Followers

Saturday, 14 October 2017


ജീവിതത്തിലെ വലിയൊരു ഭാഗത്തിന്റെ തിരശ്ശീലയാണ് പതിയെ ഊർന്നുവീണു കൊണ്ടിരിക്കുന്നത്....

ഡിഗ്രി കഴിയുമ്പോഴും പഠിതാവെന്ന വേഷം കൂടെയുണ്ടായിരുന്നതിൽ നിന്ന് മാറി, ഇത്ര നാളും കൂട്ടുകാർക്കും ഒച്ചപ്പാടിനുമിടയിൽ,അദ്ധ്യാപകർക്ക് മുന്നിലിരുന്ന് നോട്ടിൽ കുത്തിക്കുറിക്കാൻ,ബോറടിക്കുമ്പോൾ പടങ്ങൾ വരഞ്ഞു,ഇടയ്ക്കിടയ്ക്ക് പിന്തിരിഞ്ഞുനോക്കി,പിന്നെ വാച്ചിൽ നോക്കി ഇന്റർവെല്ലിനായി ശ്വാസംമുട്ടലനുഭവിച്ച്,ചില ക്ലാസ്സുകളിൽ കണ്ണുകൾ തുറന്നിരുന്നുറങ്ങി,മറ്റുചിലതിൽ മുന്നിലെന്താണെതാണ് എന്നറിയാതെ പകച്ചിരുന്ന്,ചിലവയിൽ അദ്ധ്യാപകരുടെ കമെന്റുകളിൽ പൊട്ടിച്ചിരിച്ച്,കോളേജ് ബസിൽ കാക്കക്കൂട്ടം പോലെ ശബ്ദമുണ്ടാക്കി,വെള്ളിയാഴ്ചകളിൽ ബജി വാങ്ങിത്തിന്ന്,കളർകോട് നിന്നുള്ള ബ്ലോക്കിനെ പ്രാകി,പരീക്ഷയടുക്കുമ്പോൾ ഫോട്ടോസ്റ്റാറ്റിനായി പരക്കം പാഞ്ഞ്, ക്ലാസ്സിൽ നിന്നിറക്കിവിടുമ്പോൾ ലൈബ്രറിയിലേക്കും അവിടെ നിന്നിറക്കിവിടുമ്പോൾ ലാബിലേക്കുമുള്ള നടത്തം, ഇപ്പോൾ പൂട്ടിപ്പോയ ഹോസ്പിറ്റലിനടുത്തുള്ള ചായക്കട, പി പി റ്റി കൾ കൊണ്ടുനിറഞ്ഞ ലാബിലെ
കംപ്യൂട്ടർ സ്ക്രീനുകൾ....

കുറച്ചുനാൾ പഠിപ്പിച്ച്, കാത്തിരുന്ന് കിട്ടിയ ജോലിക്ക് പോയെങ്കിലും ഇന്നും അടുപ്പമുള്ള അംബീഷ് സാർ,ഒരുപാട് ഇഷ്ടവും സ്വാതന്ത്ര്യവുമുള്ള ഇന്ദുലേഖ മിസ്സ്, ചിലപ്പോഴൊക്കെ വഴക്കിട്ട് കണ്ണുരുട്ടി, മറ്റുചിലപ്പോൾ ചിരിച്ച് "പോട്ടെഡോ"യെന്ന് പറയുന്ന ദീപ മിസ്സ്‌, ഫുൾ സപ്പോർട്ട് തന്നിരുന്ന കൈലാസ് സാർ, ചെറിയ കളിയാക്കലുകളിൽ വലിയ കാര്യങ്ങളെ പറഞ്ഞിരുന്ന പ്രശാന്ത് സാർ,ഓപ്പറേഷൻസ് എന്നാൽ എന്താണെന്ന് കുറഞ്ഞ സമയത്തിനുള്ളിൽ പഠിപ്പിച്ച രാമകൃഷ്ണൻ സാർ, കുട്ടിക്കാനത്തേക്ക് ജോലി സ്ഥിരമായിപ്പോയ ദീപ്തി മിസ്സ്, MIS പഠിപ്പിച്ചിരുന്ന ശാന്തകുമാർ സാർ, ഞങ്ങളിലൊരാളായിരുന്ന ഹരികൃഷ്ണൻ സാർ,ഗ്രൂമിങ് സെക്ഷനിലെ മുഹമ്മദ് ഇക്കൻ സാർ, റിസപ്ഷനിസ്റ്റ് ശാലിനി ചേച്ചി,ലാബിലെ വിഷ്ണുമായ ചേച്ചി,ഫീസ് വാങ്ങുന്ന കലചേച്ചി, ഉടക്കും ഉപദേശവും പറയുന്ന മധുച്ചേട്ടൻ, ഈയിടെ അച്ഛനായ പത്രോസ് ചേട്ടൻ, ബാച്ച് തോറും മാറിമാറി വരുന്ന എന്റെ സ്വീപ്പേഴ്‌സ് ചേച്ചിമാർ...

