധികം താമസിയാതെ കാലു മുഴുവൻ നീരുവന്ന് വീർത്ത് ഞാൻ വേദനയിൽ കുളിച്ചു.

പത്താം ക്ലാസ്സ്‌ പാസായപ്പോൾ, സൈക്കിളോടിക്കാനുള്ള പരീക്ഷയും ഞാനൊപ്പം പാസായി. അച്ഛനന്ന് പളപളപ്പൻ സൈക്കിൾ വാങ്ങിത്തന്നു.
ഇനിയാരോടും കെഞ്ചാനൊന്നും നില്ക്കണ്ടല്ലോ. സൈക്കിളിൽ ഞാൻ മെല്ലെ തലോടി.
രാത്രിയാണ് കൊണ്ടുവന്നത്. ചവിട്ടാനുള്ള മോഹവുമായി ആരാവെങ്ങനെയോ പുലർന്നു. റോഡിലോടിക്കാനുള്ള ലൈസൻസ് അമ്മയിൽ നിന്നുകിട്ടാൻ രണ്ടുമൂന്നു ദിവസമെടുത്തു!.

ചവിട്ടാനും ബ്രേക്ക് പിടിക്കാനും സീറ്റിൽ മുട്ടി,മുട്ടിയില്ല എന്നമട്ടിലിരിക്കാനുമല്ലാതെ മറ്റൊരു വസ്തുവുമെനിക്ക് അറിയില്ലായിരുന്നു.
വളവുകളേക്കാൾ നീളൻ റോഡുകളെ ഞാൻ സ്നേഹിച്ചു.
നല്ല വേഗത്തിൽ വരുമ്പോൾ നശിച്ച വളവിൽ കൈകാര്യം ചെയ്യാനുള്ള വഴക്കമില്ലായ്മ തന്നെ കാരണം. മിക്ക വളവുകളിലുമെത്തുമ്പോൾ പെഡലുകളിൽ നിന്ന് കാലെടുത്ത് ഇരുവശത്തേക്കും 'ഞാനിതാ വരുന്നേ' മട്ടിൽ നീട്ടിപ്പിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു!. മറ്റുള്ളവർക്ക് അപകട സൂചന നൽകി.

കൂട്ടുകാരോടൊത്തുള്ള സൈക്കിൾ സവാരിയിൽ, ഞാനന്ന് തീരെ ശിശുവാണ്. പിച്ചവയ്ക്കാനെന്ന പോലെയാണ് ഓടിക്കലുകൾ!
സൈക്കിൾ എന്ന വല്യ പാഠപുസ്തകത്തിലെ ഒരു യൂണിറ്റ് പോലും പഠിക്കാത്തോണ്ട്, കൂട്ടുകാരികളെല്ലാം ഇടതുവശം ചേർന്നുപോയപ്പോൾ ഞാൻ മാത്രം സൂപ്പർ സ്റ്റാർ സരോജ്‌കുമാറിലെ, ശ്രീനിവാസനെപ്പോലെ തോന്നിയിടത്തേക്ക് ഓടിച്ചു. ഇതിനിങ്ങനെ ഇടതും വലതുമൊക്കെയുണ്ടെന്നുള്ള ട്രാഫിക് റൂൾ ആരും പറയലുണ്ടായില്ല!!.
വലതുവശം ചേർന്നുപോയ എന്നെയൊരു ബുള്ളറ്റുകാരൻ വന്നുരുട്ടി നിലത്തിട്ടു.
ബുള്ളറ്റിന്റെ ടയറും സൈക്കിൾ ടയറും തമ്മിലൊന്നുമ്മ വച്ച് കുശലം പറയുന്നതിനിടേലൊരൊറ്റ മിനിറ്റിൽ ഞാൻ നടുറോട്ടിൽ കിടപ്പാണ്!.
എന്നെയൊന്നെണീപ്പിക്കാൻ കൂടി കാരുണ്യമില്ലാത്ത, കണ്ണീച്ചോരയില്ലാത്ത ബുള്ളറ്റുകാരൻ ദുഷ്ടൻ നിന്ന് ഘോര ഘോരം ഗർജ്ജിക്കലാണ്.
ഓട്ടോക്കാരൊക്കെ, എന്നെയാണെന്ന് തോന്നുന്നു എന്തൊക്കെയോ പറഞ്ഞു!. അശ്വതീം സജിതേമൊക്കെ വന്നപ്പോഴേക്കും ഞാനെണീറ്റ് ഒന്നുമറിയാത്ത ഭാവത്തിൽ സൈക്കിളെടുത്ത് മുന്നേ നടന്നു.

ഒന്നാം പാഠത്തിന്റെ സ്മരണയിൽ,പിന്നീട് പുറത്തേക്ക് പോകുമ്പോഴെല്ലാം ഇടതുവശത്തേക്ക് പോകാനായി തലയിലെ സൈറൺ വിഭാഗം റെഡ് ബൾബ് കത്തിച്ച് അലാം മുഴക്കി.
                                                                *****
രമ്യ ടീച്ചറായിരുന്നു ഹിന്ദി പഠിപ്പിക്കാൻ ആദ്യമെത്തുന്നത്.
ആദ്യ കണ്ടുമുട്ടലിൽ തന്നെ ഹിന്ദി എന്നെ നോക്കി കൊഞ്ഞനംകുത്തി.
അഞ്ചാം ക്ലാസ്സിലെ വൈകുന്നേരങ്ങളിൽ, വെയിലടിക്കുന്ന സ്കൂൾ മുറ്റത്ത് തടിയൻ പടിക്കെട്ടിന്നഭിമുഖമായി ഞങ്ങൾ നിരന്നിരിക്കും.
അക്ഷരങ്ങൾ കാണാതെ എഴുതണം.
'ഞ' കഴിഞ്ഞാൽപ്പിന്നെ എനിക്ക് സംശയമാണ്. മലയാളം അക്ഷരങ്ങൾ ആദ്യം എഴുതി വച്ച് ക്രമം തെറ്റാതിരിക്കാൻ നോക്കിയാലും ഹിന്ദി അക്ഷരങ്ങളിലേക്ക് വരുമ്പോൾ പല വരികളും മുകളിലും താഴെയുമായി മാറിക്കിടക്കും.
എഴുതാതെ കൊടുത്താൽ ടീച്ചർ അടീം തരും ഇമ്പോസിഷൻ ബോണസും കിട്ടും. എന്നും വൈകിട്ട് ശരണ്യയ്ക്കടുത്തിരിക്കാൻ ശ്രമിക്കും. എന്നാലും കൈനീട്ടിയാൽ തൊടാൻ പറ്റാത്തയകലം, അവളെഴുതുന്നതിലെ, ഹിന്ദി അക്ഷരത്തിന്റെ മുകൾവര മാത്രമേ കാണിച്ചുതന്നുള്ളൂ. ശരണ്യ ചരിച്ചും ചാഞ്ഞും സഹായിച്ചിട്ടും അകലക്കൂടുതൽ എന്റെ കാഴ്ചയെ ഏറ്റോം നീചമായി കളിയാക്കി.

അന്നൊരു വൈകുന്നേരത്ത്, സ്കൂൾ വിട്ടപ്പോൾ പതിവുപോലെ ചുറ്റിത്തിരിയാതെ വയറുവേദനിച്ചിട്ട് വീട്ടിൽപ്പോവാൻ ഓടുന്നതിനിടെ ശ്രീലക്ഷ്മി ഉറക്കെ വിളിക്കുന്നത് കേട്ടു.

വയറുനോവ് അസഹനീയതയുടെ കൊടുമുടികൾ കയറുന്നു. ഗ്യാസിന്നസ്കിത എന്നെ കരയിക്കുന്നുമുണ്ട്.

പാതിയിലേറെ പിന്നിട്ടിട്ട് തിരികെ നടക്കാൻ അനുവദിക്കാത്ത വയറിനേം താങ്ങിപ്പിടിച്ച് ആംഗ്യങ്ങൾ കാണിച്ച്, പിന്നെയും പിന്നിൽ നിന്നെന്തൊക്കെയോ പറയുന്നുണ്ടായിരുന്നവളെ ശ്രദ്ധിക്കാതെ ഞാനെങ്ങനെയോ നടന്നു നീങ്ങി.
പിറ്റേന്ന് ക്ലാസ്സിലെത്തുമ്പോൾ മുണ്ടുനീർ വന്നുവീർത്ത പോലെ ശ്രീലക്ഷ്മി ഇരിപ്പുണ്ട്. മിണ്ടാട്ടമില്ല.
എത്ര നോക്കിയിട്ടും മിണ്ടാത്ത വാശിക്കാരിയുടെ മുന്നിൽ ഞാനും തോറ്റുകൊടുത്തില്ല.

