ചിലർ ജീവിതത്തിലേക്ക് വന്നുചേരുന്നതും പിന്നീടങ്ങോട്ട് ജീവിതത്തിന്റെ ഭാഗമാകുന്നതുമെല്ലാം വളരെപ്പെട്ടെന്നാണ്. വരുന്നതിലും വേഗത്തിൽ ചിലർ പോവുമ്പോഴും മറ്റുചിലർ വന്നുകൊണ്ടേയിരിക്കുന്നു..
പൊയ്പ്പോയവരെച്ചൊല്ലി തെല്ലും പരിഭവമില്ല..പകരം നിറഞ്ഞ നന്ദിയാണുള്ളത്.
പൊയ്പ്പോയവരെച്ചൊല്ലി തെല്ലും പരിഭവമില്ല..പകരം നിറഞ്ഞ നന്ദിയാണുള്ളത്.
കഴമ്പില്ലാത്ത കഥകളിൽ നിലനിൽക്കപ്പെടാൻ തീരെ താല്പര്യമില്ലാത്തതുകൊണ്ട് ഈ അകലത്തിന്റെ മാറ്റ് പത്തരയാണ്..
പരസ്പരപൂരിതമായൊരു പാലമാണ് സ്നേഹവും വിശ്വാസവും കൊണ്ട് ഊട്ടിയുറപ്പിച്ചു നിലനിർത്തുന്ന ബന്ധങ്ങളെന്നു പറയുന്നതെന്നാണ് എന്റെ പക്ഷം.എന്ന് ആ പാലത്തിലൊരു വിള്ളൽ വീഴുന്നുവോ, പിന്നെയതൊരു ബാദ്ധ്യത മാത്രമാണ്..
നിർവാഹമില്ലാത്തതിനാൽ ചുണ്ടുകൾ വളച്ചു വശങ്ങളിലേക്കാകുമ്പോൾ അതൊരിക്കലുമൊരു ചിരിയാവുന്നില്ലല്ലോ.
സത്യസന്ധതയിലൂന്നി, എങ്ങും കഴിയാനാവില്ലയെന്ന തിരിച്ചറിവിന്റെ നോവ് എന്നെ ഭ്രമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ഏതാണ് നുണ, ഏതാണ് വാസ്തവമെന്ന് തപ്പിതടഞ്ഞു,ഇരുട്ടിലന്ധയെന്ന പോലെ ചുവടുകളറച്ചറച്ച്, ഓരോ നിമിഷവും ഭയപ്പെട്ട് ജീവിച്ച് മടുത്തുതുടങ്ങിയിരുന്നു ഇപ്പോൾ.
സീസണിലെന്ന പോലെയുണ്ടായിരുന്നു ഇടയ്ക്ക് കേട്ടുകൊണ്ടിരുന്ന നുണക്കാലം.കേൾക്കുമ്പോഴേ സത്യമല്ലെന്ന ധാരണ എന്നെ നോക്കി കൊഞ്ഞനംകുത്തികാട്ടിയിട്ടും നിവൃത്തികേടിന്റെ ഫലമായി ഒക്കെയും കേൾക്കെ, അവയിലെ ശരികളുടെ മാലാഖമാർ ദൂരങ്ങളിലിരുന്ന് പുഞ്ചിരിച്ചു.
വിസ്മയങ്ങൾ തീർത്ത് അക്കാലം പടിയിറങ്ങി, ഓർമയിൽ അവയെ ചികഞ്ഞുനോക്കുമ്പോൾ പൊട്ടിച്ചിരിക്കാനാണ് തോന്നുക..
വളരെനാൾ പിന്നിട്ട്, ഇന്നിപ്പോൾ പ്രോജക്ടിന്റെ ഭാഗമായി ഇവിടെക്കഴിയുമ്പോൾ ഓർത്തുചിരിക്കാനും പങ്കുവയ്ക്കാനും വളരെയേറെ ദൈർഘ്യമുള്ള ഒരു കാലഘട്ടത്തിന്റെ യവനിക അങ്ങനെ വീണുതീരുന്നു..
No comments:
Post a Comment