Followers

Saturday, 23 December 2017

2004 ലെ മങ്ങി വെളുത്ത ഒരു പകലിനെ ഞാനിന്നും ഓർമിക്കുന്നുണ്ട്.
അങ്ങേയറ്റം ദുഃഖഭരിതമായ ദിവസം.
അവളുടെ പ്രിയപ്പെട്ടൊരാൾ അന്ന് മരിച്ചുപോയി.
പ്രിയപ്പെട്ടത് എന്നു പറഞ്ഞാൽ  ആ ആളോളം വിലപിടിച്ചതൊന്നും അവളുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല.
ഒരാഴ്ചയിലേറെയായി നീണ്ട ആശുപത്രിവാസം.
ഒരു വൈകുന്നേരം തുടങ്ങിയ കാലുവേദന, നാട്ടിലെ ആശുപത്രിയിൽ കാണിച്ചു മരുന്നുവാങ്ങിയിട്ടും ശമിക്കാത്ത നോവ്.
അന്നുരാത്രി അവർ വേദന നിമിത്തം ഉറങ്ങിയില്ല.
പിറ്റേന്ന് പുലർച്ചെ വീണ്ടും വണ്ടി വിളിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ തന്നെപോയി.
പ്രമേഹം കൂടി,അവിടെ അഡ്മിറ്റായി.
വീട്ടിലാരുമില്ലാത്തതിനാൽ അവളെ വല്യച്ഛന്റെ വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു.
അവിടെ അക്കയും അണ്ണനുമൊക്കെയായി അവരില്ലാതിരുന്ന വിടവ് അധികമൊന്നും അലട്ടിയില്ല.അല്ലെങ്കിലും ഇത്ര തീവ്രമായൊരുവസ്ഥയിലാണ് അവരെന്ന ചിന്തകൂടി ഇല്ലാതിരുന്നതിനാൽ മടങ്ങിയെത്തുമെന്നു തന്നെ പ്രതീക്ഷിച്ചു..
തിരികെയെത്തിയാലുടൻ
സ്വന്തം വീട്ടിലേക്ക് പോകാനുള്ള വെപ്രാളം ഇടയ്ക്കിടെ ഉറക്കത്തിൽ നിന്നെന്ന പോലെ ഞെട്ടിയുണരും.
പകലുകൾ..
സന്ധ്യയിൽ കനക്കുന്ന മുറ്റത്തു നിന്നാൽ കാണുന്ന ആകാശം.
രാത്രികളുടെ കറുപ്പ്.
ദിവസങ്ങളങ്ങനെ വന്നും പോയും അവധിക്കാലമെന്നോണം പാഞ്ഞുകൊണ്ടിരുന്നു.
മരണം ഒരിക്കലും അവരെ റാഞ്ചുമെന്നു വിചാരിച്ചിരുന്നോ...
അസുഖം കൂടിയും കുറഞ്ഞുമിരുന്നു.
കോട്ടയത്തിന് കൊണ്ടുപോകാനിരുന്നതിന്റെ തലേന്ന് ചെന്നില്ലായിരുന്നുവെങ്കിൽ ജീവനോടെ ഒരു നോക്ക് കാണാനായില്ല എന്ന വ്യഥ കൂട്ടായിപ്പിറന്നേനെ.

