Followers

Saturday, 22 October 2016



വേണ്ടായിരുന്നു എന്നത് ഒരുപാട് ആവർത്തിക്കപ്പെട്ട ചിന്തയാണ്...
മനസോടെ ചെയ്തവയെച്ചൊല്ലിപ്പോലും പിന്നീട് പരിതപിക്കേണ്ടിവന്നിട്ടുണ്ട്. ചില അമളികൾ പോലും ഉർവ്വശീശാപം ഉപകാരമെന്ന പോലെ വന്ന് ചേർന്നിട്ടുണ്ട്. പറയണമെന്ന് മനസിന്റെ ചെപ്പിനകത്തിരുന്ന് വിങ്ങിയ വാക്കുകളെ, അങ്ങേയറ്റം ആഗ്രഹിച്ചിട്ടും പറയാതെ ഉപേക്ഷിച്ചതിന്റെ ഭംഗിയും സുതാര്യതയും തിരിച്ചറിയാൻ ഏറെ വൈകിയെങ്കിലും അന്നവയിൽ പടർന്നിറങ്ങിയ വേദന ഏറെയായിരുന്നു..
എങ്കിലുമിന്ന് വളരെ ദൂരം പിന്നിട്ട് പോയ ദിവസങ്ങളെ പിന്തിരിഞ്ഞ് നോക്കുമ്പോൾ പാദങ്ങളിലേറ്റ മുള്ളുകളെല്ലാം ദളങ്ങളായി മാറിയിരിക്കുന്നത് കാണാം... 

അന്ന് ശരിയായിരുന്നത്, വിവേകപൂർണ്ണമല്ലാത്ത ചിന്താമാതാക്കൾ ജന്മം നൽകിയ പ്രവർത്തിപഥങ്ങളുടെ പിടിപ്പുകേടുകൾ കൊണ്ട് വന്ന് ചേർന്നത്, സൗഹൃദ ചക്രവാളത്തിൽ മറഞ്ഞ ചുവന്ന രാശിയിൽ നിന്ന് പിറന്നത്, മനോവികാസങ്ങളുടെ അപര്യാപ്തത കടം കൊണ്ടത്..
ഒക്കെയും ഇന്ന് ചിന്തിക്കുമ്പോൾ ചിരിയുടെ മഷിക്കുപ്പിയിൽ നിന്നൂർന്നിറങ്ങിയ മയിൽപ്പീലികൾ കൊണ്ടെഴുതിത്തീർക്കാനാവാതെ പോയ ഏതോ കാവ്യം പോലെ... 

തമാശയുടെ കാറ്റിന്റെ കൈ പിടിച്ച് പിന്നെയും മഴ, ഞാൻ ചാരിയിട്ട വാതിൽപ്പാളികളിലേക്ക് വന്നലയ്ക്കുന്നു....
തുറന്ന് ചെന്നാൽ വീണ്ടും ആ മഴ നനയേണ്ടിവരുമെന്ന് അറിയാമായിരുന്നതിനാൽ അകത്തിരുന്ന് ആലിപ്പഴങ്ങൾ പൊഴിയുന്ന ശബ്ദത്തിലൂടെ ഞാൻ പിന്നെയും ഓർമകളിലേക്ക് സഞ്ചരിച്ചു.. 

കുട്ടിക്കാലത്ത്, വീടിന്റെ ഉമ്മറത്ത് വരാന്തയിൽ നിന്നാൽ കൊള്ളാവുന്ന മഴ, സ്കൂൾ വൈകുന്നേരങ്ങളിൽ ചന്നം പിന്നം പെയ്ത് കടലാസു തോണികളെ നനച്ച്, അവയുടെ ഒഴുക്ക് തടസ്സപ്പെടുത്തിയ കുഞ്ഞൻ മഴ, കൂട്ടുകാരോടൊത്തു വാ നിറച്ചു വർത്തമാനങ്ങൾ പറഞ്ഞുനടക്കുമ്പോൾ ചവിട്ടിതെറിപ്പിക്കാൻ നിരത്തിൽ വെള്ളവട്ടങ്ങൾ തീർത്ത വലിയ മഴ, ആവശ്യത്തിന് കുടയില്ലാതെ S.N.G.M കാലത്തെ നെടുനീളൻ നടപ്പുകളിൽ രണ്ടുപേരൊന്നിച്ച് നടക്കുമ്പോൾ കാറ്റിനോട് വേഗത കൂട്ടാൻ പറഞ്ഞ് ഇടിയോട് കൂടി ആർത്തലച്ചു വന്ന പെരുമഴ...
ഒടുവിൽ കണിച്ചുകുളങ്ങരയിലെ സ്കൂൾ അങ്കണത്തിൽ സജിതയ്‌ക്കൊപ്പമിരുന്ന് കൈയിലെ നേർത്ത പ്ലാസ്റ്റിക് ചുരുട്ടിക്കൂട്ടി അവളുടെ ചെവിയിലേക്ക് മഴയെ പുനഃസൃഷ്ടിച്ചതുവരെയും  ഞാനൊരു ഓട്ടം ഓടി വന്നു.. 

