Followers

Sunday, 27 September 2020

താന്താങ്ങളാൽ പണി തീർത്ത ദേവശില്പങ്ങളാണ്  അവരെന്തുവിചാരിക്കുമെന്നുള്ള മനോവിചാരങ്ങൾ!  ഏറെപ്പാരമ്പര്യമഹിമയോതുന്ന നെടുങ്കൻ പ്രതിമകൾ!

മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ, ഹനിക്കുന്നില്ലാത്ത പക്ഷവും വേണമെന്നുണ്ടായിരുന്ന പലതും ആ ശില്പസൃഷ്ടിയിൽ ശിലയായിപ്പോയിട്ടുണ്ടാകും!

എപ്പോഴാ മതിൽക്കോട്ടയുടെ പടിക്കെട്ട് താണ്ടി, ഉടച്ചമർന്ന ചിന്തയുടെ നൂലിഴകളെ അതിജീവിക്കുന്നുവോ, ഈ നിമിഷം നിങ്ങളെങ്ങനെ ജീവിക്കാനാഗ്രഹിക്കുന്നോ, അത് പൂർണ്ണമായും ജീവിച്ചുതീർക്കുക. പലനാൾ നഷ്ടപ്പെടുത്തിയ ഭംഗിയുള്ള നേരങ്ങൾ നിങ്ങളിലേക്കായി മടങ്ങി വരും. 

അവനവന്റെ ശരികളെ, അവനവന്റെ സമാധാനത്തെ നിതാന്തമായി ചുംബിച്ച് സ്വസ്ഥമായി.. 

അല്പക്ഷണികമായ ജീവിതത്തിൽ നമുക്കെന്തിനീ ദേവശില്പങ്ങൾ!!

Saturday, 19 September 2020

എന്റെ വീടിന്നിറയത്ത്, ഒരു തുലാമാസ രാവിൽ, ചന്നം പിന്നം പെയ്യുന്ന മഴയും കണ്ട് കൊച്ചുവർത്തമാനങ്ങൾ പറഞ്ഞുചിരിച്ച്, അമ്മ കൊണ്ടുത്തന്ന കട്ടൻകാപ്പിയും അരിമുറുക്കും പങ്കിട്ട്, പഴയ ഓർമ്മകളെ പൊടിതട്ടിയെടുക്കുമ്പോൾ അവിടെയപ്പോൾ നീയുമുണ്ടായിരുന്നെങ്കിലെന്ന് ഞാനാശിക്കാറുണ്ട്. 

നീ നട്ട വരിക്കപ്ലാവിൻചുവട്ടിൽ, മേലെ ഇലക്കുത്തുകൾക്കുമപ്പുറം എത്ര സൂര്യചന്ദ്രന്മാരാണ് വന്ന് മാഞ്ഞുപോയത്! 

ആ ഇറയത്ത് നീയില്ലായ്മയുടെ ഇരുൾ വേണ്ടുവോളമുണ്ട്. നമ്മളെന്ന കാലം കടന്നുപോയെന്ന് ഞാനിപ്പോഴും കരുതാറില്ല. 

വരും, നീയെന്നെങ്കിലും പഴയപോലെ നമ്മൾ ജീവിക്കുമെന്നൊക്കെ മനോയാത്രകൾ ചെയ്ത്... 

എവിടെയാണ് നീ?