Followers

Wednesday, 15 March 2017



വെളുക്കുവോളം മഴ കനത്തുപെയ്ത രാത്രിയിലാണ് പുസ്‌തകത്തിൽ നിന്ന് അവരോരുത്തരായി ഇറങ്ങി വന്നത്..
നിരന്തരം തുടരുന്ന സംവാദങ്ങൾക്കൊടുവിൽ അവരെന്നോട് കലഹിച്ചു. മറ്റ് ചിലപ്പോൾ സ്നേഹത്തോടെ പെരുമാറി.
അവരിലെനിക്ക്  ഏറെപ്പ്രിയപ്പെട്ടവളായിരുന്നു സദൻ.
വർഷങ്ങൾക്ക് മുമ്പ് അവളെ കാണുന്നത് ഇതേ പോലൊരു പുലരാറായ രാത്രിയിലാണ്.
അന്നും മഴ വലിയ തുള്ളികളായി ശബ്ദത്തോടെ പെയ്‌തുകൊണ്ടിരുന്നു.
ജനാലയ്ക്കൽ വന്നലയ്ക്കുന്ന കാറ്റും , ഇടവിട്ടിടവിട്ടുള്ള മിന്നൽപ്പിണരുകളുമെല്ലാം ചേർന്ന് അന്തരീക്ഷം മുഴുവൻ ഭീതിപ്പെടുത്തുന്നതായിരുന്നു. 

സദൻ ബുക്കിൽ നിന്നൂർന്ന് ചുരുളൻ മുടി വിടർത്തിയിട്ട്, കണ്ണുകളിൽ നിറയെ ചിരിയുമായി വന്ന് മേശമേൽ ചാരി നിന്നു.
പിന്നെപ്പതുക്കെ നടന്ന് ചാരിയിട്ട ജനാല തുറന്ന് മഴയെ മുറിക്കകത്തേക്ക് ക്ഷണിച്ചു.
മഴയാകട്ടെ, നനഞ്ഞ കൈകളോടെ  കിതച്ചെത്തി.
അപ്പോഴേക്കും വെള്ളത്തുള്ളികളുമായി അവൾ കളിച്ചുതുടങ്ങി.
അവൾ പുസ്തകത്തിലെമ്പാടും ഓടി നടന്ന് താളുകളെല്ലാം നനച്ചു.
ചില നേരത്ത് സദൻ വളരെ കുറുമ്പിയാണ്.
അനുസരണക്കേട് കാട്ടി, കെറുവിച്ച് പരിഭവം പറഞ്ഞ് വാശിയിലിരിക്കും.
പുസ്തകമടച്ച് വച്ചാലും അവൾ പോകാതെ മനസിന്റെ ഉമ്മറത്ത് ചുറ്റിപ്പറ്റി നടക്കും.
എങ്കിലും സദനെ എനിക്കൊരുപാടിഷ്ടമാണ്...
അവളുള്ള ഈ മിഥ്യയുടെ വരാന്തയിൽ ചെന്നിരിക്കാൻ വേണ്ടിമാത്രം ഞാൻ കുറേ സായാഹ്നങ്ങൾക്കായി കാത്തിരുന്നിട്ടുണ്ട്.
സദൻ വരുമ്പോൾ മാത്രമാണ്, ഞാൻ പ്രകൃതിയിലേക്ക് ഉറ്റുനോക്കി സദാ കേൾക്കുന്നുണ്ടെങ്കിലും അത്രവണ്ണം ശ്രദ്ധ ചെലുത്താത്ത പക്ഷികളുടെ കൂജനം അറിയുന്നത്. 


വീട്ടിന്നുമ്മറത്തെ വൈരപ്പുളിമേൽ തത്തിക്കളിക്കുന്ന അണ്ണാൻകുട്ടിക്കും അവന്റേതായ കുഞ്ഞൻ ശബ്ദമുണ്ടായിരുന്നു.
പേരറിയാത്ത കുരുവികളുടെ കളഗാനങ്ങൾ കേൾക്കുമ്പോഴുണ്ടാകുന്ന ആനന്ദത്തെ ആദ്യം പരിചയപ്പെടുത്തിയത് സദനായിരുന്നു.
 
