അവിടെ ഒരു ആകാശമുണ്ടായിരുന്നു..
പറവകൾ പറക്കുന്ന കുന്നിൻചെരുവിലന്ന് അമ്പിളി ചന്ദനപ്പുടവ ഞൊറിയുടുത്തൊരുങ്ങി നിന്നു.
ഈ ആകാശത്തിന് കീഴെയാണ് ഞാൻ ദൂരങ്ങളിലേക്ക് സ്വയം മറന്ന് നോക്കിയിരിക്കാറ്. ചിമ്മിച്ചിമ്മി, ഇടയ്ക്ക് ചുവന്ന് നീലിച്ച് നക്ഷത്രളങ്ങനെ എന്നെ മാടിവിളിച്ചു..
പരന്ന് കിടക്കുന്ന ജ്യോതിര്ഗോളങ്ങളിൽ മനസ് നട്ട് ഇരുന്ന കുട്ടിക്കാലത്ത്, പോയവരെല്ലാം നക്ഷത്രങ്ങളായ് പുനർജനിക്കപ്പെടുമെന്ന കഥ എന്നെ നെടുതൊന്നുമല്ല സന്തോഷിപ്പിച്ചത്..
മുകളിലേക്ക് നോക്കിയാൽ എനിക്കും എനിക്കറിയാത്ത ഏതോ താരകങ്ങളായ് അവരും..
ഓർമയുടെ കണ്ണ് നനയിച്ച് മനോരഥങ്ങളിൽ അവർ ജീവിച്ചിരിക്കുന്നു എങ്കിലും പരസ്പരം ഇനിയൊരിക്കൽ കൂടി കാണാനോ ഒരു വാക്ക് പോലും പറയാനോ കഴിയില്ല എന്ന അറിവിൽ തേര് അവസാനിക്കുമ്പോഴും...
അകലങ്ങളിൽ ഇരുന്നവരെന്നെ കാണുന്നുവെന്ന ചിന്ത മിഥ്യയെന്ന് അറിയുമ്പോഴും അതൊരു സുഖമുള്ള കഥയായിരുന്നു.
അങ്ങനെയെങ്കിലും ഒരു ചരട് തമ്മിൽ നീളുന്നുവെന്ന് വിചാരിക്കാമല്ലോ..
പരന്ന് കിടക്കുന്ന ജ്യോതിര്ഗോളങ്ങളിൽ മനസ് നട്ട് ഇരുന്ന കുട്ടിക്കാലത്ത്, പോയവരെല്ലാം നക്ഷത്രങ്ങളായ് പുനർജനിക്കപ്പെടുമെന്ന കഥ എന്നെ നെടുതൊന്നുമല്ല സന്തോഷിപ്പിച്ചത്..
മുകളിലേക്ക് നോക്കിയാൽ എനിക്കും എനിക്കറിയാത്ത ഏതോ താരകങ്ങളായ് അവരും..
ഓർമയുടെ കണ്ണ് നനയിച്ച് മനോരഥങ്ങളിൽ അവർ ജീവിച്ചിരിക്കുന്നു എങ്കിലും പരസ്പരം ഇനിയൊരിക്കൽ കൂടി കാണാനോ ഒരു വാക്ക് പോലും പറയാനോ കഴിയില്ല എന്ന അറിവിൽ തേര് അവസാനിക്കുമ്പോഴും...
അകലങ്ങളിൽ ഇരുന്നവരെന്നെ കാണുന്നുവെന്ന ചിന്ത മിഥ്യയെന്ന് അറിയുമ്പോഴും അതൊരു സുഖമുള്ള കഥയായിരുന്നു.
അങ്ങനെയെങ്കിലും ഒരു ചരട് തമ്മിൽ നീളുന്നുവെന്ന് വിചാരിക്കാമല്ലോ..
അമ്മൂമ്മ ജീവിച്ചിരുന്ന കാലത്ത്, എനിക്ക് ഒരുപാടൊന്നും സ്നേഹിക്കാൻ തോന്നിയിട്ടില്ല. കാണുമ്പോഴെല്ലാം തങ്കമ്മ എനിക്ക് വഴക്കിന്റെ കരിങ്കല്ലുകൾ തന്ന്, അകലങ്ങളിൽ അത് വിതറുവാൻ പ്രേരിപ്പിച്ചു.
