മഴയായി പെയ്ത്,കാറ്റായി തലോടി, മഞ്ഞാൽ കുളിർപ്പിച്ച്, പൂക്കളാൽ നിറമാർന്ന് എന്റെ ബാല്യം അവിസ്മരണീയമായിരുന്നു.
മറ്റേവരുടെയും പോലെ തന്നെ.
മറ്റേവരുടെയും പോലെ തന്നെ.
സൂര്യൻ സിന്ദൂരം ചാർത്തിയ ചെമ്മാനം നോക്കി മുഗ്ദ്ധരായി നിന്ന രണ്ട് കുട്ടികളുണ്ടായിരുന്നു.
അവർ കുളക്കടവിൽ കഞ്ഞിയും കറിയും വച്ച് കളിച്ചും,പറങ്കിമാവിൻ തണലിൽ സാറ്റെണ്ണിപ്പാത്തും ഒരുമിച്ച് അക്ഷരം പഠിച്ചും വളർന്നു. അന്നത്തെ ഒഴിവുദിവസങ്ങളുടെ മേമ്പൊടി അങ്ങനെയൊക്കെയായിരുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ സുഹ്റയെപ്പോലെ
എനിക്കുമുണ്ടായിരുന്നു ഒരു ബാല്യകാലസഖി.
ഹീര !
അവളെന്റെ അയൽക്കാരി മാത്രമായിരുന്നില്ല, ഞങ്ങൾ ബന്ധുക്കൾ കൂടിയായിരുന്നു.
കുറേക്കാലം അവളും കുടുംബവും ഞങ്ങളുടെ തൊട്ടടുത്ത് വീട്ടിലുണ്ടായിരുന്നു.
ഒരിക്കൽ അക്ഷരം പഠിപ്പിക്കുന്ന കറുപ്പനാശാന്റെ വീട്ടിൽ നിന്ന് ഒരിക്കൽ അവളോടൊപ്പം വല്യച്ഛന്റെ സ്കൂട്ടറിന് മുന്നിലിരുന്നാണ് വന്നത്. അമ്മ എന്നെ വിളിക്കാൻ എന്തോ അസൗകര്യം മൂലം വന്നില്ല. വല്യച്ഛന്റെ മുഖം കണ്ടപ്പോൾ എന്നെക്കൂടെ കൂട്ടിയതിൽ ഇഷ്ടക്കേടുള്ളത് പോലെ അന്ന് തോന്നി. ഹീരയുടെ അച്ഛനും എന്റെ അച്ഛനും ജ്യേഷ്ഠാനുജന്മാരുടെ മക്കളാണ്.
പക്ഷേ ആ ഒരടുപ്പമൊന്നും വല്യച്ഛൻ കാട്ടാറില്ല. പണ്ടുമതെ ഇപ്പോഴും.
ഉൾവലിഞ്ഞ പ്രകൃതമായിരുന്നു സാജി വല്യച്ഛന്.
ലൈല വല്യമ്മ പക്ഷേ കുറേക്കൂടി അടുപ്പം കാണിക്കും.
വർത്തമാനം പറയും.
സ്നേഹവുമായിരുന്നു.
മുറ്റത്ത്, നീലപ്പന്തൽ കെട്ടി തണലാക്കി താഴെ കട്ടിലിൽ, വേപ്പുമരങ്ങൾക്കരികെ ഞങ്ങൾ പുറമേയ്ക്ക് നോക്കി ഇരിക്കും.
വലിയ തൊടിയായിരുന്നു ഹീരയുടെ വീടിന് ചുറ്റും.
വേപ്പും കണിക്കൊന്നയും മാവും പുളിയും നിറയെ കപ്പലുമാവുമൊക്കെച്ചേർന്ന് മരങ്ങളുടെ നീണ്ട നിര തന്നെ അന്നവിടെയുണ്ടായിരുന്നു. അലക്കുകല്ലിൽ നിന്ന് കുറച്ചുമാറിയുള്ള കിണറിലേക്ക് നോക്കി ഞങ്ങൾ ശബ്ദമുണ്ടാക്കി. കുളക്കടവിലെ കാഞ്ഞിരമരം ശാഖകളായി വളർന്നുണ്ടായ പൊത്തുകളിൽ നിന്ന് പാമ്പിറങ്ങിവരുമോ എന്ന് ഭയപ്പെട്ടു.
ഹീരയുടെ മൂത്തയാളായ വിഷ്ണുവുമായി തല്ലുപിടിക്കുകയാണ് അവളുടെ മറ്റൊരു വിനോദം.
