Followers

Friday, 14 October 2016



ഇന്നിപ്പോൾ ഏറെ വൈകി, ചത്ത് മരവിച്ചു കിടക്കുന്ന ചിന്തകളോടൊത്ത് യാത്ര തിരിക്കുമ്പോൾ പഴയൊരു ഇരവിൽ മഞ്ഞ നിറമുള്ള സ്ട്രീറ്റ് ലൈറ്റിൽ കുളിച്ച് നിന്ന ആൽത്തറയിൽ ഓർമകൾ വട്ടം കൂടിയിരുന്ന് ചിരിക്കുന്നതാണ് ആദ്യമായി ഓർക്കുന്നത്..
ഇവിടെ നിന്ന് മറ്റൊരിടത്തേക്ക്.
അവിടെ നിന്ന് പിന്നെയും ശേഷിക്കുന്നിടത്തേക്ക് ഈ പ്രയാണം ഇതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കുന്നു.
ഒടുവിലെപ്പോഴോ തുടങ്ങുന്നിടത്തേക്ക് ഒടുങ്ങാനുള്ള അവസരവും വന്നുചേരും.

കുറേ വർഷങ്ങൾ ചെന്ന് കാണുകയാണ്.
പണ്ടും കണ്ടുമുട്ടിയിരുന്ന അവസരങ്ങളിലെല്ലാം മൗനം തൂങ്ങുന്ന വാക്കുകൾ ഉള്ളിലൊതുക്കി, പുറമേയ്ക്ക് അഭിനയിച്ച്, തെളിഞ്ഞ് ചിരിച്ച്   അലങ്കരിച്ചിരുന്നു. ഇന്നും അത്തരം അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല.
മറിച്ച് ഞങ്ങൾ ഇരുവരും ഒരുപാട് മാറിപ്പോയി.
പ്രായം, അത് കടന്ന്പോയി ജരാനരകളെ കൂട്ടിക്കൊണ്ടുവന്നു.
അന്ന് പറയാതെ ഞാൻ ബാക്കി വച്ച പലതും മനസിലിന്ന് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്.

ഒരു കളിവാക്കെന്ന പോലെയെങ്കിലും അവയെ എന്നിൽ നിന്നിറക്കി വിടാമെന്ന ആശയെ എന്തുകൊണ്ടാണ് അന്ന് ഞാൻ മുറുകെപ്പിടിക്കാതിരുന്നത് എന്ന യാതാർത്ഥ്യം പക്ഷേ ഇപ്പോഴും എന്നോടൊപ്പം തന്നെയുണ്ട്.
തമ്മിലൊത്തുചേർന്ന നിമിഷങ്ങളെല്ലാം വഴക്കടിച്ച് ആഘോഷിച്ചിരുന്നുവെങ്കിലും ഈ ഇഷ്ടത്തിന്റെ കണിക ഞാൻ മൂടിവച്ചു.
അടുപ്പത്തിന്റെ കാണാച്ചരടാൽ കോർക്കപ്പെട്ടിരുന്നെങ്കിലും സ്നേഹത്തിന്റെ സുവർണയിഴകളെ നെയ്ത് ഒളിച്ചുവച്ചു.
തമ്മിലന്യോന്യം സൂര്യന് താഴെയുള്ള ഒട്ടുമിക്ക കാര്യങ്ങളും സംസാരിച്ചിട്ടും പറയേണ്ടത് മാത്രം പറയാതെ അകലങ്ങളിലേക്ക് ഞാൻ തന്നെയാണ് പറത്തിവിട്ടത്.....
അവസാനം കണ്ടത് പ്രിയയുടെ  വിവാഹവേളയിലായിരുന്നു.
അങ്ങനെയാ പ്രേമമയൂരം തന്റെ ഒടുവിലത്തെ പീലിയും പൊഴിച്ച് വീരചരമം പ്രാപിക്കുകയുണ്ടായി. പിന്നീട് ഇടയ്ക്കൊക്കെ ഓർമിച്ചു നെടുവീർപ്പുകൾ പുറപ്പെടുവിച്ച് മറന്ന്......