അടുപ്പത്തിന്റെ പൂവിതളുകൾ വിടർന്ന് പരിമളം പരത്തി വരുമ്പോഴേക്കും നാലുപേരിലെ അവസാനത്തെയാളായി അമ്മൂമ്മ പോയ്മറഞ്ഞു.
കുറ്റബോധം മനസിലിരുന്നെന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്.
കുറച്ചുകൂടി നന്നായി സ്‌നേഹിച്ച് കഴിയാമായിരുന്നു..
കഴിഞ്ഞില്ല !
അടുപ്പത്തിന്റെ പൂവിതളുകൾ വിടർന്ന് പരിമളം പരത്തി വരുമ്പോഴേക്കും നാലുപേരിലെ അവസാനത്തെയാളായി അമ്മൂമ്മ പോയ്മറഞ്ഞു.
കുറ്റബോധം മനസിലിരുന്നെന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്.
കുറച്ചുകൂടി നന്നായി സ്‌നേഹിച്ച് കഴിയാമായിരുന്നു..
കഴിഞ്ഞില്ല !
അപ്പൂപ്പനാണെങ്കിൽ അമ്മയുടെ കല്യാണപ്പിറ്റേന്ന് മരിച്ചു.
അയോഡെക്സിന്റെ ഗന്ധമാണ് അച്ചാമ്മയ്ക്ക് !
എല്ലായ്പ്പോഴും ആ സുഗന്ധമെന്നെ പഴയ അഞ്ചാം ക്ലാസ്സുകാരിയിലേക്ക് കൊണ്ടുപോവുന്നു.
ഓർമ്മകളിലൊളി വിതറി, ഇന്നും പൊടിപ്പെണ്ണിന്റെ പേരക്കുട്ടിയെന്ന് കേൾക്കുമ്പോൾ ഉള്ളിലെവിടെയോ ഒരു വിങ്ങലുണരും..അച്ചാമ്മ ശേഷിപ്പിച്ച സ്‌മരണകളിലത്രയും കൊച്ചുരേവതി ഇപ്പോഴും ആ ആശുപത്രി മുറിയിൽ,അച്ചാമ്മയുടെ കിടക്കയ്ക്കരികിൽ കൂടെയിരിക്കയാണ്. വണ്ടാനത്തു നിന്ന് തിരികെ എത്തുമെന്ന് കരുതി മുറി വിട്ടിറങ്ങി നടന്നകലുമ്പോഴും പാതി പിന്നിട്ട വഴിയിൽ,വീണ്ടും ഒരുനോക്കൊന്ന് കാണാൻ വാതിൽക്കൽ ചെന്ന് നിർന്നിമേഷയായ് നോക്കിനിൽക്കെ, ക്ഷീണം നിറഞ്ഞ, വാടിയ ചിരിയോടെ പൊയ്ക്കൊള്ളാൻ പറഞ്ഞു.
അതായിരുന്നു ഒടുവിലത്തെ കാഴ്ച!!
പിറ്റേന്ന് വെളുക്കുമ്പോൾ എന്റെ ലോകം അസ്തമിച്ചിരുന്നു.
മറവിയുടെ മിഴിയെത്താത്തവണ്ണം പ്രഭ ചൊരിഞ്ഞുകൊണ്ട് അച്ചാമ്മ എന്റെ രക്തം നിറയെ നിറഞ്ഞിരിക്കുന്നു. അഭിയേട്ടന്റെ, വേങ്ങരയിലെ മുത്തശ്ശിയെ കാണുമ്പോഴെല്ലാം അച്ചാമ്മയുടെ ഓർമ വന്ന് പുഞ്ചിരിക്കും...