വൈരപ്പുളി കായ്ച്ചു തുടങ്ങിയിരിക്കുന്നു.
പിങ്ക് നിറമുള്ള ഇത്തിരിക്കുഞ്ഞൻ പൂവുകളുടെയോരത്തായി ഇളം കായ്കൾ കുലച്ചു നിൽക്കുന്നു.
പ്ലാവിൻചുവട്ടിലെത്തുമ്പോൾ വിഷുവിന്റെ ഓർമയുണർത്തി ചക്കത്തിരികൾ വീണുകിടക്കുന്നു.
പട്ടുപോവാതിരുന്നുവെങ്കിൽ ഇവയെല്ലാം തന്നെ ആരോഗ്യമുള്ള ഫലങ്ങളാവേണ്ടതല്ലേ.

അച്ചാമ്മയുടെ വേർപാടിന് ശേഷം, വരിക്ക കായ്ക്കാൻ മറന്ന് കുറേ വർഷങ്ങൾ ചെന്ന് പിന്നെയും കായ്ച്ചുതുടങ്ങിയത് ഈ വർഷമാണ്.
ഞാൻ സദനെയും കൂട്ടി പിന്നാമ്പുറത്തേക്ക് നടന്നു. എനിക്കേറെ പ്രിയപ്പെട്ട ചെമ്പകച്ചോട്ടിലേക്ക്.
വൈകുന്നേരങ്ങൾ സുഗന്ധപൂരിതമാക്കുന്നവൾക്കരികിലായ് കുറച്ച് മാറി ചാമ്പയും പൂവിട്ട് തുടങ്ങുന്നു.
ചോന്ന ചാമ്പങ്ങകൾ ഞാന്ന് കിടക്കുന്ന കാഴ്ച എനിക്ക് സദനെ കാട്ടിക്കൊടുക്കണം.
തെക്കേതൊടിയിലൂടെ നടന്ന് ഞാൻ നട്ട മഞ്ചാടിയ്ക്കടുത്ത് വളർന്ന് പൂത്ത് നിൽക്കുന്ന നന്ത്യാർവട്ടത്തിന്റെ പൂവുകളിലൊന്ന് ഇറുത്തെടുത്ത് സദന്റെ മുടിയിൽ ചൂടിച്ചു. 

ഇക്കൊല്ലമോ പിറ്റേക്കൊല്ലമോ വീട് പണിയാൻ തുടങ്ങുമെന്ന് അമ്മ പറഞ്ഞിരുന്നു.
ചെമ്പകമുൾപ്പെടെ ചോന്ന പേരയ്ക്ക വിളയുന്ന പേരയും ചാമ്പയുമെല്ലാം നാമാവശേഷമാകാൻ അത്ര നാൾ കൂടി ബാക്കിയുള്ളൂ..
വളരണ്ടായിരുന്നുവെന്ന് എനിക്കിപ്പോൾ കലശലായിട്ട് തോന്നിത്തുടങ്ങി.
കുഞ്ഞായിരുന്നപ്പോൾ വളരാനുള്ള ആഗ്രഹമായിരുന്നെങ്കിലും ഇപ്പോഴത് വേണ്ടാതായി.