ഇനിയൊരു കാണൽ ഉണ്ടാവില്ലയെന്ന് വിചാരിച്ചിരുന്നപ്പോഴാണ് എല്ലാവരെയും കൂട്ടിമുട്ടിക്കാൻ പിന്നെയുമൊരു ദിനമുണ്ടെന്ന് പറഞ്ഞ് പ്രിയ എഴുതിയത്. വായിക്കേണ്ട താമസമേയുണ്ടായിരുന്നുള്ളൂ തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറാൻ.. വീണ്ടുമൊരിക്കൽ കൂടിയെന്ന് പഴയ ഞാനാവാൻ കഴിയുമെങ്കിൽ അത്രയും സമാധാനമെന്ന് തന്നെ കരുതി.
സെൻട്രലിൽ ഇറങ്ങി, പ്രിയയോടൊപ്പം നടക്കുമ്പോൾ അവൾ പതിവിലും മൂകയായിരുന്നു. എന്തൊക്കെയോ പറഞ്ഞ് തിടുക്കപ്പെട്ട് അവളുടെ കൈയും പിടിച്ച് വാസ്തവത്തിൽ ഞാൻ പറക്കുകയായിരുന്നു. ഒന്നരമണിക്കൂറിന്റെ ഓട്ടമുണ്ടായിരുന്നു സ്ഥലത്തേക്ക്. പഴയ ഓർമകളുടെ മധുരം എന്നെ കാത്തിരിക്കുന്നു എന്ന ചിന്ത എന്നെ ഏറെ പിറകിലേക്ക് കൊണ്ടുപോയി.

നാളേറെ പിറന്ന് ശേഷം പ്രിയപ്പെട്ടവരെയെല്ലാം കാണുന്നുവെങ്കിലും പ്രിയമുള്ളോർമയുടെ നെയ്ത്തിരി വെട്ടമാണ് കൂടുതൽ പ്രകാശിക്കുന്നത്. കൊടുക്കാനുള്ള സമ്മാനം പൊതിയുമ്പോൾ പോലും ആ വെട്ടത്തിന്റെ പ്രഭ എന്നിൽ നിന്ന് പ്രിയ കണ്ടെടുത്തു. ഇത്രയുമധികം ഇഷ്ടപ്പെട്ടിരുന്നെങ്കിലും പറയാതിരുന്നകന്നതെന്തെന്ന് അവളുടെ മുഖം പിന്നെയും ആവർത്തിച്ചു. ആലോചനകളിൽ മുഴുകി വീടെത്തുമ്പോഴാണ് ബോധം എന്നിലേക്കെത്തുന്നത്.

പ്രിയയുടെ മൂകത അവിടെ അനാവരണം ചെയ്യപ്പെടുന്നത് ഞാൻ കണ്ടു. 
പന്തലിന്റെ നീലനിറത്തിൽ കുളിച്ച് നിൽക്കുന്ന ആളുകൾ.
അടുത്തെങ്ങോ മരം വെട്ടുന്ന ശബ്ദത്തിനിടയിലും കേൾക്കാവുന്ന അടക്കിപ്പിടിച്ച ശകലങ്ങൾ.
എന്നെ സ്വാഗതം ചെയ്യാൻ വളഞ്ഞ് പുളഞ്ഞ് ഒഴുകി വന്ന അഗർബത്തിയുടെ സുഗന്ധം കാതിൽ മന്ത്രിക്കുന്നതിനും മുൻപേ മരവിപ്പിന്റെ തണുപ്പിൽ പൊതിഞ്ഞൊരു ഈർച്ചവാൾ മനസിലൂടെ ഇടിനാദം കണക്കെ പാഞ്ഞുപോയി.
പ്രിയ തെളിച്ച വഴിയിലൂടെ പാവയെപ്പോലെ അകത്തളത്തിലേക്കെത്തുമ്പോൾ തലയ്ക്കലെരിയുന്ന നിലവിളക്കിൻ നാളങ്ങൾ ഇളകിയാടി.
കഴിഞ്ഞിരിക്കുന്നു.!!
 ഒക്കെയും അവസാനിപ്പിച്ച് ഇത്രവേഗം പോയിക്കഴിഞ്ഞോ ?
കണ്ണീർ നിറഞ്ഞ പാടയിലൂടെ പരിചിതമുഖങ്ങളിലേക്ക് അവിശ്വനീയതയോടെ ഞാൻ മാറിമാറി നോക്കുമ്പോഴും എല്ലാവരിലും ഒരേയുത്തരം....
അവസാനമായി, ഇനിയും കാണാൻ കഴിയുമെന്ന പ്രതീക്ഷയില്ലാതെ ഞാൻ കണ്ടു.
പോയിക്കഴിഞ്ഞിരുന്നു.
തമ്മിലൊന്ന് കണ്ട്, മിണ്ടി ഇത്തിരിനേരം നടന്ന് പഴയ പോലെ ജീവിക്കാൻ വൈകിപ്പോയിരിക്കുന്നു.
എന്റെയുള്ളിൽ നടനമാടിയിരുന്ന പ്രേമമയൂരം നിലംപൊത്തുന്നത് മാത്രമേ എനിക്കപ്പോൾ ഓർമയുണ്ടായിരുന്നുള്ളൂ...
കണ്ണീർച്ചാലിൽ അത് പിന്നെയും ശോഷിച്ച പീലികളുമായ് നൃത്തം ചെയ്തുകൊണ്ടിരുന്നു.....

No comments:

Post a Comment