പരസ്പരം മിണ്ടാതേം നോക്കാതേം എന്നാൽ ഒളിഞ്ഞും മറഞ്ഞും നിന്ന് ആറാം ക്ലാസ്സാവസാനം അരുണിമയാണ് ഒത്തുതീർപ്പിന് കളമൊരുക്കുന്നത്.
ഇങ്ങോട്ട് മിണ്ടട്ടെ അവളാദ്യമെന്ന് പരസ്പരം മത്സരിച്ച ഞങ്ങളുടെ വാശി തീരാൻ രണ്ടുവർഷമെടുത്തു. അതിന് അരുണിമ വേണ്ടിവന്നു.
ശ്രീയുടെ സോൾമേറ്റെന്ന അവകാശത്തിൽ
അഴുക്കിനെ അലിയിച്ച് കളയുന്ന സോപ്പ് പോലെ, അവൾ മുന്നിട്ടറിങ്ങി എന്റെ കയ്യിൽപ്പിടിച്ച് വലിച്ചു ശ്രീലക്ഷ്മിയുടെ കയ്യോട് ചേർത്തപ്പോൾ തീർന്നുപോയി..
സകല വാശീം പിണക്കോം.

അതിലും രസമെന്തുകൊണ്ടാണ് പിണങ്ങാൻ കാരണമെന്ന് രണ്ടാൾക്കും അറിയില്ലെന്നതാണ്!. വയറുവേദനിച്ചിട്ടാണ് ഞാൻ പോയതെന്ന് അന്നവൾക്ക് മനസിലായില്ല. എന്റെ ആംഗ്യങ്ങൾ വേറെന്തോ കോപ്രായമായി തോന്നിക്കാണണം.
കൈയ്യിലുണ്ടായ മഞ്ചിന്റെ ഷെയർ തരാനും ഒന്നിച്ചു കഴിക്കാനുമുള്ള നിഷ്കളങ്കസ്നേഹത്തെ കൈയ്യും കാലും കൊണ്ടെന്തെക്കൊയോ വായുവിൽ കാണിച്ച് വിളിച്ചിട്ടും കേൾക്കാത്ത മട്ടിൽ പോയവളോടുള്ള പരിഭവമായിരുന്നു എന്നോട്..

ശ്രീലക്ഷ്മിക്ക് ചുറ്റും പഴയ വണ്ട് പാറിപ്പറക്കുന്നതിന് കുറവൊന്നുമില്ലായിരുന്നു.
പാത്രം കഴുകുന്ന പൈപ്പിൻചുവട്, ഗേൾസ് സ്കൂളിനെയും ബോയ്സ് സ്കൂളിനേം തമ്മിൽ ബന്ധിപ്പിക്കുന്ന സ്റ്റേജിനോട് ചേർന്നായിരുന്നു.
സ്റ്റേജിന്റെ രണ്ട് വശവും ഉപയോഗിക്കാം.
ഞങ്ങളുടെ സ്കൂളിലെ പരിപാടികൾക്ക് ബോയ്സ് സ്കൂളിന്റെ ഭാഗം മറയും. അവരുടെ പരിപാടിക്ക് നേരെ തിരിച്ചും. അല്ലാത്തപ്പോഴൊക്കെ ഇരുവശവും തുറന്നുകിടന്നു.

പാത്രം കഴുകുമ്പോഴെല്ലാം സ്റ്റേജിന്റെ മറയിൽ നിന്ന് രണ്ട് കണ്ണുകൾ കാണാം. അവൾ പല്ലുകടിച്ച് ചീത്ത പറഞ്ഞ് ക്ലാസ്സിലേക്ക് പോകും. അവനന്നേതോ പാട്ടുപാടി അവളെ ചൊടുപ്പിക്കാൻ ശ്രമിച്ചു.
ഉച്ചയ്ക്ക്, കിട്ടുന്ന അധിക നേരങ്ങളിൽ സെൻജിത്ത് സൈക്കിളിൽ പരുന്ത് കോഴിക്കുഞ്ഞിന് ചുറ്റും പറക്കണ പോലെ അവിടെയിവിടെയായി സ്കൂൾ മുറ്റത്ത് ചവിട്ടി നടക്കും.
അവനെ കാണാനിത്തിരി ഇരുണ്ടിട്ടായതിനാൽ ഈ സമയം ശ്രീലക്ഷ്മിയെ കളിയാക്കി അശ്വതി ഇങ്ങനെ പാടും.

'കണ്ടോ കണ്ടോ കാക്കക്കുയിലെ.. പട്ടുടുത്ത പാവക്കുഞ്ഞ്.. കണ്ടോ കണ്ടോ കണ്ടോ... '
അപ്പോഴും ശ്രീലക്ഷ്മി പതിവ് വെറുപ്പ് കാട്ടി നിൽക്കണയിടത്തൂന്ന് ചവിട്ടിത്തുള്ളി ക്ലാസ്സിലേക്കോടും.

എങ്ങനെ നോക്കിയാലും അസാമാന്യ അന്തരമുള്ള അവർ തമ്മിൽ ഒരിക്കലും സ്നേഹത്തിന്റെ ലത പടരില്ലെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിച്ചു.
പിന്നെയെപ്പോഴാണ്, അവൻ അവളുടെ ഹൃദയവാതിൽ തള്ളിത്തുറന്നകത്ത് കയറി കുടിയിരുന്നതെന്ന് ആശ്ചര്യം കൂറുന്ന ഓർമയാണ്!!!.

അവർ തമ്മിൽ പ്രേമത്തിലാണെന്നറിയാൻ  ഒരുപാട് വൈകിയിരുന്നു.
അന്തരങ്ങൾ കൊണ്ട് സമ്പന്നമായ ബന്ധത്തെ ശക്തിയുക്തം അവളുടെ വീട്ടുകാർ എതിർത്തു. പത്രമിടാൻ സെൻജിത്ത് ചെന്നപ്പോഴെല്ലാം അവളുടെ അച്ഛന് പത്രത്തോടൊപ്പം ചുവന്ന റോസാപ്പൂക്കളെക്കിട്ടി. ചില വേള കത്തുകളും.

ഡിഗ്രിക്ക് പഠിക്കുന്ന കോളേജിൽ അവൻ ചെന്നുവെന്നറിഞ്ഞപ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ലെന്ന അടിയന്തിരാവസ്‌ഥ പ്രഖ്യാപിക്കപ്പെട്ടു.

എത്രയെത്ര തടുക്കലുകൾ..!!
അവളേറ്റുവാങ്ങിയെത്ര തല്ലുകൾ!!

ഒടുവിലൊരുനാൾ, ഒരു വൈകുന്നേരത്ത്  എല്ലാ മതിൽക്കെട്ടുകളും ഭേദിച്ച് അവളെക്കയറ്റിയ ബൈക്കുമായി അവൻ ചീറിപ്പാഞ്ഞുപോയി...

അഞ്ചാം ക്ലാസ്സിന്നാരംഭ ദശ.

പതുക്കെപ്പതുക്കെ കുട്ടികളോരോരുത്തരും  പണിതുയർത്തിയ കൂട്ടുകെട്ടിന്റെ ഉദ്യാനത്തിൽ തരുക്കൾ പലത് മൊട്ടിടുന്ന കാലമാണ്.
സ്നേഹബന്ധങ്ങളുടെ വള്ളിച്ചെടികൾ തടിക്കുകയും, പൂവുകൾ പൂക്കുകയും കരിയുകയും ചെയ്തു.

ഗീതു വി പണിക്കരും കീർത്തനയുമന്ന് വാക്കും അർത്ഥവും പോലെ നടക്കുന്ന കാലം.
ബഞ്ചിൽ അടുത്തടുത്തല്ലാതെയിരിക്കില്ല. അവരെത്തമ്മിലൊരിക്കൽ ഗ്രൂപ്പ് തിരിച്ചു മാറ്റിയിരുത്തിയപ്പോൾ, എന്നെന്നേക്കുമായി വേർപെട്ട ഇണക്കുരുവിയെപ്പോലെ കീർത്തനയന്നേറേക്കരഞ്ഞു.

