ഒരു ജോർദാനിയൻ ചിരി...
ചിരിയിൽ നിന്ന് തെന്നിവീണ പാട്ട്, ആ പാട്ടിന്റെ മാധുര്യത്തിൽ നൃത്തം വയ്ക്കുന്ന നീലമിഴികൾ..
ഇതൊക്കെത്തന്നെയാണ് നെസ്‌നീൻ, നിന്നെയോർക്കാൻ എനിക്കെന്നും പ്രിയമുള്ള ഓർമകൾ.
തമ്മിലിനി കാണുമോ എന്നുപോലും നിശ്ചയമില്ലാതെ അകന്ന് പോയ സൗഹൃദങ്ങളിൽ സമിയും കേസരിയും, അവർക്ക് പിറകെ ഇപ്പോൾ ഇതാ നീയും.
അകലെയെവിടെയോ, ഒരു വിരൽത്തുമ്പിനരികെ നാം വീണ്ടുമൊരു കവിതയുടെ ചന്ദനനിലാവിൽ കണ്ടുമുട്ടിയേക്കാം..
പണ്ട് മൂളിയ ഈണങ്ങൾ വീണ്ടും നീ ഓർമയിൽ നിന്ന് ചികഞ്ഞെടുത്ത് ഹൃദയഹാരിയായ നിമിഷങ്ങൾക്ക് പിറവി നൽകിയേക്കാം..
അന്ന് നമുക്ക് പറയാൻ ഒരുപാട് കഥകൾ കാണും.
നര വീണ,മുടിയിഴകളിൽ ഞാൻ കണ്ടുതീർത്ത ലോകമുറങ്ങിക്കിടപ്പുണ്ടാകും.
നിന്റെ ശബ്ദമെന്നോട് മൂകമായി പഴയ ഹിന്ദി ഗാനത്തിന്റെ വരികൾ പാടാൻ പറയുന്നുണ്ടാവും...
കാതോർത്ത് ഇരുൾ നിഴലിച്ച, പിന്നാമ്പുറത്തെ തൊടിയിൽ അപ്പോൾ വിരിഞ്ഞ ചെമ്പകങ്ങൾ സുഗന്ധം പൊഴിച്ച് നിൽപ്പുണ്ടാവും അല്ലേ..
കാത്തിരിക്കുന്നു നെൻസി..
വീണ്ടുമൊരു പാട്ടിന്റെ തോണിയിലേറി നയമ്പൂന്നുവാൻ..

No comments:
Post a Comment