ശരികേടുകളുടെ മഴക്കോളുകൾ കൊണ്ട് മൂടപ്പെട്ട ആകാശമെനിക്ക് വീണ്ടും അവസരങ്ങളുടെ പണിപ്പുരയിൽ ആയുധങ്ങൾ കരുതിവച്ചു.
പ്രയാസങ്ങളുടെ ഉപ്പുകടലിൽ നീന്തി മടുക്കാതെ തുഴച്ചിൽ തുടരാൻ അക്കരെയൊരു നല്ലകാലമുണ്ടെന്ന് ഓർമ, മെഴുതിരി തെളിച്ചു.
രക്തമൊലിക്കുന്ന മുറിവുകളിൽ നീറിയ മനസിൽ പ്രത്യാശയുടെ ഗോപുരങ്ങൾ പണിതുയർത്തി...

Monday, 17 October 2016


ഒരു ജോർദാനിയൻ ചിരി...

ചിരിയിൽ നിന്ന് തെന്നിവീണ പാട്ട്, ആ പാട്ടിന്റെ മാധുര്യത്തിൽ നൃത്തം വയ്ക്കുന്ന നീലമിഴികൾ..
ഇതൊക്കെത്തന്നെയാണ് നെസ്‌നീൻ, നിന്നെയോർക്കാൻ എനിക്കെന്നും പ്രിയമുള്ള ഓർമകൾ.

തമ്മിലിനി കാണുമോ എന്നുപോലും നിശ്ചയമില്ലാതെ അകന്ന് പോയ സൗഹൃദങ്ങളിൽ സമിയും കേസരിയും, അവർക്ക് പിറകെ ഇപ്പോൾ ഇതാ നീയും.

അകലെയെവിടെയോ, ഒരു വിരൽത്തുമ്പിനരികെ നാം വീണ്ടുമൊരു കവിതയുടെ ചന്ദനനിലാവിൽ കണ്ടുമുട്ടിയേക്കാം..
പണ്ട് മൂളിയ ഈണങ്ങൾ വീണ്ടും നീ ഓർമയിൽ നിന്ന് ചികഞ്ഞെടുത്ത് ഹൃദയഹാരിയായ നിമിഷങ്ങൾക്ക്  പിറവി നൽകിയേക്കാം..
അന്ന് നമുക്ക് പറയാൻ ഒരുപാട് കഥകൾ കാണും.
നര വീണ,മുടിയിഴകളിൽ ഞാൻ കണ്ടുതീർത്ത ലോകമുറങ്ങിക്കിടപ്പുണ്ടാകും.
നിന്റെ ശബ്ദമെന്നോട് മൂകമായി പഴയ ഹിന്ദി ഗാനത്തിന്റെ വരികൾ പാടാൻ പറയുന്നുണ്ടാവും...

കാതോർത്ത് ഇരുൾ നിഴലിച്ച, പിന്നാമ്പുറത്തെ തൊടിയിൽ അപ്പോൾ വിരിഞ്ഞ ചെമ്പകങ്ങൾ സുഗന്ധം പൊഴിച്ച്  നിൽപ്പുണ്ടാവും അല്ലേ..
കാത്തിരിക്കുന്നു നെൻസി..
വീണ്ടുമൊരു പാട്ടിന്റെ തോണിയിലേറി നയമ്പൂന്നുവാൻ..