എനിക്കെന്നും പുതിയ കൂട്ടുകാരെ കണ്ടുപിടിക്കാൻ ഒരുപാട് ഉത്സാഹമാണ്. അവരെന്നും എന്നോടൊപ്പമുണ്ടാകണമെന്ന് ഞാനേറെ ആഗ്രഹിച്ചു.
പുതിയതെന്നോ പഴയതെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും കൂട്ടുകാരിയായെങ്കിലും ഈ സോൾമേറ്റെന്ന് പറയുന്നവർ അരികിലെത്താൻ കാലമെടുക്കും.

അങ്ങനെ ഞാൻ കണ്ടുപിടിച്ചെടുത്ത സോൾമേറ്റായിരുന്നു സജിത!..
ഞങ്ങളുടെ തുടക്കക്കാലം വളരെ ഊഷ്മളതയും ഹരിതാഭയും നിറഞ്ഞു നിന്നു.
അവൾക്ക് ഞാനും.
എനിക്ക് അവളും.. ഞങ്ങൾ നീലയുടുത്ത ആകാശത്തിൻ ചോട്ടിൽ കൈകോർത്ത്...!
'സുന്ദരി ഞാനും സുന്ദരി നീയും ചേർന്നിരുന്നാൽ തിരുവോണ'മെന്ന് പാടി നടന്നു.

അന്നത്തെ ഭൂമിയുടെ സൗന്ദര്യം പിന്നെയൊരിക്കലും ഞാൻ കണ്ടിട്ടില്ല.!!!

ശരണ്യ -അഞ്ജലി -ശ്രീലക്ഷ്മി പിന്നെ ഞാൻ എന്നിങ്ങനെയുള്ള വലിയ വട്ടത്തിലേക്ക് സ്വന്തമായി ഒരു വട്ടമുണ്ടാക്കി ഞാൻ സജിതയെ അതിലേക്കിരുത്തി.

എൽ പി കാലത്ത് അധികമടുപ്പമില്ലാതിരുന്ന അശ്വതിയും പിന്നീട് ഞങ്ങളുടെ സൗഹൃദ വലയത്തിലെ ഉറ്റകണ്ണിയായി മാറി.
മാരാരിക്കുളത്ത് നിന്നെത്തിയ അരുണിമ എ ശ്രീലക്ഷ്മിയുമായി വല്യ കൂട്ടായി. എനിക്ക് സജിതയെന്നപോലെ അവർ അടേം ചക്കരേമായി.
മറ്റൊരു ഗീതു -കീർത്തനമാരെപ്പോലെ കുറച്ചുനാൾ ഓടിയെങ്കിലും പിന്നെ അവർ വേർപെട്ടു. അശ്വതി -ദിവ്യ മാർട്ടിൻ കൂട്ടുകെട്ടും ഏറെക്കുറെ അങ്ങനെ തീർന്നു.

അശ്വിനിയും ശ്യാമിലിയും പണ്ടുതൊട്ടേ ഒന്നിച്ചാണ്.
ശരണ്യ ചൈതന്യയെ കണ്ടെത്തി.  അഞ്ജിത അയനയെ കണ്ടെത്തി. സതിയും അവർക്കൊപ്പം ചേർന്നു.

കൊല്ലങ്ങൾ രണ്ടുമൂന്നു കൂടി കഴിഞ്ഞപ്പോൾ പല വട്ടങ്ങളും പൊട്ടിച്ച് സജിതേം ദിവ്യ ദാസും അഞ്ജലീം മുരട്ടകളെപ്പോലെ ഒന്നായി.

എന്റെ സോൾമേറ്റ് അങ്ങനെ എന്റെയല്ലാതെ, പൊയ്പ്പോയ നോവെന്റെയുള്ളിൽ നാൾക്കുനാൾ പടർന്നു പന്തലിച്ചു.
ആ വേദനയെ ഞാനെന്നിലൊതുക്കി. എങ്ങനെ എന്റെ ദുഃഖം അവളോട് പറയണമെന്ന് എനിക്കറിയില്ലായിരുന്നു. പറഞ്ഞാൽ തന്നെ മനസിലാകുമോ എന്നും!. 

സജിതയ്ക്ക് വിശേഷിച്ചങ്ങനെ ഭാവമാറ്റമൊന്നും കാണാനുമുണ്ടായിരുന്നില്ല.
ഞങ്ങളങ്ങനെ പയ്യെപ്പയ്യെ വളർന്നു. വളരുന്തോറും ചില ബന്ധങ്ങൾ ഒപ്പം വളർന്നു. മറ്റു ചിലവ ഓർമയായി.
ചിലർ മറ്റുചിലരെ മുതലെടുത്ത് സ്‌ഥാനഭൃഷ്ടരാക്കി.

അമല -മേരി കെ ഒ -നിത്യ പി -അനിത ശശി എന്ന നാൽവർ സംഘം പക്ഷേ എല്ലാവർക്കും മാതൃകയായി താന്താങ്ങളുടെ കെട്ടുറപ്പ് സ്നേഹം അരക്കിട്ടിട്ട് ഭദ്രമാക്കി. ഒരു കാലത്തും പുതിയതായി ആരും വരികയോ വേർപെട്ട് പോകുകയോയില്ലാതെ അവർ സ്വസ്‌ഥമായി കഴിഞ്ഞു.

ഒരു മുല്ലവള്ളിയും അവരുടെ തേന്മാവിൻ പടർന്നുകയറിയില്ല!.
ഒരു ഇത്തിൾക്കണ്ണിക്കും അവരെത്തമ്മിൽ ഇളക്കി മാറ്റാനും കഴിഞ്ഞില്ല!.

സ്കൂൾജീവിതകാലത്ത് ഞാൻ കുറേ ഇത്തിൾക്കണ്ണികൾക്ക് വളരാനുള്ള മരമായി മാറിയിട്ടുണ്ട്.
തിന്നുന്നത് എന്റെ തന്നെ വിളവായിരുന്നിട്ട് കൂടി വേണ്ടവിധം യാതൊന്നും ചെയ്യാൻ എനിക്കന്ന് കഴിഞ്ഞില്ല.
ദുഃഖവും അപകർഷതയും ചാലിച്ചെടുത്ത കടുത്ത നിറക്കൂട്ട് എന്നിലുണങ്ങാതെ പറ്റിപ്പിടിച്ചിരുന്നു.
മണിച്ചിത്രത്താഴിലെ ഗംഗയിൽ ഉറങ്ങിക്കിടന്ന നാഗവല്ലിയെപ്പോലെ!!

കാലങ്ങളോളം...

എന്നിലെ നാഗവല്ലി നിയന്ത്രണാതീതയായി പുറത്ത് വന്നപ്പോഴെല്ലാം വഴക്കുകളുണ്ടായി!. തെറ്റിദ്ധാരണകളുണ്ടായി!.
വർഷങ്ങളോളം സജിതയുമായി ഞാനകന്നുനിന്നു.
പുറമേ ആലുവാ മണപ്പുറത്ത് കണ്ട പരിചയം കാണിക്കില്ലെങ്കിലും സ്നേഹത്തിന്റെ ഒരൊളി കണ്ണ് ഞാനവൾക്കായി എന്നും തുറന്നുവച്ചു. ഒരിക്കലുമതവളറിയാതിരിക്കാൻ നന്നേ ശ്രദ്ധാലുവായി.
അവൾക്ക് കൊടുക്കാൻ വച്ച എന്നാലവൾക്ക് വേണ്ടാത്ത സ്നേഹം ഞാൻ എനിക്ക് ചുറ്റിലുമുള്ളവരിലേക്ക് ഒഴുക്കി. അതുമൊരു മധുരനൊമ്പരമായിരുന്നു.

സ്നേഹപ്രവാഹങ്ങളുടെ മഹാനദികളെപ്പോലെ വർഷങ്ങൾ, മഞ്ഞിൽ തണുത്തും മഴയിൽ നനഞ്ഞും വെയിലിൽ പൊടിച്ചും പലവ ഞങ്ങളെക്കടന്നുപോയി..
ദിനസൂര്യന്മാരുദിക്കുകയും അമ്പിളി ചന്ദനപ്പുടവ ഞൊറിയിട്ടുടുക്കുകയും ചെയ്തു.

ഇന്ന് പിന്തിരിഞ്ഞുനോക്കുമ്പോൾ നെടുവീർപ്പുകളാണ്!.
മനോഹരങ്ങളായ നിമിഷങ്ങളെ അതിമനോഹരമാക്കാനുള്ള മായാജാലച്ചെപ്പ് കയ്യിലുണ്ടായിരുന്നിട്ടും എടുക്കാനായില്ലല്ലോ എന്നോർത്ത്.
എങ്കിലും ഞാൻ സന്തുഷ്ടയാണ്..


