ആത്മാവിലതാ പിന്നെയുമൊരു ചിത എന്റെ പ്രാണനെ കെട്ടിപ്പുണരുന്നു.. ഓർമയുടെ തീനാമ്പുകൾ നൃത്തം ചെയ്യുന്ന ഈ ചിതയെരിഞ്ഞ് തീരാൻ ഇനിയുമെത്ര ദിവസങ്ങൾ !!
ഒരിക്കൽ മുഴുവനും കത്തിയമർന്ന കനൽക്കട്ടകൾ ഊതിത്തെളിച്ച് ഒരു തെക്കൻകാറ്റ് ഇതുവഴി വന്നു..
ഉലയിൽ നിന്നെന്ന പോലെ ചുട്ടുപഴുത്ത വേദനയുടെ ചോപ്പ് കൊണ്ടും കാറ്റിന്റെ കരളിൽ തൊടാൻ എനിക്ക് കഴിഞ്ഞില്ല.
ഒരുവട്ടം ചുറ്റി,
മറുവട്ടം ചുഴന്ന് കാറ്റതാ പാറിപ്പറന്ന് പോകുന്നു ..
മാഞ്ഞിട്ടും മായാതെ നിഴലിക്കുന്നുണ്ടോ ദൂരെയൊരു മഴമേഘം ?
വരാനുണ്ടോ ഒരു കാർക്കോൾ ?
എങ്കിൽ അതിന് മുമ്പേ, എരിഞ്ഞ് തീരട്ടെ ഈ മൗനം കനക്കുന്ന പ്രാണന്റെ ചിത !!
എല്ലാ വഴികളും കൂട്ടിമുട്ടുന്നത് പിരിയാൻ വേണ്ടിത്തന്നെയാണ്. ഒത്തുചേരലുകളുടെ മധുരം വിളമ്പി ചന്ദ്രിക മായുമ്പോൾ, യാത്രകൾ പര്യവസാനിക്കുമ്പോൾ... ഓർമകളുടെ ചിപ്പിയിൽ നിന്ന് പിന്നെയും കടലിരമ്പിത്തുടങ്ങും. നിലാവ് കൊളുത്തിയിട്ട രാവിന്റെ ഭിത്തിമേൽ ചാരിനിന്ന് പകൽ തന്റെ കത്തിനിന്ന നേരങ്ങളോർക്കയാവും. ഓരോ നിമിഷങ്ങളും കെട്ടൊടുങ്ങി സ്മൃതിയുടെ ചാരമായിത്തീർന്ന് ഇടവേളകളിൽ കനലുകളായി മിന്നി, വേദനകളായ് പുനർജനിച്ച്, സന്തോഷങ്ങളിൽ മനസ് നിറഞ്ഞ് ഇതു വഴിയേ പലതായി തിരിഞ്ഞ് ദൂരങ്ങളിലേക്ക് അകന്ന് പോയി..
Followers
Tuesday, 7 February 2017
Subscribe to:
Post Comments (Atom)
No comments:
Post a Comment