നഷ്ടപ്പെട്ട് പോകുമ്പോഴാണ്, ഇനി അങ്ങനെയൊരു കാലമരികെ വരാനില്ലയെന്ന അറിവ് ബാക്കിയാകുമ്പോഴാണ് എന്തുമാത്രം ആഴത്തിൽ, സ്നേഹിച്ചിരുന്നവർ എന്നിലുണ്ടായിരുന്നുവെന്ന് മനസിലാക്കുന്നത്.
എന്റെ അച്ഛന്റെ അമ്മ മാത്രമായിരുന്നില്ല എനിക്ക് പ്രഭാവതി..
എന്റെ കൂട്ടുകാരി.
സ്കൂളിലേക്ക് പോവാൻ മുടി പിന്നിക്കെട്ടി തരുന്ന ,
രാവിലെ പരസ്പരമുള്ള വൈരത്തിനുമേൽ മത്സരിച്ചുണ്ടാക്കുന്ന പലഹാരങ്ങളിൽ നിന്ന് അമ്മയുണ്ടാക്കിയത് വായിൽ വച്ചാൽ കെറുവിക്കുന്ന കുശുമ്പിപ്പാറു.
രാവിലെ പരസ്പരമുള്ള വൈരത്തിനുമേൽ മത്സരിച്ചുണ്ടാക്കുന്ന പലഹാരങ്ങളിൽ നിന്ന് അമ്മയുണ്ടാക്കിയത് വായിൽ വച്ചാൽ കെറുവിക്കുന്ന കുശുമ്പിപ്പാറു.
വൈകിട്ട് ഞാൻ വരും വരെ നോക്കിനിൽക്കുന്ന എന്റെ കാവൽമാലാഖ.
അച്ചാമ്മയുടെ വിരലിൽ തൂങ്ങി വീടിനടുത്തുള്ള കാഞ്ചനയമ്മൂമ്മയെ കാണാൻ വൈകുന്നേരങ്ങൾ ഞങ്ങൾ കൂട്ടിവച്ചു.
അവിടെ ചെല്ലുമ്പോൾ കഴിക്കാറുള്ള കാരയ്ക്ക ഓർമയിൽ ചവർക്കുന്നു.
അവിടെ ചെല്ലുമ്പോൾ കഴിക്കാറുള്ള കാരയ്ക്ക ഓർമയിൽ ചവർക്കുന്നു.
അപരാഹ്നങ്ങളിൽ ഞങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിൽ "അങ്ങാടിപ്പാട്ടും അലകടലും " കണ്ടു.
അച്ചാമ്മയ്ക്ക് ശരീരം നോവുമ്പോൾ അയോഡെക്സുമായ് ഞാൻ തിരുമ്മിക്കൊടുക്കും.
ഇടയ്ക്ക് സന്തോഷ് വല്യച്ഛനെ കാണാൻ പാടത്തേക്ക് നടന്നുപോയി.
അണ്ണനെ കഴിഞ്ഞു ഏറെ എന്നെ സ്നേഹിച്ചിരുന്നുവെന്ന് ഇടയ്ക്കിടയ്ക്ക് രാജി ആന്റി പറയാറുണ്ട്.
എനിക്കും അറിയാം,
ഞങ്ങൾ പരസ്പരം അദൃശ്യമായ ഒരു നൂൽപ്പാലം എന്നും സൂക്ഷിച്ചിരുന്നു. എന്നെ നെഞ്ചോട് ചേർത്തുറക്കി, ഞാനുറങ്ങും വരെ കൂട്ടിരുന്ന്,
എന്റെ സന്തോഷങ്ങൾക്കായി ത്യാഗങ്ങൾ സഹിച്ചും,
പിരിയുന്നതിൽ വേദനിച്ചും അന്യോന്യം താങ്ങും തണലുമായി നിഴലുകളായ്....
എന്റെ സന്തോഷങ്ങൾക്കായി ത്യാഗങ്ങൾ സഹിച്ചും,
പിരിയുന്നതിൽ വേദനിച്ചും അന്യോന്യം താങ്ങും തണലുമായി നിഴലുകളായ്....