എന്നും കുഞ്ഞായിരുന്നാൽ മതിയായിരുന്നു..
ബാല്യത്തിലുണ്ടായിരുന്ന സന്തോഷം,അച്ചിച്ചനും, അച്ചാമ്മയും, വല്യപ്പച്ചിയുമടങ്ങുന്ന എന്റെ വളരെ വലിയ ലോകം.. 
അക്കാലത്ത് ഹൃദയത്തിനിത്രയും ഭാരമില്ല.
വ്യസനങ്ങളുടെ പുഴയ്ക്കിത്രയ്ക്കാഴമില്ല.. 
അനുരാഗങ്ങളുടെ ഓളമില്ല.
പകരം നിഷ്കളങ്കതയിൽ നിറഞ്ഞ് നിന്ന കൊച്ച് രേവതിയും അവളുടെ കത്തുന്ന പകലുകളിലെ ഓണവും വിഷുവും കണിക്കൊന്നയുടെ മഞ്ഞയും..
കൊന്നയുടെ മഞ്ഞയ്ക്ക് പോലും ഓർമ്മയിലേതിനേക്കാൾ തെളിച്ചമില്ല..
പണ്ടൊക്കെ വിഷുവിന് പടക്കവുമായി സന്തോഷ് വല്യച്ചനും കുടുംബവും എല്ലാത്തവണയും വരും..
അച്ചാമ്മയും ഞാനും അക്കയുമെല്ലാം വരാന്തയിലിരുന്ന് അണ്ണൻ ഓലപ്പടക്കം കൈയ്യാലെ പൊട്ടിക്കുന്നത് കാണും.
കൂട്ടത്തിലെ ഏറ്റവും ആശ്ചര്യവതി ഞാനാണ്.
അന്നത്തെ എന്റെ ശക്തിമാൻ സന്ദീപ് അണ്ണനായിരുന്നു.
കൈ കൊണ്ടൊക്കെയാണ് പേടിയില്ലാതെ.. ഞാനൊക്കെയാണേൽ പേടിച്ച് വിറച്ച് ശീമക്കൊന്നയുടെ നീളമുള്ള കമ്പിന്റെ ഒരറ്റം പിളർത്തി അതിൽ ഓലപ്പടക്കം വച്ചുറപ്പിച്ച് മറ്റേയറ്റം പിടിച്ചു,പിടിച്ചില്ല എന്ന മട്ടിലാണ് മണ്ണെണ്ണവിളക്കിലേക്ക് കാണിക്കുക !!
അണ്ണന്റെ കസർത്ത് കണ്ട് അന്തം വിട്ടിരിക്കുന്ന എന്നെ രസിപ്പിക്കാൻ അണ്ണൻ പിന്നെയും ഓരോന്ന് കാണിച്ചുകൊണ്ടേയിരിക്കും.

അന്നത്തെ രാവുകളുടെ ചാരുത, നീ ഇന്നെവിടെ പോയ്മറഞ്ഞു ??
അതെല്ലാം ഇന്നൊരുപിടി ഓർമചിത്രങ്ങൾ മാത്രമാണ്.
അച്ചാമ്മ പോയതിൽപ്പിന്നെ അത്തരം അവസരങ്ങളെല്ലാം പതുക്കെ ഇല്ലാതായി. ഞങ്ങൾ കുട്ടികളിൽ നിന്ന് ഇന്ന് കാണുന്ന അവസ്ഥയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു..
അക്ക ബാംഗ്ലൂരിലേക്ക് പഠിക്കാൻ പോയി.
ഇന്ന് ഡൽഹിയിൽ ജോലി ചെയ്യുന്നു.
അണ്ണൻ ദുബായിലും.
പഠനം കഴിഞ്ഞാൽ ഞാനും ഏതെങ്കിലും നാട്ടിലേക്ക് ജോലിയായി പോകും.

അണ്ണനോടും അക്കയോടുമൊപ്പം ചിലവഴിച്ച കുട്ടിക്കാലം ഏറെ സുന്ദരമായിരുന്നു.
മൂന്നുപേരും കൂടി സൈക്കിളിൽ കയറി കുറേ ദൂരം പിന്നിട്ട് ഒരു കുളത്തിനരികെ ചെന്ന് വീണത്.
കൈവെള്ളയിൽ പൂഴിക്കല്ലുകൾ തറച്ചുണ്ടായ മുറിവ് കാട്ടി കരയുന്ന എന്നെ സമാധാനിപ്പിച്ച് ചിരിപ്പിച്ചത്.
പാടത്ത്, അവരുടെ വീട്ടിൽ നില്ക്കാൻ പോകുമ്പോൾ കിഴക്കേ തോടിനരികെയുള്ള ആഞ്ഞിലികളിൽ നിന്ന് ആഞ്ഞിലിപ്പഴങ്ങൾ പറിക്കാൻ ഇരുവരും മത്സരിച്ചത്..
അണ്ണൻ കാണാതെയിരിക്കാൻ അക്ക കൊണ്ടുവന്ന പഴങ്ങളെല്ലാം മണ്ണിട്ട് മൂടി, എന്നോട് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചത്,
അണ്ണൻ മരം മുഴുവൻ കയറിയിറങ്ങി അതിലും കൂടുതൽ കൊണ്ടുവരാറുള്ളത്.
വൈകിട്ട് ആഞ്ഞിലിച്ചക്കയുടെ കുരുവെടുത്ത് വറുക്കുന്നത്.
തോട്ടിൽ വെള്ളമുണ്ടായിരുന്ന കാലത്ത് അക്കയും അണ്ണനും എന്നെ കരയ്ക്കിരുത്തി നീന്തിക്കാണിക്കും.
പലതരത്തിൽ അണ്ണന് നീന്താനറിയാമായിരുന്നു.

