വെള്ളമേഘങ്ങൾ തുന്നിപ്പിടിപ്പിച്ച, കറുത്ത കമ്പളം പുതച്ച് രാവുണരുമ്പോൾ, ആകാശച്ചെരുവിലേക്ക് കണ്ണ് നട്ട് ഞാൻ ഉറങ്ങാതെയിരിക്കാറുണ്ട്.
ഉൾച്ചിരാതിൽ അണയുന്നുമില്ല, എന്നാലൊട്ട് ആളുന്നുമില്ല എന്ന കണക്കിൽ ഇപ്പോഴും നീറുന്നുണ്ട് ഉലയിൽ നിന്നെന്ന പോലെ, ചോന്ന ഒരു രക്തക്കട്ട !
ഒറ്റയ്ക്കിങ്ങനെയിരുന്ന്, ദൂരെ വാനമേലാപ്പിലേക്ക് നോക്കിയിരിക്കുമ്പോഴെല്ലാം മണ്ണ് കൊണ്ടകന്ന് പോയിരുന്നിട്ടും മേലെ വിണ്ണ് കൊണ്ട് അടുപ്പമുള്ള പറയാൻ മടിച്ച പ്രേമം ഓർമയിലുദിച്ചുയരും.
ഓരോ ദിനരാത്രങ്ങളിലും അകന്നകന്ന് പോവുകയാണെന്നറിയാമായിരുന്നെങ്കിലും ഏറെ വൈരൂപ്യമുള്ള ആ പനിനീർപ്പൂവ് ഇന്നും വാടാതെ ബാക്കിയാണ്.
ഒട്ടേറെ ജനിതകത്തകരാറുകൾക്കിടയിലും മുള പൊട്ടിയ ഒരു കുരുന്ന് മുകുളം.
പക്വമാകും മുമ്പേ പറിച്ചെറിയപ്പെട്ടുവെന്നാലും, അത് വളർന്നുകൊണ്ടേയിരുന്നു.
പരസ്പരമുള്ള വിഭിന്നതകളുടെ മുള്ളുവേലികളിൽപ്പടർന്ന്...
മൗനം വളമായ, ഉതിരും മുമ്പേ അടർന്ന് പോയ വാക്കിന്നറ്റത്ത് പാട്ടായ് പിറന്ന്,
കണ്ടുമുട്ടലുകളിലെ വഴക്കുകളിലൊളിച്ച്,
ഇഷ്ടമെന്ന വാക്കൊഴികെ മറ്റെന്തും വിളമ്പിയ ശബ്ദസാഗരത്തിലെ തിരയായ് അലച്ച്,
ഞാൻ അയാളെ സ്നേഹിച്ചിരുന്നു...
അയാൾ പോലുമറിയാതെ...
അയാൾ....
എന്റെ അന്ധഗായകൻ !
തുടരെത്തുടരെ ഗാനമാലികകൾ തീർത്ത് സ്വരങ്ങളാൽ ഹൃദയം നിറച്ച പ്രേമസ്വരൂപൻ.
പാടാമെന്നേറ്റ പാട്ടുകൾ മുഴുമിപ്പിക്കാതെ എന്നേക്കുമായി അകന്നുപോയ, കേൾക്കാവാനാവാതെ പോയ വരികളെ ബാക്കിയാക്കി ഇന്നും മനസിൽ വളരുന്ന നോവ്...
ഞാനിന്നും ഓർമയിൽ നിങ്ങളെ കാണുന്നു.
നിങ്ങളുടെ സ്വരവും, പതിഞ്ഞ സ്വനത്തിൽ പാടിയ പാട്ടുകളും ഹൃദയത്തിൽ ഞാൻ സൂക്ഷിച്ചിരിക്കുന്നു.
നാളെ ഞാൻ നിങ്ങളെ അവസാനമായി കാണുവാൻ, വേണമെന്ന് വച്ച് അരികിൽ വരികയാണ്.. കണ്ടുമുട്ടിയിരുന്ന സമയങ്ങളിലെല്ലാം ആടിയിരുന്ന ഉണ്ണിയാർച്ചയുടെ വേഷമഴിച്ച് വച്ച്, ഇനി ഉപയോഗിക്കാനാവാത്തവണ്ണം പൊട്ടിപ്പോയ ഉറുമി ഉപേക്ഷിച്ച്,
പഴയ വഴക്കാളിപ്പെണ്ണിന്റെ മൃതശരീരം കൈയിലേന്തി....
നാം തമ്മിൽ നേരിലുണ്ടായിരുന്ന,അകലമവിടെ, ഒരു ദിനത്തേക്ക് മാത്രം ചിലപ്പോൾ ഇല്ലാതെയാവും..
നാളെയ്ക്കുമപ്പുറം, ഒരു പക്ഷേ ഇപ്പോഴത്തെ പോലെ നിങ്ങളെ കാണാനാവുമെന്ന ആശയ്ക്ക് നിവൃത്തിയില്ല എന്ന തിരിച്ചറിവിൽ,കാണാമറയത്ത് നിന്നും നിങ്ങളുള്ള ഒരു പകൽവെളിച്ചത്തിലേക്ക് പുറപ്പെടുന്നു..
കണ്ണുനിറയെ വീണ്ടുമൊരിക്കൽ കണ്ട്, ഫോണിലൂടെ നിങ്ങളുടെ ശബ്ദം കേട്ട് കഴിയുമ്പോഴുണ്ടാകുന്ന വ്യഥയ്ക്കുമപ്പുറം വേദനപ്പെടുത്തുന്ന സ്‌മൃതികളുടെ ഭാണ്ഡക്കെട്ടുമായ് മടങ്ങുമ്പോഴും..
ഒടുവിലെ ഈ കൂടിക്കാഴ്ച എനിക്കേറെ പ്രിയമുള്ളതായി മാറിയിരിക്കും.
നമ്മുടെ കൂട്ടരോടൊന്നിച്ച് ഒരുപക്ഷേ ഇനിയുണ്ടാവാത്ത അവസരങ്ങളെന്ന ഖ്യാതി നാളേയ്ക്ക് സ്വന്തം.
കണ്ടൊന്ന് മിണ്ടിപ്പിരിയാൻ ഒരു നാൾ ദൂരത്തിൽ നിന്ന് ഒരു ജന്മദൂരത്തിലേക്ക്...
ഇനിയൊരിക്കലും തിരികെക്കിട്ടാത്ത കാല്പനികതയിലെ പാട്ടുകാരാ നിങ്ങളിൽ നിന്നും ഈയുള്ളവളിലേക്ക് ഇനിയൊരു നിഴൽ ദൂരം...
No comments:
Post a Comment