8.
കണിച്ചുകുളങ്ങരയിലെ, പഴയ കെട്ടിടങ്ങളിലന്ന്, വാടക തരാത്ത താമസക്കാരുണ്ടായിരുന്നു. തോന്നുന്ന കണക്കെ, വന്നുംപോയും സകുടുംബമായി ജീവിക്കുന്നവർ കുറച്ചൊക്കെ അല്ലലും തന്നിരുന്നു.
ക്ലാസ്സ്‌ സമയത്ത് അപ്പിയിട്ടും പറന്നുനടന്നും മേൽക്കൂരയ്ക്ക് ഇടകളിലിരുന്നവർ കുറുകി. കൂടുകൾ മാറിമാറി സ്‌ഥാപിച്ച് അപ്പിയിടാൻ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തി.

വെളുവെളുത്ത കുമ്മായത്തിൽ സുന്ദരിയായിരുന്ന ഭിത്തിക്ക് അവിടവിടെ കൊച്ചുകൊച്ച് നീലപ്പൊട്ടുണ്ടായിരുന്നുവെന്നല്ലാതെ മറ്റു ഹാനിയൊന്നും ഉണ്ടായിരുന്നില്ല. പോകെപ്പോകെ ഭിത്തിയിലെമ്പാടും ചിത്രകലയുടെ പലപല ഭാവങ്ങൾ തെളിഞ്ഞു തുടങ്ങി. പിന്നിരയിലെ ഡെസ്കിലും ബഞ്ചിലുമെല്ലാം വീണ, വെള്ളച്ചായത്തിന്റെ സൗരഭ്യം നാസികകളെ അതിതീക്ഷ്ണമായി ഉണർത്തി!

ഗോപിപ്പൊട്ടും ചുരുണ്ടമുടിയിഴകളും ഓർമയിൽ അകമ്പടി സേവിക്കുന്ന, സ്നേഹം വിളയുന്ന മുഖമായിരുന്നു സയനടീച്ചർക്ക്.
10 സി യുടെ അമരക്കാരിയാകും മുന്നേ ടീച്ചർ ഞങ്ങളെ പഠിപ്പിച്ചിരുന്നു. മിക്കപ്പോഴും ക്ലാസ്സിനുമപ്പുറം കുട്ടികളുമായി സംവദിക്കാനും സമയം കണ്ടെത്തുന്ന ടീച്ചറായിരുന്നു.

കണക്ക് പഠിപ്പിച്ചും പഠിച്ചും, പുകയുയർന്ന തലകളെ കുളിർപ്പിച്ച മഞ്ഞായിരുന്നു അത്തരം വർത്തമാന ഇടവേളകൾ!
പ്രാവുകളുടെ ശല്യത്തെക്കുറിച്ച് ആവലാതിപ്പെട്ടപ്പോൾ ടീച്ചറാണ് പറഞ്ഞത്.

"കണിച്ചുകുളങ്ങര സ്കൂളിലെ കുട്ടികളൊക്കെ ജീവിതത്തിലെ ഏതവസ്‌ഥയിലും പിടിച്ചുനിൽക്കും. ഒരിക്കലും വെയിലത്ത് വാടാത്ത തീയിൽ കുരുത്തവരാക്കാൻ ഈ ക്ലേശകാലമൊക്കെ നിങ്ങൾക്ക് കരുത്തുപടർത്തും"

അത് വാസ്തവമായിരുന്നു. മോശപ്പെട്ട അവസ്ഥകളൊന്നും തന്നെ ഞങ്ങളുടെ വിലയുള്ള സമയത്തെ കാർന്നുതിന്നില്ല. ക്ലാസ്സിലിരിക്കാൻ പറ്റാത്ത സാഹചര്യങ്ങളെ, മുറ്റത്തെ മരത്തണലിലേക്ക് പറിച്ചുനട്ടു. അധികം വൈകാതെ അന്തേവാസികൾക്കുള്ള നടപടികളും കൂടൊരുക്കലും നടന്നു. 

വർഷങ്ങൾക്കിപ്പുറം, ടീച്ചർ ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചറായിട്ട് മാത്രമായിരുന്നില്ല 10 സിയിലേക്കെത്തുന്നത്. കുരുത്തക്കേടുകൾക്ക് ശാസിക്കുന്ന അമ്മയായും, വർത്തമാനങ്ങളിലെ മുതിർന്നൊരു ചേച്ചിയായും, കൂട്ടുകാരിയായുമൊക്കെ വാത്സല്യപ്പെരുമഴയിൽ കുട തരാതെ, ഞങ്ങളെ നിർത്തി നനച്ചിട്ടുണ്ട്.

ക്ലാസ്സീന്ന് ടൂറിന് പോകാൻ ഒരാളൊഴികെ എല്ലാവരും പേരുകൊടുത്തത് ശ്രദ്ധയിൽപ്പെട്ടപ്പോൾ, എല്ലാവരും പോകുമ്പോൾ ഒരാൾ മാത്രമെന്തേ എന്നാരാഞ്ഞ്, പൈസയില്ലായ്മയിൽ നിന്നൊലിച്ച മനീഷയുടെ സങ്കടം തുടച്ചുനീക്കിയപ്പോൾ അവളുടെ ചിരിക്കെന്ത് മിനുസമായിരുന്നു!

അക്കാലത്ത്, മേദിനി ടീച്ചറിൽ തുടങ്ങിയ അദ്ധ്യാപകവൃന്ദം നവ്യനാമ്പുകൾ മുളപൊട്ടിയ വലിയൊരു പൂച്ചെടിയായി മാറിക്കൊണ്ടിരുന്നു. താന്താങ്ങളുടെ ശൈലി കൊണ്ടും കുട്ടികളോടുള്ള പെരുമാറ്റം കൊണ്ടും ഹൃദയത്തിലേക്ക് നേരിട്ടോടിച്ചെല്ലുന്ന പാതകൾ അവരോരുത്തരും മത്സരിച്ചു വെട്ടിത്തെളിച്ചു. 

വളരെ പഠിക്കുന്ന കുട്ടികളെ മാത്രം സ്നേഹിക്കുകയും അല്ലാത്തവരെയെല്ലാം തൃണവത്കരിക്കുകയും ചെയ്യുന്ന ചുരുക്കം ചില ടീച്ചേഴ്സേ ഉണ്ടായിരുന്നുള്ളൂ.

അത്തരത്തിൽ എന്നോട് പ്രിയമൊന്നുമുണ്ടായിരുന്നില്ലെങ്കിലും എനിക്കേറെ ഇഷ്ടപ്പെട്ട ടീച്ചറായിരുന്നു, നെറ്റിമേൽ വല്യൊരു സിന്ദൂരസൂര്യനെ ചാർത്തി, സ്വർണ്ണഫ്രെയിമിന്റെ കണ്ണട വച്ച  ശാരദാമണി ടീച്ചർ. ജീവശാസ്ത്രവും ഇംഗ്ലീഷുമെല്ലാം ടീച്ചർ പഠിപ്പിച്ചുപോന്നു. കേൾക്കാനിമ്പമുള്ള സ്വരത്തിൽ ഉച്ചയ്ക്ക് ശേഷമുള്ള പീരിഡുകളിൽ ക്ലാസ്സെടുക്കാനെത്തിയാൽ, പിന്നെ ഉറക്കത്തോട് പടപൊരുതിവേണം ക്ലാസ്സിലിരിക്കാൻ. നേരെ കണ്ണിൽ വയ്ക്കാതെ കണ്ണട മൂക്കിൻപാലത്തോട് താഴ്ത്തി വച്ച്, കാകദൃഷ്ടിയോടെയാണ് ടീച്ചർ പഠിപ്പിക്കുക.
ശ്രദ്ധിക്കാത്തവരെ ഉടനടി പൊക്കും. അങ്ങനെ പൊക്കിപ്പിച്ച് ടീച്ചർക്കും എഴുന്നേറ്റ് എനിക്കും മടുത്തുതുടങ്ങിയ കാലത്താണ് ടീച്ചറെ ഞാൻ കുറേക്കൂടി ഇഷ്ടപ്പെട്ടു തുടങ്ങിയത്.

ടീച്ചറുടെ സ്നേഹമുള്ള വാക്കിനുവേണ്ടിയും ഞാൻ പഠിച്ചു. കിട്ടിയ മാർക്കുകൾ കാണാതെ ടീച്ചർ പക്ഷേ കിട്ടാത്ത മാർക്കിനെ ചൂണ്ടിക്കാണിച്ചോടിപ്പിച്ചു. വീണിടത്തൂന്ന് എഴുന്നേറ്റോടാനും ഒരല്പമെങ്കിലും വാശിയോടെ ജീവിക്കാനും ആദ്യമായി പറയാതെ പറഞ്ഞ ഒരാളായിരുന്നു ടീച്ചർ. തരാതെപോയ ചിരികളിലും അവർ ചിരിച്ചിരുന്നുവെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം!