ഓർമകളുടെ നിലയ്ക്കാത്ത തിരമാലകളിൽ പതഞ്ഞുയരുന്ന മുഖങ്ങൾ പലതാണ്..

ഈ മാസം പത്താം തീയതിയിലെ മാർക്കറ്റിങ് പേപ്പർ,ഓപ്പറേഷൻസ് സ്പെഷ്യലൈസേഷൻകാരുടെ അവസാന പരീക്ഷയായിരുന്നു.
എച്ച് ആർ കാരുടെയും.

രണ്ടുവർഷത്തെ മാമാങ്കം കുറേശ്ശെ കുറേശ്ശെയായി തീർന്നുതുടങ്ങുന്നു. അവസാനിക്കപ്പെടുന്നത് സ്റ്റുഡന്റ് ലൈഫ് കൂടിയാണെന്ന വസ്തുത പണ്ടൊടുങ്ങിക്കിട്ടാൻ കാത്തിരുന്നതാണെങ്കിലും, ഇന്നൊരുപാട് വിഷമിപ്പിക്കുന്നുണ്ട്.

ഫിനാൻസുകാരുടെ പതിനേഴിലെ പേപ്പറും കൂടി കൂട്ടിക്കെട്ടിയാൽ ഞങ്ങളുടെ ബാച്ചിലെ ഒഫിഷ്യൽ കലാപരിപാടികളൊക്കെ അരങ്ങു വിടും.

പിന്നെ ഓരോരുത്തരും ഓരോരോയിടങ്ങളിലായിച്ചുരുങ്ങും.

ഒന്നുരണ്ടുപേരായി കല്യാണത്തിന് തുടക്കമിട്ടു.ചിലരാകട്ടെ കുഞ്ഞുവാവകൾക്കായുള്ള കാത്തിരിപ്പായി.

ഇത്ര നാളുമുള്ള പതിവുകളെല്ലാം പതുക്കെപ്പതുക്കെ മൗനികളായിത്തുടങ്ങി.

ആറേമുക്കാലിന്റെ ബസ് പിടിക്കാനുള്ള എന്റെ ഓട്ടമാണ് അതിൽ പ്രധാനി.
ഞാൻ ഓടണമെങ്കിൽ അഞ്ചുമണിക്കേയോടിത്തുടങ്ങുന്ന അച്ഛനുമമ്മയും.
കൊച്ചുവെളുപ്പിനെയുള്ള ആലപ്പുഴ യാത്രകളിലെ പതിവുയാത്രക്കാരും വഴിയോരക്കാഴ്ചകളും.

അമ്പലത്തിലെ പാട്ടകന്ന്, ചിലപ്പോൾ ട്രെയിനട കിട്ടി,ചോന്ന് വീർത്ത വലിയ സൂര്യൻ മുമ്പിൽ തെളിയുമ്പോൾ കണിച്ചുകുളങ്ങരക്കവലയെത്തിയിരിക്കും.
എസ് എൻ കോളേജിന്റെ മുമ്പിലെ കറണ്ടുകമ്പിയിൽ നിരന്നിരിക്കുന്ന തത്തക്കൂട്ടം.

