Followers

Thursday, 13 December 2018

ഓർമയിൽ പക്ഷേയൊട്ടിപ്പിടിച്ച് ഇടനേരങ്ങളിൽ പൊന്തിവന്ന് കണ്ണ് മിഴിക്കും.. ഇനിയുമൊരിക്കൽക്കൂടി വർത്തമാനത്തെ സന്ധിക്കുമോ എന്നാവണമത്..

അങ്ങനെയുള്ള 'വയസ്സൻ' ഓർമയാണ് അമ്മയെ "മോളാ " എന്ന് നീട്ടിവിളിച്ചുകൊണ്ട് ഇടയ്ക്കിടെ വീട്ടിലേക്ക്  വരാറുണ്ടായിരുന്ന ഒരാന്ധ്രാക്കാരി അമ്മൂമ്മ.

ചെന്നാൽ ആട്ടിപ്പായിക്കില്ല എന്നുറപ്പുള്ളതോണ്ട് വല്ലപ്പോഴുമൊക്കെ അവർ വന്നുപോയി.
ആദ്യമൊക്കെ ഇഷ്ടക്കേട് തോന്നി,അമ്മയോട് അറിയാത്തയാളുകളോട് അകന്ന് നിൽക്കണം എന്നൊക്കെ പറഞ്ഞെങ്കിലും  പിന്നീടവരെ എനിക്കും കാര്യമായിത്തീർന്നു.

തെലുങ്ക് കലർന്ന മലയാളം ആദ്യമൊക്കെ പ്രയാസമായിരുന്നെങ്കിലും പതുക്കെ കേട്ടാൽ മനസിലാകും എന്ന പരുവമെത്തി.

അമ്മയോടവർ നിറയെ സംസാരിക്കും.
വരാന്തയിലിരുത്തി ചോറുകൊടുക്കും. തിരികെപ്പോകുമ്പോൾ സാരിയും ഭാണ്ഡത്തിലേക്ക് അരിയും കൊടുക്കും.
മീൻകറിയുമായി കൂട്ടിക്കുഴച്ച് കുഞ്ഞുരുളകളാക്കി കഴിക്കുമ്പോൾ അവരെന്നെ നോക്കി ചിരിക്കും.
തെല്ല് കൊലുന്നനെയുള്ള അവരെ നോക്കി ഞാനും ചിരിക്കും.

അവരുടെ കഥ, കുഴിഞ്ഞുപോയ കണ്ണിണകളിലേക്ക് ആഴത്തിൽ നോക്കി ഞാൻ വായിക്കാൻ ശ്രമിക്കാറുണ്ട്..
പിന്നെപ്പിന്നെ ഞാനവരുടെ ഓരോ "മോളാ " വിളികൾക്കായി കാത്തിരുന്നു..
കൊല്ലങ്ങൾ പലത് കഴിഞ്ഞു ഇപ്പോഴാ അമ്മൂമ്മയെ കണ്ടിട്ട്..
ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയില്ല..

കത്തുന്ന പകലുകളിൽ, ഉച്ചയടുക്കുന്ന നേരങ്ങളിൽ, തോളിലൊരു ഭാണ്ഡവും തൂക്കി, നര പിടിച്ച നൂലുമുടി റബ്ബർബാന്റിട്ട് കെട്ടി, നെറ്റിയിന്മേൽ പറന്ന് വീഴുന്ന അളകങ്ങളെ കൈയ്യോണ്ടൊതുക്കിയവർ വരുന്നുണ്ടോയെന്ന് ഞാൻ നോക്കി നിൽക്കാറുണ്ട്.

വീടിന്നു മുന്നിലേക്കുള്ള നീളൻ വഴിയിൽ ഞാന്നും ചരിഞ്ഞും നടന്ന് ആ അമ്മൂമ്മ വരുമെന്ന് തന്നെ ഞാൻ വിശ്വസിച്ചു..
കാലത്തിന്റെ പൊടി പിടിച്ച്, അവ്യക്തത കലർന്ന് മങ്ങിപ്പോയ മുഖമുള്ള ഒരോർമയായി പിന്നെയവർ ചുരുങ്ങിപ്പോയിവെന്നാലും.


No comments:

Post a Comment