സ്നേഹമുള്ളവനായിരുന്നു അണ്ണൻ.
കുറേ സങ്കടപ്പെട്ട സമയമെല്ലാം മറികടന്ന് അണ്ണനിന്ന് നല്ലനിലയിൽ എത്തിച്ചേർന്നു.
തീവണ്ടിയും വിമാനവുമൊഴികെ എല്ലാ വളയവും അണ്ണന്റെ കൈപ്പിടിയിലൊതുങ്ങി. അക്കയും വളരെ പാവമായിരുന്നു. എനിക്ക് മുമ്പേ നടന്ന് നീങ്ങി വഴി തെളിച്ച അന്നത്തെ കൊച്ചുസോമൻ ഇപ്പോഴുള്ളതിനേക്കാൾ മിടുക്കിയായിരുന്നു പണ്ട്.
എന്റെ കൂടെപ്പഠിച്ച ശരണ്യയും അഞ്ജലിയും ബിച്ചുവും ഞങ്ങളുടെയൊപ്പം കളിക്കാൻ കൂടും.
അണ്ണനും അക്കയും കൂടി വഴക്ക് പിടിക്കുക അക്കാലത്ത് മിക്കപ്പോഴും പതിവാണ്. അനുയയിപ്പിക്കുക എന്ന കർത്തവ്യം സ്വയമേറ്റെടുത്ത് അണ്ണനിൽ നിന്ന് ബാക്കി വന്ന വഴക്കും കേട്ട് വരുന്ന എന്നെ നോക്കി അക്ക "വല്ല കാര്യവും ഉണ്ടായിരുന്നോ " എന്ന് ചോദിച്ച് ചിരിക്കും.
എങ്കിലും അപ്പണി ഞാൻ തുടർന്ന് പോരുക തന്നെ ചെയ്തു.

ഞങ്ങൾ മുതിർന്ന് തിരക്കുകളിലേക്ക് ഇടകലർന്ന്, ഒത്തുചേരലുകൾ കുറവായതിന് ശേഷവും കുറച്ച് വർഷങ്ങൾ മുമ്പ് വരെ അച്ചൻ പടക്കം വാങ്ങിച്ചുകൊണ്ട് വരുമായിരുന്നു . പഴയത് പോലെ അക്കയോ അണ്ണനോ അച്ചാമ്മയോ കൂടെയില്ലാതെ,ഒറ്റയ്ക്ക് പൂജാരി പൂജ ചെയ്യുന്നത് പോലെ ഞാനിരുന്ന് ഓലപ്പടക്കങ്ങൾ മുറ്റത്തേക്കെറിയും,യാന്ത്രികമായ് ഒരു സന്തോഷവും തോന്നാതെ കമ്പിത്തിരികൾ കത്തിച്ച് നീട്ടിപ്പിടിച്ച് അത് കെട്ടുപോയാലുമറിയാതെ നിൽക്കും.
പിന്നെപ്പിന്നെ ഞാനതും നിർത്തി. 

