Followers

Tuesday, 8 January 2019


ചീവീടുകൾ അലറിക്കരയുന്ന നേരം.. പക്ഷിക്കൂട്ടങ്ങളെല്ലാം ഇരുളും മുന്നേ കൂടണയാൻ പറന്നുതുടങ്ങി.വെള്ളിവിതാനിച്ചൊഴുകിപ്പരന്ന് മണ്ണിനെ ചുംബിച്ചു മുഖമുയർത്തുന്നവൻ അയനങ്ങൾക്കിയിൽ ഇവിടെ വിരുന്നിനെത്താറുണ്ട്. 

നാട്ടുവഴികളെല്ലാം അങ്ങനെ വെളുത്തുമുങ്ങുമ്പോൾ വീർത്ത് വീർത്ത്, നിറയെ ശാഖികളായി പടർന്നു പന്തലിച്ച മാവിൻചോട്ടിൽ രണ്ട് പുൽക്കുടുംബങ്ങൾ അന്യോന്യം നിർന്നിമേഷരായി നോക്കി.
പടിഞ്ഞാറൻ കാറ്റ് പലകുറി പാഞ്ഞുപോയപ്പോഴെല്ലാം തെങ്ങുകളുടെ ഓലമുടി ഇളകിപ്പറക്കാൻ തുടങ്ങി.
ചാഞ്ഞും ചരിഞ്ഞും അവർ ഭയത്തോടെ മാവിനെ നോക്കി. 
കാറ്റിന് പതിയെ കനം വച്ചപ്പോൾ വിരുന്നുകാരൻ പെട്ടെന്ന് മടക്കത്തിനൊരുങ്ങി.

പിണങ്ങിപ്പോവുന്ന പോലെ ഒന്നും മിണ്ടാതെ...

തന്റെ വെള്ളിപ്പൊടിയെല്ലാം തൂത്തുവാരി അവൻ മാഞ്ഞുപോയി..
രാവവൾ മണ്ണിലേക്ക് നോക്കി കൊഞ്ഞനം കുത്തി ഇരുട്ടിന്റെ കൂറ്റൻ പടുത വലിച്ചെറിഞ്ഞു.
കണ്ണുകാണാതെ പരിഭ്രാന്തരായി നിന്ന പുൽക്കൂട്ടങ്ങൾ തങ്ങളുടെ അരുമപ്പൂക്കളെയും മൊട്ടുകളെയും ഇലപ്പെണ്ണുങ്ങളോട് ചേർത്തുപിടിച്ചു.
മണ്ണിന് നോവാതിരുന്നില്ല..
ഒന്നും പറയാതെയെന്തേ പെട്ടെന്നങ്ങ് പോയെന്ന വ്യഥയെ അവൾ ഇരുളിൽ മറച്ചുപിടിച്ചു.

എങ്കിലും കാറ്റ് കനപ്പെട്ട് വന്നവളുടെ കണ്ണുനീരിനെ പുറത്തെടുത്തു..
മൺതരികൾ ചുവടുകൾ നഷ്ടപ്പെട്ട് ദിക്കറിയാതെ ഒഴുകിക്കൊണ്ടിരുന്നു..
ഇരുളും മഴയും മാറിയും മറിഞ്ഞും കൂടിക്കൊണ്ടിരുന്നു. മാനത്തൂന്നൊരു കൊള്ളിയാൻ മിന്നുകയും, നടുങ്ങുമാറുച്ചത്തിൽ മേഘപ്പെണ്ണിന്റെ മുഖമടച്ചൊരടിയിൽ എല്ലാവരും ഞെട്ടിപ്പോയി.

ഇലപ്പെണ്ണുങ്ങൾ തണ്ടിന്മേൽ അള്ളിപ്പിടിച്ച്, വേരിനോടും ബലം പിടിക്കാൻ പറഞ്ഞ്, പിന്നെയും ഭാരപ്പെടുന്ന പൂവിനൊപ്പം കുനിഞ്ഞുപോയ തലയുയർത്തുമ്പോഴായിരുന്നു അത്. .

വേലിക്കെട്ടിൽ നിരനിന്ന ശീമക്കൊന്നകളെല്ലാം കാറ്റിനൊത്ത് ശരീരം നിയന്ത്രിക്കുന്ന പെടാപ്പാടിലാണ്ടു.
കുഞ്ഞൻ ചെടികളിൽ ചിലർ മൂപ്പൻ മരങ്ങളുടെ വേരിനെ ആശ്രയിച്ചു നിന്നു. മറ്റുള്ളവർ പിടിച്ചുനിൽക്കാനാവാതെ ചെളിവെള്ളത്തിൽ കുഴഞ്ഞുവീണു.
വെള്ളം,വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന കാമുകിയെന്നോണം നദിയെത്തേടി പാഞ്ഞൊഴുകി.. 

ആദിനം പിറന്നുവീണ കുഞ്ഞിപ്പുല്ലിന്റെ വെള്ളപ്പൂവ് ചുറ്റും നോക്കാൻ പേടിച്ച് കണ്ണിറുക്കിപ്പിടിച്ചു. കണ്ണുതുറക്കാൻ ശ്രമിക്കുമ്പോഴെല്ലാം മഴതുള്ളി വന്ന് കൺപോളയിൽ വീണ് അവൾക്ക് വേദനിച്ചുതുടങ്ങിയിരുന്നു.
ആർത്തലച്ച മഴയ്ക്ക് ശേഷം, മരണവീട് പോലെ മാവിൻചോട് നിശബ്ദമായി.
മരം തുള്ളികളെ വീഴ്ത്തി, താഴെ കുഴഞ്ഞുകിടക്കുന്നവരെ ഉണർത്താൻ നോക്കി.

ബദ്ധപ്പെട്ട് ഇമകളനക്കിയവർ പതുക്കെ എണീൽക്കാൻ പ്രയത്നിച്ചു.
പ്രായം ചെന്നിരുന്ന ഇലകളൊക്കെ ആ മഴയിൽ പോയതറിഞ്ഞ പേരക്കിടാങ്ങൾ ദുഃഖിതരായി.
കാലമിതെല്ലാം കണ്ടൊരു ക്രാന്തദർശിയെന്നോണം നിലകൊണ്ടു.

മുന്നേ ചീഞ്ഞുവളമായിപ്പോയവരും ഇപ്പോൾ പിടിച്ചുനിൽക്കുന്നവരും, ഇനി ഭാവിയിലെ ആയിരമായിരം കായ്കനികളെ ഉള്ളിലൊതുക്കി പിറക്കാനിരിക്കുന്നവരും...

അങ്ങനെയെല്ലാവരും അവരവരുടെതായ സമയത്തിന്റെ പ്രതീഹാരികളായി, ആകാശങ്ങളെത്തേടി...

ചിലർക്കിവിടേക്ക് വരാൻകൂടി സാധിക്കാത്തവണ്ണം നശിഞ്ഞുപോയി. അവരെ ആരുമോർക്കാറില്ല..

വല്യ വല്യ മരയപ്പൂപ്പന്മാരുടെയിടയിലും ഇത്തിരിക്കുഞ്ഞൻ പൊക്കത്തിലുള്ള പുൽക്കൊടിക്കും തന്റെ നന്നിപ്പൂവുകളുണ്ട്.
അവരെയും ആരും ശ്രദ്ധിക്കാറുപോലുമില്ല.

കാലം ആ മാവിൻചുവട്ടിലേക്ക് സസൂക്ഷ്മം നോക്കി..

താന്താങ്ങളുടെ സമയത്തിൽ അവർ ജീവിക്കുന്നു.

ഒരു മഴ പെയ്തൊഴിഞ്ഞ ആലസ്യം മാറിവരുമ്പോഴേക്കും ഊർജ്ജസ്വലരായി കർത്തവ്യ നിർവഹണത്തിൽ മുഴുകിയിരിക്കും..

അങ്ങനെയെത്രയെത്ര മാവിൻചോടുകൾ..


No comments:

Post a Comment