Followers

Thursday, 21 March 2019

ഒട്ടകലെയല്ലാതെയായി വിരിഞ്ഞു കരിയുന്ന മോഹമന്ദാരങ്ങൾ.
എന്തൊക്കെ ആശകളാണ്. ഓരോന്ന് കാണുമ്പോൾ വിചാരിക്കും ഉടനെ എന്നെങ്കിലും അങ്ങനെ താനുമൊന്ന്.. പിടിച്ചെടുത്തു വയ്ക്കുകയും ചെയ്യും. ഒന്നെങ്കിൽ മനസ്സിൽത്തന്നെ. അല്ലെങ്കിൽ എഴുതി സൂക്ഷിക്കും.
ദീർഘകാലമായി സുദീർഘമായ ആശകൾ തന്നോടൊത്ത് വളരുന്നു!
പൂർണ്ണമായ നിറവ്, ലബ്ധി അവ പരത്തുന്ന ആനന്ദം എന്നിങ്ങനെയുള്ള വേളകൾ തനിക്കപ്രാപ്യമെന്നുണ്ടോ!!
ഇല്ലയെന്ന് വിചാരിക്കുവാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല.
അങ്ങനെ കരുതിത്തുടങ്ങിയാൽ, ആശകൾ മരിക്കുന്നിടത്ത് താനും മരിക്കുക പോലെയാണ്.
പിന്നെയെന്ത് ജീവിതം!
കേവലം പ്രഹേളികയെന്നതല്ലാതെ!
അവനവനിലെ സത്ത തിരിച്ചറിയാൻ കഴിഞ്ഞ് ആച്ചില്ലകളിൽ തടിപ്പ് ഉണ്ടാക്കുവാൻ സാധിക്കുന്നവർ ജന്മം സഫലമാക്കിയവരാണ്.
അവർ ആശാപാത്രങ്ങൾ കണ്ടെടുത്തു കഴിഞ്ഞിട്ടുണ്ടാകും. നിസ്സാരമായ,അതി തുച്ഛമായ ആഗ്രഹങ്ങൾ അവരിൽ ഒരിക്കലും കുടികൊള്ളുകയില്ല. വലിയ വാതായനങ്ങൾ അവർക്കായി തുറക്കപ്പെടുമെന്ന് അവർ വിചാരിക്കുന്നു.
ഈക്ഷണം നടന്നേക്കാം. ചിലപ്പോൾ അധികസമയത്തിന്നുമപ്പുറം.

മേദുരമായ ചില ചിന്തകൾ വലയം ചെയ്യുമ്പോഴും അവയുടെ മട്ടുപ്പാവിൽ നിന്ന് ചുറ്റും വീക്ഷിക്കുമ്പോൾ എന്തെല്ലാമാണ് കാണുന്നത്. സോദരപുത്രന്മാർ ഭൂമിയെ തിരിച്ചുകിട്ടി അവസ്ഥയ്ക്കൊത്ത് വേലിയും മതിലും നാട്ടി,മണ്ണിനെ വേണ്ടുവോളം ചമച്ചുകെട്ടിയിരിക്കുന്നു.
ചിലർ വൃക്ഷലതാദികളെയെല്ലാം കൊന്നൊടുക്കി തണലില്ലായ്‌മയിലിരുന്ന് 'ഹോ എന്തൊരു ചൂട് '! എന്ന് ഉഷ്ണസ്വരത്തിൽ പരിതപിക്കുന്നു. വാർദ്ധക്യ-പ്പാഴിലകൾ വീഴായ്കയായതിനാൽ മുറ്റത്ത് പഞ്ചാരമണൽ ഇളിച്ചു ചിരിക്കുന്നു.

മറ്റുചിലരുടെ വീട്‌ സസ്യസമ്പുഷ്ടമാണ്. വേണ്ടുവോളം മരങ്ങളുണ്ട്. കായ്കനികൾ സുലഭം. അവയ്‌ക്കെല്ലാം നനയും ലഭ്യം. അവരെല്ലാം തണൽത്തലോടലേറ്റ് പ്രകൃതിയുമായി നിർവ്യാജം ഇണങ്ങി മുഗ്ദ്ധരായി ജീവിക്കുന്നു.

പശുക്കളെ പരിപാലിക്കുന്നവർ, കന്നുകാലികളെ മേയ്ക്കുന്നവർ, ആടിനെ തീറ്റിക്കുന്നവർ അങ്ങനെ സമ്പന്നതയുടെ കീഴറ്റത്ത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരിലെ സ്നിഗ്ധത മറ്റെവിടെ നിന്നും കണ്ടുകിട്ടുകയില്ല.

