Followers

Thursday, 18 June 2026

 വളരും.

വളർന്നച്ഛനൊപ്പം ഉയരം വയ്ക്കും.

കുറേക്കൂടി വിവരമുണ്ടാകും.

കണിച്ചുകുളങ്ങരയ്ക്കപ്പുറം ലോകം കാണും.

ഇന്ത്യാമഹാരാജ്യം മുഴുക്കെയുമല്ലാതെയും യാത്രകൾ ചെയ്യും.


വളരും.

വളർന്ന് കേമപ്പെട്ടൊരു മാധവിക്കുട്ടിയാകും.

ഇടതൂർന്ന മുടിയുണ്ടെങ്കിൽ അതഴിച്ചിട്ടിരുന്ന് മഞ്ഞപ്പനിനീർച്ചെമ്പകം പൂക്കാറുള്ള സന്ധ്യകളിൽ പുസ്തകങ്ങൾ വായിച്ച് കൂട്ടും.


കഥയെഴുത്തിൽ അക്കാലത്ത് തുടരെ ഒന്നാം സമ്മാനങ്ങൾ കിട്ടുകയും, കലോത്സവ വേദികളിൽ മത്സര പ്രഖ്യാപനവും കാത്തിരിക്കുമ്പോൾ പല പല ദിശയിൽ നിന്നുള്ള കണ്ണോട്ടകളേൽക്കുകയും, മനസ്സിനുള്ളിലെ മാധവിക്കുട്ടി ആകാശം തൊടുകയും...


ധാരാളം വായിക്കാറുണ്ടല്ലേയെന്നൊരിക്കെ ഏതോ സ്കൂളിൽ നിന്നുമെത്തിയ ടീച്ചർ ചോദിക്കെ, വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്ന് മിഴിയുയർത്തി അവരെ നോക്കുമ്പോഴാണ്, സ്വന്തം സ്കൂളിന്റെ പേരുയർന്നു കേൾക്കുന്നത്.


അവസാനം വരികയും ആദ്യസ്‌ഥാനം വാങ്ങുകയും ചെയ്യുമെന്ന്, കൂടെ മത്സരങ്ങൾക്കെത്താറുള്ള ആശ ടീച്ചറെ ഇതര സ്കൂളുകളിലെ അദ്ധ്യാപകർ കളിയാക്കുന്നത് സ്വകാര്യ അഹങ്കാരമായിക്കൊണ്ടുനടന്ന കാലം.


അക്ഷരങ്ങൾ എന്നെയും ഞാൻ തിരിച്ചും അതിയായി സ്നേഹിച്ചിരുന്നൊരു ജീവിതത്തിൽ നിന്ന്, എഴുത്തിലെ മഹാരഥന്മാരെക്കണ്ടുമുട്ടുകയും അവർ ആകാശത്തിലെ നക്ഷത്രങ്ങളെന്നും ഞാൻ വെറുമൊരു മണൽത്തരിയെന്നും തിരിച്ചറിഞ്ഞതോടെ ഉൾക്കൂട്ടിലെ മാധവിക്കുട്ടി മാഞ്ഞുപോയി..


എങ്കിലും വായനയുടെ ചെറുനദിയിലൂടെ ആഴിയിലേക്ക് നീന്താൻ, മുങ്ങി നിവരാനിഷ്ടമുള്ള പതിനഞ്ചുകാരി എന്നെ, ഓരോ പുസ്തകങ്ങൾ കാണുമ്പോഴും ഞാനോർമ്മ വയ്ക്കും.


മാവേലിക്കര സ്കൂളിലെ തടിയൻ ബെഞ്ചിൽ, കറുത്ത ബോർഡിലെ നീളൻ വരി വായിച്ച് നെഞ്ചിലെരിയുന്ന ആധിയുമായിരുന്ന എന്നെ സാന്ത്വനത്തോടെ മുകരും.


കപ്പിനും ചുണ്ടിനുമിടയിൽ കയ്യകന്നു പോയ ഒന്നിനെയോർത്തിനി നോവരുതെന്ന് കണിശം പറയും.


ആ പകലിനു പിന്നീടും സൂര്യൻ കത്തുകയും ചന്ദ്രൻ വെളുത്തു മിന്നുകയുമുണ്ടായി.


നഷ്ടബോധം ഞാനേറെക്കുറേ പുകച്ച് ചാടിച്ചു.


ആദ്യാക്ഷരം പഠിപ്പിച്ച കറുപ്പനാശാനോടുള്ള പാദപൂജയാണ് എനിക്കെന്റെ ഓരോ കുത്തിക്കുറിക്കലും..