പ്രസാദ് ഭാരതി വൈദ്യുത നിലയത്തിൽ കാണുന്ന വലിയ മഴവില്ലും ഉണങ്ങിയ മരങ്ങളും കുരുവികളും. അതിനുതൊട്ടുമുമ്പത്തെ സ്റ്റോപ്പിൽ നിന്ന് കയറുന്ന വർത്തമാനക്കാരി ചേച്ചി.

പതിയെ കനക്കുന്ന വെയിലപ്പോൾ ചുറ്റും കൂടുതലമർത്തി ചുംബിക്കുന്നുണ്ടാവും. കണ്ണടച്ചിരുന്നാലും പാട്ടുകേട്ടു സ്‌ഥലമറിയാവുന്ന കളപ്പുര അമ്പലം അഥവാ വേണിമുക്ക്.
കടകളൊക്കെ തുറന്നുതുടങ്ങുമ്പോൾ ആലപ്പുഴ സ്റ്റാൻഡടുക്കും.
മഴയാണെന്നുണ്ടെങ്കിൽ ഷട്ടറിനുള്ളിൽ,അവിടെയിവിടെയായി ചോരുന്ന മഴത്തുള്ളികളും, നനഞ്ഞു വിറക്കുന്ന കുടകളും ചേർന്ന് വിഭിന്നമായിരിക്കും അവസ്ഥ. കോളേജ് ബസുകാരും കോട്ടയംകാരുമൊക്കെ ഈ സമയം യാത്രയിൽ തന്നെയാണ്.

കളർകോട് ഇറങ്ങാൻ ഒരുപാട് ചോയ്സുണ്ട്.
ഹരിപ്പാട്,തിരുവല്ല,ഓച്ചിറ,പടഹാരം അങ്ങനെ ഇഷ്ടംപോലെ..
കല്ലുപാലമടുക്കുമ്പോഴെല്ലാം ഒരിക്കൽ കെ എസ് ആർ ടി സി ബസ്,മെഡിക്കൽ സ്റ്റോറിലിടിച്ച് നിന്നുപോയത് ഓർമയിൽ വന്ന് പിന്നെയും ഇടിച്ചുനിൽക്കും.

പുന്നപ്ര വയലാർ സ്മാരകമന്ദിരം എന്റെ ആദ്യ അടയാളമാണ്.
പിന്നെയുള്ള വാട്ടർ അതോറിറ്റി ടാങ്കും, ചുവന്ന ചായം പൂശിയ ജയിലിനെ അനുസ്മരിപ്പിക്കുന്ന യൂണിവേഴ്‌സിറ്റി എം ബി എ കോളേജ് കാണുമ്പോൾ ഇറങ്ങാനുള്ള തത്രപ്പാടും എസ് ഡിയുടെ വാതിൽക്കൽ സ്റ്റോപ്പിൽ തീരും.
അവിടുന്ന് ഒന്നെങ്കിൽ മുപ്പതിന് ഓട്ടോ പിടിക്കണം. മിക്കവാറും നടരാജൻ വണ്ടിയിലാവും.

രണ്ടുകിലോമീറ്റർ ദൂരമുണ്ട് തീർക്കാൻ.ഇനിയും പൂർത്തിയാവാത്ത റിലയൻസ് മാളിന്റെ പണിനടക്കുന്നതിനടുത്തായി ഒരു ലോട്ടറിക്കട, സദാ പാട്ടുപാടിക്കൊണ്ടേയിരിക്കും. വഴിനീളെ സ്കൂൾ യൂണിഫോമിട്ട കുരുന്നുകൾ അവരുടെ അമ്മമാരോടൊത്ത് സ്കൂൾ ബസും നോക്കിനിൽക്കുന്നുണ്ടാവും. റോഡിലും കടത്തിണ്ണയിലും കിടന്നുറങ്ങുന്ന പട്ടികളെ കോളേജ് അടുക്കുന്ന വരെയും കാണാനുണ്ടാകും. മുമ്പോട്ടുള്ള കള്ളുഷാപ്പ് വരെ മൂക്കുപൊത്തണം.. എല്ലാവർക്കും വേസ്റ്റ് കൊണ്ടിടാനായി മാത്രമുള്ള ആയൊരു ഏരിയ പട്ടികളുടെ സമ്മേളന സ്‌ഥലമാണ്.ബാർബർ ഷോപ്പിൽ നിന്നുള്ള മുടിക്കെട്ടും സുലഭം.