വാർഡിൽ, അടുത്ത് തൂക്കിയിട്ട ഡ്രിപ്പ് സ്റ്റാൻഡിനരികെ,മൂത്രം പോകാനുള്ള ട്യൂബ് ചെന്നെത്തുന്ന സഞ്ചിക്ക് ഓറഞ്ചുനിറത്തിന്റെ ഭാരം.
ക്ഷീണിച്ച മുഖത്തോടെ, വാടിയ ചിരിയോടെ അവർ അവളെ നോക്കി.
അപ്പോൾ മാത്രം അവൾക്ക് എന്തിനെന്നറിയാതെ ഒരു നോവ് ഇരച്ചുകയറിവന്നു.
പറഞ്ഞറിയിക്കാനാവാത്ത സങ്കടം.
അവളുടെ കുഞ്ഞുകൈപ്പത്തിയിൽ മുറുക്കെപ്പിടിച്ച വിരലുകളിൽ വിറ പൂണ്ടിരുന്നു.
വീട്ടിലേക്ക് വരികയില്ലേ എന്നവളുടെ ചോദ്യത്തിന് വരുമെന്ന് മറുപടിയും കൊടുത്തു.
യാത്ര പറഞ്ഞ്, എല്ലാവരും മുറി വിട്ടിറങ്ങി, നടന്നു നീങ്ങിയപ്പോൾ അവൾ പിന്നെയും ഓടി അവരെ ചെന്നു കണ്ടു.
അടുത്തിരുന്നു കൈ പിടിച്ചു.
അവളുടെ കണ്ണ് നിറഞ്ഞു വന്നു.
പൊയ്ക്കോന്ന് പറഞ്ഞു സമാധാനിപ്പിച്ചു വിട്ടു.
അതവസാന കൂടിക്കാഴ്ചയായിരുന്നുവെന്ന് പിറ്റേന്ന്,വല്യമ്മയുടെ അടക്കിയ ശബ്ദവും തേങ്ങലും കേട്ടുണരുമ്പോൾ മനസ്സിലായില്ല.
ഒന്നും പറഞ്ഞതുമില്ല.
മുന്നേ നടന്നു നീങ്ങുന്ന വല്യമ്മയെ അനുഗമിച്ചു.
ഉവ്വ്.
എന്തോ ഒന്ന് നെഞ്ചിൽ കൊളുത്തിപ്പിടിച്ചു പിടയാൻ തുടങ്ങുന്നുണ്ട്.
വഴിയിൽ ആരോടോ വല്യമ്മ സംസാരിച്ചതിൽ നിന്ന് അണ്ണൻ എന്തോ ചോദിക്കുകയും
പിന്നെ കരയുകയും ചെയ്‌തു.

വീട്ടിലേക്കുള്ള വഴി തിരിയുന്നിടത്ത് അവളുടെ ലോകം അസ്തമിച്ചു കിടക്കുന്നുണ്ടായിരുന്നു.
മുറ്റത്തെ നീലപ്പന്തലും, ആളുകളും കുശുകുശുക്കലും, കൂടിയാലോചനകളും,മരം വെട്ടുന്ന ഒച്ചയും,ചന്ദനത്തിരിയുടെ മണവും,  അകത്തെ മുറിയിലായ്‌ ചേതനയറ്റ അവളുടെ അച്ചാമ്മയും...

ഒന്നിച്ചുണ്ടായിരുന്ന ഓരോ ദിനവും, ഓർമകൾ കൊണ്ട് തുന്നിച്ചേർത്ത വലിയൊരു വിരിപ്പ് പോലെ മനസിൽ വന്ന് മൂടി.
ആളുകൾ വന്നു.പോയി.
ചിലർ വന്നലറിക്കരഞ്ഞു.
ഇല്ല.
അവളുടെയത്ര നഷ്ടം ആർക്കും വന്നിട്ടില്ല.
അവൾക്ക് കുറെയേറെ വർത്തമാനം പറയാനുണ്ട്.
ഇനിയത്തെ വലിയ മുടക്കത്തിന് കണ്ണങ്കരയ്ക്ക് പോകില്ലെന്ന്.
ഇത്ര പെട്ടെന്ന് ഇങ്ങനെയവസാനിക്കപ്പെടുമെന്നറിഞ്ഞിരുന്നെങ്കിൽ അവൾ അവരെ വിട്ടെങ്ങും പോവുകയില്ലയെന്ന്.
ഇനിയാരാണ്..
ഇനിയെന്താണ്..!
അയോഡെക്‌സിന്റെ മണം നിറഞ്ഞ അവർ കിടന്നിരുന്ന മുറി, ചെറിയൊരു കട്ടിൽ അതിൽ വിരിച്ചിരുന്ന പുതപ്പ്, വൈകുന്നേരങ്ങളിലെ കാഞ്ചനയമ്മൂമ്മയുടെ വീട്ടിലേക്കുള്ള നടത്തം, അവിടെച്ചെന്നു തിന്നുന്ന കാരയ്ക്കയുടെ ചവർപ്പ്, ഒന്നിച്ചുള്ള കാപ്പികുടി, ഉച്ചയ്ക്കുള്ള അലകടലും അങ്ങാടിപ്പാട്ടും സീരിയലുകൾ, തമ്മിലുണ്ടായിരുന്ന സ്നേഹത്തിന്റെ അദൃശ്യമായ സുവർണ്ണനാര്, അതിലെ വഴക്ക്, വെക്കേഷന് കണ്ണങ്കരയിലെ വീട്ടിലേക്ക് പോകുമ്പോൾ അവളുടെ തോളിൽ പിച്ചിതീർത്ത വേർപിരിയലിന്റെ വൈഷമ്യത, തൊണ്ടയിൽ കുരുങ്ങിയ കുഞ്ഞുകരച്ചിൽ,കണ്ണിലുരുണ്ടുകൂടിയ തുള്ളി,സ്‌കൂളിൽ പോകാൻ മുടി പിന്നിക്കൊടുത്തത്, വൈകിട്ട് അവൾ വരാൻ നോക്കിയിരുന്ന രണ്ടുകണ്ണുകൾ,അവൾക്കായി കരുതിവെച്ച പലഹാരം, അവളുടെ അമ്മയോട് മത്സരിച്ച് സ്നേഹിച്ചത്, ഒന്നിച്ചുകണ്ട ഉത്സവങ്ങൾ, വെടിക്കെട്ടും ഗാനമേളയും, വാരിക്കൊടുത്ത ചോറുരുളയിലെ വാത്സല്യം.....
അച്ചാമ്മയെന്നതിലുപരി അവർ അവളുടെ എല്ലാമായിരുന്നു.