ദാരിദ്ര്യത്തിന്റെ കൂറ പിടിച്ച കാൽപ്പാദങ്ങളെ കണ്ടിട്ടുണ്ടോ?
അവ ചവിട്ടിമെതിക്കുന്ന കുടുംബങ്ങളെ?

അതിസമ്പന്നതയുടെ പട്ടുമെത്തയേക്കാൾ- ക്ഷണഭങ്കുരമായ നിലനിൽപ്പുകളെക്കാൾ കർഷകരുടെ ആനന്ദത്തെ, കൃഷിയിടങ്ങളിൽ ഉഴുതുമറിക്കുന്ന കാളകൾ! കലപ്പകൾ,
അവരുടെ വിയർപ്പുതുള്ളികളിൽ നിന്നുതിരുന്ന നെൽമണികളെ!
അവയേയാണ് പ്രജ്‌ജുലമാക്കുക..
ഭൂമിയെ വേർതിരിച്ചു വയ്ക്കാം. തന്റെ പേരിലുള്ള ഭൂമിയെന്ന് അവകാശത്തിൽ കരം ഒടുക്കാം.
എന്നാൽ അവരവർക്ക് മേലാപ്പിലെ ആകാശമോ?
ആ അനന്തനീലിമയ്ക്ക് ആരാണ് വാനക്കരമൊടുക്കുക?

സ്വയം കറങ്ങുന്നു എന്ന സാങ്കല്പിക അച്ചുതണ്ടിൽ, ശൂന്യാകാശത്ത് താങ്ങിനിൽക്കാൻ യാതൊന്നും പ്രാപ്തമാകത്തയിടത്ത് ഒരു ഗോളമിങ്ങനെ നിൽക്കയാണ്.
അനേക ദശാബ്ദങ്ങളായി നിൽപ്പ് തുടങ്ങിയിട്ട്. നിന്നുതുടങ്ങുന്ന നാളിലും കനത്ത ഭാരമിന്ന് പേറി ഇടയ്ക്കിടയ്ക്ക് കോച്ചി വലിച്ച് വിറച്ച്, പ്രശ്നം സൃഷ്ടിച്ച് ചുമലിലെ കനപ്പ് കുറയ്ക്കാൻ ശ്രമിച്ച്...
എന്നാണോ മടുത്ത് തുടങ്ങുന്നത്!
മതിയാക്കാം നിൽപ്പെന്ന് കരുതുമ്പോൾ കഥ കുറെയേറെയങ്ങ് തവിടുപൊടിയാകും.

വാരിക്കൂട്ടിയതും കെട്ടിപ്പൊക്കിയതും പിടിച്ചുവാങ്ങിയതും ചതിച്ചുനേടിയതും അങ്ങനെ എല്ലാം.

ഭൂമി മുഴുവൻ കണ്ടുതീർക്കാൻ സാധിക്കാതെ, അനുഭവിക്കാൻ കടലുകളുടെ, കാറ്റിന്റെ, മരങ്ങൾ തിങ്ങിപ്പേറിയ കാടുകളുടെ, അത്യ സുഗന്ധങ്ങൾ ഊഷ്മളമാക്കിയ കുസുമങ്ങളുടെ ലോകമറിയാതെ ഹിമവാന്റെ മടിത്തട്ടിൽ കിടക്കാതെ ദ്രോഹപ്രവൃത്തിയില്ലാത്ത ജന്തു സ്നേഹമില്ലാതെ,
അന്യോന്യം കലഹിക്കുന്ന,
മത്സരിക്കാൻ വാശിയുടെ കോപ്പ തീർക്കുന്ന,
അയലത്തെ കൂട്ടരോട് കാണിച്ചുവയ്ക്കാൻ കിട പിടിക്കുന്ന ചിലരീ ലോകത്തെ അറിയാതെ പോകയാണല്ലോ..
കണ്ണുണ്ടായിട്ടും കാണാത്തവർ!
കാതുണ്ടായിട്ടും കേൾക്കാതെ പോയവർ!!

ആശകളില്ലാത്തവരോ അവർ. അതോ അപ്പാത്രങ്ങൾ തൻ വക്കുടഞ്ഞു 
പോയവരോ!!

No comments:

Post a Comment