Friday, 14 October 2016



ഇന്നിപ്പോൾ ഏറെ വൈകി, ചത്ത് മരവിച്ചു കിടക്കുന്ന ചിന്തകളോടൊത്ത് യാത്ര തിരിക്കുമ്പോൾ പഴയൊരു ഇരവിൽ മഞ്ഞ നിറമുള്ള സ്ട്രീറ്റ് ലൈറ്റിൽ കുളിച്ച് നിന്ന ആൽത്തറയിൽ ഓർമകൾ വട്ടം കൂടിയിരുന്ന് ചിരിക്കുന്നതാണ് ആദ്യമായി ഓർക്കുന്നത്..
ഇവിടെ നിന്ന് മറ്റൊരിടത്തേക്ക്.
അവിടെ നിന്ന് പിന്നെയും ശേഷിക്കുന്നിടത്തേക്ക് ഈ പ്രയാണം ഇതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കുന്നു.
ഒടുവിലെപ്പോഴോ തുടങ്ങുന്നിടത്തേക്ക് ഒടുങ്ങാനുള്ള അവസരവും വന്നുചേരും.

കുറേ വർഷങ്ങൾ ചെന്ന് കാണുകയാണ്.
പണ്ടും കണ്ടുമുട്ടിയിരുന്ന അവസരങ്ങളിലെല്ലാം മൗനം തൂങ്ങുന്ന വാക്കുകൾ ഉള്ളിലൊതുക്കി, പുറമേയ്ക്ക് അഭിനയിച്ച്, തെളിഞ്ഞ് ചിരിച്ച്   അലങ്കരിച്ചിരുന്നു. ഇന്നും അത്തരം അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല.
മറിച്ച് ഞങ്ങൾ ഇരുവരും ഒരുപാട് മാറിപ്പോയി.
പ്രായം, അത് കടന്ന്പോയി ജരാനരകളെ കൂട്ടിക്കൊണ്ടുവന്നു.
അന്ന് പറയാതെ ഞാൻ ബാക്കി വച്ച പലതും മനസിലിന്ന് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്.

ഒരു കളിവാക്കെന്ന പോലെയെങ്കിലും അവയെ എന്നിൽ നിന്നിറക്കി വിടാമെന്ന ആശയെ എന്തുകൊണ്ടാണ് അന്ന് ഞാൻ മുറുകെപ്പിടിക്കാതിരുന്നത് എന്ന യാതാർത്ഥ്യം പക്ഷേ ഇപ്പോഴും എന്നോടൊപ്പം തന്നെയുണ്ട്.
തമ്മിലൊത്തുചേർന്ന നിമിഷങ്ങളെല്ലാം വഴക്കടിച്ച് ആഘോഷിച്ചിരുന്നുവെങ്കിലും ഈ ഇഷ്ടത്തിന്റെ കണിക ഞാൻ മൂടിവച്ചു.
അടുപ്പത്തിന്റെ കാണാച്ചരടാൽ കോർക്കപ്പെട്ടിരുന്നെങ്കിലും സ്നേഹത്തിന്റെ സുവർണയിഴകളെ നെയ്ത് ഒളിച്ചുവച്ചു.
തമ്മിലന്യോന്യം സൂര്യന് താഴെയുള്ള ഒട്ടുമിക്ക കാര്യങ്ങളും സംസാരിച്ചിട്ടും പറയേണ്ടത് മാത്രം പറയാതെ അകലങ്ങളിലേക്ക് ഞാൻ തന്നെയാണ് പറത്തിവിട്ടത്.....
അവസാനം കണ്ടത് പ്രിയയുടെ  വിവാഹവേളയിലായിരുന്നു.
അങ്ങനെയാ പ്രേമമയൂരം തന്റെ ഒടുവിലത്തെ പീലിയും പൊഴിച്ച് വീരചരമം പ്രാപിക്കുകയുണ്ടായി. പിന്നീട് ഇടയ്ക്കൊക്കെ ഓർമിച്ചു നെടുവീർപ്പുകൾ പുറപ്പെടുവിച്ച് മറന്ന്......