സ്നേഹത്തേക്കാളുപരി, കടുത്ത വാത്സല്യം കൊണ്ട് ചേർത്തുപിടിച്ച, നൈർമല്യതയുടെ ആൾരൂപമായിരുന്നു വിനയകുമാരി ടീച്ചർ. പേരുപോലെ വിനയമുള്ള, ചരിത്രം പഠിപ്പിക്കാൻ ഇത്രകണ്ട് മികവുറ്റ അദ്ധ്യാപിക വേറെയിനി സ്കൂളിൽ വരികയില്ല!

എഴുതുമെന്ന് ഞാനും എഴുതിപ്പിക്കാമെന്ന് ആശ ടീച്ചറും തിരിച്ചറിഞ്ഞ് കലോത്‌സവക്കാലങ്ങളിൽ ഓടിത്തുടങ്ങുമ്പോൾ, വാസനയെ ഒരിക്കലും നശിപ്പിച്ചുകളയരുതെന്നും, വിട്ടുകളയാതെ കൂടെക്കരുതണമെന്നും നിത്യം പറയാറുണ്ടായിരുന്നു. പഠിപ്പിക്കുമ്പോൾ സർവ്വവും ലയിച്ചിട്ടാവും പാഠമെടുക്കുക!

ചരിത്രമെന്നും ഒരു പരിധിക്കപ്പുറത്തേക്ക് കണ്ണുകളിൽ കനം വയ്പ്പിക്കും.
ഏറ്റോം മുന്നിലെ ബഞ്ചിൽ, ടീച്ചറുടെ വായിലിരുന്നുറങ്ങിയാലും, അതൊന്നുമറിയാതെ ടീച്ചർ പഠിപ്പിച്ചുകൊണ്ടിരുന്നു. അഥവാ കണ്ടാലും സ്‌ഥായീഭാവമായ ചിരിയിൽ അതെല്ലാമലിയിപ്പിച്ച് ഒഴുക്കിക്കളയും.

പതുപതുത്ത പട്ടൊച്ചയിൽ, മഴ പെയ്തൊഴിയാത്ത, ഒരു വൈകുന്നേരത്താണ് ചക്രവാതങ്ങളെക്കുറിച്ച് ക്ലാസ്സെടുക്കുന്നത്. മഴയിലും മിന്നിച്ചുനിൽക്കാൻ ടീച്ചർ ആകുന്ന ശബ്ദത്തിൽ ക്ലാസ്സെടുത്തു. മറ്റുക്ലാസ്സുകളിൽ നിന്ന് ടീച്ചറുടെ ക്ലാസ്സിന് മാത്രമായി ചില സവിശേഷതകൾ ഉണ്ടായിരുന്നു.
യാത്രകളെ ഏറെയിഷ്ടപ്പെടുന്ന, ടീച്ചർ പോയ സ്‌ഥലങ്ങളുടെയെല്ലാം വിവരണം പറഞ്ഞുതരും.

പിൽക്കാലത്തേക്കായി,പോയിടങ്ങളുടെ ഓർമ തുരുമ്പിക്കാതിരിക്കാൻ അവിടെനിന്നെല്ലാം എന്തെങ്കിലുമൊരു വസ്തു, കൂടെക്കരുതുന്ന ശീലത്തെ കേട്ടപ്പോൾ തന്നെ, ഞാൻ എന്നിലേക്ക് എടുത്തുവച്ചു.

സ്കൂളിലെ അധ്യയന വർഷങ്ങൾ പെട്ടെന്നോടിപ്പോയി. ഞങ്ങളിറങ്ങിയുടനെ ശാരദാമണി ടീച്ചറും വിനയകുമാരി ടീച്ചറും വിരമിച്ചു. അതിൽപിന്നെ, ഒരുത്സവത്തിന് ശാരദാമണി ടീച്ചറെ കണ്ടതല്ലാതെ വിനയകുമാരി ടീച്ചറെപ്പറ്റി ഒരറിവുമില്ല.

അഞ്ചാം ക്ലാസ്സിലെ ഇംഗ്ലീഷദ്ധ്യാപകരായിരുന്നു അജിമോൻ സാറും പത്മാവതി ടീച്ചറും. ഞങ്ങൾ കണ്ടുതുടങ്ങുമ്പോൾ പത്മാവതി ടീച്ചർക്ക് നരയുള്ള കാലമായിരുന്നു. മേലെ, അടുക്കിയിട്ട ഓടും, ഭിത്തിയും ചേരുന്നിടത്തെ വിടവിൽ കാണുന്ന മാനക്കീറിൽ, എപ്പോഴെങ്കിലും പറന്നേക്കാവുന്ന പരുന്തുകളേം പ്രതീക്ഷിച്ച് മിഴിയർപ്പിച്ചിരിക്കുന്നിടെ, ടീച്ചർ ചൂരൽമുനയോണ്ട് മുന്നിലെ ഡെസ്കിൽ രണ്ടടിയടിക്കും. അതോടെ ചിന്തയാവിഷ്ടയായ ശ്യാമള, അനുസരണയുള്ള കുട്ടിയായി മാറും. 

പിണക്കിയാൽ അജിമോൻ സാറ് പക്ഷേ ഒന്നുപറഞ്ഞ് രണ്ടിന് അടിയാണ്. സാറിന്റെ ക്ലാസ്സിൽ ചിന്തിച്ചിരിക്കാനുള്ള ധൈര്യം, രൗദ്രത നേരിൽക്കണ്ട നാളോടെ എന്നീന്നിറങ്ങിപ്പോയി. സാറായിരുന്നു അന്നത്തെ ക്ലാസ്സ്‌ ഇൻ ചാർജ്.

ആറാം ക്ലാസ്സിൽ ഇംഗ്ലീഷിന് ദീപ ടീച്ചറെത്തി. പദസമ്പത്ത് വർദ്ധിപ്പിക്കണമെന്നും ഇംഗ്ലീഷിലെ വായന കൂട്ടണമെന്നുമൊക്കെ ദീപ ടീച്ചറാണ് ആദ്യം പറയുന്നത്. ജിലേബിയുടെയും, മടിയനായ ജിമ്മിയുടെയും പാറ്റയെക്കൊണ്ട് അവനുപറ്റുന്ന അമളികളുമൊക്കെ ടീച്ചറുടെ സ്വരത്തിൽ കേൾക്കാൻ എത്ര മാധുര്യമായിരുന്നു!
രസ്ന ടീച്ചർക്കായിരുന്നു അക്കൊല്ലം ഞങ്ങളുടെ ചുമതല. അതേ കൊല്ലത്തിലാണ് ടീച്ചറുടെ കല്യാണം നടന്നതും.

വീട്ടിൽ നിന്നൊരൊറ്റയോട്ടത്തിന് എത്താവുന്ന അകലമേ അഞ്ചാം ക്ലാസ്സിലേം ആറിന്റെ പാതി വരെയുമുള്ള കെട്ടിടത്തിനുണ്ടായിരുന്നുള്ളൂ. ഓരോ കൊല്ലം കഴിയുമ്പോഴും ക്ലാസ്സ്‌ റൂമുകൾക്കൊപ്പം കെട്ടിടങ്ങളും മാറിമാറി വന്നു.

സോഷ്യൽ സയൻസിനും ഹിസ്റ്ററിക്കുമൊക്കെയായി വിനയകുമാരി ടീച്ചർക്ക് പിൻഗാമിയായി ദീപ്തി ടീച്ചറും, ജിജി ടീച്ചറും കണക്കിന് ശ്രീജ ടീച്ചറുമെല്ലാം കടന്നുവന്നു.
ദീപ്തി ടീച്ചറും, അദ്ധ്യാപനത്തിന് പുറമേ കഥകൾ പറയും. ടീച്ചറിന്റെ അച്ഛൻ, കുഞ്ഞിലേ ടീച്ചറെ 'കൊച്ചുണ്ട' എന്നായിരുന്നു വിളിക്കുന്നതെന്ന് പറഞ്ഞുകേട്ടതിൽപ്പിന്നെ കാണുമ്പോഴെല്ലാം ആ ദിവസവും ചിരിയുമെല്ലാം വീണ്ടും കണ്ണിൽ തെളിയും.