മധ്യവേനലൊഴിവിന് കണ്ണങ്കരയ്ക്ക് കൊണ്ടുപോവാൻ വല്യമ്മ വരാറുണ്ട്.യാത്ര പറഞ്ഞു, വണ്ടിയിൽ കയറാൻ നേരം പിറകിലൂടെ കൈനീട്ടി അച്ചാമ്മ കനപ്പിച്ചു നോക്കി, കിഴുക്കിയാണ് വിടുക.
വേർപിരിയുന്നതിന്റെ വൈഷമ്യത അന്നെനിക്ക് മനസിലായില്ല. !!
അച്ചാമ്മ ഒരുനാൾ എന്നെ വിട്ട് കാഴ്ചയ്ക്കപ്പുറത്തേക്ക് മറയുമെന്ന് അന്നൊന്നും ചിന്തകളിൽ പോലുമുണ്ടായിരുന്നില്ല. ഇനിയുമേറെ സ്നേഹിച്ചും കലഹിച്ചും "ബോബനും മോളിയും " പോലെ ദീർഘദൂര ഒറ്റയടിപ്പാതകൾ ഞങ്ങൾക്ക് മുന്നിലെന്ന് കരുതി കൈകോർത്തു നടന്നു.
ഒടുവിൽ പാതയിൽ ഞാൻ മാത്രം ബാക്കിയായി....
കണ്ണുനീരുപ്പ് അലിഞ്ഞിറങ്ങിയ എന്റെ കവിളിലെ ചാലുകൾ തുടച്ചുനീക്കി, ഗ്യാസ്സ്ററൗവ് കത്തിക്കുന്ന മുറിയിലെ കയർ ഇഴ പാകിയ കട്ടിലിൽ, പ്രമേഹം വന്ന് പൊട്ടിയ വ്രണപ്പാടുകൾ പിങ്ക് നിറം വരുത്തിയ കാലുകൾ നീട്ടിയിരുന്ന്, കട്ടിക്കണ്ണടയുമായി വാത്സല്യത്തോടെ ഒരാൾ എന്റെ പേര് ഉറക്കെ വിളിക്കും.
അടുത്ത് പിടിച്ചിരുത്തി ചില്ലറത്തുട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തി "നീ വച്ചോ"എന്ന് പറയും.
മെലിഞ്ഞ ശരീരം പതുക്കെ നിവർത്തി എണീട്ടിരുന്ന് അച്ചിച്ചൻ ചിരിക്കുന്ന ചിരിയ്ക്ക് തന്നെ എന്തൊരു ഭംഗിയായിരുന്നു.
കുരുത്തക്കേടിന് അമ്മയും അച്ചാമ്മയും ഒരുമിച്ച് തല്ലാനോടിക്കുമ്പോൾ അച്ചിച്ചൻ വന്ന് തടസം പിടിച്ചു രക്ഷിക്കും.
കാലിനു സുഖമുണ്ടായിരുന്ന കാലത്തു പുറത്തുപോയി വരുമ്പോൾ കൈയിലൊരു പൊതി എന്നെ നോക്കി കണ്ണിറുക്കും.
അതുകൊണ്ടൊക്കെത്തന്നെ അച്ചിച്ചനും അച്ചാമ്മയും തമ്മിലുള്ള വഴക്കുകളിൽ അച്ചിച്ചന്റെ സൈഡും വക്കീലും ജഡ്ജിയും എല്ലാം ഞാൻ തന്നെയായിരുന്നു.
എന്നും ഇവരുടെ പേരക്കുട്ടിയായ് ഈ സ്നേഹസമുദ്രങ്ങളിൽ നീരാടി,ദിവസങ്ങളെല്ലാം കഴിഞ്ഞുപോകുമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ.
അച്ചിച്ചൻ ഉറങ്ങിയെണീറ്റ് കാപ്പി ചോദിച്ചിട്ട് കിടന്ന വൈകുന്നേരം വരെയും അത് പാളിയില്ല.
ആ ഉറക്കം അച്ചിച്ചൻ പിന്നെ ഉണർന്നില്ല.