അവരില്ലാതെ ഇത്രകാലം ജീവിച്ചുവെന്നതിൽ അവൾക്ക് അത്ഭുതം തോന്നുന്നുണ്ട്.
കണ്മറഞ്ഞുപോയി.
ഇനിയേത് ലോകത്തിൽ വച്ചും ഒരു മാത്ര കൂടിയൊന്ന് കാണാനാവില്ല.
ഓർമകളിൽ പക്ഷേ എന്റെ പ്രഭാവതി ഇന്നും ജീവിച്ചിരിക്കുന്നു.
അവർ തന്റെ പേരക്കുട്ടിയെ ശാസിക്കുന്നു.
അടിക്കുന്നു.
അവളെ ചേർത്തുപിടിച്ചുറങ്ങുന്നു.
സ്നേഹത്താൽ മുക്കിപ്പൊതിഞ്ഞ ഉരുള അവൾക്ക് നേരെ നീട്ടുന്നു...
ശരിയാണ്.
അച്ചാമ്മ മരിച്ച ദിവസം, ജനാലയ്ക്കരികെ കത്തിക്കൊണ്ടിരുന്ന ചിതയിൽ നോക്കിയിരുന്നപ്പോൾ ഞാനത് മാത്രമേ ആലോചിച്ചിരുന്നുള്ളൂ.
എങ്ങനെയാണ് അച്ചാമ്മയെ കാണാതെ ജീവിക്കുക?
കുറേ കണ്ണീർ വാർത്തു.
എപ്പോഴോ ഉറങ്ങി.
ഞങ്ങൾക്കെത്ര സായന്തനങ്ങൾ ഒന്നിച്ചു നടക്കേണ്ടിയിരുന്നു.
മുറ്റത്ത് നട്ട വാത്സ്യം പൂവിട്ടോയെന്നു നോക്കിയും തെച്ചിയിറുത്ത് ദേവിക്ക് മാലകെട്ടിയും. കാഞ്ചനയമ്മൂമ്മയുടെ വീട്ടിൽ പോയും കാരയ്ക്ക പെറുക്കിയും.

മുഹമ്മേന്ന് ഉത്സവത്തിന് ഭവാനിയപ്പച്ചി വന്നാൽ കിടക്കാൻ കട്ടിലൊരുക്കണം.
നെടുങ്ക കാത്തിരിപ്പിനൊടുവിൽ എല്ലാക്കൊല്ലവും മുടങ്ങാതെ അപ്പച്ചി വരികയും ചെയ്യും.
വരാന്തയിൽ പായ വിരിച്ച് ഞങ്ങൾ മൂന്നാളും കൂടി കഥ പറയും..
അപ്പച്ചിക്ക് ഏറെക്കഥകളറിയാം.
വെടിക്കെട്ട് കാണും.
എത്രയാ പൂവ് വരിക..
മേലെ ആകാശത്ത്.
പച്ച, നീല, ചൊമപ്പ്..
പിന്നേം ഉത്സവങ്ങള് വർഷാവർഷം വന്നുപോയി.
പലജാതി കരിമരുന്നും ഒച്ച കേൾപ്പിച്ചും കേൾപ്പിക്കാണ്ടെയും വിവിധതരത്തിൽ കത്തി.

കൂട്ടരൊക്കെ പോയേല്പിന്നെ ഇല്ലാതായ പഴയ ഇരുപത്തിയൊന്ന് ദിവസങ്ങൾ..

പൊട്ടണു അത്ര തന്നെ...!!

No comments:

Post a Comment