ആയ്യിടയ്ക്കാണ് സൗമ്യ അക്കയോടൊപ്പം ഹിന്ദി പഠിക്കാൻ ഞങ്ങളും കരയോഗത്തിലേക്ക് പോയിത്തുടങ്ങിയത്.
ഹീരയുടെ മൂത്തയാളായ വിഷ്ണുവുമായി തല്ലുപിടിക്കുകയാണ് അവളുടെ മറ്റൊരു വിനോദം.
ആയ്യിടയ്ക്കാണ് സൗമ്യ അക്കയോടൊപ്പം ഹിന്ദി പഠിക്കാൻ ഞങ്ങളും കരയോഗത്തിലേക്ക് പോയിത്തുടങ്ങിയത്.
ഒരു പട തന്നെയുണ്ടായിരുന്നു ക്ലാസ്സിലേക്ക്.
സന്ദീപ് അണ്ണന്റെ പിന്നാലെ ശരണ്യയും അഞ്ജലിയും ബിച്ചുവും ഞങ്ങളുമെല്ലാം കുറേ വീടുകളിൽ കയറിയിറങ്ങിയൊക്കെയാണ് പോവുക!
കരയോഗത്തിന്നടുത്തെ വീട്ടിലെ വൈരപ്പുളി പറിച്ചതിന് വീട്ടുകാർ ഓടിച്ചത് ഇന്നും ഓർമയിൽ ചിരിയുണർത്തുന്ന തമാശയാണ്.
കുടുംബസ്വത്ത് ഓഹരി വച്ചപ്പോൾ വല്യച്ഛന്റെ സഹോദരി, പുഷ്പ വല്യമ്മയ്ക്കായിരുന്നു കണിച്ചുകുളങ്ങരയിലെ വീട്.
കുറുപ്പൻകുളങ്ങരയിലേക്ക് വീട് വച്ച് ഹീരയും കുടുംബവും അങ്ങോട്ടേക്ക് സ്ഥിരതാമസമായി.
പറമ്പിന്നതിരിലെ പുളിമരം, ഉമ്മറത്തെ കപ്പലുമാവ് എല്ലാം വെട്ടി,അവിടെ നിഴലിച്ചിരുന്ന തണലിനെ കൊന്നുകളഞ്ഞു.
ഇപ്പോൾ പറമ്പിൽ പഴയതായി ആ രണ്ടുമുറി വീടും ഉപയോഗശൂന്യമായ കിണറും മാത്രമേയുള്ളു.
കുളവും കടവുമൊക്കെ നികത്തപ്പെട്ടു.
അവിടത്തെ അന്തേവാസികളായ പാമ്പുകളും അരണയും കുളക്കോഴിയുമെല്ലാം എവിടെപ്പോയോ ആവോ !
ശരീരം വളഞ്ഞ തെങ്ങും മേലെ നീലിച്ച് കിടക്കുന്ന വിണ്ണും നോക്കി നിൽക്കുമ്പോൾ പഴയ കാലം എന്നെ നോക്കി ചിരിക്കും.
പതിയെപ്പതിയെ ഞങ്ങൾ വല്ലപ്പോഴും കാണുന്ന സന്ദർശകർ മാത്രമായി.
വർഷങ്ങൾ എന്നിലും അവളിലും ഒരുപാട് മാറ്റങ്ങൾ വരുത്തി.
എന്റെ അമ്മയുടെ ചേച്ചി,രാധ വല്യമ്മയുടെ വിളക്ക് വഴിപാടിന്റെ അന്നാണ് ഒടുവിൽ കണ്ടത്. അന്നവൾ തിരുവനന്തപുരത്തേക്ക് P.G ചെയ്യാൻ പോകുന്നെന്ന് പറഞ്ഞിരുന്നു.
ബന്ധുക്കളുടെ കല്യാണങ്ങൾക്കും മരണങ്ങൾക്കും മാത്രമായിട്ടാണ് കണ്ടുമുട്ടിയിരുന്നതെങ്കിലും അവളെന്റെ ഓർമയിലെന്നും ഉണ്ടായിരുന്നു.
മണ്ണപ്പം ചുടാൻ പഠിപ്പിച്ചവൾ !
വഴികാട്ടി,വിമർശക, ഉപദേശി, എന്നുവേണ്ട എണ്ണിയാൽ തീരാത്ത വിശേഷണങ്ങളിലെ തുടക്കക്കാരി.
ബാല്യകാലത്തെ പ്രിയ മാധുരി !

No comments:
Post a Comment