ഇനിയൊരു കാണൽ ഉണ്ടാവില്ലയെന്ന് വിചാരിച്ചിരുന്നപ്പോഴാണ് എല്ലാവരെയും കൂട്ടിമുട്ടിക്കാൻ പിന്നെയുമൊരു ദിനമുണ്ടെന്ന് പറഞ്ഞ് പ്രിയ എഴുതിയത്. വായിക്കേണ്ട താമസമേയുണ്ടായിരുന്നുള്ളൂ തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറാൻ.. വീണ്ടുമൊരിക്കൽ കൂടിയെന്ന് പഴയ ഞാനാവാൻ കഴിയുമെങ്കിൽ അത്രയും സമാധാനമെന്ന് തന്നെ കരുതി.
സെൻട്രലിൽ ഇറങ്ങി, പ്രിയയോടൊപ്പം നടക്കുമ്പോൾ അവൾ പതിവിലും മൂകയായിരുന്നു. എന്തൊക്കെയോ പറഞ്ഞ് തിടുക്കപ്പെട്ട് അവളുടെ കൈയും പിടിച്ച് വാസ്തവത്തിൽ ഞാൻ പറക്കുകയായിരുന്നു. ഒന്നരമണിക്കൂറിന്റെ ഓട്ടമുണ്ടായിരുന്നു സ്ഥലത്തേക്ക്. പഴയ ഓർമകളുടെ മധുരം എന്നെ കാത്തിരിക്കുന്നു എന്ന ചിന്ത എന്നെ ഏറെ പിറകിലേക്ക് കൊണ്ടുപോയി.

നാളേറെ പിറന്ന് ശേഷം പ്രിയപ്പെട്ടവരെയെല്ലാം കാണുന്നുവെങ്കിലും പ്രിയമുള്ളോർമയുടെ നെയ്ത്തിരി വെട്ടമാണ് കൂടുതൽ പ്രകാശിക്കുന്നത്. കൊടുക്കാനുള്ള സമ്മാനം പൊതിയുമ്പോൾ പോലും ആ വെട്ടത്തിന്റെ പ്രഭ എന്നിൽ നിന്ന് പ്രിയ കണ്ടെടുത്തു. ഇത്രയുമധികം ഇഷ്ടപ്പെട്ടിരുന്നെങ്കിലും പറയാതിരുന്നകന്നതെന്തെന്ന് അവളുടെ മുഖം പിന്നെയും ആവർത്തിച്ചു. ആലോചനകളിൽ മുഴുകി വീടെത്തുമ്പോഴാണ് ബോധം എന്നിലേക്കെത്തുന്നത്.

പ്രിയയുടെ മൂകത അവിടെ അനാവരണം ചെയ്യപ്പെടുന്നത് ഞാൻ കണ്ടു. 
പന്തലിന്റെ നീലനിറത്തിൽ കുളിച്ച് നിൽക്കുന്ന ആളുകൾ.
അടുത്തെങ്ങോ മരം വെട്ടുന്ന ശബ്ദത്തിനിടയിലും കേൾക്കാവുന്ന അടക്കിപ്പിടിച്ച ശകലങ്ങൾ.
എന്നെ സ്വാഗതം ചെയ്യാൻ വളഞ്ഞ് പുളഞ്ഞ് ഒഴുകി വന്ന അഗർബത്തിയുടെ സുഗന്ധം കാതിൽ മന്ത്രിക്കുന്നതിനും മുൻപേ മരവിപ്പിന്റെ തണുപ്പിൽ പൊതിഞ്ഞൊരു ഈർച്ചവാൾ മനസിലൂടെ ഇടിനാദം കണക്കെ പാഞ്ഞുപോയി.
പ്രിയ തെളിച്ച വഴിയിലൂടെ പാവയെപ്പോലെ അകത്തളത്തിലേക്കെത്തുമ്പോൾ തലയ്ക്കലെരിയുന്ന നിലവിളക്കിൻ നാളങ്ങൾ ഇളകിയാടി.
കഴിഞ്ഞിരിക്കുന്നു.!!
 ഒക്കെയും അവസാനിപ്പിച്ച് ഇത്രവേഗം പോയിക്കഴിഞ്ഞോ ?
കണ്ണീർ നിറഞ്ഞ പാടയിലൂടെ പരിചിതമുഖങ്ങളിലേക്ക് അവിശ്വനീയതയോടെ ഞാൻ മാറിമാറി നോക്കുമ്പോഴും എല്ലാവരിലും ഒരേയുത്തരം....
അവസാനമായി, ഇനിയും കാണാൻ കഴിയുമെന്ന പ്രതീക്ഷയില്ലാതെ ഞാൻ കണ്ടു.
പോയിക്കഴിഞ്ഞിരുന്നു.
തമ്മിലൊന്ന് കണ്ട്, മിണ്ടി ഇത്തിരിനേരം നടന്ന് പഴയ പോലെ ജീവിക്കാൻ വൈകിപ്പോയിരിക്കുന്നു.
എന്റെയുള്ളിൽ നടനമാടിയിരുന്ന പ്രേമമയൂരം നിലംപൊത്തുന്നത് മാത്രമേ എനിക്കപ്പോൾ ഓർമയുണ്ടായിരുന്നുള്ളൂ...
കണ്ണീർച്ചാലിൽ അത് പിന്നെയും ശോഷിച്ച പീലികളുമായ് നൃത്തം ചെയ്തുകൊണ്ടിരുന്നു.....