സയൻസിന്റെ പതിവുമടുപ്പുകളുടെ തൂവലടക്കിപ്പിടിച്ചിരുന്ന, കിളിക്കുഞ്ഞുങ്ങളിൽ ആലസ്യമുറങ്ങുന്നത് പോലെയായിരുന്നു. സൂര്യവെളിച്ചമായി, വന്നെത്തി തണുപ്പിന്റെ അടരുകളകറ്റി ശാലിനി ടീച്ചറാണ്, ആ തൂവലുകളെ കൊഴിച്ചുകളഞ്ഞത്. ഒറ്റമൂലികളും, നാടൻ പൊടിക്കൈകളുമെല്ലാം പറഞ്ഞുതന്ന് ടീച്ചർ ഞങ്ങളെയെല്ലാം സുന്ദരികളാക്കാൻ പരിശ്രമിച്ചു. ശരിക്ക് പറഞ്ഞാൽ, ക്ലാസ്സിനുമപ്പുറം, ഒടുവിലത്തെയീ വാൽക്കഷ്ണമാണ് അന്നേറെപ്രിയം.

കൂടിയ വേഗത്തിലും കുറഞ്ഞ ശബ്ദത്തിലും പഠിപ്പിച്ചിരുന്ന ജിജി ടീച്ചർക്കൊപ്പമെത്താൻ ഞങ്ങളിൽ പലരും ആയാസപ്പെട്ടു. ക്ലാസ്സെടുക്കുന്നതിലുള്ള പോരായ്മ, വളരെപ്പെട്ടെന്നൊരു പരാതിയായി മാറപ്പെട്ടു. നേരിൽ പറഞ്ഞാൽ മതിയായിരുന്നതിനെ ഹെഡ് മാസ്റ്റർ വഴിയറിഞ്ഞ സങ്കടം ടീച്ചർ ക്ലാസ്സിൽ പറഞ്ഞപ്പോൾ വേണ്ടിയിരുന്നില്ലയെന്ന കുറ്റബോധത്തിന്റെ കരിന്തിരി പിന്നെയുമുലഞ്ഞു, പുക പടർത്തി. 
തിരുത്തലുകളെ ടീച്ചർ ഇരുകൈയ്യാലെ സ്വീകരിച്ചു. പിന്നെക്കണ്ട ജിജി ടീച്ചറെയായിരുന്നു ഞങ്ങൾക്കും വേണ്ടിയിരുന്നത്.

മലയാളം സെക്കന്റിലാണ് ലീലാമ്മ ടീച്ചറിനെയും ആശ ടീച്ചറെയും കാണുന്നതെങ്കിലും വിഷയത്തോടുള്ള പ്രേമം നിമിത്തം അവരുടെ നിഴലായി ഞാൻ പരിവർത്തനം ചെയ്യപ്പെട്ടു. ലീലാമ്മ ടീച്ചറാണ് പരീക്ഷപേപ്പറൊക്കെ നോക്കാറ്. ഞാനൊക്കെ മരിച്ചുകിടന്നെഴുതി തകർത്തു വച്ചിരിക്കും.

വായിച്ചുനോക്കാൻ സമയപരിമിതി കൊണ്ടാണോ എന്തോ ടീച്ചർ, എഴുത്തിന്റെ നീളം സ്കെയിൽ കൊണ്ടളന്നാണ് മാർക്കിടുക! ഞാൻ നീട്ടിപ്പിടിച്ചെഴുതി, ആലങ്കാരിക ആഖ്യാനങ്ങളുടെ ചാതുര്യം വാങ്മയ ചിത്രങ്ങളാക്കിയിട്ടതെല്ലാം പേപ്പറിൽ ആരാലും കാണാതെ ഉറങ്ങിക്കിടന്നു..!
ഉത്തരാദ്യത്തിലും ഒടുവിലുമായി ചോദ്യം തന്നെ തിരിച്ചും മറിച്ചുമെഴുതി നടുവിൽ സിനിമാപ്പാട്ടെഴുതിവച്ച കേമികളുമുണ്ടായിരുന്നു.

പരീക്ഷയ്ക്ക് നോട്ടത്തിനായി ലീലാമ്മ ടീച്ചർ വരാനായി എല്ലാവരും ദൈവവിളിയിലേർപ്പെടും. ഉലാത്തലുമുറക്കവുമൊക്കെയായി ടീച്ചർ നേരമുരുട്ടുമ്പോൾ കുട്ടികളെല്ലാം കഥകളിയാടും!

കവിതകൾ ഈണത്തിൽ നീട്ടിച്ചൊല്ലുന്ന ആശ ടീച്ചറെ കേൾക്കാൻ മലയാളം ക്ലാസ്സിൽ, ആരും കാണാതെയോടിച്ചെന്നിരുന്നിട്ടുണ്ട്.  സംസ്കൃതം കുട്ടിയായ എനിക്ക് മലയാളം സെക്കന്റിലെ കഥകളല്ലാതെ, കവിതകളെ കേൾക്കാൻ നിർവ്വാഹമുണ്ടായിരുന്നില്ല. മലയാളത്തോടുള്ള സ്നേഹം, പഠിപ്പിക്കാതിരുന്നവരായിട്ടും എല്ലാ മലയാളമദ്ധ്യാപകരോടും ഞാൻ പുലർത്തിപ്പോന്നു.

ആശ ടീച്ചറെയോർക്കുമ്പോഴെല്ലാം, കുനുകുനാ കുഞ്ഞക്ഷരങ്ങളിൽ ഓട്ടോഗ്രാഫിലെഴുതിയ വാക്കുകളോർമ വരും,
സ്കൂളിൽ നിന്നിറങ്ങാൻ വൈകി, ബസിൽ തൂങ്ങിയാടി, 

ഏറ്റോമൊടുവിലെത്തുന്നവരായി സ്‌കൂളുകളിലേക്കോടുന്ന നമ്മളെ ഓർമ വരും,

''അവസാനം വന്നാലും ഫസ്റ്റ് കൊണ്ടൊവുമല്ലോ'' ടീച്ചറെന്നുള്ള സഹദ്ധ്യാപകരുടെ കുശലങ്ങൾക്കിടയിൽ അഭിമാനത്തോടെ എന്നെ നോക്കിയ മുഖമോർമ വരും..
പൊന്നിൻ തൂവല് കൊണ്ടല്ലാതെ എനിക്കെന്റെ ടീച്ചറെക്കുറിച്ചെഴുതാനാവില്ലല്ലോ...!!

ആശടീച്ചർക്കൊപ്പം ഉയർന്നുവന്ന മറ്റൊരു പൗർണമിയായിരുന്നു നിഷ ടീച്ചർ.

കാലങ്ങൾക്കിപ്പുറത്തും എന്നെ വായിക്കുന്ന, അഭിനന്ദനപ്പൂച്ചെണ്ടുകൾ സദാ വാട്സാപ്പിലേക്കിടുന്ന, ഇംഗ്ലീഷ് അദ്ധ്യാപിക കൂടിയായ നിഷ ടീച്ചറുടെ കാറിലമർന്നിരുന്ന് ഞങ്ങളെത്ര സ്കൂളുകളിൽ പോയി!
"ആശയെയാണിവൾക്ക് എന്നാലുമിഷ്ടമെ"ന്ന് കുശുമ്പോതുന്ന കുസൃതി ടീച്ചറായും എനിക്ക് മുന്നിൽ നിഷ ടീച്ചർ ചിരിയോടെ നില്പുണ്ട്.

നിഷ ടീച്ചറുടെ ബുധനാഴ്ചകളിലെ സ്പെഷ്യൽ ക്ലാസ്സുകളിൽ, അടുത്തയാൾ വായിക്കുന്ന പാരഗ്രാഫിൽ കേൾവിയുറപ്പിച്ച്, എന്റെയൂഴത്തിനായി ഞാനിരിക്കും. സാധാരണയായുള്ള ടീച്ചർ പട്ടങ്ങളെല്ലാം കൈവെടിഞ്ഞ്, ഞങ്ങളിലൊരാളായി ഓടി നടന്ന്, ആർപ്പുവിളിച്ച വല്യൊരു കുട്ടിയായിരുന്നു ടീച്ചർ. ഇംഗ്ലീഷിലേക്കുള്ള അടുപ്പച്ചരടിനെ മുറുക്കിക്കെട്ടി, ദൂരസ്‌ഥങ്ങളിലേക്ക് ടീച്ചറെന്നെ പറത്തിവിട്ടു.