ഇരുവശവും വളർന്നു നിൽക്കുന്ന കാടും യൂട്രോഫിക്കേഷൻ മൂലം തിങ്ങിനിറഞ്ഞ കളയും ചേർന്ന് ആകെ അവസ്ഥ. ശ്രീനാരായണ ഗുരുവിന്റെ അമ്പലം കഴിയുന്ന വളവ് കഴിഞ്ഞാൽ അക്യഷ്യാമരങ്ങളുടെ പൂപ്പൽ മണം പേറുന്ന കാറ്റ്, ചുവന്ന ഉടുപ്പിട്ട ആദ്യത്തെ ലോഡിങ് കെട്ടിടം,വഴിയോരത്ത് സ്റ്റൂളിട്ടിരുന്ന് ലോട്ടറി വിൽക്കുന്ന അപ്പൂപ്പൻ,അംബേദ്കർ സ്കൂളിൽ നിന്നുള്ള കുഞ്ഞുങ്ങളുടെ ബഹളം...

രണ്ടാമത്തെ ലോഡിങ് ആൾക്കാരുടെ കെട്ടിടവും കഴിഞ്ഞ്
അക്ഷര നഗരിയുടെ പ്രധാനകവാടം പിന്നിട്ട് എൻജിനീയറിങ് കോളേജിനഭിമുഖമായി, സാഗര ആശുപത്രിയോട് കൈകോർത്ത് പതുക്കെ ഉണർന്നുതുടങ്ങുന്ന ക്യാംപസായി.

സെക്യൂരിറ്റിച്ചേട്ടൻ കഴിഞ്ഞാൽ  സ്വീപ്പേഴ്‌സ് ചേച്ചിമാർക്കും സ്റ്റാഫിനും മുന്നേ ഞാനാവും എത്തുക.അതുകൊണ്ടുതന്നെ,അവരുടെ ഒട്ടുമിക്ക ബാച്ചിനും ഞാൻ സുപരിചിതയാണ്.സെക്യൂരിറ്റിക്കാരിൽ ഏറെക്കൂട്ട് അലക്‌സ് അങ്കിളിനോടായിരുന്നു.
എട്ടുമണി കഴിഞ്ഞാൽ ലിബിനും അയ്യപ്പനുമൊക്കെ വരും.വന്നയുടനെ ലിബിൻ അമ്മയ്ക്ക് ഫോൺ ചെയ്ത് എത്തിയെന്ന് പറയും.
ഒമ്പതോടെ കോളേജ് ബസിൽ പട മുഴുവൻ വന്ന് കലപിലയായി ആരവമായി.

റൊട്ടേഷൻ അനുസരിച്ച് നിരയിൽ മാറ്റം കാണും.
ഏറ്റവും പിന്നിലെ നിരയിൽ എസി കുറവാണെങ്കിലും വൻ സെറ്റപ്പ് ആയിരുന്നു.
പക്ഷേ ഉറങ്ങാൻ സുന്ദരം മുൻനിര തന്നെയാണ്.

ബിബിഎയിൽ നിന്ന് ഞങ്ങൾ ആറുപേർ ഇവിടെയും ഒന്നിച്ചുണ്ടായിരുന്നു.
അഞ്ജലിയും നിമിഷയും വേണിയും അഭിരാമിയും ശരത്തും പിന്നെ ഞാനും.
ഈ മണ്ണിൽ നിന്ന് കിട്ടിയ മുത്തുകളായിരുന്നു ജോസ്മിയും ശ്രീകലയും സുനുവുമെല്ലാം.