Wednesday, 12 October 2016

ഇതിനോടകം പലകുറി ഒട്ടിപ്പിടിക്കുന്ന ഈ വലയിൽ കുരുങ്ങിയിരുന്നെങ്കിലും തോന്നലുകൾ വന്ന് മാടിവിളിക്കുമ്പോഴെല്ലാം വലയെന്നറിഞ്ഞുകൊണ്ട് തന്നെ ഞാനോടിച്ചെന്നിരുന്നു.
ഇവരെന്റെ മാനസവീഥികളിൽ അലങ്കാരങ്ങൾ തീർത്തുകൊണ്ട് സദാ വിഹരിച്ചു.
ഇല്ലാത്തവ ഉണ്ടെന്നും ഉള്ളവ ഇല്ലയെന്നും പറഞ്ഞുകൊണ്ട് മിഥ്യയുടെ നിഴലിൽ നിന്നവർ പൊട്ടിച്ചിരിച്ചു.
ഒടുവിൽ സത്യത്തിൽ പുരണ്ട പകൽവെട്ടത്തിൽ ഞാനവരെ കൊണ്ടുചെല്ലുമ്പോൾ സ്വയം ഓടിയൊളിച്ചു സുരക്ഷിതരായി നിന്ന് അന്യോന്യം അടുത്ത വല നെയ്യുന്നവർ.
നിരാശ അതാ പരിഭവം കൊണ്ട് പരിതപിക്കുന്നു.
അതെ..
തോന്നലുകളാണ്..
തോന്നലുകളെന്ന ചിലന്തിവലകൾ..
മോഹങ്ങളുടെ, പാതിയായി ബാക്കിവച്ച പാട്ടുകളുടെ, ഇനിയും വരാനില്ലാത്ത പാട്ടുകാരന്റെ, ഭ്രമിപ്പിക്കുന്ന ചിന്തകളുടെ വലവിരിച്ച തോന്നലുകൾ...

ഊർന്ന് വീഴുന്ന മഴത്തുള്ളികളുടെ തേങ്ങലടക്കാത്ത ശോകവീചികൾ ഞാൻ കേട്ടുതുടങ്ങിയത് ഇപ്പോൾ മാത്രമാണ്. വേങ്ങരയിലെ ഓരോ ഇരവിലും മഴ പെയ്യുകയായിരുന്നില്ല, മറിച്ച്  കരയുകയായിരുന്നെന്ന് ഇന്ന് ഏറെ വൈകി, മരണപ്പെട്ട എന്റെ ചേരായ്മകളുടെ ഇഷ്ടത്തിന്റെ മൃതദേഹത്തെ നോക്കിയിരിക്കുമ്പോൾ ഞാൻ ഓർക്കുന്നു.
ആയുസ്സിലാതെ മുളപൊട്ടി കുറച്ചു നാൾ ശേഷിച്ച ജീവിതം ബാക്കിയാക്കി ഇതിവിടെ അവസാനിക്കുമ്പോൾ മറക്കാൻ ഞാനും പഠിച്ചിരിക്കുന്നു..
ഈ നോവുന്ന ഓർമയെ ഞാനിനി പ്രണയിക്കുകയില്ല.
അങ്ങനെ അതാ മാറ്റങ്ങൾ പട്ടുടുത്തു പൊട്ട് തൊട്ട് പൂവ് ചൂടി കൊലുസ് കിലുക്കി ഉമ്മറക്കോലായിലേക്ക്..
പതിയെ അകത്തളങ്ങളിലേക്കും.

Saturday, 8 October 2016

മാഞ്ഞുപോകാൻ കൂട്ടാക്കാതെ ഇപ്പോഴും നിലവിളിക്കുന്ന ഓർമ്മകളും എന്നോട് പറഞ്ഞുതുടങ്ങിയിരിക്കുന്നു.അർത്ഥമില്ലാതിരുന്നിട്ടും നീ പേറുന്ന ഈ നിരാശ ഗർഭവതിയായിരിക്കുന്ന നൊമ്പരത്തെ എന്നെന്നേക്കുമായി മറന്നേക്കുവാൻ.