ആശ ടീച്ചറെയും നിഷ ടീച്ചറെയും അദ്ധ്യാപകരായി ഞാനൊരിക്കലും ഓർമയിടങ്ങളിൽ ഒതുക്കിവയ്ക്കില്ല. എനിക്കൊപ്പം എന്നുമുണ്ടായിരിക്കുന്ന നിഴലുകളായി നിങ്ങൾ നിലനിൽക്കട്ടെ!

ഓർക്കുമ്പോഴെല്ലാമുള്ളിൽപ്പേറുന്നൊരു ചെറിപ്പഴത്തിന്റെ നിറമാണ് മനസിലുതിരുക.

പ്രിയപ്പെട്ടൊരദ്ധ്യാപികയുടെ മകളായിട്ടാണ് ആദ്യമറിയുന്നതെങ്കിലും, മെലിഞ്ഞുകൊലുന്നിട്ട്, നീളൻ മുടിയാട്ടി ക്ലാസ്സിലേക്ക് വന്നത് പത്താം ക്ലാസ്സിലെ, രാകേഷിനെയും, രാകേഷിന്റെ അപ്പൂപ്പനെക്കുറിച്ചും അവരുടെ ചെറിമരത്തെപ്പറ്റിയും പറഞ്ഞുകൊണ്ടായിരുന്നു.
അതുവരെ കാണാത്ത, വേറിട്ട ശൈലികൾ കൊണ്ട്, അതിവേഗമാമരം പടർന്നുപന്തലിച്ചു. ബസാറിൽ നിന്ന് രാകേഷ് വാങ്ങിയ ചെറിപ്പഴം, അപ്പൂപ്പന് കൊടുക്കാതെ അവൻ തിന്നുതീർത്ത്, തുപ്പിക്കളഞ്ഞ കുരുവിൽ നിന്നാദ്യമുള പൊട്ടിയത് പോലെയാണ് മധുരിമ ടീച്ചർ ഞങ്ങളുടെ മനസിലേക്ക് ഇഷ്ടത്തിന്റെ കണികയെ പകർന്നുവച്ചത്. രാകേഷിനെപ്പോലൊരു മരം നടാനും, അതിനെപ്പരിപാലിച്ച്, ആദ്യത്തെ ഇലയും പൂവും കായുമെല്ലാം വരുന്നതും തടി വണ്ണം വയ്ക്കുന്നതുമെല്ലാം നോക്കിയിരിക്കണമെന്ന് ഞാനന്നേ തീരുമാനിച്ചു.

കുട്ടിക്കാലത്തെ ശീലങ്ങളും നിഷ്ഠയുമൊക്കെയാണ് നമ്മോടൊപ്പം വളരുക!
കുറ്റങ്ങളും കുറവുകളും, വളരുന്തോറും പോകയും, മറുവേള, കൂടെപ്പോരുകയും ചെയ്യും. അങ്ങനെ എനിക്ക് പോലുമറിയാത്ത എന്റെ നടപ്പിലെ ഞെളിവിനെ ആദ്യമെന്നോട് പറഞ്ഞുതരുന്നത് ബിന്ദുടീച്ചറാണ്. ഉച്ചകഴിഞ്ഞൊരു കെമിസ്ട്രി ക്ലാസ്സിന് ശേഷം, ടീച്ചറെന്നെ ഒറ്റയ്ക്ക് വിളിപ്പിച്ചാണ്, നടത്തത്തിലെ പോരായ്മ മാറ്റണമെന്നുള്ള നിർദേശം തന്നത്. എന്റെ ഞെളിഞ്ഞുള്ള നടപ്പുപോലെ, അശ്വതിയുടെ കൂനിയുള്ള നടപ്പും ടീച്ചർ കണ്ടുപിടിച്ച് പറയുകയുണ്ടായി..
ടീച്ചർ പറഞ്ഞതില്പിന്നെയാണ് എനിക്കങ്ങനെയൊരു കുഴപ്പമുള്ളത് ശ്രദ്ധിക്കാൻ തുടങ്ങിയത്. തോളൊതുക്കിപ്പിടിച്ച്, ഞെളിവിനെ മറയ്ക്കാൻ ശ്രമിച്ചിട്ടും, ഒഴിയാത്തൊരു ബാധ പോലെ അതിന്നുമെന്നോടൊപ്പമുണ്ട്.
ഫിസിക്സ്‌ പഠിപ്പിക്കാൻ രജനി ടീച്ചറും ബിന്ദു ടീച്ചറുമൊക്കെ മാറിമാറി വരും.
കുമാരി ടീച്ചറുടെ പേരുകേട്ടാലോ ആളെക്കണ്ടാലോ ആദ്യം അറിയാതൊന്ന് കൈവിരലിലേക്ക് നോക്കിപ്പോകും! നഖമുണ്ടേൽ നല്ലടിയാണ് സമ്മാനം. നഖം വളർത്താൻ അനുവാദമില്ലാതിരുന്നിട്ടും, ആഴ്ചയിലൊരിക്കൽ, അതും വെള്ളിയാഴ്ചയിലെ അവസാനക്ലാസ്സെന്ന സൗജന്യത്തെ മുതലാക്കി, നീളൻ നഖങ്ങളുമായി, പലനിറച്ചായം പൂശിയ ധൈര്യശാലികൾ ബ്ലേഡിനായി പരക്കം പാഞ്ഞോടി.
പി റ്റി അദ്ധ്യാപികയായ കുമാരി ടീച്ചറുടെ പീരിഡുകൾ ആദ്യമൊക്കെ രസമാണ്. കളിക്കാനുള്ള സമയത്തെ ചിലരാവേശപൂർവ്വം ചെലവഴിക്കുമ്പോൾ മറ്റുചിലർ വർത്തമാന വട്ടമേശ സമ്മേളനങ്ങളിലേർപ്പെട്ടു.
എക്സർസൈസൊക്കെ വൻ തമാശയാണ്. ഒരേപോലെ ചെയ്യേണ്ട, കയ്യും കാലുമൊക്കെ പൊക്കി, സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ചാടുന്നതൊക്കെയും ക്രമം തെറ്റിച്ചാകെ നാശലങ്കോലമായിത്തീരുകയാണ് പതിവ്.

കണക്കിന്റെ തലതൊട്ടപ്പനായിരുന്നു ഹെഡ് മാസ്റ്റർ കൂടിയായ ഗോപി സാർ.
പത്താം ക്ലാസ്സിന്റെ സ്പെഷ്യൽ ക്ലാസ്സുകളുടെ ഭാഗമായി അന്നൊരു ശനിയാഴ്ച കൂടി ഉച്ച വരെ ക്ലാസ്സ് വച്ചു.
ഒൻപതരയ്ക്ക് തുടങ്ങുന്ന ക്ലാസ്സിന് കൃത്യം ഒൻപതരയ്ക്ക് തന്നെ ഞാൻ വീട്ടിൽ നിന്നിറങ്ങി.

ചെല്ലുമ്പോൾ മുറ്റത്തുതന്നെയാണ് ക്ലാസ്സ്‌. കുട്ടികളെല്ലാം സാറിന്റെ മുന്നിലുണ്ട്. അങ്ങുനിന്നെ സാറിനെ കണ്ട്, എന്തുകള്ളം പറയും വൈകിയതിനെന്ന് ആലോചിച്ചാലോചിച്ച് ഓടിയും നടന്നുമൊക്കെ അവിടെയെത്തി.
ഒന്നുനോക്കിയല്ലാതെ, കള്ളം പറയാൻ അനുവദിക്കാതെ സാറെനിക്ക് ഇരിക്കാൻ സമ്മതം തന്നു.
പഴയ മോഡൽ കുഞ്ഞനൊരു ഫോണുണ്ട് അന്നെനിക്ക്. അമ്മയാണ് ശരിക്കുള്ള അധികാരിയെങ്കിലും പക്ഷേ വകുപ്പ് കൈകാര്യം ഞാനേറ്റെടുത്തു.
അതിലൊരു പാമ്പിന്റെ ഗെയിമുണ്ട്.
പരീക്ഷയുടെയോ പഠിത്തത്തിന്റെയോ അസ്കിതകളേക്കാൾ ആ പാമ്പും തവളയും എന്നെ വഴിതെറ്റിക്കാൻ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. ക്ലാസ്സ്‌ തുടങ്ങി കുറച്ചായപ്പോൾ 'കിണി കിണി കിണി 'ന്നൊരു ശബ്ദം എന്റെ ബാഗിനുള്ളിൽ നിന്നുണ്ടായി.
മെസ്സേജ് വന്നതാണെന്നും എന്റെ ഫോണീന്നാണെന്നും മനസിലായെങ്കിലും, സ്കൂളിൽ ഫോൺ കൊണ്ടുവരുന്നത് നിഷിദ്ധമാണെന്ന് പ്രഖ്യാപിച്ച, അടികളിൽ വെറൈറ്റി പരീക്ഷിക്കുന്ന മഹാരഥന്റെ മുന്നിലാണിരിക്കുന്നതെന്ന വിചാരത്തിൽ, ഒന്നുമറിയാത്ത നിഷ്കു ഭാവം വാരി മുഖത്തിട്ട് ഞാനിരുന്നു. 
ഒച്ചയുണ്ടാക്കിയിട്ടും തിരിഞ്ഞുനോക്കാത്തതിന്റെ പരിഭവമാണോ ഡോകോമോക്കാർക്ക് പ്രാന്തായിട്ടാണോ എന്നറിയില്ല ഫോൺ വീണ്ടും കൂവി.
ഇത്തവണ അരികിലിരുന്നവർ ഉറപ്പിച്ചുകാണണം കപ്പലിലെ കള്ളൻ ആരാണെന്ന്. അവരാരും, തലയനക്കിയോ നോക്കിത്തുറിപ്പിച്ചോ, എന്നെ അസ്വസ്‌ഥയാക്കാതെ സഹകരിച്ചു. അഞ്ജിത വായ്കൊണ്ട് സൈലന്റ് എന്ന് ആംഗ്യം കാണിച്ചു.