ആദ്യകാലത്ത് കൂട്ടില്ലാതെ നിന്ന അമല, ഗ്രൂമിങ് സെക്ഷൻ തൊട്ടേ ക്ലാസ്സിൽ സംശയമുന്നയിക്കുന്ന,എന്തിനുമേതിനും ഉത്തരം പറയുന്ന ക്രിസ്റ്റഫർ,
അതേ കാലത്ത് ഗ്രൂമിങ്ങിനിടയിലിരുന്ന് ബോധം കെട്ടുവീണ ചിന്നു, പാർട്ടിയെക്കുറിച്ച് എത്ര പറഞ്ഞാലും മതിവരാത്ത മുബാറക്, വിദ്യാപീഠത്തിൽ നിന്ന് നല്ല മാർക്കോടെ വന്നിട്ടും ക്വാണ്ടിറ്റേറ്റിവ് ടെക്നിക്സ് കണ്ടുഭയന്ന് നിലവിളിച്ച് കോഴ്സ് നിർത്തിയ പേരിന്നോർമ്മയില്ലാത്ത ചന്ദനക്കുറി തൊട്ട വട്ടമുഖക്കാരി,

ഇംഗ്ലീഷിലെ ബുജിയും സർവ്വകലാവല്ലഭനുമായ രാഹുൽ, നിർത്തിപ്പോയവരിലെ ഒടുവിലാൻ രഞ്ജുഷ,
കൂടെയുണ്ടായിരുന്നതുവരെയും ഒടുക്കത്തെ കമ്പനിയായിരുന്ന അയ്യപ്പനെന്ന അംബാനി,
സുന്ദരക്കുട്ടപ്പൻ അജ്മൽ,
പാട്ടുകാരിലെ വാനമ്പാടി ഇന്ദുലേഖ,
കൂട്ടുകാരുമായിപ്പിണങ്ങി വന്ന അപ്പു,
പഴയ കോളേജിലെ ബി കോമിലെ സ്റ്റൈലത്തി നീതു, പാവക്കുട്ടി ബാർബി, ക്ലാസ്സിലെ ചേച്ചി റിനു, ആശാൻ സേതു,
ഏറ്റവും പാവമായ രേഷ്മ, സ്ട്രൈറ്റി ഗേൾ പ്രിയങ്ക ചോപ്ര,വല്ലപ്പോഴും വന്നുപോകുന്ന നന്ദു,എന്റെ ബെസ്റ്റ് ഫ്രണ്ട് ഷാ, ക്ലാസ് ലീഡർ ആദർശ്, ആറ്റിങ്ങലെ മുത്തൊരുത്തൻ റസീൻ, സ്കെയിൽ മന്നൻ സച്ചിൻ,
കുറേക്കാലം അടുപ്പമില്ലാതിരുന്ന പാർവ്വതി, എല്ലാവരും ജാഡയെന്ന് പറയുന്ന ശ്രുതി,കുഞ്ഞൻ ശബ്ദക്കാരൻ ജീവൻ,പോകുന്നത് തിരുപ്പൂർക്കാണെന്ന് പറഞ്ഞപ്പോൾ കൂടുതൽ കളിയാക്കിയ കിരൺ,ഇരട്ടക്കുട്ടികൾ ഇർഫാൻ-ഇഖ്ലാസുമാർ, ക്യു റ്റി പീരിയഡിലെ സഹായി ആര്യ,ഓപ്പറേഷൻസ് ടീമിലെ കോലൻ ശ്യാം, ന്യൂഡിൽസ് തലയൻ ഗോകുൽ, നന്നായി പാടുമെങ്കിലും ക്ലാസ്സിൽ പാടാൻ വിസമ്മതിക്കുന്ന പേരിൽ സീലുള്ള സീലു, ഗിരിരാജൻ ഗിരി, എന്റെ മകൾ രോഹിണിയുടെ അച്ഛൻ രഞ്ജു, അണ്ണാൻകുഞ്ഞ് സൂര്യ,എനിക്ക് പിറകേ മുടികൊടുത്ത അനൂജ,