അതുവരെയും എനിക്ക് പരിചിതമല്ലാതിരുന്നതും എന്റെ വീട്ടിലേക്ക് അനുമതിയില്ലാതെ ആദ്യമായ് കടന്ന് വന്നതുമായ മരണത്തിന്റെ മരവിപ്പിക്കുന്ന മൂകതയിൽ വളപ്പിലെ മാവിൽ ആദ്യത്തെ കോടാലി കരഞ്ഞു. ഉമ്മറത്തു തലയ്ക്കലെരിയുന്ന വിളക്കിനരികെ അച്ചിച്ചൻ അതേ നിദ്രയിലാണ്ട് അങ്ങനെ..
വാതിൽക്കലെ മുറിയിൽ, ജനൽപ്പടിയിൽ മുഖം ചേർത്ത് വ്യസനിച്ചു നിൽക്കുന്ന പടിഞ്ഞാറ്റയിലെ ജാനകി അച്ചാമ്മയെ ഓർമ, ഇന്നലെകളുടെ കൂമ്പാരത്തിൽ നിന്ന് പുറത്തേക്കെടുത്തു.
അച്ചിച്ചനരികെ, കുറച്ചുമാറി മുട്ടുകളിൽ മുഖം താഴ്ത്തി നിശബ്ദയായി അച്ചാമ്മ ഇരിന്നിരുന്നു..
ചുറ്റും എന്താണ് നടക്കുന്നതെന്ന്, എന്തുകൊണ്ടാണ് അച്ചിച്ചനെ ഇവ്വിധം കിടത്തിയിരിക്കുന്നതെന്ന്, അമ്മയടക്കം മറ്റ് ബന്ധുജനങ്ങൾ കരഞ്ഞിട്ടും അച്ചിച്ചൻ ഉണരാത്തതെന്തെന്ന് മനസിലാവാതെ ഞാനും അന്ന് വിഷാദത്തോടെ ഇരുന്നു.
അച്ചിച്ചനോടൊത്തുള്ള ഓർമകൾ ബാക്കിവച്ചു ആളകന്ന് പോയി എന്ന തിരിച്ചറിവ് പതുക്കെയാണ് ഉണ്ടായിവന്നത് .
ഉത്സവരാവുകൾക്കായി ഞാൻ കാത്തിരുന്നത് മുഹമ്മയിലെ ഭവാനി വല്യപ്പച്ചി വന്നുചേരാൻ വേണ്ടിയായിരുന്നു. എല്ലാക്കൊല്ലവും വല്യപ്പച്ചി വരും, വരാന്തയിൽ പായ വിരിച്ചിരുന്ന് മുറ്റത്തേക്ക് നോക്കിയിരുന്നാൽ വെടിക്കെട്ട് കാണാം.
രാത്രി അത്താഴമൊക്കെ കഴിഞ്ഞു,പാട്ട് മൂളുന്ന ഫാനിനു താഴെ അച്ചാമ്മയും വല്യപ്പച്ചിയും വർത്തമാനം പറഞ്ഞുകിടക്കും.
ഉത്സവബഹളങ്ങൾ അടങ്ങുമ്പോൾ അടുത്തകൊല്ലത്തേക്കുള്ള കാത്തിരിപ്പ് ബാക്കിവച്ചു, വല്യപ്പച്ചി മടങ്ങും. പിന്നീട് വരാമെന്ന് പറഞ്ഞുപോയ വല്യപ്പച്ചി അസുഖം ബാധിച്ചു കിടപ്പിലായി.അത് പിന്നെ മരണം വരെയും നീണ്ടുപോയി.കുട്ടിക്കാലത്തെ ആണ്ട് തോറുമുള്ള ഇരുപത്തിയൊന്ന് ദിവസങ്ങളുടെ മാറ്റൊന്നും ഇപ്പോഴില്ല. അന്നത്തെ രസമോ സന്തോഷമോ എന്റെ കൂട്ടരോ ഇന്നില്ല.
എല്ലാം ഏതോ കാലത്തു നടന്നത് പോലെ.
പെറ്റ് പെറ്റ് അകലുകയും ചത്തു ചത്തു അടുക്കുകയും ചെയ്യുമെന്ന് എവിടെയോ വായിച്ചിരുന്നു..
അതെത്ര വാസ്തവമാണ്.


