Followers

Monday, 27 February 2017



കൊല്ലേണ്ടെന്ന് കരുതി ഞാനും വളർത്തേണ്ടെന്ന് വിചാരിച്ച് അയാളും,പറയാതിരുന്ന്, അറിയാതിരുന്ന് മറവിയിലേക്ക് മായ്ച്ചുകളഞ്ഞ ഓർമയിൽ പരിമളം പരത്തിയ ഒരു ചെമ്പനീർപ്പൂവ് ഉണ്ടായിരുന്നു, പണ്ടെന്റെ തൊടിയിൽ.
അന്നത് വിടരുമ്പോൾ പടർന്ന സൗര്യഭ്യം !
അക്കാലമോർക്കുമ്പോഴെല്ലാം ഇന്നും മനസിലുതിരും.

ഒടുവിലൊരു മായ്ക്കപ്പെട്ട ചിത്രമായ് ഒതുങ്ങുമ്പോഴും, ഓർമയിലെങ്ങോ ആരോ ബിലഹരിയിൽ കീർത്തനം ചൊല്ലുന്നു!
കുന്നിക്കുരു മണികൾ വാരിയെറിയുന്നു.
മുല്ലയും പിച്ചിയും ബോലയും തലയിൽ ചൂടി ദാവണി ചുറ്റിയ ഒരുപറ്റം പെൺകിടാങ്ങൾ അമ്പലത്തിലേക്ക് പോകുന്നു.
ചാവടിയിലെ തണുപ്പിൽ തംബുരുവിൽ ശ്രുതി ചേരുമ്പോൾ ഭാഗവതർ വീണ്ടും കീർത്തനം ചൊല്ലിത്തുടങ്ങും. കർക്കിടകത്തിൽ പെയ്യുന്ന മഴയിൽ  മഴത്തുള്ളികളുടെ ഭാരമേന്തി തൂങ്ങി നിൽക്കുന്ന ചേമ്പിൻ തണ്ടുകൾ, ഇലച്ചാർത്തുകൾ,
 കനത്തുനിൽക്കുന്ന പച്ചപ്പിന്റെ അതിരിൽ വരയുന്ന കാർമേഘക്കരി...
മഴയുടെ സംഗീതം, മുത്തശ്ശിയുടെ വിളികൾ, പിന്നാമ്പുറത്തെ ചെമ്പകച്ചോട്ടിൽ വീണ് കിടക്കുന്ന പൂക്കൾ, പ്ലാവിൽമേൽ നിന്ന് ചാടി നടക്കുന്ന അണ്ണാൻ, പഴുത്ത വരിക്കയുടെ മണം, ആഞ്ഞ് വീശുന്ന കാറ്റിൽ കുളിർന്ന ബാല്യം !
ഇതെല്ലാം ഇപ്പോഴും ബാക്കിയാണ്. നാടെന്ന നിലയ്ക്കാത്ത ഗൃഹാതുരതയുടെ പാട്ട് കേൾക്കാൻ ഞാനിനിയും വരുന്നുണ്ടെന്ന് പൂക്കളോടും കാറ്റിനോടും ഇലക്കൂട്ടങ്ങളോടും പറഞ്ഞു.
ചെറിയ ഒരു അണ്ണാൻകുട്ടി വാലാട്ടി ചിലച്ചു...
വരിക്ക പിന്നെയും മണമയച്ച് കൊതിപ്പിച്ചു.


1 comment: