Followers

Friday, 10 February 2017

ഇല്ല....
ശേഷിക്കുന്നത് കുറച്ച് ഓർമകൾ മാത്രമല്ലാതെ നിലവിൽ പഴയതായി അവിടെ യാതൊന്നുമില്ല.
അരിപ്രാവുകളുടെ കുറുകലും ഇടഭിത്തിക്ക് മേൽ നീളത്തിൽ നീലിച്ച് കിടന്ന മാനത്തുണ്ടും,നിരന്തരം വീശുന്ന കാറ്റിനോടൊത്ത് 'ചലചല'ഒച്ച വയ്ക്കുന്ന തണൽമരങ്ങൾ നിറഞ്ഞ വളപ്പിനുള്ളിലെ  ക്ലാസ്സ്മുറിയിൽ പത്മാവതി ടീച്ചർ ഇംഗ്ലീഷ് പഠിപ്പിക്കുകയാണ്.
അഞ്ചാം ക്‌ളാസിലെ തടിയൻ പടിക്കെട്ടിനപ്പുറം സലില ടീച്ചറുടെ അംഗൻവാടിയിലെ കുട്ടികൾ പാട്ട് പാടുന്നുണ്ട്. 

ക്ലാസ് കഴിഞ്ഞാൽ അല്ലിനാരങ്ങക്കടയിലേക്കോടാൻ അമ്പതുപൈസകൾ കൈയ്യിലടക്കിപ്പിടിച്ച് വാച്ചിലെ മിനിറ്റ് സൂചി ഇഴയുന്നതും കാത്ത് ചില കേമികൾ ടീച്ചറെ ശ്രദ്ധിക്കുന്നതായി നടിച്ചിരുന്നു.
ഇന്റെർവെല്ലുകൾ അന്ന് അല്ലിനാരങ്ങകൾക്കായുള്ള ഓട്ടങ്ങളുടേതായിരുന്നു. ചിലർ അതിന്റെ തോലു പൊളിച്ച് മറ്റു കുട്ടികളുടെ കണ്ണിലേക്ക് വീഴ്ത്തി രസിച്ചു. ഒരിക്കൽ രസിച്ചവർ രസിപ്പിക്കാനായ് പിറകെ വച്ചുപിടിച്ചു.
ക്ലാസ് മുറിയിൽ കുട്ടികൾ കലപില ബഹളം വച്ചു, 
പുതിയ കുടകൾ നിവർത്തി,പുത്തൻ പുസ്തകത്തിലെ മണം മണത്ത് കഞ്ചാവടിച്ചവരെപ്പോലെ ദീർഘശ്വാസങ്ങൾ വിട്ടു.
തീരെ മെലിഞ്ഞ് കൊലുന്ന്,ചന്ദനക്കുറി തൊട്ട പെൺകുട്ടിക്കുമപ്പുറം ഓറഞ്ച് ചെക്കിന്റെ ചുരിദാറണിഞ്ഞ് ഒരു ചുരുളൻ മുടിക്കാരി വിടർന്ന് ചിരിക്കുന്നു. അതേ പെൺകുട്ടിക്കിപ്പുറത്തിരുന്ന് തടിച്ചുരുണ്ട ഉണ്ടക്കണ്ണി അവളെ ഇക്കിളിപ്പെടുത്തുകയാണ്.. 

അന്നത്തെ ദിവസസൂര്യൻ പിന്നെയുമൊരുപാട് തവണ അസ്തമിച്ചുദിച്ചു പ്രഭ പരത്തി. അഞ്ചാം ക്ലാസ്സിലെ പടവുകൾ പിന്നിട്ട് അവരിന്ന് പല തട്ടിൽ നിൽക്കുന്നു.
എങ്കിലും ഓർമയിലിന്നും ഉണ്ടക്കണ്ണി ചുരുളൻ മുടിക്കാരിയെ ഇക്കിളിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
സൊറപറഞ്ഞും വഴക്ക് കൂടിയും പരിഭവങ്ങളലിയാതെ വർഷങ്ങളോളം നീണ്ട് പോയ പിണക്കങ്ങളിൽ വാക്കുകളുടഞ്ഞ് ചിതറി വീണു.
മനസിന്റെ ക്യാമറയുടെ ലെൻസ് വർഷങ്ങൾക്കപ്പുറത്തേക്ക് ഫോക്കസ് ചെയ്യുമ്പോൾ, ഫ്രെയിമുകളുടെ ഒരുകൂട്ടം ഫ്ലാഷുകൾ തുരുതുരാ ഒന്നിച്ചുമിന്നുന്നു.
പോയകാലത്തിലെ സുവർണ്ണ  നാളുകളുടെ  ആറുവർഷങ്ങൾ !
സംസ്‌കൃതം അദ്ധ്യാപകരായ പ്രകാശൻ സാർ,മേദിനി ടീച്ചർ,പകരം വന്ന ശാലിനി ടീച്ചർ,
സോഷ്യൽ സയൻസ് പഠിപ്പിക്കുന്ന യാത്രകളോട് ഇഷ്ടമുള്ള,ചെന്ന് ചേർന്ന സ്ഥലങ്ങളിൽ നിന്ന് പിൽക്കാലത്തേക്ക് ഓർമകളെ കൂടെക്കൂട്ടുന്ന വിനയകുമാരി ടീച്ചർ, 
ജീവിതാനുഭവങ്ങളുടെ വെളിച്ചം പകർന്ന ദീപ്തി ടീച്ചർ, ഇടക്കാലത്ത് വന്നുപോയ ജിജി ടീച്ചർ,
ഹിന്ദിയിലേക്ക് ചുവട് വയ്‌പിച്ച രമ്യ ടീച്ചർ, പത്മശ്രീ ടീച്ചർ, ബയോളജി പഠിപ്പിക്കുന്ന കണ്ണട ധരിച്ച കർക്കശക്കാരി ശാരദാമണി ടീച്ചർ,
 ഫിസിക്സും കെമിസ്ട്രിയും രസകരമാക്കി പഠിപ്പിക്കാനറിയുന്ന, ബിന്ദു ടീച്ചർ, അക്കങ്ങളുടെ ചൂരൽവടി ചുഴറ്റുന്ന ഷീബ ടീച്ചർ,അറിവിന്റെ നിറകുടമായ ഗോപിസാർ,
10 C യുടെ സൈന്യാധിപ സയന ടീച്ചർ,പത്താം ക്ലാസ്സിലെ ചെറി ട്രീയേയും രാകേഷിനെയും അവിസ്മരണമാക്കിയ മധുരിമ ടീച്ചർ,
 കരിക്കുലം ആക്ടിവിറ്റികളുടെ കൂട്ടുകാരി നിഷ ടീച്ചർ, 
ഈണത്തിൽ കവിത വായിക്കുന്ന, അക്ഷരസ്നേഹിയായ, രചന മത്സരങ്ങളുടെ സഹയാത്രിക ആഷ ടീച്ചർ, 
പഠിപ്പിക്കുന്നതെല്ലാം കഥാപാത്രങ്ങളെപ്പോലെ മനസിലേക്ക് പതിപ്പിക്കുന്ന ദീപ ടീച്ചർ...

സ്കൂൾ വിദ്യാഭ്യാസകാലത്തെ ജീവിതത്തിലെ മനോഹാരിതയും നിഷ്കളങ്കതയും പിന്നീട് വന്ന വർഷങ്ങൾക്ക് ഉണ്ടായിരുന്നില്ല. അന്നത്തെ സൗഹൃദങ്ങളുടെ മിഴിവും. 
ചെമ്മണ്ണിൽ, ചുവന്നുരുണ്ട കല്ലുകളിൽ പാതയോരം നീണ്ട് കിടന്നു. 
വലിയ  മുടക്കത്തിന് മുന്നോടിയായി വരുന്ന
ഉത്സവബഹളങ്ങളുടെ അലയടികൾക്കിടയിലൂടെ കടന്ന് പോകുന്ന കൊല്ലപ്പരീക്ഷ അവസാനിച്ച ഒരു വൈകുന്നേരം ക്ലാസ്സിന്നിറയത്തിരുന്ന് ശരണ്യയോടൊപ്പം  വർത്തമാനം പറയുമ്പോൾ അവസാനിക്കാറായ സ്കൂൾ അധ്യയനം നെടുവീർപ്പിട്ടു.
ഇവിടെയീ, സ്കൂൾ അങ്കണത്തിന് പറയാൻ ഒരുപാട് ബാച്ചുകളുടെ കഥയുണ്ടാകും.
എല്ലാക്കൊല്ലവും അഞ്ചാം ക്ലാസ്സിലെ തുടക്കക്കാർ വളർന്ന്, മുതിർന്ന ചേച്ചിമാരായി ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്ത്, സോഷ്യൽ ഡേയും ആഘോഷിച്ച്, നനഞ്ഞ കണ്ണുകളുമായ് ഓട്ടോഗ്രാഫുകളിൽ വരികലെഴുതി പടിയിറങ്ങുമ്പോൾ സ്കൂൾ മറ്റൊരു പ്രവേശനോത്സവത്തിനു തിരി തെളിക്കുകയാവും.
 
കണിച്ചുകുളങ്ങരയിൽ നിന്ന് ഞങ്ങളിറങ്ങി അധികമാവും മുമ്പ് തന്നെ യു പി സെക്ഷനിലെ പഴയ കെട്ടിടങ്ങൾ നീക്കം ചെയ്തു. പിന്നീട് ഓഫീസ് അടക്കം എച്ച്. സ് കെട്ടിടങ്ങളും പൊളിച്ചുമാറ്റി സ്കൂൾ തന്നെ പുതുതായി നിർമിച്ച് ബോയ്സ് സ്കൂളുമായി യോജിപ്പിച്ചു. വല്യപ്പൂപ്പൻ തണൽ മരങ്ങൾ മാത്രമിന്നും ചല ചല ഒച്ചയുണ്ടാക്കി കാറ്റിനോടൊത്ത് നൃത്തം ചെയ്യുന്നുണ്ട്. അവ മാത്രമേ ഇന്നവിടെ ശേഷിപ്പുകളായി അവശേഷിക്കുന്നുള്ളൂ. പകുതി മഞ്ഞ പെയിന്റടിച്ച പുതിയ സ്കൂളിന് ഞങ്ങളെ പരിചയമില്ല..
ഓർമകളിൽ ഗൃഹാതുരത ഗർഭം ധരിച്ച പോയകാലം,വീണ്ടും ആ തണൽ മരങ്ങൾക്കിടയിലൂടെ വീശുന്ന കാറ്റിൽ, ഇളകിയാടുന്ന കുഞ്ഞിലകൾക്ക് താഴെ,വട്ടം കൂടിയിരിക്കുന്ന കുട്ടികളുടെ പാട്ട് ഏറ്റു ചൊല്ലുന്നു.
"കാ ത്വം ബാലേ "?
"കാഞ്ചനമാല !"
"കസ്യാ പുത്രീ "?
"കനകലതായ "
"കിം തേ ഹസ്തേ താളീ പത്രേ "
"ക വ രേഖാ "
ക ഖ ഗ ഘ !!!

No comments:

Post a Comment