Followers

Friday, 27 August 2021

മനസ്സിന്നകത്തെ ആരും കാണുകയോ കേൾക്കയോയില്ലാത്ത അഭ്രപാളിയിൽ ഞാൻ തന്നെ കഥയും തിരക്കഥയും രചിച്ച്, അഭിനയിച്ച്, സംവിധാനവും ചെയ്‌ത ഒട്ടേറെച്ചിത്രങ്ങൾ മനക്കോട്ടയുടെ കൊട്ടകയിൽ നൂറുദിനങ്ങൾ തികച്ച് ഓടിപ്പോയി. 

എന്റെ തന്നെ ആത്മസംവദനത്തിനായി നിർമിച്ച പളുങ്കു സിനിമകൾ. വാസ്തവികതയുടെ രാജ്യത്ത് നിന്നവ ഏറെ ദൂരമകന്ന് നിന്നുകൊണ്ട് പ്രദർശനം തുടർന്നു. അനേകവേഷങ്ങളുടെ ചമയം മാറിമാറി ഞാനണിഞ്ഞു. 

അടൂർ ഗോപാലകൃഷ്ണൻ സിനിമകളോടാണ് ആദ്യം അഭിനിവേശപ്പെട്ടത്. നാലുപെണ്ണുങ്ങളിലെ പെണ്ണുങ്ങളെല്ലാം, എന്റെ മനസിന്നുമ്മറത്ത് തഴപ്പായ വിരിച്ചുകിടന്നുകൊണ്ട് വർത്താനം പറഞ്ഞ് ചിരിച്ചു. 

കച്ചവടസിനിമകൾ ചിരിക്കാനും നേരമ്പോക്കാനും ചിലവഴിച്ചപ്പോൾ, കലാമൂല്യമുള്ള കഥയുള്ള, കഴമ്പുറ്റ അവാർഡ് പടങ്ങളിൽ ഞാനെന്നെ കോർത്തുകെട്ടി. 

പ്ലസ്ടുക്കാലത്താണ്, ഒന്നും മനസിലായില്ലെങ്കിലും നിർബന്ധിത കാഴ്ചയായതിനാൽ 'എലിപ്പത്തായം' ആദ്യം കാണുന്നത്. കരമന ജനാർദനൻ നായരും ശാരദയുമെല്ലാം ഇഴഞ്ഞിഴഞ്ഞു മത്സരിച്ച് അഭിനയിച്ചത് നോക്കിയിരുന്നത് കൊണ്ടാവണം, സിനിമ കഴിഞ്ഞപ്പോൾ ഞാനുമേറെക്കുറെ സ്ലോ ആയിപ്പോയത്. ഒന്നുരണ്ട് നിമിഷത്തേക്ക് വാക്കുകൾ, ബാക്കടിച്ച സ്ലോ മോഷൻ ഡയലോഗ് പോലെ നീണ്ടുപോയി. 

വർഷങ്ങൾക്കിപ്പുറത്ത്, വീണ്ടും എലിപ്പത്തായം കാണുമ്പോൾ മനസ്സിലാകായ്മയുടെ കൂട്ടിന്നുള്ളിൽ നിന്ന് അനങ്ങാച്ചിന്തകൾ ഇഴയാൻ തുടങ്ങും. 

എന്തൊരു മരവിപ്പാണന്നേരം തലയ്ക്ക്. അക്കാലഘട്ടത്ത് തന്നെ, ഇംഗ്ലീഷ് പുസ്തകത്തിൽ നിന്നിറങ്ങിവന്ന് പാഥേർപാഞ്ചാലിയും മനസിലാവാത്ത ഭാഷയിൽ ക്ലാസ്സ്മുറിയിലെ സ്മാർട്ട്‌ ശീലയിൽ നിറങ്ങളില്ലാത്ത മനുഷ്യരെ കാണിച്ചുതന്നു. 

ബംഗ്ലാ ഭാഷയായിരുന്നിട്ടും, പഥേർ പാഞ്ചാലിയെ എനിക്ക് കാണാനിഷ്ടമായി. എലിപ്പത്തായത്തോട് തോന്നിയ വിരക്തി ഇതിനോട് ഉണ്ടായില്ലെന്നുമാത്രമല്ല, അപ്പുവിനെ എടുത്ത്, ദുർഗ്ഗയുടെ കയ്യുംപിടിച്ച് ഞാൻ അവരുടെ നാടായ നിശ്ചിന്ദിപ്പൂരിലേക്ക് പോയി..പ്രണബിനെ, അപർണ്ണാ ദേവിയെ, സർവ്വജയയുടെ പൗത്രൻ അഞ്ചുവയസ്സുകാരൻ കാജലിനെ, എല്ലാവരെയും ഞാൻ കണ്ടു. 
അപരാജിതനും അപുവിന്റെ ലോകവും വായിച്ചു. അങ്ങനെ, എഴുത്തുകാരൻ ബിഭൂതിഭൂഷൺ ബന്ദ്യോപാദ്ധ്യായയും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ലീലാ സർക്കാരും എനിക്ക് പ്രിയപ്പെട്ടവരായിമാറി. 

നീലത്താമരയിൽ, രാത്രികളിൽ വേദന കൊണ്ട് പിടയുമ്പോൾ ഭാഗവതരുടേതെന്ന് കേൾപ്പിക്കുന്ന, അവളുടെ ജനാലയ്ക്കൽ നിലാവ് കൊണ്ടുചെന്നുവയ്ക്കുന്ന അകാരത്തെ, ഇത്രേം നേരമിതെവിടെയേത് ചെപ്പിലാണ് അടച്ചുവച്ചിരുന്നത്!


നിർമാല്യം കാണുമ്പോഴെല്ലാം, കടുത്ത ദാരിദ്ര്യത്തിൽ പൊള്ളുന്ന വെളിച്ചപ്പാടിനെയാണ് ഓർമയിലാദ്യം പൊന്തിവരിക. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള നേർസാക്ഷ്യങ്ങൾ അനുഭവസാക്ഷിപ്തങ്ങളുടെ നെടുവീർപ്പുകൾ ചുമന്നുകൊണ്ട് പോകുന്നു.. 


5 comments:

  1. ഉള്ളത് പറഞ്ഞാൽ അടൂരിന്റെ സിനിമകൾ എന്ന് കേൾക്കുമ്പോൾ "ഓ അതൊക്കെ അവാർഡ് പടമല്ലേ എന്ന് പറഞ്ഞ് പുച്ഛിച്ചു നടന്ന ഒരു കാലം ഉണ്ടായിരുന്നു"... പിന്നീട് സിനിമകളോടുള്ള കാഴ്ചപ്പാട് മെല്ലേ മാറി തുടങ്ങിയപ്പോൾ ഒരു തരം ആവേശത്തോടു കൂടി പുള്ളിക്കാരന്റെ സിനിമകൾ തിരഞ്ഞു പിടിച്ച് കണ്ടിട്ടുണ്ട്... കൂടുതൽ ഇഷ്ടം മതിലുകളാണ് കൂടുതൽ തവണ കണ്ടിട്ടുള്ളതും മതിലുകളാണ് ❤️

    ReplyDelete