പരീക്ഷകളുടെ രജിസ്ട്രേഷന്റെ ചുമതലക്കാരൻ കണ്ണൻ, നെഞ്ചിൽ കൈവച്ച് പ്രസന്റേഷനെടുക്കുന്ന അരുൺ അയ്യപ്പൻ,കൂട്ടൂസന്റെ ഡാകിനി ബിബിൻ പീറ്റർ,ഏതുനേരവും ഉറക്കം തൂങ്ങുന്ന പത്രോസ്, ഇന്ദുലേഖ മിസ്സിന്റെ അസൈൻമെന്റ് പരസ്യാഭിനയത്തിൽ അഞ്ജലിയുടെ മുടിയെ സ്‌നേഹിച്ച മാത്തൻ, ക്ലാസ്സിലെ മൂവർത്തട്ടക്കാർ ആയിഷ-മുഹ്‌സി-അമാറ,
മറ്റൊരു തട്ടത്തിൻ മറയത്തെ ഷാഹിന, മുഖത്തെ പാടോർത്ത് കരഞ്ഞ സരിഗ,കണ്ണെഴുത്തിലെ മാജിക്‌ അറിയുന്ന ആതിര, പിൻ നിരയിലെ രശ്മി, അവരുടെ ഗ്യാങ്ങിലെ കുതിരയെന്ന വിളിപ്പേരുള്ള സുബിത.ക്ലാഷ് ഓഫ് ക്ലാൻസിലെ വിസാർഡ് ഷമീർ,ഗോബ്ലിൻ ശ്രീക്കുട്ടൻ...

ആറുമാസമൊന്നും ഒരു സെമസ്റ്ററെന്ന കണക്കിൽ തികച്ചുകിട്ടില്ല. പടെപടേന്നുള്ള ഇന്റേർണൽസും അതിനുപുറകെയുള്ള മോഡലും നീണ്ടുനീണ്ട് പോകുന്ന യൂണിവേഴ്‌സിറ്റി എക്സാമും അവധികളുമെല്ലാം ചേർന്ന് വളരെ പെട്ടെന്നാണ് ഞങ്ങൾ അവസാന വർഷക്കാരായത്. നല്ലൊരുകൂട്ടം സീനിയേഴ്സുണ്ടായിരുന്നത് എടുത്തുപറയാതെ വയ്യ.ആദ്യമൊന്ന് കോർത്തും പിന്നെ കൂടിയും ജൂനിയേഴ്സും അധ്യയനവർഷങ്ങളിലെ പ്രധാന ഏടുകളായിരുന്നു.

രണ്ടാം വർഷത്തിന്റെ തുടക്കം മുതൽ സ്പെഷ്യലൈസേഷൻ പേപ്പറുകളിൽ നിന്ന് പല ഗ്രൂപ്പായി തിരിഞ്ഞ് പല സമയങ്ങളിൽ,ദിവസങ്ങളിലായ ക്ലാസ്സുകളിൽ തങ്ങളുടെ ഗ്രൂപ്പൊഴിച്ചുള്ളവരെ കാണാൻ കിട്ടില്ല.
പ്രൊജക്ടിന്റെ വൈവയാണ് ഇനി ശേഷിക്കുന്നത്.

വീണ്ടുമൊന്നിച്ചൊരൊത്തുകൂടലായി...

അങ്ങനെ രണ്ടുവർഷക്കാലത്തെ മധുരസ്മരണകൾ ആലിപ്പഴങ്ങളെന്നോണം പൊഴിയുമ്പോഴും ആദ്യവർഷക്കാരുടെ ആശങ്കകൾ നിറഞ്ഞ,ഒന്നാം പീരിയഡിൽ എം ബി എ പ്രോഗ്രാമിനെക്കുറിച്ച് അംബീഷ് സാർ സംസാരിച്ചുകൊണ്ടേയിരിക്കുന്നു.

"പഠിക്കണം...
കമ്മ്യൂണിക്കേഷൻ മെച്ചപ്പെടുത്തണം..പത്രവായനയുണ്ടോ? നാളെ വരുമ്പോൾ who am I എഴുതിക്കൊണ്ടുവരണം.
ഓരോരുത്തരായി പ്രെസന്റ് ചെയ്യണം.
കോപ്പിയടിക്കാൻ പറ്റില്ല കേട്ടോ.."

ഇല്ല ക്രിസ്റ്റഫറിന് സംശയമൊന്നുമില്ല..
അവൻ മിണ്ടാതെയിരിക്കുന്നുണ്ട്.."

എന്നാരോ ഇനിയും പറയുന്നുണ്ടാവണം...



No comments:

Post a Comment