ഇപ്പോൾ ഓണം വന്നാലും വിഷു വന്നാലും ടിവിയിയിൽത്തന്നെ ആഘോഷങ്ങളെല്ലാം..
എങ്ങും പോകാനും എവിടെ നിന്നും വരാനും ആരുമില്ലാതെ ഞങ്ങളത് മൂന്നാളും കൂടി സാധാരണ ദിവസം പോലെ കഴിച്ചുകൂട്ടും..
നാലുപാടും ഗുണ്ടുകളും മറ്റും പൊട്ടുന്ന ഒച്ചയിൽ  രാവ് കനത്ത് വരും.
അച്ചനോട് ഏർപ്പെടുത്തിയ കണി സാമാനങ്ങളെല്ലാം ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിലായൊരുക്കി ഏഴ് തിരിയിട്ട് വിളക്കും കോടിയും സ്വർണ്ണവും നാണയങ്ങളുമെല്ലാം പാകമാക്കുന്നതോടെ വിഷുവിന്റെ തത്രപ്പാട് അവസാനിക്കും. പുലർച്ചെ ഷാജിച്ചേട്ടന്റെ മകൻ കണ്ണനും കൂട്ടുകാരും കണിയുമായി വരുമ്പോഴാണ് പിന്നെയൊരു സന്തോഷം.
അവരുടെ കണി കണ്ടുണർന്ന് ഒരുക്കിവച്ച നിലവിളക്ക് കത്തിച്ച് അമ്മ വീട്ടിലെ കണിയും കാണിച്ചുതരും.
ഒരു കമ്പിത്തിരിയോ മത്താപ്പൂവോ ആളുകൾ കണിയുമായി വരുമ്പോൾ കത്തിക്കുമെന്ന് പറഞ്ഞ് അച്ചൻ എന്നെക്കൊണ്ടതും ചെയ്യിച്ചിരുന്നു.

യാഥാർത്ഥ്യത്തിന്റെ പുകച്ചുരുളുകളിൽ വിഷാദം ഉരുണ്ട് കൂടി എന്നെ ഓർമകളിലേക്ക് തിരിഞ്ഞുനോക്കാൻ പ്രേരിപ്പിക്കുന്നു.
ഇന്നലെകളുടെ കൂട്ടത്തിൽ നിന്നുമേറെ താഴ്ന്ന്, നോക്കുമ്പോൾ,
സഹോദരങ്ങളോടൊത്ത് കുരവപ്പൂ കത്തിച്ചും ശീമക്കൊന്നയുടെ കമ്പിന്മേൽ കോർത്ത് ഓലപ്പടക്കങ്ങൾ പൊട്ടിച്ചും അളവറ്റ ആഹ്ലാദത്താൽ തുള്ളിക്കളിച്ച്, പൊട്ടിച്ചിരിക്കുന്ന ഒരു പെൺകുട്ടി.
അവൾ തന്റെ അച്ചാമ്മയുടെ അരികിൽ നിന്ന് കൊണ്ട് കമ്പിത്തിരികൾ ഇരുകൈയിലും ചുഴറ്റി വായുവിൽ വൃത്തങ്ങളുണ്ടാക്കി.
ഇരുളിൽ വർണ്ണങ്ങളുടെ തോരാമഴ പെയ്തിറങ്ങുന്നത് കണ്ട് വിസ്മയം തൂകി.
ഓണക്കാലത്ത് ഒരാൾക്ക് പത്ത് തവണയെന്ന് കരാർ ഉണ്ടായിരുന്നിട്ടും കൂട്ടത്തിലെ ഇളയതെന്ന പരിഗണനയിൽ അഞ്ചാട്ടം കൂടുതൽ ഊയലാടി.
അത്തം പത്ത് നാളും അത്തപ്പൂവിട്ടു. പൂ തികയാതെ വന്നപ്പോൾ നിറമുള്ള ഇലകളെക്കൊണ്ട് നികത്തി.
കോടിപ്പാവുടുത്ത് ഏവരുമൊന്നിച്ച് സദ്യയുണ്ടു.
അക്കയുടെ ഉപ്പേരി, കാണാതെയെടുത്തു കഴിച്ചു.
ആരവങ്ങളകന്ന് ബന്ധുജനങ്ങൾ പിരിയുമ്പോൾ വ്യസനിച്ചു.
പതുക്കെപ്പതുക്കെ അവളുടെ കൂട്ടത്തിലെ ഓരോരുത്തരായി ദൂരങ്ങളാൽ കോർക്കപ്പെട്ടു. 

ഓർമയുടെ തോണി തിരികെത്തുഴഞ്ഞ് വീണ്ടും ഇന്നിന്റെ കടവടുക്കുമ്പോൾ അവൾ മാത്രമേ അവശേഷിക്കുന്നുള്ളൂ....
തോണിയിൽ നിന്നിറങ്ങി, ഞാൻ മുറിയിലെ ചാരുകസാലമേൽ മടങ്ങിവന്നപ്പോഴേക്കും മഴ നിലച്ചു.
സദനാകട്ടെ ബുക്കിലേക്ക് മടങ്ങിപ്പോവുകയും ചെയ്‌തു...


No comments:

Post a Comment