ഫോൺ കൈയിലെടുക്കാൻ പറ്റില്ല!
പിന്നാണ് സൈലന്റ്!!

ചോദ്യം ചെയ്യപ്പെടലോ ബാഗ് തിരയലോ ഉണ്ടായാൽ, കൊണ്ടുവന്നതിന് ഇവിടെന്നും വീട്ടീന്നും കിട്ടുമല്ലോന്നോർത്ത് ആധി കൊള്ളുമ്പോൾ  എവിടെനിന്നാണ് ശബ്ദം കേട്ടതെന്നറിയാതെ ഗോപി സാർ പോക്കറ്റിലുണ്ടായിരുന്ന ഫോണെടുത്ത് ഞെക്കിനോക്കി, തിരിച്ചതേ വേഗത്തിൽ പോക്കറ്റിലിട്ടു. ഒന്നും സംഭവിക്കാത്ത പോലെ ക്ലാസ്സ്‌ തുടർന്നു.
ഭാഗ്യത്തിന് പിന്നെയെന്റെ ഫോൺ മൗനം പാലിച്ചു.

ഒരടിക്കാലം തലനാരിഴയ്ക്ക് അകന്നുപോയ ആശ്വാസത്തിൽ സജിതയെന്നെ കണ്ണുതള്ളി നോക്കി. നെടുവീർപ്പോടെ ഞാനും.

കഥാ രചനയ്ക്ക്, ഗോപി സാറിന്റെ കയ്യീന്ന് കിട്ടിയ ധനലക്ഷ്മിയുടെ പടത്തിൽ നോക്കുമ്പോഴെല്ലാം അന്നത്തെ അസംബ്ലിയും, മുടിയിൽ തലോടി മറഞ്ഞ കാറ്റും എല്ലാത്തിനും എന്നോടൊപ്പം നിന്ന കൂട്ടുകാരെയും ഞാനോർക്കാറുണ്ട്!

വളരുന്തോറും ഞാനുമായി നിത്യമൊരു അകലം സൂക്ഷിക്കാൻ തുടങ്ങിയവളായിരുന്നു കണക്ക്. കുഞ്ഞുക്ലാസ്സുകളിലെ കടുത്ത പ്രേമത്തെ കടപുഴക്കിയെറിഞ്ഞവൾ എന്നെ തല്ലാൻ തുടങ്ങിയ കാലമാണ്.
അവൾ പറഞ്ഞതിൽ പാതിയേ ഞാൻ കേൾക്കുകയുള്ളൂ. മുഴുവൻ കേൾക്കാണ്ട് മാറിനിന്നത് ഷീബ ടീച്ചറോട് പറഞ്ഞുകൊടുത്ത് നല്ല ചീത്തയും അവളെനിക്ക് വാങ്ങിത്തന്നിട്ടുണ്ട്.
മുന്നേ പറഞ്ഞ പൂച്ചെടിയിലെ ഏറ്റോം വല്യൊരു പൂവായിരുന്നു ഷീബ ടീച്ചർ. ഷീബടീച്ചർക്ക് പുറമേ സുരേഖടീച്ചറും കണക്കെടുത്തു.

പത്താം ക്ലാസ്സിലെ, ഞങ്ങളുടെ ക്ലാസ്സന്ന് ബോയ്സ് സ്കൂളിലേക്കുള്ള ഗേറ്റിനടുത്ത മുറിയാണ്. പൈപ്പിൻച്ചോടും ഓഫീസ് കെട്ടിടങ്ങളുമെല്ലാം വളരെയടുത്ത്.
മഴ പെയ്‌തു തുടങ്ങിയാൽ ഒരക്ഷരം കേൾക്കാത്ത ഇരമ്പലിൽ മഴയെ മാത്രമേ കേൾക്കാനുള്ളൂ.

പത്മശ്രീ ടീച്ചറാണ് അന്നത്തെ ഹിന്ദി ടീച്ചർ. നന്നായി പഠിപ്പിക്കുകയും സ്നേഹവുമുള്ള കൂട്ടത്തിലായിരുന്നു.
ഓണപ്പരീക്ഷയുടെ ഉത്തരക്കടലാസുകൾ നോക്കലും മാർക്ക് കുറവുള്ളവർക്കുള്ള ഉപദേശവുമൊക്കെ കഴിഞ്ഞ്, ഒരുപാട് ചിരിപ്പിച്ചോർമയെ ടീച്ചർ വെളിച്ചത്ത് നിർത്തിയത്.
ചോദ്യപ്പേപ്പറിൽ ഒരു ചോദ്യം ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്ക് തർജ്ജിമ ചെയ്യണം. ഏക് ബാർ, ജങ്കൽ എന്നൊക്കെയുള്ള വാക്കുകളൊക്കെ കണ്ടിട്ട് കാട്ടിലൊരു ബാറുണ്ടായിരുന്നുവെന്നെഴുതിയ ഉത്തരം വായിച്ച് ടീച്ചർ ഞങ്ങളെയും ചിരിപ്പിച്ചു.

എന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാലഘട്ടമായിരുന്നു സ്കൂൾ ജീവിതത്തിലെ പത്തുവർഷങ്ങൾ!!

ഹൃദയത്തിന്റെ അടിത്തട്ടിൽ നുളയ്ക്കുന്ന തീവ്രസ്മരണകൾ ജീവിച്ചിരുന്ന കാലം!
ആയെപ്പിസോഡുകളാണ് ഒരുനാളും മായുകയില്ലാത്ത മനസിലോടുന്ന ചിത്രപരമ്പരകൾ!
പോയകാലങ്ങളുടെ, ശോകസമ്പൂർണ്ണമായ സ്വനങ്ങളെ ഇന്നുമെനിക്ക് കേൾക്കാം..
ജീവിതയാത്രയുടെ മൈൽക്കല്ലുകൾ താണ്ടി, വളരെ യോജന പിന്നിട്ട് നിൽക്കുമ്പോഴും,
അന്നുവീശി മറഞ്ഞ ഓർമകളുടെ കാറ്റിനോടൊത്ത്, അതിന്റെ തണുവേറ്റ്, ഒപ്പം പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ..!

പോവാനായിരുന്നെങ്കിൽ, തിരികെ 'ചല ചല ' ഒച്ചവയ്ക്കുന്ന തണൽമരത്താഴെ, ഓർമകളിൽ ഗൃഹാതുരത ഗർഭം ധരിച്ച കുഞ്ഞൊന്ന് പിറന്നുവീണിരുന്നെങ്കിൽ!!!

ഒന്നുകൂടി പാടാമായിരുന്നല്ലോ...

"നീലാകാശം പീലി വിടർത്തും പച്ചത്തെങ്ങോല...
തെളിഞ്ഞ മഞ്ഞപ്പൂങ്കുലയാകെച്ചുവന്ന റോസാപ്പൂ..
തവിട്ടുപശുവിന്‍ വെളുത്തപാല് കുടിച്ചതില്‍പ്പിന്നെ,
കറുത്തരാത്രിയിലീനിറമെല്ലാം ഓര്‍ത്തുകിടന്നൂ ഞാന്‍!. "